Fri. Apr 19th, 2024

വി.എസ്.ശ്യാംലാൽ (ഇൻസൈറ്റിൽ എഴുതിയ ലേഖനത്തിൽനിന്ന്)

2009ലെ ആറ്റുകാല്‍ പൊങ്കാലയില്‍ 25 ലക്ഷം പേര്‍ പങ്കെടുത്തുവെന്ന ലോക റെക്കോഡ് എങ്ങനെ വന്നു? ഗിന്നസുകാര്‍ എന്തായാലും ഇവിടെ വന്ന് എണ്ണിനോക്കിയിട്ടില്ലെന്ന് ഉറപ്പ്. ഈ ലോക റെക്കോഡ് ഒപ്പിച്ചുകൊടുത്തത് ഭക്തയായ ഒരു മദാമ്മയാണെന്ന് പലര്‍ക്കുമറിയില്ല. തിരുവനന്തപുരത്തെ പത്രക്കാരും അതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്.

ഡയാന്‍ എല്‍കിന്‍സ് ജന്നറ്റ് എന്ന അമേരിക്കക്കാരിയാണ് റെക്കോഡിനു പിന്നിലെ പ്രേരകശക്തി. എനിക്ക് അവരെ നന്നായറിയാം, 2000 മുതല്‍. വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് അവരെ പരിചയപ്പെട്ടത്. അത് വിശദമാക്കാം. 1999 ജൂണിലാണ് ഞാന്‍ തിരുവനന്തപുരം മാതൃഭൂമയില്‍ ലൈനര്‍ ആയി ജോലിക്കു കയറുന്നത്. 2000ലാണ് എന്റെ ആദ്യ പൊങ്കാല റിപ്പോര്‍ട്ടിങ് അനുഭവം. അതിന്റെ തുടക്കം ഒന്നാം പേജില്‍ അച്ചടിച്ചുവന്ന ബൈലൈന്‍ സ്റ്റോറിയിലൂടെയായിരുന്നു. ഒന്നാം പേജില്‍ പേര് വെച്ച് വാര്‍ത്ത വരിക എന്നത് അക്കാലത്ത് തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം അത്യപൂര്‍വ്വ സംഭവമാണ്. അതിനാല്‍ത്തന്നെ ആ തലക്കെട്ട് ഇന്നും ഓര്‍മ്മയിലുണ്ട് -പൊങ്കാലയില്‍ ഡോക്ടറേറ്റുമായി ഡയാന്‍ വീണ്ടും ആറ്റുകാലില്‍. അന്ന് അവരുമായി സ്ഥാപിച്ച ബന്ധം 18 വര്‍ഷമായി തുടരുന്നു.എഴുതിയത് ഞാനാണെങ്കിലും ആ ‘എക്‌സ്‌ക്ലൂസീവ്’ വാര്‍ത്ത കണ്ടെത്തിയത് ഞാനായിരുന്നില്ല എന്ന സത്യം പറയാന്‍ ഒരു മടിയുമില്ല. മാതൃഭൂമിയില്‍ അന്ന് ഫോട്ടോ എഡിറ്ററായിരുന്ന ടി.രാജന്‍ പൊതുവാളാണ് വാര്‍ത്ത കൊണ്ടുവന്നത്. തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ നിന്ന് ഇംഗ്ലീഷ് അദ്ധ്യാപികയായി വിരമിച്ച ഡോ.എം.എസ്.ഹേമയായിരുന്നു സ്രോതസ്സ്. ഹേമ ടീച്ചറിന്റെ സുഹൃത്താണ് ഡയാന്‍. പൊതുവാളും ടീച്ചറിന്റെ സുഹൃത്താണ്. ഡയാനെയും പൊതുവാളിനെയും ഹേമ ടീച്ചര്‍ മുട്ടിച്ചുകൊടുത്തു.

തത്സമയം ഒരു ‘എക്‌സ്‌ക്ലൂസീവ് പൊതുവാളിന് മണത്തു. അദ്ദേഹം മാതൃഭൂമിയില്‍ അന്നത്തെ ചീഫ് റിപ്പോര്‍ട്ടറും ഇപ്പോഴത്തെ തിരുവനന്തപുരം ന്യൂസ് എഡിറ്ററുമായ ബി.രമേഷ് കുമാറിനോടു വിവരം പറഞ്ഞു. ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ധ്യാപകന്‍ കൂടിയായിരുന്ന അദ്ദേഹം ഉടനെ എന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി -‘ശ്യാമേ.. പൊതുവാളിനൊപ്പം പോകൂ. ഒരു നല്ല സ്‌റ്റോറിയുണ്ട്.’ ഇത്രയേ പറഞ്ഞുള്ളൂ. പൊതുവാളാണ്. ചോദ്യവും ഉത്തരവും ഒന്നും അനുവദനീയമല്ല. കേട്ട പാതി കേള്‍ക്കാത്ത പാതി റൈറ്റിങ് പാഡും പേനയുമെടുത്ത് അദ്ദേഹത്തിനു പിന്നാലെ ഞാനിറങ്ങി -എന്താണെന്നോ ഏതിനാണെന്നോ എങ്ങോട്ടാണെന്നോ അറിയാതെ.


മാതൃഭൂമി പത്രത്തിനു വേണ്ടി റിപ്പോര്‍ട്ടിങ്ങിനു പോകാന്‍ വാഹനം അനുവദിക്കുന്ന പതിവ് അന്നില്ല. ഇന്നുമില്ല എന്നാണ് അറിവ്. അതിനാല്‍ പൊതുവാളിന്റെ എന്‍ഫീല്‍ഡ് ബുള്ളറ്റിലായിരിക്കും യാത്ര എന്ന് ഉറപ്പിച്ചു. എന്നാല്‍, അന്ന് എന്റെ യാത്ര പൊതുവാളിനൊപ്പം കമ്പനി വക മഹീന്ദ്ര അര്‍മാഡ ജീപ്പിലായിരുന്നു. മോഹനേട്ടനായിരുന്നു സാരഥി എന്നാണോര്‍മ്മ. ജീപ്പ് മെയിന്‍ റോഡിലിറങ്ങിയപ്പോള്‍ തന്നെ പാതയോരത്ത് പൊങ്കാലക്കലങ്ങള്‍ വില്‍ക്കാന്‍ അടുക്കിവെച്ച് ഒരമ്മച്ചി ഇരിക്കുന്നത് കണ്ടു. അപ്പോള്‍ത്തന്നെ പൊതുവാള്‍ ജീപ്പ് നിര്‍ത്താന്‍ പറഞ്ഞു. നല്ലൊരു ഫോട്ടോ ആംഗിള്‍ കണ്ടിട്ടുണ്ടാകും എന്നു ഞാന്‍ കരുതി.

ജീപ്പ് നിര്‍ത്തിയപ്പോള്‍ പൊതുവാള്‍ ഇറങ്ങി. ക്യാമറ സീറ്റില്‍ വെച്ചു. എന്നോടും മോഹനേട്ടനോടും ഇറങ്ങാന്‍ പറഞ്ഞു. കാര്യം പിടികിട്ടാതെ ഞങ്ങള്‍ പിന്നാലെ ചെന്നു. പൊതുവാള്‍ 5 കലങ്ങള്‍ വാങ്ങി. രണ്ടെണ്ണം എന്റെ കൈയില്‍. രണ്ടെണ്ണം മോഹനേട്ടന്. ഒരെണ്ണം പൊതുവാളുമെടുത്തു. ജീപ്പില്‍ സുരക്ഷിതമായി വെച്ചു. ജീപ്പ് മുന്നോട്ട്. പോകുന്നവഴിക്ക് യാത്രാലക്ഷ്യം അദ്ദേഹം ചെറുതായി വിശദീകരിച്ചു തന്നു -പൊങ്കാലയില്‍ ഡോക്ടറേറ്റെടുത്ത ഒരു മദാമ്മയെക്കുറിച്ചാണ് വാര്‍ത്ത. ഒരു ഇരയെ കിട്ടിയ സിംഹത്തെപ്പോലെ വാര്‍ത്ത കടിച്ചുകീറാന്‍ ഞാന്‍ തയ്യാറെടുത്തു. പൊങ്കാലത്തലേന്ന് ചെയ്യാന്‍ പറ്റിയ പൊങ്കാല വാര്‍ത്ത!!

കുമാരപുരത്തെ ബര്‍മ്മ റോഡിലുള്ള ഒരു വലിയ വീട്ടിലാണ് 5 മദാമ്മമാരെ ഞാന്‍ കണ്ടത്. അതില്‍ ഒരാളാണ് ഡയാന്‍ എല്‍കിന്‍സ് ജന്നറ്റ്. അന്നു ഡയാനൊപ്പം പരിചയപ്പെട്ടവരില്‍ ഒരാളുമായി കൂടി അടുത്ത കാലം വരെ ബന്ധമുണ്ടായിരുന്നു -കാലിഫോര്‍ണിയയിലെ സെര്‍പന്റീന എന്ന നൃത്തസംഘത്തിലെ പ്രധാന നര്‍ത്തകി സാന്ദ്ര റോഡ്‌സ്. പൊതുവാള്‍ നേരത്തേ വാങ്ങിയ പൊങ്കാലക്കലങ്ങള്‍ ഞങ്ങള്‍ അവര്‍ക്കു സമ്മാനിച്ചു. ആ മദാമ്മമാര്‍ പൊങ്കാലക്കലങ്ങളും പിടിച്ചുനില്‍ക്കുന്ന വര്‍ണ്ണാഭമായ സുന്ദരചിത്രം പൊതുവാളിന്റെ ക്യാമറയില്‍ പതിഞ്ഞു. അടുത്ത ദിവസത്തെ ഒന്നാം പേജ് ചിത്രം!!!


കാലിഫോര്‍ണിയയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാന്‍സ്‌പേഴ്‌സണല്‍ സൈക്കോളജിയില്‍ പ്രൊഫസറാണ് ഡയാന്‍. അവര്‍ ആദ്യമായി പൊങ്കാല കണ്ടത് 1993ല്‍. സുസ്ഥിരവികസനം പ്രോത്സാഹിപ്പിക്കുന്ന എര്‍ത്ത്‌വാച്ചിന്റെ അംഗമെന്ന നിലയില്‍ പഠനത്തിനാണ് അവര്‍ തിരുവനന്തപുരത്ത് എത്തിയത്. വെള്ളനാട്ടുള്ള ഒരു കുടുംബത്തോടൊപ്പമായിരുന്നു താമസം. ആ കുടുംബം ആറ്റുകാലില്‍ പൊങ്കാലയര്‍പ്പിക്കാന്‍ പോയപ്പോള്‍ മദാമ്മയും ഒപ്പം കൂടി. സ്ത്രീകളുടെ ഇത്രയും വലിയ കൂട്ടം പൂര്‍ണ്ണ ആധിപത്യത്തോടെ വിരാജിക്കുന്നതു കണ്ട് അവര്‍ അത്ഭുതപ്പെട്ടു. ആ അത്ഭുതവുമായി അവര്‍ മടങ്ങി.

അടുത്ത തവണ ഡയാന്‍ ഇന്ത്യയിലെത്തിയത് പൊങ്കാലയോടടുപ്പിച്ച ദിനങ്ങളിലാണ്. ആ പൊങ്കാലയുടെ ദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്തി സുഹൃത്തുക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കൊക്കെ പങ്കിട്ടു. എന്നാല്‍, ദൃശ്യങ്ങള്‍ കണ്ടവര്‍ ചോദിച്ച സംശയങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ ഡയാനിനായില്ല. ക്ഷേത്രത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും കൂടുതല്‍ പഠിക്കണമെന്ന് അവര്‍ക്ക് ആഗ്രഹമായി. ഹേമ ടീച്ചര്‍ ആവശ്യമായ സഹായമൊക്കെ ചെയ്തു. അറിവ് തേടിയുള്ള യാത്രകള്‍ ഒരു പഠനപ്രബന്ധമായി മാറി. അത് അവസാനിച്ചത് കാലിഫോര്‍ണിയയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രല്‍ സ്റ്റഡീസില്‍ നിന്ന് ആറ്റുകാലിനെ ആധാരമാക്കി സ്ത്രീകളുടെ ആത്മീയത എന്ന വിഷയത്തിലുള്ള ഡോക്ടറേറ്റിലാണ്.

1997ല്‍ ക്ഷേത്രപരിസരത്ത് ഡയാന്‍ ആദ്യമായി പൊങ്കാലയിട്ടു. അതിനുശേഷം ഓരോ വര്‍ഷവും പുതിയ കൂട്ടുകാരുമായി അവര്‍ പൊങ്കാലയ്ക്കു വന്നുതുടങ്ങി. നാലാമത്തെ തവണ പൊങ്കാലയിടാന്‍ വന്നപ്പോഴാണ് പൊതുവാളിന്റെ ക്യാമറയ്ക്കും എന്റെ പേനയ്ക്കും അവര്‍ ഇരയായത്. 2000 പൊങ്കാല ദിനത്തിലെ മാതൃഭൂമി തിരുവനന്തപുരം, കൊല്ലം എഡിഷനുകള്‍ ലൈബ്രറിയില്‍ നിന്ന് എടുത്തു നോക്കിയാല്‍ ഒന്നാം പേജില്‍ പൊതുവാളിന്റെ പേരിലുള്ള ചിത്രവും എന്റെ പേരിലുള്ള വാര്‍ത്തയും കാണാം.


അടുത്ത ദിവസം പൊങ്കാലയിടുമ്പോള്‍ ഹേമ ടീച്ചറിന്റെ വീട്ടില്‍ പോയി പടവും വാര്‍ത്തയുമെടുത്ത് ഫോളോ അപ്പ്. ഹേമ ടീച്ചറും ഞാനും പരിചയക്കാരാണെന്ന് അവരെ നേരില്‍ക്കണ്ടപ്പോള്‍ തിരിച്ചറിഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജില്‍ ഞാന്‍ ഇംഗ്ലീഷ് എം.എയ്ക്കു പഠിക്കുന്ന വേളയില്‍ എക്‌സ്പര്‍ട്ട് ലക്ചറിന്റെ ഭാഗമായി ക്ലാസ്സെടുക്കാന്‍ അവര്‍ വന്നിട്ടുണ്ട്. ഡയാനുമായുള്ള എന്റെ ബന്ധം ഉറച്ചത് ആ പരിചയത്തിന്റെ പേരിലാണ്. പിന്നെ എല്ലാ വര്‍ഷവും ഡയാന്റെ പൊങ്കാലയെക്കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങള്‍ക്ക് അനുഷ്ഠാനം പോലെയായി. ഇക്കുറിയും ആരെങ്കിലുമൊക്കെ വാര്‍ത്ത ചെയ്തിട്ടുണ്ടാവും, ഞാന്‍ കണ്ടില്ല.

ഡയാന്‍ ചിത്രീകരിച്ച ദൃശ്യങ്ങളും ചിത്രങ്ങളുമാണ് ആറ്റുകാലിനെ ഒടുവില്‍ ഗിന്നസ് താളില്‍ എത്തിച്ചത്. 2007ലോ മറ്റോ ഗിന്നസ് ബുക്കിന് അപേക്ഷ സമര്‍പ്പിച്ചതും അവര്‍ തന്നെ. ദൃശ്യങ്ങള്‍ക്കൊപ്പം അവര്‍ അനുബന്ധമായി സമര്‍പ്പിച്ചത് മാധ്യമവാര്‍ത്തകളാണ്. ലക്ഷങ്ങള്‍ പങ്കെടുത്തുവെന്ന കള്ളക്കണക്ക് നിരത്തിയ വാര്‍ത്തകളെല്ലാം സത്യമാണെന്ന് അക്കാലത്തെ മാധ്യമസ്ഥാപനങ്ങളുടെ തിരുവനന്തപുരം മേധാവിമാര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. തങ്ങളുടെ പത്രത്തില്‍ വന്ന വാര്‍ത്ത കള്ളമാണെന്ന് ഏതെങ്കിലും മേധാവി പറയുമോ?

എല്ലാവരും പറഞ്ഞ ഈ ‘സത്യം’ മുഖവിലയ്‌ക്കെടുത്ത ഗിന്നസുക്കാര്‍ ഇട്ടുകൊടുത്തു ഒരു

റെക്കോഡ് -2009ല്‍ 25 ലക്ഷം പേര്‍ പൊങ്കാലയിട്ടു!! ക്ഷേത്രം ട്രസ്റ്റുകാര്‍ പറയുന്ന കണക്കനുസരിച്ച് തയ്യാറാക്കുന്നതാണ് വാര്‍ത്തയിലെ കണക്കുകളെല്ലാം. അവര്‍ക്കു താല്പര്യമില്ലാത്ത വാര്‍ത്ത വന്നാല്‍ വിവരമറിയും. ചെറുതായിട്ടാണെങ്കിലും ഞാന്‍ അറിഞ്ഞിട്ടുണ്ട്. ട്രസ്റ്റിനെ എതിര്‍ത്തുകൊണ്ട് ഒരു പത്രവും ഇവിടെ ഒന്നും എഴുതില്ല. പത്രത്തിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ സ്റ്റാളുകള്‍ ഉത്സവകാലത്ത് ക്ഷേത്രപരിസരത്തു കിട്ടണമല്ലോ!


2000നു ശേഷം ഞാന്‍ തിരുവനന്തപുരം വിട്ടു. പിന്നെ തിരികെയെത്തുന്നത് 2006 ഓഗസ്റ്റിലാണ്. 2007 മുതല്‍ മാതൃഭൂമിയുടെ പൊങ്കാല റിപ്പോര്‍ട്ടിങ് വീണ്ടും എന്റെ ചുമലിലായി. ലോക റെക്കോഡ് അടക്കമുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഞാന്‍ തന്നെ. വാര്‍ത്ത വരുംപോലെ കൊടുത്തു, സ്വന്തം അഭിപ്രായം ഒന്നുമില്ല. ലോക റെക്കോഡ് ഒക്കെ വന്നതോടെ ആളുകള്‍ കൂടുതല്‍ ഗൗരവത്തോടെ പൊങ്കാല കണക്കുകള്‍ വിലയിരുത്തി തുടങ്ങി. അത്തരമൊരു വിലയിരുത്തലിനൊടുവില്‍ 2010ല്‍ ഞാന്‍ വാര്‍ത്തയെഴുത്ത് ചെറുതായൊന്നു പരിഷ്‌കരിച്ചു -പതിനായിരങ്ങള്‍ പൊങ്കാലയിട്ടു എന്നാക്കി. പതിനായിരങ്ങള്‍ വളര്‍ന്നാണല്ലോ ലക്ഷങ്ങളും കോടികളുമൊക്കെ ആവുന്നത്. വാര്‍ത്തയ്ക്ക് കൂടുതല്‍ ആധികാരികതയുമുണ്ടാവും.

ഞാന്‍ പിടിച്ചത് എത്രമാത്രം വലിയ പുലിവാലാണെന്ന് അടുത്ത ദിവസം രാവിലെയുള്ള ബ്യൂറോ മീറ്റിങ്ങിലാണ് മനസ്സിലായത്. മാതൃഭൂമിയിലെ മുതിര്‍ന്ന 2 മാധ്യമപ്രവര്‍ത്തകര്‍ എന്നെ ഛന്നംപിന്നം വലിച്ചുകീറി. മെമോ വരെ എത്തിയില്ലെങ്കിലും വാക്കാലുള്ള താഡനം ആവശ്യത്തിലേറെ കിട്ടി. പതിനായിരങ്ങള്‍ എന്നെഴുതുന്നത് ഇത്ര വലിയ തെറ്റാണോ? പതിനായിരങ്ങള്‍ ചേര്‍ന്നല്ലേ ലക്ഷങ്ങള്‍ ആവുന്നത് ചേട്ടാ എന്ന് എന്റെ സംശയം വീണ്ടുമുയര്‍ത്തി. ലക്ഷങ്ങള്‍ എന്നു നേരിട്ടെഴുതിയാല്‍ എന്താ കുഴപ്പം എന്ന മറുചോദ്യം ആയിരുന്നു മറുപടി.

എന്നെ ചാടിക്കടിക്കാന്‍ വന്ന ചേട്ടന്മാരെ ഞാന്‍ കുറ്റം പറയില്ല. അതിരാവിലെ ക്ഷേത്ര ഭാരവാഹികളുടെ ഭീഷണി നേരിട്ടത്തിന്റെ ക്ഷീണം എന്നോട് തീര്‍ത്തതാ. ബ്യൂറോ ചീഫായിരുന്ന ടി.അരുണ്‍കുമാര്‍ എന്നെ പിന്തുണയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. പക്കാ ‘തിരുവന്തോരം’ ആയ മറ്റേ 2 ചേട്ടന്മാര്‍ക്ക് അദ്ദേഹത്തിന്റെ ഇരട്ടി വീറുണ്ടായിരുന്നു. പൊങ്കാലയോടനുബന്ധിച്ച് മാതൃഭൂമിയില്‍ മാത്രമുള്ള രണ്ടോ മൂന്നോ ഹ്യൂമന്‍ ഇന്ററസ്റ്റ് സ്‌റ്റോറികള്‍ ഉണ്ടായിരുന്നു. അതിന് പ്രശംസ പ്രതീക്ഷിച്ചു വന്ന എന്നെ ‘പതിനായിരങ്ങള്‍’ അടിച്ചുവീഴ്ത്തി. നല്ല വാര്‍ത്തകള്‍ ആരും കണ്ടതായി പോലും നടിച്ചില്ല. എന്തായാലും അതോടെ എന്റെ പൊങ്കാല റിപ്പോര്‍ട്ടിങ് അവസാനിച്ചു. 2012ല്‍ മാതൃഭൂമി വിട്ട് ഇന്ത്യാവിഷനിലെത്തിയ ശേഷവും പൊങ്കാലയില്‍ ഞാന്‍ കൈവെച്ചിട്ടില്ല.

കടപ്പാട്: ഇൻസൈറ്റ്