വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ലൈംഗികാധിക്ഷേപം നടത്തി തമിഴ്നാട്ടിലെ ബിജെപി നേതാവ്. വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ സംഭവത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാപ്പു പറഞ്ഞതിന് പിന്നാലെയാണ് ബിജെപി നേതാവായ ശേഖര്‍ വെങ്കട്ടരാമന്റെ അധിക്ഷേപം. വെങ്കട്ട് രാമാനുജം എന്നൊരാളുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്താണ് ഇയാള്‍ തന്റെ സ്ത്രീ വിരുദ്ധത പ്രകടിപ്പിച്ചത്. സിനിമാ നടനും, തിരക്കഥാകൃത്തും മുന്‍പ് എഎെഡിഎംകെ അംഗവുമായിരുന്നു ഇയാള്‍.
തങ്ങളുടെ മേലധികാരികളുടെ കൂടെ കിടക്ക പങ്കിട്ടില്ലെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് മാധ്യമപ്രവര്‍ത്തകരാകാന്‍ സാധിക്കില്ല. ഇത്തരം കാര്യങ്ങള്‍ നിലനില്‍ക്കെയാണ് ഇവര്‍ ഗവര്‍ണറെ ചോദ്യം ചെയ്യാന്‍ മുന്നോട്ട് വരുന്നത്. തമിഴ്നാട്ടിലെ മാധ്യമപ്രവര്‍ത്തകര്‍ നികൃഷ്ട ജീവികളാണ്. മിക്കവരും വിദ്യാഭ്യാസം കുറഞ്ഞവരും പൊതുവിജ്ഞാനം ഇല്ലാത്തവരുമാണ്. ഈ സ്ത്രീയും അതില്‍ നിന്ന് വിഭിന്നമല്ലെന്നാണ് പോസറ്റില്‍ പറയുന്നത്.
ഗവര്‍ണര്‍ക്കെതിരെ പരാതി നല്കിയ മാധ്യമ പ്രവര്‍ത്തകയെ കാണുമ്പോള്‍ തനിക്ക് സഹതാപമാണ് തോന്നുന്നത്. ഗവര്‍ണര്‍ തൊട്ടപ്പോള്‍ തനിക്ക് പ്രശ്നമായി എന്നാണ് അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ അവരുടെ ട്വിറ്റര്‍ പോസ്റ്റ് വായിക്കുമ്പോള്‍ മനസിലാകും അവര്‍ മോദിയേയും ഗവര്‍ണറേയും ലക്ഷ്യം വെച്ചാണ് നീങ്ങുന്നത്. അവരെ തൊട്ട ഗവര്‍ണര്‍ തന്റെ കൈകള്‍ ഫിനോയില്‍ ഉപയോഗിച്ച് കഴുകണമെന്നും പോസ്റ്റില്‍ പറയുന്നു.