Thursday, August 11, 2022

Latest Posts

ചരിത്രം മറന്നു പോകുന്നവരെ ചിലത് ഓര്‍മ്മപ്പെടുത്താനുണ്ട്……സര്‍ക്കാരിനെതിരെ എഐവൈഎഫ്

കണ്ണൂര്‍ അഞ്ചരക്കണ്ടി – പാലക്കാട് കരുണ മെഡിക്കല്‍ കോളേജുകളിലെ മെഡിക്കല്‍ പ്രവേശനം സാധൂകരിക്കാന്‍ പ്രതിപക്ഷത്തിന്റെ പിന്തുണയോടെ ഇടത് സര്‍ക്കാര്‍ കൊണ്ടു വന്ന ബില്ലിനെ അതിരൂക്ഷമായി വിമര്‍ശിച്ച് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്.“പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കാനെന്ന പേരില്‍ കോടികള്‍ തലവരി പണം വാങ്ങുന്ന വിദ്യാഭ്യാസ കച്ചവടക്കാരെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ സഹായിക്കുന്നതെന്ന് മഹേഷ് പറഞ്ഞു. വിദ്യാഭ്യാസകച്ചവടക്കാരെ സഹായിക്കാന്‍ പ്രതിപക്ഷം തയ്യാറായതില്‍ ആര്‍ക്കും അത്ഭുതമില്ല, പക്ഷേ ഇടതുപക്ഷം …..?” എന്ന ചോദ്യമാണ് മഹേഷ് ഉയര്‍ത്തുന്നത്.

കൂത്തൂപറമ്പ് രക്തസാക്ഷികളെയും , രജനി എസ് ആനന്ദിനെയും, ഫാസിലയേയും മറന്നു പോകരുതെന്നും മഹേഷ് കക്കത്ത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇതിനും മുമ്പ് ഭരണപക്ഷ പ്രതിപക്ഷ ഭേദമില്ലാതെ യോജിച്ചത് എംഎല്‍എ മാരുടെ പെന്‍ഷനും ശമ്പളവും വര്‍ധിപ്പിക്കുന്ന കാര്യത്തിലാണെന്ന് മഹേഷ് വിമര്‍ശിക്കുന്നും ഉണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം,

ചരിത്രം മറന്നു പോകുന്നവരെ ചിലത് ഓര്‍മ്മപ്പെടുത്താനുണ്ട്……

കാല്‍ നൂറ്റാണ്ട് കാലത്തെ ചരിത്രമുണ്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വാണിജ്യവത്ക്കരിക്കുന്നതിന് എതിരായ വിദ്യാര്‍ത്ഥി ബഹുജന പ്രക്ഷോഭത്തിന്. 1991ല്‍ തിരുവനന്തപുരം കുടപ്പന്നക്കുന്നില്‍ പോലീസ് വെടിയേറ്റ് മരിച്ച എ ഐ എസ് എഫ് നേതാവ് സഖാവ് ജയപ്രകാശും കൂത്തുപറമ്പില്‍ വെടിയേറ്റ് മരിച്ച അഞ്ച് എസ്.എഫ് ഐ ഡി വൈ എഫ് ഐ സഖാക്കളും ഉള്‍പ്പെടെയുള്ള ധീര രക്തസാക്ഷികളുടെ ജ്വലിക്കുന്ന സമരണകള്‍ അനീതിക്കെതിരായ പോരാട്ടങ്ങള്‍ക്ക് ആവേശമാവുന്നുണ്ട്. ഫീസടക്കാന്‍ കാശില്ലാത്തതിന്റെ പേരില്‍ മരണം വരിച്ച രജനി എസ് ആനന്ദിന്റെയും ഫാസിലയുടെയും നിലവിളികള്‍ ഇപ്പോഴും കേരളത്തിലെ സമരബോധമുള്ള മനുഷ്യരുടെ കാതുകളില്‍ അലയടിക്കുന്നുണ്ട്.

സ്വാശ്രയ കോളജുകള്‍ക്കും അവരുടെ കൊള്ളയ്ക്കും എതിരായി നടന്ന സമരം അവശേഷിപ്പിച്ചത് പാവപ്പെട്ടവന്റെ മക്കള്‍ക്ക് അമ്പത് ശതമാനം സീറ്റുകളിലെങ്കിലും കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള സാഹചര്യമാണ്. പ്രെഫഷണല്‍ വിദ്യാഭാസത്തിന്റെ പ്രവേശന മാനദണ്ഡം യോഗ്യത ആയിരിക്കണം എന്ന സത്യമാണ്.

ഇപ്പോഴിതാ ലക്ഷങ്ങള്‍ കോഴ കൊടുത്ത് ക്രമരഹിതമയി നേടിയ വിദ്യാര്‍ത്ഥി പ്രവേശനം സാധൂകരിക്കാനുള്ള ബില്ല് നിയമസഭ പാസ്സാക്കിയിരിക്കുന്നു.

കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാറിനെ വെല്ലുവിളിച്ച് നിയമ വിരുദ്ധമായി എംബിബിഎസ് പ്രവേശനം നടത്തിയ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളെ സഹായിക്കാനാണ് ബില്ല് പാസ്സാക്കിയിരിക്കുന്നത്. ”പാവം”വിദ്യാര്‍ത്ഥികളെ സഹായിക്കാനെന്നാണ് പ്രചരണമെങ്കിലും കോടികണക്കിന് രൂപ തലവരി പണം വാങ്ങിയ വിദ്യാഭ്യാസകച്ചവടക്കാരെ സഹായിക്കാനാണെന്ന് പകല്‍ പോലെ വ്യക്തം.

ക്രമരഹിതമായ വിദ്യാര്‍ത്ഥി പ്രവേശനം പരിശോധിച്ച പ്രവേശന മേല്‍നോട്ട സമിതിയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും കേരള ഹൈക്കോടതിയും നിയമവിരുദ്ധമെന്ന് കണ്ടെത്തിയ ഒരു വിഷയത്തില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാനല്ല മറ്റെന്തിന്റെ പേരിലാണെങ്കിലും ഇത്തരമൊരു ബില്ല് കൊണ്ടുവന്നത് പ്രതിഷേധാര്‍ഹമാണ്. ഇതിന് മുന്‍പ് ഓഡിനന്‍സ് കൊണ്ടുവന്നപ്പോള്‍ തന്നെ എ ഐ വൈ എഫ് ഈ നീക്കത്തെ എതിര്‍ത്തിരുന്നു.

ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ച് (ഇതിന് മുന്‍പ് അവര്‍ യോജിച്ചത് കഴിഞ്ഞ ആഴ്ചയാണ്, എം.എല്‍.എ മാരുടെ പെന്‍ഷനും ശമ്പളവും കൂട്ടുന്ന കാര്യത്തില്‍) ബില്ല് പാസ്സാക്കി എന്നാണ് വാര്‍ത്ത.വിദ്യാഭ്യാസകച്ചവടക്കാരെ സഹായിക്കാന്‍ പ്രതിപക്ഷം തയ്യാറായതില്‍ ആര്‍ക്കും അത്ഭുതമില്ല, പക്ഷേ ഇടതുപക്ഷം …..?

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.