തനിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നതായി ആരോപിച്ച് ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയ്ക്കെതിരെ പി സി ജോര്‍ജ്ജ് എംഎല്‍എയുടെ മകന് ഷോണ്‍ ജോര്‍ജ് ഡിജിപി ലോക് നാഥ് ബഹ്റ,ജില്ലാ പൊലീസ് മേധാവി വി എം മുഹമ്മദ് റഫീഖ് എന്നിവര്‍ക്കു പരാതി നല്കി. നിഷയ്ക്കു പുറമേ സാമൂഹ്യ മാധ്യമങ്ങളില്‍ അപവാദ പ്രചാരണം നടത്തിയവര്‍ക്കെതിരെയും പരാതിയില്‍ നടപടി ആവശ്യപ്പെട്ടു. നിഷയ്ക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും, എന്നാല്‍ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന രീതിയില്‍ പെരുമാറിയിട്ടില്ലെന്നുമാണ് ഷോണ്‍ ജോര്‍ജിന്റെ വിശദീകരണം.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് ‘ എന്ന പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത് പി സി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്ജിനെപ്പറ്റിയാണെന്നു സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണമുണ്ടായിരുന്നു. ഇതിനെതിരെയാണ് ഷോണ്‍ പരാതി നല്‍കിയത്. നിഷയെ ട്രെയിന്‍ യാത്രയ്ക്കിടെ അപമാനിക്കാന്‍ ശ്രമിച്ച യുവാവ് താനാണെന്നു സൂചനകളില്‍ നിന്നു വ്യക്തമാകുന്നതായി നല്കിയ പരാതിയില്‍ പറയുന്നു.
പിതാവിന്റെ രാഷ്ട്രീയ എതിരാളിയായ കെ എം മാണിയുടെ മകന് ജോസ് കെ മാണി എംപിയുടെ ഭാര്യയാണ് നിഷ. തന്നോടുള്ള രാഷ്ട്രീയ വിരോധം മൂലം മനപൂര്‍വം അപമാനിക്കാന്‍ ശ്രമിക്കുകയാണ്. ആരോപണ വിധേയനായ വ്യക്തിയുടെ പേര് പറയാതെ സൂചനകളിലൂടെ തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് നിഷ ശ്രമിക്കുന്നത്. നിഷയോടൊപ്പം താന്‍ തിരുവനന്തപുരത്തു നിന്നു ട്രെയിനില്‍ യാത്ര ചെയ്യുകയോ, അപമാനിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. തന്നെയും പിതാവിനെയും അപമാനിച്ച് പുസ്തകത്തിന്റെ വില്‍പ്പന വര്‍ധിപ്പിക്കണമെന്ന ലക്ഷ്യം മാത്രമുള്ള സാഹചര്യത്തില്‍ പുസ്തകം രചിച്ച നിഷയ്ക്കെതിരെ കേസെടുക്കണമെന്നും ഷോണ്‍ ആവശ്യപ്പെടുന്നു.
നിഷയുമൊത്ത് ട്രെയിനില്‍ യാത്ര ചെയ്തിട്ടുള്ളത് കോഴിക്കോട്ടു നിന്നും കോട്ടയത്തിനായിരുന്നു. പിറവം ഉപതെരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു യാത്ര. ഒരു ട്രെയിനില്‍ ഒരേ കംമ്പാര്‍ട്ട്മെന്റിലാണ് യാത്ര ചെയ്തത്. ഒപ്പം സിപിഎമ്മിന്റെ എംഎല്‍എമാരായ നേതാക്കളുമുണ്ടായിരുന്നുവെന്നും ഷോണ്‍ വിശദീകരിച്ചു.
ഇതിനിടെ നിഷയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങളെ അനുകൂലിച്ച് ജോസ് കെ മാണി എംപിയും രംഗത്ത് എത്തി. പരാമര്‍ശം വിവാദമാക്കേണ്ട. അപമാനിച്ചയാളെക്കുറിച്ച് പറയണോയെന്നത് വ്യക്തിപരമായ കാര്യമാണ്. ഒരു രാഷ്ട്രീയ നേതാവിന്റെ കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങളാണ് പറഞ്ഞത്. ഒരു ജനപ്രതിനിധിയുടെ ഭാര്യയായിട്ടും നേരിടേണ്ടിവന്ന അനുഭവം അവര്‍ വ്യക്തമാക്കിയതാണ്. പുസ്തകത്തിലെ സന്ദേശമാണ് മനസ്സിലാക്കേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു.
ചാനല്‍ചര്‍ച്ചകളിലും മാധ്യമപ്രവര്‍ത്തകരോടുള്ള സംഭാഷണങ്ങളിലും നിഷാ ജോസിനെതിരായുള്ള പിസി ജോര്‍ജ്ജിന്റെ പ്രസ്താവനകള്‍ അശ്ലീലത നിറഞ്ഞതാണെന്നും സ്ത്രീ വിരുദ്ധമാണെന്നും ജോര്‍ജ്ജിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും മാണി ഗ്രൂപ്പ് നേതാവ് നിര്‍മ്മല ജിമ്മി ആവശ്യപ്പെട്ടു. വൃത്തികെട്ട സ്ത്രീ, രണ്ടാം സരിത എന്നു തുടങ്ങിയ പരാമര്‍ശങ്ങളാണ് ജോര്‍ജ്ജ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പ്രസ്താവനകള്‍ക്കെതിരെ പൊലീസ് ക്രിമിനല്‍ കേസെടുക്കണം.