Thursday, August 11, 2022

Latest Posts

‘എന്റെ കവിത പഠിപ്പിക്കരുത്. ഗവേഷണവും പാടില്ല’ എന്നൊരു കവി ക്ഷോഭിക്കുമ്പോൾ

ഡോ. ഹരികുമാർ.വിജയലക്ഷ്മി

സ്വന്തം കവിതയും കഥയുമൊക്കെ ഏതു വിധേനയും പാഠപുസ്തകമാക്കികിട്ടാന്‍ അധികാരികള്‍ക്കു പിന്നില്‍ പഞ്ചപുച്ഛമടക്കി ക്യൂ നില്‍ക്കുന്നവരെ ധാരാളം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഇതിനൊരപവാദം! എന്റെ കവിത പഠിപ്പിക്കരുത്. ഗവേഷണവും പാടില്ല എന്നൊരു കവി; മലയാള പ്രതിഭയുടെ നിത്യയുവത്വമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിനല്ലാതെ മറ്റാര്‍ക്കാണിങ്ങനെ പത്ര സമ്മേളനം നടത്തി പറയാന്‍ ധൈര്യമുള്ളത്?

നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നൂറില്‍ നൂറു മാര്‍ക്കും നല്‍കി ബിരുദവും ബിരുദാനന്തര ബിരുദവും കൊടുത്തു പുറത്തുവിടുന്ന ചരക്കുകളുമായി ഇടപ്പെട്ടാല്‍ ചുള്ളിക്കാട് മാത്രമല്ല സാക്ഷാല്‍ എഴുത്തച്ഛനും ഉള്ളൂരും കുമാരനാശാനും ഒക്കെ പറയുമായിരുന്നു ദയവായി ഞങ്ങളെ ഉപദ്രവിക്കരുത് എന്ന്. ഞങ്ങളുടെ കവിതകള്‍ കത്തിച്ചുകളഞ്ഞാലും വേണ്ടിയില്ല സര്‍വകലാശാല തലത്തില്‍ പാഠപുസ്തകമാക്കുക മാത്രം ചെയ്യരുത്. വിദ്യഭ്യാസക്കച്ചവടത്തിന്റെ ലോകത്തു നിന്നു തന്റെ കവിതകളെ ഒഴിവാക്കണം. വിദ്യാര്‍ഥികള്‍ ആദ്യം അക്ഷരം പഠിക്കട്ടെ എന്നിട്ടാകാം കവിത പഠിക്കുന്നത്. എന്നാണ് ചുള്ളിക്കാട് പറഞ്ഞത്.

എം എ പരീക്ഷയില്‍ നിര്‍ദിഷ്ട മാര്‍ക്ക് നേടാത്തതുകൊണ്ടു മാത്രം കോളജ് പ്രൊഫസറാകാതെ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗുമസ്ഥനായി അടുത്തൂണ്‍ പറ്റിയ ചുള്ളിക്കാട് മലയാളത്തിന്റെ മഹാഭാഗ്യമാണ്. പലരുടെയും കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമാണ് ചുള്ളിക്കാടിന്റെ ധീരമായ ഈ നിലപാട്. ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ യോഗ്യതയില്ലാത്തവര്‍ അധ്യാപകരാകുകയും അവരുടെ വിദ്യാര്‍ഥികള്‍ ഭാഷയെ വികലമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആവശ്യം ഉന്നയിക്കുന്നതെന്നാണ് ചുള്ളിക്കാട് വ്യക്തമാക്കിയത്. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ മാര്‍ക്ക് കൊടുത്ത് വിദ്യാര്‍ഥികളെ ജയിപ്പിക്കുക, കോഴ, മതം, ജാതി, രാഷ്ട്രീയ സ്വാധീനം, സ്വജന പക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ അധ്യാപകരാകുന്നവര്‍ക്കു മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ യോഗ്യതയില്ല.

ഇത് വിദ്യാര്‍ഥികളെയും ബാധിക്കും. അത്തരത്തിലുള്ള വിദ്യാര്‍ഥികള്‍ തന്റെ കവിത പഠിക്കുമ്പോള്‍ കല്യാണം കഴിച്ചു കൊണ്ടുപോയ മകളെ വേശ്യാതെരുവില്‍ വില്‍ക്കുമ്പോഴുണ്ടാകുന്ന അച്ഛന്റെ വേദനയാണ് അനുഭവിക്കുന്നത് എന്ന് ചുള്ളിക്കാട് തുറന്നുപറഞ്ഞു. ചുള്ളിക്കാട് തുടര്‍ന്നു പറയുന്നു അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും നിറഞ്ഞു നില്‍ക്കുന്ന കലങ്ങിയ ഭാഷയിലൂടെ ചിന്താശക്തിയില്ലാത്ത ദരിദ്രതലമുറയെ വാര്‍ത്തെടുക്കേണ്ടത് കോര്‍പറേറ്റകളുടെ ആവശ്യമാണ്.

കവിതയോടു താത്പര്യമുള്ളവര്‍ കവിത വായിച്ചു കൊള്ളും. താത്പര്യമില്ലാത്തവരുടെ തലയില്‍ കവിത അടിച്ചേല്‍പ്പിക്കുന്ന ഇന്നത്തെ പാഠ്യപദ്ധതി അടിയന്തരമായി പൊളിച്ചെഴുതണം.’ പാഠപുസ്തകമാക്കുന്നതിലൂടെ ലഭ്യമായേക്കാവുന്ന സാമ്പത്തിക ലാഭത്തെ തൃണവല്‍ഗണിക്കുന്ന ഒരു കവിക്കു മാത്രമേ ഇത്തരം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയാനാകൂ. നട്ടെല്ല് ഏതെങ്കിലും പാര്‍ട്ടി ഓഫീസുകളിലോ പത്രസ്ഥാപനങ്ങളിലോ പണയം വെച്ച വരാണ് നമ്മുടെ കവികളിലും കലാകാരന്മാരിലും ഭൂരിഭാഗവും.

ഇവിടെ ഇന്നു വായനക്കാരേക്കാള്‍ കൂടുതല്‍ എഴുത്തുകാരാണുള്ളത്. എഴുത്തുകാരേക്കാളധികമാണ് പ്രസാധകര്‍. താരപരിവേഷമുള്ള എഴുത്തുകാരെ ആദ്യം സൃഷ്ടിക്കുക. പിന്നീട് അവരെ കെട്ടി എഴുന്നള്ളിച്ചു വന്‍ പരസ്യം നല്‍കി അവരുടെ കൃതികള്‍ മാത്രം വായനക്കാരിലേക്ക് എത്തിക്കുക. ഇതൊരു പ്രവര്‍ത്തന ശൈലിയാക്കിയ പ്രസാധക ലോബിയുടെ കൈവശമാണ് നമ്മുടെ സാഹിത്യവും സാഹിത്യസംസ്‌കാരിക രംഗവും. ഈ രംഗത്തെസൃഷ്ടി സ്ഥിതി സംഹാരകന്മാരായി വിലസുന്ന പ്രസാധകരാണിന്നീ രംഗം അമൂലാഗ്രം നിയന്ത്രിക്കുന്നത്.

സ്വകാര്യപ്രസാധക മുതലാളിമാരുടെ കാര്യം ഇങ്ങനെയാണെങ്കില്‍ സര്‍ക്കാറിന്റെ ധനസഹായം പറ്റി പ്രവര്‍ത്തിക്കുന്ന പ്രസാധക സ്ഥാപനങ്ങളുടെ അമരത്തു വിഹരിക്കുന്നവരില്‍ ഏറെപ്പേരും സാഹിത്യകാരന്മാരല്ല; സാഹിത്യ പ്രവര്‍ത്തകരാണ്. ലോകത്തൊരിടത്തും ഇല്ലാത്ത ഒരു നൂതന വര്‍ഗമാണീ സാഹിത്യ പ്രവര്‍ത്തകര്‍. കാലാകാലം മാറി മാറി വരുന്ന സര്‍ക്കാറുകളുടെ സ്തുതി പാടകന്മാരായിരിക്കുക എന്നതാണ് ഇവന്മാരുടെ മുഖ്യ ജോലി. സ്വന്തം നിലപ്പാടുകളില്‍ ഉറച്ചുനിന്നു പൂര്‍വഗാമികള്‍ സഞ്ചരിച്ച വഴികളില്‍ നിന്നും വേറിട്ട വഴികള്‍ വെട്ടിത്തെളിക്കാന്‍ തുനിഞ്ഞിറങ്ങുന്നവരുടെ രചനങ്ങള്‍ വായനക്കാരില്‍ എത്തിപ്പെടാതെ പോകുന്നു. ഇതാണിന്നു മലയാളത്തിന്റെ അക്ഷരലോകം അഭിമുഖീകരിക്കുന്ന മുഖ്യ പ്രതിസന്ധി.

കവി എന്ന നിലയില്‍ ഒരു വിധ ആനുകൂല്യമോ അവാര്‍ഡോ താന്‍ കൈപ്പറ്റിയിട്ടില്ല എന്നതാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മുഖ്യമായ അവകാശ വാദം. ഇത് വെറും ഒരു മേനി പറച്ചിലല്ല. മലയാളത്തില്‍ എന്തിനാണ് ഇത്രയേറെ അവാര്‍ഡുകള്‍? ഇതിന്റെ പിന്നിലുള്ള ലക്ഷ്യമെന്താണ് മുട്ടത്തുവര്‍ക്കിയെ വര്‍ക്കത്തു മുട്ടിയെന്നു വിളിച്ചവരെ തിരഞ്ഞുപിടിച്ചു മുട്ടത്തുവര്‍ക്കിയുടെ മക്കള്‍ മുപ്പത്തിമൂവ്വായിരത്തി മുന്നൂറ്റി മുപ്പത്തിമുന്നു രൂപ അവാര്‍ഡ് തുകയായി സമ്മാനിക്കുന്നു. അതുവഴി തങ്ങളുടെ പിതാവിനെ ആക്ഷേപിച്ചവരോടു അവര്‍ മധുരമായി പകരം വീട്ടുന്നു.

ഏതന്തരിച്ച സാഹിത്യകാരന്റെ പേരിലാണിന്നു മലയാളത്തില്‍ അവാര്‍ഡുകളില്ലാത്തത്? മണ്‍മറഞ്ഞ സാഹിത്യകാരന്മാരുടെ പ്രേതബാധയില്‍ നിന്ന് മുക്തമല്ലാത്ത ഏത്അവാര്‍ഡാണ് ഇന്നു നമുക്കിടയില്‍ നിലനില്‍ക്കുന്നത്. ഇന്നലെവരെ ആരും തിരിഞ്ഞു നോക്കാത്തവര്‍ അവാര്‍ഡ് നേടുന്നതോടെ താരമായി മാറുന്നു. ഇത്തരക്കാരെ എം എന്‍ വിജയന്‍ വിശേഷിപ്പിച്ചത്. സ്വര്‍ണ മത്സ്യങ്ങളെന്നാണ്. സ്വീകരണമുറിയിലെ അക്ക്വോറിയങ്ങളില്‍ ജീവിച്ചു കൊണ്ട് വിസ്തൃത ജലാശയങ്ങളില്‍ നീന്തി തുടിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമാക്കിയ ഈ സ്വര്‍ണമത്സ്യങ്ങളെ വിജയന്‍ മാഷ് അദ്ദേഹത്തിന്റെ സഹജമായ ഭാഷയില്‍ പരിഹസിച്ചിട്ടുണ്ട്. അവാര്‍ഡുകള്‍ക്കു നേരെ മുഖം തിരിഞ്ഞുനിന്നു കൊണ്ടുള്ള ചുള്ളിക്കാടിന്റെ കാവ്യ സപര്യ സഹൃദയ ലോകം എന്നും ആദരവോടെ ഓര്‍മിക്കുക തന്നെ ചെയ്യും.

ഒരിക്കല്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ച കവിത, കഥ, നോവല്‍ എന്തായാലും അതിന്മേല്‍ ഗ്രന്ഥകാരനുള്ള അവകാശം എന്തൊക്കെപ്പറഞ്ഞാലും വളരെ പരിമിതമാണ്. പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍ അതു പണം മുടക്കിയോ അല്ലാതെയോ വായനക്കാരന്‍ സ്വന്തമാക്കിക്കഴിഞ്ഞാല്‍ അതിന്മേലുള്ള അവകാശം വായനക്കാരനാണ്. അതെന്തു ചെയ്യണം, പാഠപുസ്തകം ആക്കണോ നിരൂപണങ്ങള്‍ എഴുതണോ ഗവേഷണ വിഷയമാക്കണോ എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം തീര്‍ച്ചയായും വായനക്കാരനാണ്. ആ നിലക്കു തന്റെ കവിതകള്‍ക്കു മേല്‍ കത്തിപ്രയോഗം നടത്തുന്ന അരസികന്മാരായ അക്കാദമിക് ആശാന്മാര്‍ അതില്‍നിന്നും പിന്തിരിയണം എന്ന ചുള്ളിക്കാടിന്റെ ആവശ്യത്തെ അത്രയൊന്നും ഗൗരവത്തോടെ പരിഗണിക്കേണ്ടതില്ല. അങ്ങനെയെങ്കില്‍ ചുള്ളിക്കാടിന്റെ ആക്ഷേപത്തിന്റെ വെളിച്ചത്തില്‍ നമുക്കു ചില പുനരാലോചനകള്‍ ഈ കാര്യത്തില്‍ അവലംബിക്കാവുന്നതാണ്.

ഒന്നാമത്തെ കാര്യം വിദ്യാഭ്യാസത്തെ ഒരു കച്ചവടമാക്കുന്ന കഴുകന്മാരെ ഈ രംഗത്തുനിന്നകറ്റിനിര്‍ത്തുക എന്നതാണ്. ചുള്ളിക്കാടിന്റെ പ്രസ്താവന അച്ചടിച്ചു വന്ന അതേ ദിവസം തന്നെ പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത, മുന്‍മന്ത്രി അബ്ദുര്‍റബ്ബ് നെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം എന്നതാണ്. മാനദണ്ഡം പാലിക്കാതെ സി എസ് ഐ സഭക്ക് കീഴില്‍ കോളേജ് അനുവദിച്ച് കോടികള്‍ തട്ടിയെന്നാണ് പരാതി. കോളജിന്റെ കെട്ടിടനിര്‍മാണംപോലും ആരംഭിക്കാതെ 2016 ഒക്‌ടോബര്‍ നാലിനു അധ്യാപകരെ നിയമിക്കാന്‍ പാളയം എല്‍ എം എസ് കോമ്പൗണ്ടില്‍ വച്ച് അഭിമുഖം നടത്തുകയും ഇതുവഴി കോടിക്കണക്കിനു രൂപ കൈക്കലാക്കുകയും ചെയ്തു.

മാത്രമല്ല ഈസൊസൈറ്റിക്ക് മുളയറയില്‍ സ്വന്തമായി സ്ഥലം ഇല്ലാതിരിക്കെ, ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു. മിക്ക സ്വകാര്യ കോളജുകളിലും സ്‌കൂളുകളിലും വന്‍ തുക കോഴ കൊടുത്ത് പ്രതിമാസശമ്പളം തരപ്പെടുത്താമെന്ന ഒരേ ഒരു മോഹത്തോടെ ഭാഷയും സാഹിത്യവും മറ്റുമാനവിക വിഷയങ്ങളും പഠിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്കു സഹായകമായ തരത്തിലുള്ള സര്‍വകലാശാലാകോഴ്‌സുകള്‍ നിറുത്തല്‍ചെയ്യുക. സിലബസ് എങ്ങനെയൊക്കെ പരിഷ്‌കരിച്ചാലും കാണാതെ പഠിച്ച് ഉത്തരക്കടലാസില്‍ ഛര്‍ദിച്ചു വെച്ചു മാര്‍ക്ക് തേടുന്ന തരത്തിലുള്ള പരീക്ഷാ സമ്പ്രദായം വേണ്ടെന്നുവെക്കുക, മറ്റുള്ളവര്‍ എഴുതിയത് പകര്‍ത്തിയെഴുതിയും പുകമറകള്‍ സൃഷ്ടിച്ചും എം എയും പി എച്ച് ഡിയും ഒക്കെ നേടാമെന്ന വ്യാമോഹത്തിനറുതിവരുത്തുക.

കല, സാഹിത്യം, മാനവികത, ശാസ്ത്രം, ഇവയെ സംയോജിപ്പിച്ചു കൊണ്ടുള്ള (ഇന്റെര്‍ഡിസിപ്ലനറി) പാഠ്യപദ്ധതി നടപ്പില്‍ വരുത്തുക. കോളജുകളില്‍ മലയാളം പഠിപ്പിക്കാനുള്ള യോഗ്യത പി എച്ച് ഡിയാക്കിയ പോലെ ഹൈസ്‌ക്കൂള്‍ അധ്യാപകരുടെ ചുരുങ്ങിയ യോഗ്യത ബിരുദാനന്തര ബിരുദമായി നിജപ്പെടുത്തുക. പരീക്ഷയിലെ മാര്‍ക്കുകള്‍ക്കു പുറമെ സ്വന്തം നിലയില്‍ പരിഗണനാര്‍ഹമായ രചനകള്‍ നടത്തുന്ന മൗലിക പ്രതിഭയുള്ളവരെ അധ്യാപനരംഗത്തേക്കാകര്‍ഷിക്കുക. ഇതിനൊക്കെ പറ്റുന്ന തരത്തില്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുക.

സംസ്‌കൃതം, ഹിന്ദി, തമിഴ്, മലയാളം തുടങ്ങിയ ഭാഷാ സാഹിത്യാദി വിഷയങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള താരതമ്യപഠന കോഴ്‌സുകള്‍ക്ക് തുടക്കം കുറിക്കുക. ഈ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രൊഫഷനല്‍ കോളജുകളില്‍ (മെഡിക്കല്‍, എന്‍ജിനീയറിംഗ്)സാഹിത്യ മാനവികജാതി വിഷയങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു പേപ്പര്‍ പഠിപ്പിക്കുന്നതിനുള്ള അവസരം സംജാതമാകുന്ന തരത്തില്‍ പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സിലബസ് പരിഷ്‌കരിക്കുക.

നമ്മുടെ ഭാഷയും സംസ്‌കാരവും ഒക്കെയായി യാതൊരു പരിചയവും സ്ഥാപിക്കാതെ തന്നെ ഡോക്ടറും എന്‍ജിനീയറുമായി ജോലി നോക്കാന്‍ കഴിയുമെന്നതിന്റെ ദുരിതം ഇന്നു സമൂഹം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇത് മാറണം. നല്ല പ്രൊഫഷനലുകള്‍ നല്ല മനുഷ്യരും കൂടി ആകാന്‍ സഹായകമായ വിദ്യാഭ്യാസമാണവര്‍ക്ക് നല്‍കേണ്ടത്. പാഠ്യപദ്ധതിയില്‍ നിന്നു കവികളെയും കലാകാരന്മാരെയും ഒക്കെ പടിയടച്ചു പിണ്ഡം വെക്കാനാണ് ഭാവമെങ്കില്‍ അത് വരാന്‍ പോകുന്ന ഒരു വന്‍ദുരന്തത്തിന്റെ സൂചനയായിരിക്കും. ചുള്ളിക്കാട് ഉയര്‍ത്തി വിട്ട ഈ വിമര്‍ശനം നമ്മുടെ അക്കാദമിക് രംഗത്ത് തീര്‍ച്ചയായും പുതിയ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കുമെന്നു തന്നെ പ്രതീക്ഷിക്കാം.

സാന്ത്വന വാക്കുകള്‍ കേള്‍ക്കുമോ ഈ ‘ധിക്കാരി’

ചുള്ളിക്കാട് നിലപാടില്‍ നിന്നു പിന്‍മാറണം, ചുള്ളിക്കാടിന്റെ കവിതകളെ മാറ്റി നിറുത്തികൊണ്ട് മലയാള സാഹിത്യപഠനം പൂര്‍ത്തിയാകില്ല എന്നൊക്കെ പറഞ്ഞു സഖാവ് എം എ ബേബി താമസംവിനാ രംഗത്തുവന്നു. ആറ്റിലേക്കച്ച്യുതാ ചാടല്ലെ, ചാടല്ലെ കാട്ടിലെ പൊയ്കയില്‍ പോയി നീന്താം. ബേബി സഖാവിന്റെ സാന്ത്വന വാക്കുകള്‍ കേട്ട് എ കെ ജി ഭവനില്‍ കസേര തരപ്പെടുത്തുന്ന ആളൊന്നുമല്ല ഈ ചുള്ളിക്കാട്. സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് പോലും പുല്ലുപോലെ വലിച്ചെറിഞ്ഞ കാതലുള്ള ധിക്കാരിയാണ്.

ബേബി സഖാവ് ഒരു പക്ഷേ അര്‍ഥമാക്കിയത് അടുത്ത ദേശാഭിമാനി അവാര്‍ഡ് മൂന്ന് ലക്ഷവും ബഹുമതിശില്‍പവും, പറഞ്ഞതുകേട്ടു കൂടെ നിന്നാല്‍ തരപ്പെടുത്തികൊടുക്കാമെന്ന ഓഫറായിരിക്കാനിടയുണ്ട്. ഇ എം എസിനെ ആക്ഷേപിച്ച് ഹാസ്യ കഥാപാത്രമാക്കി നോവലെഴുതിയ എം മുകുന്ദന് പ്രഥമ ദേശാഭിമാനി പുരസ്‌കാരം തരപ്പെടുത്തി കൊടുത്തത് ബേബിയാണ്. ആ പാര്‍ട്ടിയില്‍ അങ്ങനെയൊക്കെയാണ്; ഓരോരോ കാര്യത്തിനും ഓരോരുത്തരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നോവല്‍ വായന, കവിതാസ്വാദനം, ചിത്രകല, ശില്‍പകല ഇവയൊക്കെ വിലയിരുത്തുക ഈ വക ജോലി കളുടെ ചുമതല വഹിക്കാന്‍ സ്‌പെഷലിസ്റ്റുകള്‍ ഉണ്ട്. പറശ്ശിനിക്കടവു മുത്തപ്പന്റെ ചിത്രത്തോടൊപ്പം ഇ എം എസിന്റെ ചിത്രവും ഭിത്തിയില്‍ തൂക്കിയിട്ടാല്‍ ഇ എം എസിന്റെ ചിത്രം നോക്കി തൊട്ടിലില്‍ കിടക്കുന്ന കുട്ടി കരച്ചിലടക്കി സുഖസുന്ദരമായി ഉറങ്ങുന്ന രംഗം ചിത്രീകരിച്ച കേശവന്റെ വിലാപങ്ങളെ ഒന്നാംതരം മാക്‌സിസ്റ്റ് സാഹിത്യമായി ബേബി സഖാവ് വിലയിരുത്തി. മുകുന്ദനെ പണ്ട് ഇ എം എസും മറ്റും വിമര്‍ശിച്ചതിന് ‘എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ’ എന്നു കുമ്പസരിച്ചു എന്നുതോന്നുന്നു.

കേരളത്തിലെ അറിയപ്പെടുന്ന മാര്‍ക്‌സിസ്റ്റ് വിരുദ്ധ ബുദ്ധിജീവിയും എം ഗോവിന്ദന്റെ ശിഷ്യനും സര്‍വോപരി തലക്കനത്തിന്റെ ആള്‍രൂപവുമായ ടി പത്മനാഭനെ സിപി എം പട്ടും വളയും നല്‍കി ആദരിച്ചതും 2018ലെ മഹാത്ഭുതം ആയിരുന്നു. പത്മനാഭന്റെ ഏതെങ്കിലും ഒരു കഥയില്‍ ഏതെങ്കിലും ഒരു കമ്മ്യൂണിസ്റ്റുകാരനെ കുറിച്ച് ഒരു നല്ല വാക്കെങ്കിലും പറഞ്ഞിരുന്നെങ്കില്‍ കണ്ണൂരെ ഈ പപ്പനാഭോത്സവത്തിനു വല്ല അര്‍ഥവും ഉണ്ടാകുമായിരുന്നു എന്നാണ് പുക സ സഖാക്കള്‍ രഹസ്യം പറയുന്നത്.

അടുത്തതായി നോട്ടം ഇട്ടിരിക്കുന്നത് ചുള്ളിക്കാടിനെയായിരുന്നു. അപ്പോഴല്ലേ ചുള്ളിക്കാടിന്റെ വക ഈ തോക്കില്‍ കയറിയുള്ള വെടിവെപ്പ്. എ കെ പി സി ടി എ സഖാക്കളും കെ ജി സി റ്റി എ സഖാക്കളും കെ എസ് ടി എക്കാരും ഇതെങ്ങനെ സഹിക്കുന്നു? എടുത്താല്‍ പൊന്താത്ത തുക ശമ്പളം വാങ്ങുന്ന തങ്ങള്‍ക്കു കുട്ടികളെ അക്ഷരം പഠിപ്പിക്കാന്‍ കഴിയില്ലെന്നല്ലേ പഴയ നക്‌സലൈറ്റ്കവി തട്ടി വിട്ടിരിക്കുന്നത്. ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ ചുമ്മാകിട്ടുന്ന മാര്‍ക്കും ഗൈഡ്‌നോക്കി കാണാതെ പഠിച്ചു പാസ്സാകുന്ന നെറ്റും മറികടന്ന് എങ്ങനെയെങ്കിലും ഒപ്പിച്ചെടുക്കുന്ന ഡോക്ടറേറ്റും ഒന്നും പോരാ പോലും. കേരളത്തിലെ ‘അധ്യാപഹയന്മാ’രുടെ നെഞ്ചിലേക്കാണ് ഈ വിപ്ലവകാരി നിറ ഒഴിച്ചിരിക്കുന്നത്. അഭിനന്ദനങ്ങള്‍!

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.