Sun. Feb 25th, 2024

 ✍️  ലിബി സി എസ്

”കാലം കുറഞ്ഞ ദിനമെങ്കിലുമര്‍ത്ഥ ദീർഘം
മാലേറെയെങ്കിലുമതീവ മനോഭിരാമം….”

കേരളത്തിന്റെ ചരിത്രത്തില്‍ ഇടപെട്ട കവിയായിരുന്നു കുമാരനാശാന്‍. കവിതകള്‍ പോലെ ആശാന്റെ ജീവിതവും പരിവര്‍ത്തനത്തിനുള്ള പോരാട്ടമായിരുന്നു. കവി, നിരൂപകന്‍, പത്രപ്രവര്‍ത്തകന്‍, സംഘാടകന്‍, നിയമസഭാ സാമാജികന്‍ എന്നീ നിലകളിലെല്ലാം ശോഭിച്ച ആശാന്റെ ജീവിതം അദ്ദേഹത്തിന്റെ വരികള്‍ പോലെ തന്നെ ”കാലംകുറഞ്ഞ ദിനമെങ്കിലും അര്‍ത്ഥദീര്‍ഘ”മായിരുന്നു ആ ജീവിതം.

കായിക്കരയിലെ കണക്കപ്പിള്ളയായിരുന്ന തൊമ്മൻ വിളാകത്ത് വീട്ടിലെ എന്‍. കുമാരനില്‍ നിന്നും മഹാകവി കുമാരനാശാനിലേക്കുള്ള വളര്‍ച്ച കോലോത്തുകര ക്ഷേത്രത്തില്‍ വച്ച് നാരായണഗുരുവുമായുണ്ടായ കൂടിക്കാഴ്ച നിമിത്തമാണ് സംഭവിക്കുന്നത്. അന്ന്,

”കോലോത്തുകര കുടികൊണ്ടരുളും
ബാലപ്പിറ ചൂടിയ വാരിധിയേ”
എന്ന് ഗുരു നല്‍കിയ സമസ്യ കുമാരന്‍ പൂരിപ്പിച്ചത്
”കാലന്‍ കനിവറ്റ് കുറിച്ചുവിടു-
ന്നോലപ്പടി എന്നെ അയയ്ക്കരുതേ…” എന്നായിരുന്നു.

ഗുരുവിന്റെയും ശിഷ്യന്റേയും വരികളായിരുന്നു ഇവ എങ്കിലും വായിക്കുന്നവര്‍ക്ക് ഒരാള്‍ രചിച്ചതുപോലെ തോന്നും. എങ്കിലും ആ വരികള്‍ ആശാന്റെ ജീവിതത്തില്‍ അറം പറ്റിയതുപോലെയായി എന്നൊക്കെ അന്ധവിശ്വാസികളായവർ ദുർവ്യാഖ്യാനിക്കാറുണ്ട്. നാരായണഗുരു രക്ഷിതാക്കളോടു അങ്ങോട്ട് ചോദിച്ചു വാങ്ങിയ രണ്ട് ശിഷ്യന്മാരില്‍ ഒരാളായിരുന്നു കുമാരു. 1891 ല്‍ തന്റെ 18 ആം വയസ്സില്‍ നാരായണഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കുന്നതോടുകൂടി ”കാലിന്നടിയിലും അസ്വസ്ഥതയുടെ കോലാഹലങ്ങള്‍ മുഴങ്ങുന്നു” എന്ന് ആശാന്‍ തിരിച്ചറിയുകയായിരുന്നു.

‘വീണപൂവ് ‘ ദുരവസ്ഥയുടെ ജനനത്തിന് മുമ്പുള്ള പേറ്റുനോവുകൾ മാത്രമായിരുന്നു‘ എന്ന് തായാട്ട് ശങ്കരന്റെ ഒരു നിരൂപണമുണ്ട്. വീണപൂവില്‍ ആശാന്‍ നിലവിലുണ്ടായിരുന്ന സാമ്പ്രദായിക രചനാരീതിയോട് മാത്രമാണ് കലഹിച്ചതെങ്കില്‍ ദുരവസ്ഥയിലും ചണ്ഡാലഭിക്ഷുകിയിലും, ചിന്താവിഷ്ടയായ സീതയിലുമെല്ലാം എത്തുമ്പോള്‍ നിലവിലുള്ള സാമൂഹ്യവ്യവസ്ഥിതിക്കെതിരെ തന്നെയാണ് ആശാന്‍ കലഹിക്കുന്നത്.

നാരായണഗുരുവിന്റെ ആത്മീയ രംഗത്തെ ഏറ്റവും വലിയസംഭാവന തന്നെ സാമൂഹികതയെ ആദ്ധ്യാത്മികമാക്കി മാറ്റി എന്നതാണ്. ആത്മാവും ബ്രഹ്മവും തമ്മിലുള്ള ഏകീഭാവമാണ് മോക്ഷം എന്ന സങ്കല്പത്തെ ആത്മാവും അപരവും തമ്മിലുള്ള ഏകീഭാവം എന്നാക്കി പരിവര്‍ത്തിപ്പിച്ചു. ഗുരുവിന്റെ ആദ്ധ്യാത്മിക താത്പര്യവും സാമൂഹ്യ താത്പര്യവും ഭിന്നമായി കാണുന്നത് അദ്ദേഹത്തെ തെറ്റായി വ്യാഖ്യാനിക്കലാണ്. അദ്ദേഹം നവോത്ഥാനതത്വങ്ങളെ സാമൂഹ്യമായ ബന്ധങ്ങളില്‍ ഉള്‍ച്ചേര്‍ക്കുകയായിരുന്നു. നാരായണഗുരുവിന്റെ ചിന്നസ്വാമിയുടെ വഴിയും ഗുരുവിന്റേതു തന്നെയായിരുന്നു എന്ന് കാണാം.

സാഹിത്യ ചരിത്രത്തിലെ നവോത്ഥാനം

19 ആം നൂറ്റാണ്ട് വരെയുള്ള സാഹിത്യ ചരിത്രം പരിശോധിച്ചാല്‍ ത്രേതായുഗം മുതല്‍ ധാരാളം പദ്യങ്ങളിലും ഗദ്യങ്ങളിലും സീതയെ പുനരവതരിപ്പിക്കുന്നുണ്ട്. പക്ഷേ അതെല്ലാം വളരെ ഭയഭക്തി ബഹുമാനത്തോടെ പഞ്ചപുച്ഛമടക്കി രാമനെ അനുസരിക്കുന്ന ഉത്തമ ഭാര്യയായ സീത ആയിരുന്നു. എന്നാല്‍ 20 ആം നൂറ്റാണ്ടായപ്പോള്‍ ആശാന്‍ സീതയെപ്പിടിച്ചങ്ങ് തിരിച്ച് നിര്‍ത്തി. ഒരു ഇടം തിരുപ്പത്തി സീത

”പടുരാക്ഷസ ചക്രവര്‍ത്തിയെന്‍
ഉടല്‍ മോഹിച്ചതെന്റെ കുറ്റമോ?”

എന്ന് രാമനോട് തിരിച്ച് ചോദിക്കുന്ന സീത. രാമന് അഭിമാനമുണ്ടെങ്കില്‍, രാമന് കുലമഹിമയുണ്ടെങ്കില്‍ സീതയായ തനിക്കും കുലമഹിമ ഉണ്ടെന്നും; പുരുഷന് അഭിമാനമുള്ളതുപോലെ സ്ത്രീക്കും അഭിമാനമുണ്ടെന്നും പ്രഖ്യാപിക്കുകയായിരുന്നു ആശാന്റെ സീത. എസ്.എന്‍.ഡി.പി. യോഗം ഓഫീസില്‍ ഫ്രെയിം ചെയ്ത് തൂക്കിയിട്ടിരുന്ന അശോകവനത്തില്‍ ഇരിക്കുന്ന സീതയുടെ ഒരു ബംഗാളി ചിത്രകാരന്‍ വരച്ച പെയിന്റിംഗ് കണ്ടിട്ടാണ് താന്‍ ആ കവിത എഴുതിയതെന്ന് ആശാന്‍ പുസ്തകത്തിന്റെ മുഖവുരയില്‍ പറയുന്നുണ്ട്. ആ സീത സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും ദളിതന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും വാസ്തവത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തെക്കുറിച്ചും ഉള്ള ഒരു അടയാളമായി മാറുകയായിരുന്നു. എന്നിട്ട് ”നെല്ലിന്‍ ചുവട്ടില്‍ മുളക്കും കാട്ടുപുല്ലല്ല സാധു പ്പുലയന്‍” എന്ന് പറയുന്ന ഒരു പുലയനും, “ചണ്ഡാലി തന്‍ മെയ്യ് ദ്വിജന്റെ ബീജപിണ്ഡത്തിനൂഷരമാണോ?” എന്ന എക്കാലത്തേയും പരുഷമായ ചോദ്യവും ആശാന്‍ പിന്നീട് ചോദിക്കുന്നുണ്ട്.

വി.ടി. ഭട്ടതിരിപ്പാട് നമ്പൂതിരി സ്ത്രീയെ അടുക്കളയില്‍ നിന്ന് അരങ്ങത്ത് എത്തിക്കുന്നതിനും വളരെ മുമ്പു തന്നെ ആശാന്‍ ദുരവസ്ഥയില്‍ സാവിത്രി അന്തര്‍ജ്‌നത്തെ പുലയക്കുടിലില്‍ എത്തിക്കുന്നുണ്ട് എന്നുമാത്രമല്ല അവിടെ ഒരു പുലയ യുവാവിനോടൊപ്പം കിടത്തി ഉറക്കുന്നുണ്ട്. സീതയില്‍ നിന്നും കീറപ്പായയുടെ പാതിയിലേക്ക് ഒരു നമ്പൂതിരി പെണ്‍കുട്ടി പുലയയുവാവിനെ ക്ഷണിക്കാന്‍ കാണിക്കുന്ന ആര്‍ജ്ജവം പക്ഷെ , അന്നും ഇന്നും സനാതനികൾക്ക് സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് ‘ദുരവസ്ഥ’ എന്ന കവിത മാത്രം നാം സ്‌കൂള്‍ തലത്തിലോ കോളേജ് തലത്തിലോ പാഠവിഷയമാക്കാത്തത്. പാഠപുസ്തക വിവാദം പോലും കേരളത്തില്‍ ആദ്യമായി ഉണ്ടാകുന്നത് ‘ദുരവസ്ഥ’ കേരള യൂണിവേഴ്‌സിറ്റി പാഠപുസ്തകമാക്കിയപ്പോഴായിരുന്നു. പാഠപുസ്തകം പിന്‍വലിക്കേണ്ടി വന്നു. അടുക്കളയില്‍ നിന്ന് അരങ്ങുവരെ മതി, പുലച്ചാള വരെ എത്തിച്ചത് കടന്ന കയ്യായിപ്പോയി എന്നായിരുന്നു അന്നത്തെ സാമ്പ്രദായിക ബുദ്ധിജീവികളുടെ ഭാഷ്യം. ഇതൊക്കെ തന്നെയാണ് മലയാളിയുടെ ഇപ്പോഴത്തെയും മനോഭാവം.

”എത്ര പെരുമാക്കള്‍ ശങ്കചാര്യന്മാര്‍
എത്രയോ തുഞ്ചന്‍മാര്‍ കുഞ്ചന്‍മാരും
ക്രൂരമാം ജാതിയാല്‍ നൂനമലസിപ്പോയ്
കേരള മാതാവേ നിന്‍ വയറ്റില്‍! എന്നും
”എന്തൊരു വൈകൃതം ബ്രഹ്മവിദ്യേ ? “

തുടങ്ങിയ ദുരവസ്ഥയിലെ പ്രയോഗങ്ങള്‍ നിലവിലുള്ള സാമൂഹ്യ വ്യവസ്ഥിതിക്ക് കനത്ത പ്രഹരം നല്‍കുന്ന തരത്തിലുള്ളതാണ്. അതുകൊണ്ട് അദ്ദേഹം ഇടപെട്ടത് സാഹിത്യത്തില്‍ മാത്രമല്ല ചരിത്രത്തില്‍ കൂടി ആയിരുന്നു എന്നു കാണാം. “ഇന്നലെയോളം എന്തെന്നറിയില്ല, ഇനി നാളെയും എന്തെന്നറിയില്ല” എന്ന ഭക്തിപ്രസ്ഥാനക്കാരുടെ ഈരടികള്‍ പാടി പതിഞ്ഞവരുടെ മനസ്സിലേക്ക്, ഇന്നലെയോളം എന്തെന്നറിയണമെന്നും എങ്കിലേ ഇനി നാളെയും എന്തെന്നറിയാനാകൂ എന്ന സന്ദേശം നല്‍കിക്കൊണ്ടാണ് അദ്ദേഹം

”മാറ്റുവിന്‍ ചട്ടങ്ങളെ സ്വയം അല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍” എന്നും

“വെട്ടിമുറിക്കുക കാല്‍ച്ചങ്ങല വിഭോ
പൊട്ടിച്ചെറികയിക്കൈ വിലങ്ങും! എന്നും ഗര്‍ജ്ജിച്ചത്.

എന്നാൽ അന്നത്തെയും ഇന്നത്തേയും എന്നത്തേയും കേരളത്തെ കൃത്യമായി രേഖപ്പെടുത്തിയ അദ്ദേഹത്തിൻ്റെ വരികൾ
“മുൻപോട്ട് കാലം കടന്നുപോയീടാതെ,
മുൻപേ സ്മൃതികളാൽ കോട്ടകെട്ടി,
വൻപാർന്നനാചാര മണ്ഡലഛത്രരായ്
നമ്പൂരാർ വാണരുളുന്ന നാട്ടിൽ…..” എന്നതാണ്‌ എന്നാണ് എനിക്ക് തോന്നുന്നത്.

ആശാന്റെ ജീവിതരേഖ

1873 ഏപ്രില്‍ 12 ന് ചിറയിന്‍കീഴിനടുത്ത് കായിക്കരയില്‍ ജനനം. കുമാരു എന്നു വിളിപ്പേര്. 1891 ല്‍ ശ്രീനാരായണഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ച് ചിന്നസ്വാമിയായി ശിവഗിരിയില്‍ എത്തി. 1895 ല്‍ ബാഗ്ലൂരിലും, 1898 ല്‍ കൊല്‍ക്കത്തയിലും നാരായണഗുരു ഉപരിപഠനത്തിന് അയച്ചു. 1903 ല്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായി. 1907 ല്‍ ‘വീണപൂവ്’ രചിച്ചു. 1911 ല്‍ ‘നളിനി’. 1913 ല്‍ ശ്രീമൂലം പ്രജാസഭാംഗമായി. 1918 ല്‍ വിവാഹം. 1919 ല്‍ ആത്മസുഹൃത്തായിരുന്ന എ.ആര്‍. രാജരാജവര്‍മ്മയുടെ മരണവും പ്രരോധനം എഴുതുകയും ചെയ്തു. ആ വര്‍ഷം തന്നെയാണ് ‘ചീന്താവിഷ്ടയായ സീത’ എഴുതിയത്. 1920 ല്‍ നിയമസഭാംഗമായി. 1922 ല്‍ ‘ദുരവസ്ഥ’ ‘ചണ്ഡാലഭിക്ഷുകി’ 1923 ല്‍ ‘കരുണ’ 1924 ജനുവരി 16 ന് പല്ലനയാറില്‍ ബോട്ടപകടത്തില്‍ അന്തരിച്ചു.