Thu. Apr 25th, 2024

വിദ്യാര്‍ത്ഥിനികളെ അവഹേളിക്കുന്ന പ്രഭാഷണം നടത്തിയ ഫാറൂഖ് ട്രൈനിങ് കോളജിലെ അധ്യാപകനായ ജൗഹര്‍ മുനവ്വര്‍ മുജാഹിദ് വേദികളിലെ സ്ഥിരം പ്രഭാഷകനാണ്. കോഴിക്കോട് ജില്ലയിലെ എളേറ്റില്‍ വട്ടോളിയില്‍ നടന്ന മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ കുടുംബ യോഗത്തിലാണ് ഞാന്‍ ഫാറൂഖ് കോളജിലെ അധ്യാപകനാണെന്ന് പറഞ്ഞു വിദ്യാര്‍ത്ഥികളേയും സത്രീകളേയും അപമാനിക്കുന്ന പ്രഭാഷണം നടത്തിയത്.

ഇതില്‍ പ്രതിഷേധിച്ചു വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ കോളജിനു മുന്നില്‍ പ്രതേഷേധം നടത്തിയിട്ടും ഇതുവരെ അധ്യാപകനെതിരേ നടപടി എടുക്കാനോ വിശദീകരണം ചോദിക്കാനോ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. സലഫി വേദികളിലെ ഈ ഉപദേശകനെ അനുകൂലിക്കുന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നത്.

മാസങ്ങള്‍ക്കു മുമ്പ് ഫാറൂഖ് കോളജിന്റെ വാര്‍ഷികത്തോടുനുബന്ധിച്ച നടന്ന സമീര്‍ ബിന്‍സിയുടെ ഗസല്‍ സംഗീത പരിപാടിയും മാനേജ്‌മെന്റ് ഇടപെട്ട് മുടക്കിയിരുന്നു. ഗസല്‍ തുടങ്ങുന്നതിന്റെ മുമ്പെ അതിലെ വരികള്‍ കേള്‍പ്പിക്കണം എന്നാവശ്യപെടുകയായിരുന്നു മാനേജ്‌മെന്റ്. ഇതുപൊലെ സലഫി വിരുദ്ധമായ എല്ലാത്തിനും കടിഞ്ഞാണിടാനാണ് കോളജ് അധികാരികള്‍ ശ്രമിക്കുന്നത്.

മലബാറിലെ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ വലിയ പങ്കു വഹിച്ച ഫാറൂഖ് കോളേജിനെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കുന്നത് സലഫിസമാണോ എന്ന ചോദ്യം പ്രസക്തമാവുകയാണ്. വിട്ടുവീഴ്ച്ച ചെയ്യാത്ത തീവ്രനിലപാട് സ്വീകരിക്കുന്ന സലഫി സ്വാധീനമുള്ള വ്യക്തികളുടെ കൈകളിലാണ് ഇപ്പോള്‍ ഫാറൂഖ് കോളജ്.

അധ്യാപകന്‍ ഇപ്പോൾ ഒളിവിലാണ്. ആര്‍ക്കും പിടികൊടുക്കാതെ കോഴിക്കോട് തന്നെയുള്ള രഹസ്യകേന്ദ്രത്തിലാണ് ജൗഹര്‍ മുനവ്വര്‍ ഇപ്പോഴുള്ളത്. ഫറൂഖ് കോളജ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് അധ്യാപകന്‍ ഇപ്പോള്‍ പൊതുഇടങ്ങളില്‍നിന്ന് മാറി നില്‍ക്കുന്നത്.

സലഫി ചിന്താധാരയില്‍ വിശ്വസിക്കുന്ന മുനവ്വറിന് ആവശ്യമായ എല്ലാ പിന്തുണയും കോളജ് മാനേജ്‌മെന്റ് നല്‍കുന്നുണ്ട്. സലഫിസത്തില്‍ തന്നെയാണ് മാനേജ്‌മെന്റിലെ ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നതും. പരസ്യ പ്രതികരണങ്ങള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും വേണ്ട എന്നാണ് അവരെടുത്തിരിക്കുന്ന തീരുമാനം.