Fri. Mar 1st, 2024

✍️ ലിബി.സി.എസ്

നാരായണ ഗുരുവിൻറെ മരണം കണ്ട് കേരളത്തിൽ ഒരു യുക്തിവാദി ഉണ്ടായി, ആലുവ യു.സി. കോളേജിൽ അദ്ധ്യാപകൻ ആയിരുന്ന പ്രൊഫ.കുറ്റിപ്പുഴ കൃഷണ പിള്ള. താൻ യുക്തിവാദി ആയത് ശ്രീനാരായണ ഗുരുവിൻറെ മരണം കണ്ടപ്പോൾ ആണെന്ന് ആത്മകഥയിൽ അദ്ദേഹം തന്നെ പറയുന്നുണ്ട്. സഹോദരൻ അയ്യപ്പൻറെ അവസാനത്തെ പൊതു പരിപാടി ആയിരുന്ന 1968 ലെ ശിവഗിരി തീർത്ഥാടന പ്രസംഗത്തിൽ സഹോദരൻ അയ്യപ്പനും ഇത് വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്‌ട്രപതി ഡോ.സക്കീർ ഹുസൈൻ പങ്കെടുത്ത പരിപടിയിൽ സഹോദരൻ  അയ്യപ്പൻ തൻറെ പ്രസംഗം തുടങ്ങുന്നത് ഇങ്ങനെയാണ് ‘കടലിൽ ചെന്നാലും വെള്ളം കോരി എടുത്താലേ കുടിക്കാൻ പറ്റൂ. ആ കോരുന്ന പാത്രത്തിൻറെ രൂപമായിരിക്കും ജലത്തിന്, നാരായണ ഗുരു ഒരു വലിയ കടൽ ആയിരുന്നു.ഗുരുവിനെപ്പറ്റി പലരും അതുകൊണ്ട് പലതും ധരിച്ചുവെച്ചിട്ടുണ്ട്…. എൻറെ ഗുരുവിനെ പറ്റി ഞാൻ ധരിച്ചു വെച്ചിരിക്കുന്നത് പറയാം ‘ എന്ന ആമുഖത്തോടെയാണ് സഹോദരൻ പ്രസംഗം തുടങ്ങിയത്.

ഞാനും ദൈവ വിശ്വാസിയൊന്നും അല്ലെങ്കിലും ഏറ്റവും കൂടുതൽ ചൊല്ലിയിട്ടുള്ള ഒരു പ്രാർത്ഥന ഗുരുവിന്റെ ദൈവദശകം ആണ്. അത് എഴുതുമ്പോൾ ഉള്ള ഗുരുവിന്റെ മനോവിചാരം എന്തായിരുന്നു എന്ന് പൂർണ്ണമായി ഉൾക്കൊള്ളാൻ ഒന്നും എനിക്ക് അന്നും ഇന്നും കഴിഞ്ഞിട്ടില്ല. എൻറെ മനസിലേക്ക് ഈ അമൂർത്തമായ പരികല്പനകൾ ഒന്നും കടന്നു വരില്ല. ദൈവദശകത്തിലെ ഗുരുവിൻറെ ‘നീ സത്യം ജ്ഞാനം ആനന്ദം എന്ന വരികൾ വായിക്കുമ്പോൾ എൻറെ മനസിലേക്ക് വരുന്നത് ഗുരുവിൻറെ മൂന്ന് സവർണ്ണ ശിഷ്യന്മാരായിരുന്നു. സത്യം എന്ന് പറയുമ്പോൾ സത്യവൃത സ്വാമികളെയും ജ്ഞാനം എന്ന് പറയുമ്പോൾ മഹാപണ്ഡിതനായിരുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ളയെയും ആനന്ദം എന്ന് പറയുമ്പോൾ ആനന്ദ തീർത്ഥസ്വാമികളെയുമാണ് എന്ന് സൂചിപ്പിച്ചശേഷം മറ്റ് രണ്ടുപേരെ കുറിച്ചും വിവരിച്ച ശേഷം അദ്ദേഹം കുറ്റിപ്പുഴയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.ഗുരു ആലുവ അദ്വൈതാശ്രമത്തിൽ താമസിക്കുമ്പോഴാണ് കുറ്റിപ്പുഴ ആദ്യമായി നാരായണ ഗുരുവിനെ കാണുന്നത്. ആശ്രമത്തിന് അടുത്തുള്ള ആലുവ യു.സി കോളേജിൽ അധ്യാപകൻ ആയിരുന്ന അദ്ദേഹം ഒരുദിവസം ഉച്ചക്ക് ഗുരുവിനെ കാണാൻ ആശ്രമത്തിലേക്ക് ചെല്ലുകയായിരുന്നു. അപ്പോൾ ഗുരു ആശ്രമത്തിൽ എടുത്ത് വളർത്തിയിരുന്ന രണ്ട് ദളിത് കുട്ടികളുമായി ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. കുറ്റിപ്പുഴക്കും ഒരു ഇല ഇട്ടുകൊടുത്തു ചോറും കറികളും വിളമ്പി കുറ്റിപ്പുഴ ചോറ് ഉരുട്ടി വായോടു അടുപ്പിച്ചപ്പോൾ ഗുരു ചോദിച്ചു ‘പോയോ ?’ എന്ന്. ജാതി പോയോ, തൊട്ടുകൂടായ്മ പോയോ എന്നൊക്കെയാണ് ഗുരു ഉദ്ദേശിച്ചതെന്ന് കുറ്റിപ്പുഴക്ക് മനസിലായി. ‘പോയി’ എന്ന് കുറ്റിപ്പുഴ ഉത്തരവും കൊടുത്തു.

അങ്ങനെ എല്ലാം പോയ കുറ്റിപ്പുഴ അന്നുമുതൽ ആലുവ അദ്വൈതാശ്രമത്തിലെ സംസ്കൃത അദ്ധ്യാപകനായി. അദ്ദേഹം പക്ഷേ കാവി ഉടുത്തില്ല. മരണം വരെ വെള്ള ഖദർ ജുബ്ബയും ഖദർ മുണ്ടുമായിരുന്നു വേഷം.

ഗുരു തൻറെ അവസാന നാളുകളിൽ മൂത്ര തടസത്താൽ അലറി കരയുമായിരുന്നു. പോസ്ട്രൈറ്റ് ക്യാൻസർ ആയിരുന്നു ഗുരുവിന്. ഒരു പീഡ എറുമ്പിനും വരുത്തരുതെന്ന് കരുതി ജീവിച്ച ഗുരു വേദനകൊണ്ട് പുളയുന്നതുകണ്ട് വലിയവായിൽ നിലവിളിക്കുന്നതുകേട്ട് ഇവർക്കാർക്കും മനസിലാകാത്ത ഒരു കാര്യം കുറ്റിപ്പുഴക്ക് മനസിലായി. ഈ ദൈവം എന്നൊന്നില്ലെന്ന്. അതദ്ദേഹം തൻറെ ആത്മകഥയിൽ എഴുതിവെച്ചിട്ടുണ്ട്. അങ്ങനെ ഒരു ദൈവം ഉണ്ടെങ്കിൽ ഞാൻ കണ്ടിട്ടുള്ളതിൽവെച്ചു ഇത്രയും മഹാത്മാവായ ഒരു മനുഷ്യൻ ഇത്രയും വേദന സഹിച്ചു മരിക്കില്ലായിരുന്നു എന്ന്. അങ്ങനെ നാരായണഗുരുവിൻറെ മരണം കണ്ട് യുക്തിവാദിയായിത്തീർന്ന കുറ്റിപ്പുഴ കൃഷ്‍ണപിള്ളയുടെ ഓർമ്മ ദിനമാണ് ഇന്ന്.കുറ്റിപ്പുഴ നടത്തിയ സഹോദരൻ അയ്യപ്പൻറെ ഷഷ്ഠിപൂർത്തി പ്രഭാഷണത്തിൽ മറ്റൊരു രഹസ്യംകൂടി അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. ഗുരു ആദ്യം തൻറെ അനന്തരഗാമിയായി കണ്ടിരുന്ന ചിന്ന സ്വാമി (കുമാരൻ ആശാൻ) രണ്ട് പ്രേമങ്ങൾ കഴിഞ്ഞു ഭാനുമതി അമ്മയുമായി വിവാഹ ജീവിതത്തിലേക്കുപോയപ്പോൾ പിന്നീട് മനസ്സിൽ കരുതിവെച്ചത് അയ്യപ്പൻ ബിഎ ബി എൽ നെ ആയിരുന്നു. (രണ്ടുപേരെയും ഗുരു സ്വന്തം പൈസമുടക്കി ഒരാളെ കൽക്കട്ടയിലും ഒരാളെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും അയച്ചു പഠിപ്പിച്ചതാണ്) എന്നാൽ അയ്യപ്പൻ പാർവതിയുമായി പ്രണയത്തിലാവുകയും ഗുരുവിൻറെ ആ ഭിലാഷവും വൃഥാവിലാവുകയും ആയിരുന്നു. ഗുരു തൻറെ ഈ ആഗ്രഹം തന്നോടും മറ്റു ചിലരോടും സൂചിപ്പിച്ചിരുന്നതായും ഇതറിഞ്ഞ സഹോദരൻ അയ്യപ്പൻറെ സഹോദരി തൻറെ സുഹൃത്തായിരുന്ന അയ്യാക്കുട്ടി ജഡ്ജിയുടെ മകൾ പാർവതിയെക്കൊണ്ട് അയ്യപ്പൻ കൈവിട്ടുപോകുമോ എന്ന ഭയത്താൽ അയ്യപ്പനെ മനഃപൂർവം പ്രേമിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കിയതാണെന്നും ഇല്ലെങ്കിൽ അയ്യപ്പനെന്ന നാസ്തിക സന്യാസി ശിവഗിരി മാഠാധിപതിയായി കാവിയും ഉടുത്തു നടക്കുന്നത് നമുക്ക് കാണേണ്ടി വന്നേനെ. അതിനുള്ള ഭാഗ്യം നമുക്ക് നഷ്ടപ്പെട്ടത് ഈ പ്രേമത്തിലൂടെയാണെന്നും അതിന് ശേഷമാണ് ബോധാനന്ദസ്വാമിയിൽ ഗുരു തൻറെ പിൻ ഗാമിയെ കണ്ടെത്തുന്നത് എന്നും.

തത്ത്വാനേഷി, വിമര്‍ശകന്‍, യുക്തിവാദി, അധ്യാപകന്‍, രാഷ്ട്രമീമാംസകന്‍, സാമൂഹ്യശാസ്ത്രകാരന്‍ എന്നീ നിലകളില്‍ ബഹുഭാവുകത്വമുള്ള വ്യക്തിത്വം ആയിരുന്നു കുറ്റിപ്പുഴ.

മലയാള സാഹിത്യ വിമർശന രംഗത്ത് നിസ്തുല സംഭാനകൾ നൽകിയ വ്യക്തി ആയിരുന്നു കുറ്റിപ്പുഴ കൃഷ്‌ണപിള്ള. മലയാളം പ്രൊഫസർ, കേരള സർവകലാശാല സെനറ്റംഗം, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ, യുക്തിവാദിസംഘം നേതാവ് എന്നീ നിലകളിൽ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിലുള്ള കേരളാ യുക്തിവാദി സംഘത്തിന്റെയും സ്ഥാപക നേതാക്കളിൽ ഒരാളാണ്. കെ വൈഎസ് ൻറെ ആദ്യ വൈസ് പ്രസിഡന്റ് ആണ്. എംസി ജോസഫ് ആയിരുന്നു പ്രസിഡന്റ്.

സാഹിതീയം,വിചാരവിപ്ലവം, വിമർശരശ്മി,നിരീക്ഷണം, ചിന്താതരംഗം, മനസോല്ലാസം, മനനമണ്ഡലം, സാഹിതീകൗതുകംനവദർശനം, ദീപാവലി, വിമർശദീപ്തി, യുക്തിവിഹാരം, വിമർശനവുംവീക്ഷണവും, ഗ്രന്ഥാവലോകനം, സ്മരണമഞ്ജരി എന്നീ കൃതികളുടെ കർത്താവ് കൂടിയാണ് അദ്ദേഹം. കേരള സാഹിത്യ അക്കാദമി അഞ്ച് ഭാഗങ്ങളായി കുറ്റിപ്പുഴയുടെ സമ്പൂർണ്ണ കൃതികൾ പുറത്തിറക്കിയിട്ടുണ്ട്.

ആലുവയിൽ ഒരു ബുക്ക് സ്റ്റാളിന്റെ ഉദ്ഘാടനം നിർവഹിച്ച ഉടൻ കുഴഞ്ഞുവീണ് ആശുപത്രിയിലായ കുറ്റിപ്പുഴയെയും അദ്ദേഹത്തിന്റെ സഹോദരൻ ചന്ദ്രനെയും അവസാന കാലത്തു ശുശ്രൂഷിച്ചച്ചത് യുക്തിവിചാരം ജോസ് എന്ന എ.വി. ജോസ് ആണ്. കുറ്റിപ്പുഴയുടെ മരണശേഷം ചന്ദ്രനെ എ.വി. ജോസ് തൃശൂരിലെ തന്റെ വാടകവീട്ടിലേക്കു കൊണ്ടുപോയി. പിന്നീട് 8 സെന്റ് സ്ഥലം വാങ്ങി അവിടെ ‘നാസ്തികം’ എന്ന വീടു നിർമിക്കുകയായിരുന്നു. കുറ്റിപ്പുഴ തന്റെ കൃതികളുടെ പകർപ്പവകാശം നൽകിയതു എ.വി.ജോസിനും മിശ്രവിവാഹ സംഘത്തിന്റെ സ്ഥാപക നേതാവ് വി.കെ. പവിത്രനുമാണ്.

1971 ഫെബ്രുവരി 11-ന് അന്തരിച്ച അദ്ദേഹത്തെ ആചാരങ്ങളൊന്നുമില്ലാതെ ആലുവ എസ്എൻഡിപി ശാഖാ ശ്മശാനത്തിലാണു സംസ്കരിച്ചത്. ചിതാഭസ്മം അദ്ദേഹത്തിൻറെ ആഗ്രഹ പ്രകാരം തൊട്ടുതാഴെയുള്ള ശവക്കോട്ടപ്പാടത്തു വിതറുകയായിരുന്നു.

ആ മഹാ മനീഷിയുടെ ഓർമ്മകൾക്ക് മുൻപിൽ ശിരസ് നമിക്കുന്നു.