Thu. Mar 28th, 2024

കത്വ, ഉന്നാവോ എന്നീ സംഭവങ്ങൾ ആഗോളതലത്തിൽ വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. ഇതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അധികാരികൾക്കും ഉപദേശവുമായി അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ് ) അദ്ധ്യക്ഷ ക്രിസ്റ്റീൻ ലഗാർഡെ രംഗത്തെത്തി. പ്രധാനമന്ത്രിയും അധികാരികളും സ്ത്രീ സുരക്ഷയ്ക്കായി കൂടുതൽ ശ്രദ്ധ നൽകണമെന്ന് ക്രിസ്റ്റീൻ ലഗാർഡെ പറഞ്ഞു. ഐ.എം.എഫിന്റെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങൾ വളരെ അരോചകമായിട്ടാണ് തോന്നുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യൻ അധികാരികളും സ്ത്രീ സുരക്ഷയ്ക്ക് കൂടുതൽ വിലനൽകുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. ഇന്ത്യയിലെ സ്ത്രീകൾ അതാഗ്രഹിക്കുന്നുമുണ്ട്’- ക്രിസ്റ്റീൻ ലഗാർഡെ പറഞ്ഞു.

ഐ.എം.എഫ് അദ്ധ്യക്ഷ ഇത് രണ്ടാം തവണയാണ് ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥയെ കുറിച്ച് പ്രധാനമന്ത്രിയോട് ചൂണ്ടിക്കാട്ടുന്നത്. ജനുവരിയിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തിൽ ഇന്ത്യയിലെ സ്ത്രീകളെ കുറിച്ച് പരാമർശിച്ചില്ലെന്നായിരുന്നു ഒരു ചോദ്യത്തിനുത്തരമായി ക്രിസ്റ്റീൻ ലഗാർഡെ നടത്തിയ പ്രസ്താവന.

കത്വയിലും ഉന്നാവോയിലും നടന്ന പീഡനങ്ങളുടെ പശ്ചാത്തലത്തിലാണ് ക്രിസ്റ്റീൻ ലഗാർഡെയുടെ പ്രതികരണം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ തുടർച്ചയായുണ്ടാകുന്ന അക്രമ സംഭവങ്ങളിൽ കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മോദിയുടെ ലണ്ടൻ സന്ദർശനത്തിനിടെ വൻ പ്രതിഷേധം നടന്നിരുന്നു.