Tue. Apr 23rd, 2024

തമിഴ്‌നാട്ടില്‍ പ്രതിഷേധം കത്തിപടരുന്നു. രാവിലെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ പത്തോളം ബ്രാഹ്മണര്‍ക്കു നേരെയാണ് ആക്രമണം നടന്നത്. എട്ടംഗ സംഘമാണ് ബ്രാഹ്മണര്‍ക്ക് നേരെ ആക്രമം നടത്തിയത്. ഇവരുടെ പൂണൂല്‍ ബലമായി അറുത്തെടുക്കുകയായിരുന്നു. ചെന്നൈയിലെ ട്രിപ്ലികെയ്‌നില്‍ രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

പെരിയാറിന്റെ പ്രതിമ തകര്‍ത്തതിന്പിന്നാലെയാണ് ബ്രഹ്മണര്‍ക്ക് നേരെ ആക്രമണം നടത്തിയത്. ഐസ് ഹൗസ് പൊലീസ് സ്റ്റേഷന് അടുത്ത് വച്ചാണ് എട്ടംഗ സംഘം ആക്രമണം നടത്തിയത്. ഇവര്‍ പെരിയാര്‍ അനുകൂല മുദ്രാവാക്യം മുഴക്കിയിരുന്നു.

‘പത്ത് പേരും മേല്‍വസ്ത്രം ധരിച്ചിരുന്നില്ല. ഇവര്‍ ക്ഷേത്രത്തില്‍ നിന്ന് മടങ്ങിവരികയായിരുന്നു. അക്രമികള്‍ പെരിയാറിനെ വാഴ്ത്തി മുദ്രാവാക്യം വിളിച്ചു. തുടര്‍ന്നാണ് ആക്രമം നടത്തിയതെന്ന് പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേര്‍ക്ക് ഇന്ന് പുലര്‍ച്ചെ ആക്രമണം നടന്നിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയില്‍ തിരുപ്പത്തൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സ്ഥാപിച്ച പെരിയാര്‍ ഇവി രാമസ്വാമിയുടെ പ്രതിമ ആക്രമിക്കപ്പെട്ടിരുന്നു. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകമാണ് കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേര്‍ക്ക് ആക്രമണം നടന്നത്.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും അക്രമികളെ ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.