Tue. Apr 23rd, 2024

✍️ ഡോ.അജയ് ശേഖർ

കേരളത്തെ നവോത്ഥാനത്തിലേക്കു വഴിനടത്തിയ ‘രണ്ടയ്യന്മാ’രെ നമുക്ക് ഒരുകാലത്തും വിസ്മരിക്കാനാവില്ല സഹോദരൻ അയ്യപ്പനും അയ്യൻകാളിയും. എന്നാൽ ഇവർക്കു മുമ്പു തന്നെ രണ്ടയ്യന്മാർ കേരളനവോത്ഥാന ചരിത്രത്തിൽ ഇടം നേടി. അയ്യാ വൈകുണ്ഠനും, തൈക്കാട് അയ്യാവുമാണവർ. അയ്യൻകാളിയുടെ പിതാവിന്റെ പേരും ‘ അയ്യൻ ‘ എന്നു തന്നെയാണ്. സഹോദരന്റെ ‘അയ്യപ്പൻ എന്ന വിളിപ്പേരിലും ആദിയായിരിക്കുന്നത് അയ്യനാണ്. അപ്പൻ രണ്ടാമതും. സഹോദരൻ അയ്യപ്പന്റെ കൂടെ 1917 ലെ ചെറായി പന്തിഭോജനത്തിൽ പങ്കെടുത്തതും മറ്റൊരു ദലിത് സോദരനായ അയ്യരാണ്.

ചേറായി കുമ്പളത്തുപറമ്പിൽ പല തവണ വന്നു കുടിപ്പാർത്തു കഞ്ഞി കുടിച്ചിട്ടുള്ള ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേരും അയ്യപ്പ ‘നെന്നു തന്നെ. അയ്യൻ’ എന്നും അതിന്റെ ബഹുമാന സൂചകമായി അയ്യര് എന്നുമുള്ള വിളിപ്പേരുകൾ അവർണരുടെ ഇടയിൽ 19 – ാം നൂറ്റാണ്ടിലും വ്യാപകമായിരുന്നു എന്നാണീ വ്യക്തിനാമങ്ങൾ തെളിയിക്കുന്നത്.

തമിഴിൽ അയ്യൻ എന്നാൽ ‘പുത്തൻ അഥവാ ബുദ്ധൻ‘ എന്നാണർഥം എന്നു സി.വി കുഞ്ഞിരാമൻ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. തയ്യിൽ അയ്യന്മാരും, പള്ളിക്കൽ പുത്തരച്ചന്മാരും, കരുമാടി ‘കുട്ടന്മാ’രും എല്ലാം ‘ ബുദ്ധന്റെ ‘കേരളത്തിലെ ഗ്രാമ്യ നാമങ്ങളാണെന്നും സി.വി. വ്യക്തമാക്കുന്നു .


അയ്യൻ, അയ്യപ്പൻ, പൊന്നപ്പൻ, ചെല്ലപ്പൻ, തങ്കപ്പൻ, കുട്ടപ്പൻ, (കരുമാടിക്കുട്ടൻ എന്ന ബുദ്ധവിഗ്രഹത്തെ ഓർക്കുക.) നാണപ്പൻ, നാഗപ്പൻ, മുത്തപ്പൻ, ധർമ്മരാജൻ, സുഗുണൻ, സുഭാഷ്, തുടങ്ങിയ പേരുകളെല്ലാം ബുദ്ധനെയും, ജൈന തീർഥങ്കരന്മാരെയും കുറിക്കുന്ന കേരളീയമായ പേരുകളാണ്. ‘നീ എന്റെ കുട്ടനല്ലെ’ എന്ന് കുഞ്ഞുങ്ങളെപ്പറ്റി പറയുന്നത് ഈ പാരമ്പര്യം കൊണ്ടാണ്. പിന്നീട് വൈഷ്ണവാരാധനയും കൃഷ്ണഭക്തിയും വന്നതോടെ ‘നീ എന്റെ കണ്ണനല്ലെ’ എന്ന രീതിയിലേയ്ക്ക് നമ്മുടെ സംസ്കാരത്തെ തിരിച്ചുവിട്ടു. എന്തെങ്കിലും അപകടം പറ്റുമ്പോൾ ‘അയ്യോ‘ എന്ന് വിളിച്ച് കരയുന്നതും ബുദ്ധനെ ഓർത്തിട്ടാണെന്ന് നാം അറിയുന്നില്ല.

ശബരിമലയ്ക്ക് പോകുന്ന ഭക്തനും അവിടത്തെ ദേവനും അയ്യപ്പനാണല്ലോ! ശരണം വിളി ബുദ്ധമതപാരമ്പര്യത്തിന്റെ തുടർച്ചയാണ്. നാനാജാതി മതസ്ഥരും ശബരിമലയിൽ എത്തുന്നതും അതുകൊണ്ടാണ്. വാവർ അഥവാ ബാബർ ( ബ= വ ) അവിടെ ബന്ധപ്പെട്ടിരിക്കുന്നതിലും നമ്മുടെ പൊതു ചരിത്രമുണ്ട്. സമത്വത്തിന്റെയും സഹോദര്യത്തിന്റെയും ചരിത്രം .!