Fri. Apr 19th, 2024

വിദ്യാഭ്യാസ,തൊഴിൽ മേഖലകളിൽ ജാതിസംവരണം നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നിടെ രാജ്യത്തിന്റെ പലയിടത്തും വ്യാപക അക്രമം നടന്നതായി റിപ്പോർട്ട്. ഒരു സംഘടനയുടെയും ഔദ്യോഗിക ആഹ്വാനം ഇല്ലാതെ സോഷ്യൽ മീഡിയ വഴിയാണ് ബന്ദ്നുള്ള ആഹ്വാനം പ്രചരിച്ചത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ്ൽ വ്യാപക അക്രമമുണ്ടായതിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബീഹാറിലെ അറയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയും പരസ്പരം വെടിവയ്ക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. സംഘർഷത്തിൽ പത്തോളം ആളുകൾക്ക പരിക്കേറ്റു. ഇവിടെ ബന്ത് അനുകൂലികൾ യാത്രാ ട്രെയിൻ തടഞ്ഞു. റോഡ് ഗതാഗതവും തടസപ്പെടുത്തി. സംവരണത്തെ എതിർക്കുന്ന നൂറുകണക്കിന് യുവാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മദ്ധ്യപ്രദേശിലെ ഭിണ്ഡിലും മൊറേനയിലും അക്രമസംഭവങ്ങളെത്തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ചു.

ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന എന്തെങ്കിലും സമരം നടക്കുകയാണെങ്കിൽ കർശനമായി നേരിടണമെന്നും വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പാടാക്കണമെന്നും സംസ്ഥാനങ്ങൾക്ക് കേന്ദ്രം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളിൽ പൊലീസ് പെട്രോളിംഗ് ശക്തമാക്കണം. തങ്ങളുടെ അധികാര പരിധിയിൽ ഉണ്ടാകുന്ന അക്രമങ്ങൾക്ക് ജില്ലാ മജിസ്ട്രേറ്റും പൊലീസ് മേധാവിയുമായിരിക്കും ഉത്തരവാദിയെന്നും നിർദ്ദേശത്തിൽ പറയുന്നു.

പട്ടികജാതി പട്ടികവർഗക്കാർക്കെതിരെയുള്ള അതിക്രമം തടയാനുള്ള നിയമത്തിൽ സുപ്രീംകോടതി വെള്ളം ചേർത്തതായി ആരോപിച്ച് ദളിത് സംഘടനകൾ ഏപ്രിൽ രണ്ടിന് രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധം പലയിടത്തും അക്രമങ്ങളിൽ കലാശിച്ചിരുന്നു.അന്ന് അക്രമങ്ങൾ നടന്ന രാജസ്ഥാനിലെ ജയ്പൂർ, ആൽവാർ മേഖലയിൽ മൊബൈൽ ഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ നിറുത്തലാക്കിയ അധികൃതർ ആളുകൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലും സമാനമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. അക്രമങ്ങൾ തടയുന്നതിനായി കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.