Thursday, August 11, 2022

Latest Posts

പിണറായിയുടെ വാക്കിന് പുല്ലുവില; വീണ്ടും നോക്കുകൂലി, നടൻ സുധീർ കരമനയിൽ നിന്ന് വാങ്ങിയത് 25,000 രൂപ

തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേ നവീകരണത്തിനായി കൊണ്ടുവന്ന ഇലക്ട്രിക് കേബിളുകൾ ഇറക്കുമതി ചെയ്യുന്നതിന് നോക്കുകൂലി ചോദിച്ച സംഭവത്തിന് പിന്നാലെ നടൻ സുധീർ കരമനയുടെ വീട്ടിൽ സാധനങ്ങൾ ഇറക്കിയതിനും യൂണിയൻകാർ നോക്കൂകൂലി വാങ്ങി. 25,000 രൂപയാണ് മൂന്ന് യൂണിയനുകൾ ചേർന്ന് നോക്കുകൂലിയായിസുധീറിൽ നിന്ന് വാങ്ങിയത്.

ചാക്ക ബൈപ്പാസിന് സമീപം സുധീർ കരമന തന്റെ പുതിയ വീട് വയ്ക്കുന്നത്. ഇവിടേക്ക് കൊണ്ടുവന്ന മാർബിളും ഗ്രാനൈറ്റും ഇറക്കുന്നതാണ് യൂണിയനുകൾ തടഞ്ഞത്. മാർബിളും ഗ്രാനൈറ്റും വാങ്ങിയ കന്പനിയിൽ നിന്നുള്ള തൊഴിലാളികൾ തന്നെയാണ് ഇവ ഇറക്കാനായി എത്തിയത്. അതിനായി 16,000 രൂപയും കന്പനി സുധീറിൽ നിന്ന് ഈടാക്കിയിരുന്നു. എന്നാൽ, ലോഡുമായി വാഹനം സുധീറിന്റെ വീട്ടിൽ എത്തിയപ്പോൾ യൂണിയൻകാർ എത്തി നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു.

ആദ്യം 75,000 രൂപ ആവശ്യപ്പെട്ടു. എന്നാലിത് കൊടുക്കാൻ വീട് പണിയുടെ ചുമതല ഉണ്ടായിരുന്നവർ തയ്യാറായില്ല. തുടർന്ന് യൂണിയൻകാർ ഇവരോട് മോശമായി സംസാരിച്ചു. പിന്നീട് വിലപേശലിനൊടുവിൽ 25,000 രൂപ നൽകാമെന്ന് സമ്മതിച്ചു. എന്നാൽ, തുക വാങ്ങിയ യൂണിയൻകാർ സാധനം ഇറക്കാതെ പോകുകയായിരുന്നു. ഇതോടെ കന്പനിയിൽ നിന്നെത്തിയ തൊഴിലാളികൾ തന്നെ മാർബിളും ഗ്രാനൈറ്റും ഇറക്കുകയായിരുന്നു.

അതേസമയം, 25,000 രൂപ വാങ്ങിയ യൂണിയൻകാർ ലോഡ് ഇറക്കാതെയാണ് പോയതെന്ന് സുധീർ കരമന പറഞ്ഞു. താൻ തൊടുപുഴയിൽ സിനിമയുടെ ചിത്രീകരണത്തിലായിരുന്നപ്പോഴാണ് സംഭവത്തെ കുറിച്ച് അറിഞ്ഞത്. ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാവില്ലെന്നും സുധീർ പറഞ്ഞു. നോക്കുകൂലി വാങ്ങുന്നതിനെതിരെ കർശന നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പറഞ്ഞിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേസമയം, നോക്കുകൂലി വാങ്ങിയ സംഭവത്തിൽ ഐ.എൻ.ടി.യു.സി പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശഖേരൻ പറഞ്ഞു.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.