Thu. Apr 25th, 2024

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗോള്‍ഡ് കോസ്റ്റിലെ ഭാരോദ്വഹന വേദിയില്‍ ഇന്ത്യയുടെ മെഡല്‍വേട്ട തുടരുന്നു. പുരുഷന്മാരുടെ 77 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്കായി സതീഷ് കുമാര്‍ ശിവലിംഗമാണ് മൂന്നാം ദിനത്തില്‍ സ്വര്‍ണ്ണം നേടിയത്. 25 കാരനായ സതീഷ് സ്‌നാച്ചില്‍ 144 കിലോഗ്രാം, ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 173 കിലോഗ്രാമും ഉയര്‍ത്തി ആകെ 317 കിലോ ഉയര്‍ത്തിയാണ് സ്വര്‍ണ്ണം നേടിയത്.

ഇതോടെ മൂന്നു സ്വര്‍ണ്ണവും, ഒരു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയുടെ മെഡല്‍വേട്ട അഞ്ചായി ഉയര്‍ന്നു. ഇന്ത്യ നേടിയ അഞ്ചു മെഡലുകളും ഭാരോദ്വഹനത്തില്‍ നിന്നാണ്. 2014 ലെ ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസിലും സതീഷ് കുമാര്‍ ശിവലിംഗം സ്വര്‍ണ്ണം നേടിയിരുന്നു. ഈ വിഭാഗത്തില്‍ ഇംണ്ടിന്റെ ജാക്ക് ഒലിവറിനാണ് വെള്ളി. ഓസ്‌ട്രേലിയയുടെ ഫ്രാന്‍കോയിസ് ഇട്ടൗണ്ടി വെങ്കലവും നേടി.

ആദ്യ ദിനം വെള്ളിത്തിളക്കത്തോടെ ഗുരുരാജ തുടങ്ങിവെച്ച ജൈത്രയാത്ര മീരാഭായ് ചാനു റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി ശോഭ കൂട്ടിയാണ് ആദ്യ ദിനം അവസാനിപ്പിച്ചത്. രണ്ടാം ദിനത്തില്‍ 54 കിലോ വിഭാഗത്തില്‍ സഞ്ജിത ചാനു ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണ്ണവും, പുരുഷന്മാരുടെ 69 കിലോഗ്രാം വിഭാഗത്തില്‍ ദീപക് ലാത്തര്‍ വെങ്കലവും നേടിയിരുന്നു. മൂന്നാം ദിനവും ഇന്ത്യയ്ക്ക് ഇതേ വിഭാഗത്തില്‍ സ്വര്‍ണ്ണത്തോടെയാണ് തുടക്കം. ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും 18 കാരനായ ദീപക് ലാത്തര്‍ സ്വന്തമാക്കിയിരുന്നു.