Wed. Feb 21st, 2024

✍️ ഡോ. ഹരികുമാർ വിജയലക്ഷ്മി

“ഗാന്ധി നിങ്ങൾക്ക് മഹാത്മവായിരിക്കും എനിക്ക് അങ്ങനെയല്ല, ഞാനൊരിക്കലും മഹാത്മ എന്ന് വിളിക്കില്ല”– BBC ക്ക് നൽകിയ അഭിമുഖത്തിൽ ഡോ. ബി ആർ. അംബേദ്ക്കർ

ഗാന്ധിജിയുടെ സാമൂഹ്യ കാഴ്ചപ്പാടുകളുമായി യാതൊരു തരത്തിലും യോജിക്കാൻ കഴിയില്ലെങ്കിലും ഗാന്ധിജിയുടെ മരണവും ജീവിതവും വലിയ ചില സന്ദേശങ്ങൾ നമുക്ക് നൽകുന്നുണ്ട്. ഒരാളെ ക്കുറിച്ചു മനസിലാക്കേണ്ടത് അയാൾ എന്ത് പറയുന്നു എന്ന് നോക്കി മാത്രമല്ലല്ലോ? അയാളുടെ അയൽവക്കക്കാരോ സുഹൃത്തുക്കളോ നാട്ടുകാരോ എന്ത് പറയുന്നു എന്ന് കൂടി അന്വേഷിക്കുന്നത് നല്ലതായിരിക്കും. എൻറെ സത്യാന്വേഷണ പരീക്ഷണം മാത്രം ഉപയോഗിച്ച് ഗാന്ധിയെ വിലയിരുത്തുന്നത് അതിനു സമമാണ് ഗന്ധിയുടെ സമകാലീനരായ ഡോ.അംബേദ്‌കർ, രവീന്ദ്രനാഥ് ടാഗോർ നടരാജ ഗുരു, ശ്രീനാരായണ ഗുരു, ഇ വി രാമ സ്വാമി നായ്ക്കർ, ഓഷോ എന്നിവരുടെ ജീവ ചരിത്രവും ഗാന്ധിജി കേരളത്തിൽ നടത്തിയ 3 ഇടപെടലുകളും മാത്രം പഠിച്ചാൽ യഥാർത്ഥ ഗാന്ധി എന്തെന്ന് വ്യക്തമാകുന്നതാണ്.

ഗന്ധിജി കേരളത്തിൽ നേരിട്ട് നടത്തിയ 3 ഇടപെടലുകളാണ് മലബാർ കലാപവും വൈക്കം സത്യാഗ്രഹവും ഗുരുവായൂർ സത്യാഗ്രഹവും. ഈ മൂന്നു സമരങ്ങളിലും കൃത്യമായ ഇരട്ടത്താപ്പും സമരക്കാരെ വഞ്ചിച്ചു മറുകണ്ടം ചാടിയും കോൺഗ്രസ്സുകാർക്ക് കേരളത്തിൽ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കി തീർത്ത ആളാണ് ഗാന്ധിജി എന്ന് ചരിത്രം പഠിച്ചാൽ മനസിലാകും.


മറ്റുള്ളവൻറെ വേദനയുമായി സംവദിക്കുന്ന ഒരു മനസ്:

എന്തെല്ലാം വിയോജിപ്പുകൾ ഉണ്ടെങ്കിലും മറ്റുള്ളവൻറെ വേദനയുമായി സംവദിക്കുന്ന ഒരു മനസ് ഗാന്ധിക്ക് ഉണ്ടായിരുന്നു. ഒരു അനുഭവത്തിൻറെ മുൻപിൽ ആ അനുഭവം കാണാതിരിക്കാം. അങ്ങനെ ചെയ്യുന്നവരാണ് നമ്മളിൽ അധികവും.എന്നാൽ ആ അനുഭവം സ്വന്തം അനുഭവമായി കാണുമ്പോഴാണ് മറ്റുള്ളവൻറെ വേദനയുമായി സംവദിക്കുന്ന ഒരു മനസ് ഉണ്ടാകുന്നത്. പട്ടിണി ഇവിടെ നേരത്തെ തന്നെ ഉണ്ട് പക്ഷെ അത് മറ്റാരും കണ്ടില്ല. ഒരു വിക്റ്റർ യൂഗോ കണ്ടു. ഒരു മാർക്സ് കണ്ടു. അതുപോലെ ഗാന്ധിജി ഷർട്ടിടാതിരുന്നത് ഷർട്ട് അദ്ദേഹത്തിന് അലർജി ആയിരുന്നത് കൊണ്ടല്ല. ഇന്ത്യയിലെ ബഹുപൂരിപക്ഷവും കർഷകർ ആണെന്നും അവർ ഷർട്ടില്ലാത്തവരും ആണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അദ്ദേഹം തൻറെ കോട്ട് ഊരി വെച്ചതും എല്ല്ലാവർക്കും ഷർട്ട് ഉണ്ടാകട്ടെ അപ്പോൾ താനും ഷർട്ടിടാം എന്ന് തീരുമാനിച്ചതും. ഒരു ദിവസം 36 പൈസയിൽ കൂടുതൽ ചിലവാക്കിയാൽ ഞാൻ മറ്റാരുടെയോ പണം കട്ടെടുക്കുകയാണെന്നു കരുതിയ ഗാന്ധിയിൽ മറ്റുള്ളവൻറെ വേദനയുമായി സംവദിക്കുന്ന ഒരു മനസ് കണ്ടെത്താനാകും.

ഇന്ന് ഭക്തിവാദികൾക്കിടയിലും യുക്തിവാദികൾക്കിടയിലും കാണപ്പെടുന്ന ആൾദൈവ സംസ്കാരത്തിന് വിരുദ്ധനായ ഒരു വ്യക്തിയായിരുന്നു എന്തൊക്കെ പറഞ്ഞാലും ഗാന്ധി. ഗാന്ധിജിയെ ഒരു പാതി സന്യാസി ആയിത്തന്നെയാണ് അന്ന് ഇന്ത്യയിൽ പലരും കണ്ടിരുന്നത്. ചിലരെല്ലാം ചില ദിവ്യശക്തികളും അദ്ദേഹത്തിൽ ചാർത്തിക്കൊടുക്കാൻ ശ്രമിച്ചിരുന്നു. അതെല്ലാം നിഷേധിക്കാനുള്ള ഒരു സത്യസന്ധത ഗന്ധിജിക്കുണ്ടായിരുന്നു. ഉദാഹരണത്തിന് ദീർഘകാലമായി മഴ ലഭിക്കാതിരുന്ന ബിഹാറിലേക്ക് അദ്ദേഹം നടത്തിയ യാത്ര. അദ്ദേഹം ബിഹാറിൽ പ്രവേശിച്ചപ്പോൾ യാദൃശ്ചികമായി ബിഹാറിൽ മഴ പെയ്യുകയും ചെയ്തു. അത് അദ്ദേഹത്തിൻറെ ദിവ്യശക്തികൊണ്ടാണെന്ന് പ്രചരിപ്പിച്ചതിനെതിരെ ‘ചക്ക വീണ് മുയല് ചത്തു എന്ന് പറയുംപോലെയാണ് താൻ ചെന്നതുകൊണ്ടാണ് ബിഹാറിൽ മഴപെയ്തത് എന്നുപറയുന്നത്’ എന്ന് തുറന്നുപറഞ്ഞുകൊണ്ട് തന്നിൽ ഗ്രാമീണർ ചാർത്താൻ ശ്രമിച്ച ദൈവീക പരിവേഷത്തെ നിരാകരിക്കാനുള്ള ഒരു മനസാക്ഷിയുടെ സത്യസന്ധത ഗാന്ധിജിക്കുണ്ടായിരുന്നു,


വിയോജിപ്പുകൾ; ചില കൃതികൾ മാത്രം പരിചയപ്പെടുത്താം

“ഇന്ത്യൻ ബൂർഷ്വസിക്കുവേണ്ടി ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗത്തെ ഒറ്റുകൊടുത്ത ഒറ്റുകാരനാണ് ഗാന്ധി” ഇ എം എസ് നമ്പൂതിരിപ്പാടിൻറെ ‘ഗാന്ധിയും ഗാന്ധിസവും’എന്ന പുസ്തകത്തിന്റെ ആദ്യ അദ്ധ്യായത്തിലെ ആദ്യ വാചകം ആണ് ഇത്. ഇന്ന് സഖാക്കൾക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി ഇത് കേൾക്കുമ്പോൾ അരോചകമായി തോന്നും എങ്കിലും 100 % ശരിയായ വിലയിരുത്തലാണ് അതെന്നു അദ്ദേഹത്തിൻറെ ഇരട്ടത്താപ്പുകളും രാഷ്ട്രീയ നിലപാടുകളും സമകാലീനരുടെ ഗാന്ധിയെക്കുറിച്ചുള്ള വിലയിരുത്തലുകളും നിഷ്പക്ഷമായി പഠിച്ചാൽ മനസിലാകും.’ഗാന്ധിസം അധഃകൃതന്റെ അടിമച്ചങ്ങല’ എന്ന പേരിൽ ഡോ.അംബേദ്‌കർ ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. ഗാന്ധിസത്തെ അംബേദ്‌കർ ഒരു ഫിലോസഫി ആയി പോലും കരുതിയിരുന്നില്ല. അത് ഒരു വിശ്വാസമാണ് എന്നാണ് അദ്ദേഹം അതിനെ പരിഹസിച്ചിരുന്നത്. ഗാന്ധിയുടെ സാമ്പത്തീക കാഴ്ചപ്പാടുകളെയും ട്രസ്റ്റി ഷിപ്പിനെയും എക്കണോമിക്സിന്റെ ബേസിക്ക് പ്രിന്സിപ്പിൾ എങ്കിലും അറിയുന്ന ഏതൊരാൾക്കും മനസിലാകും ഗാന്ധിയല്ല ഇത് മറ്റാരെങ്കിലുമാണ് പറയുന്നതെങ്കിൽ ശുദ്ധ മണ്ടത്തരമായി ലോകം കരുതുമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

നടരാജ ഗുരുവും ഗാന്ധിയും

ഡോ. പൽപ്പുവിന്റെ മകനും ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ആയിരുന്ന നടരാജ ഗുരുവിന്റെ ആത്മ കഥയായ “ആൻ ആട്ടോ ബയോഗ്രഫി ഓഫ് ആൻ അബ്‌സൊലുട്ട്’ എന്ന പുസ്തകത്തിൽ ഗാന്ധിയെക്കുറിച്ചു ചില കാര്യങ്ങൾ പറയുന്നുണ്ട്. ഡോ.പൽപ്പുവിന് ഈഴവൻ ആയതിനാൽ തിരുവിതാംകൂറിൽ ജോലി ലഭിക്കാതിരുന്നതിനാൽ ബാംഗ്ലൂരിലും മദ്രാസിലും ഒക്കെയാണ് ജോലിചെയ്തതെന്ന് അറിയാമല്ലോ. അതുകൊണ്ടുതന്നെ നടരാജ ഗുരുവും സഹോദരങ്ങളും വിദ്യാഭ്യാസംചെയ്തതും അവിടെയൊക്കെയാണ്. അദ്ദേഹം പിന്നീട് ഉപരിപഠനം നടത്തുന്നതും പി എച് ഡി എടുക്കുന്നതും ഫ്രാൻസിൽ നിന്നും ആണ്. ”പേഴ്സണൽ ഫാക്ടേഴ്‌സ് ഇൻ ദി എഡ്യൂക്കേറ്റീവ് പ്രോസസ്’ എന്ന ടോപ്പിക്കിൽ ആയിരുന്നു ഫ്രഞ്ച് യൂണിവേഴ്സിറ്റിയിൽ നിന്ന് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. അദ്ദേഹത്തിന് പ്രത്യേകിച്ച് രാഷ്ട്രീയ വൈരാഗ്യങ്ങൾ ഒന്നും ഗാന്ധിയോട് ഇല്ലായിരുന്നുവല്ലോ അപവാദങ്ങൾ എഴുതി പിടിപ്പിക്കാൻ?

നടരാജഗുരു മദ്രാസിൽ താമസിക്കുമ്പോൾ ഇ വി ആർ ൻറെ ആദി ദ്രാവിഡ സംഘത്തിൽ പ്രവർത്തിച്ചിരുന്നു. തമിഴ്നാട് പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയിലെ ധാരാളം പ്രവർത്തകർ ആദി ദ്രാവിഡ സംഘത്തിലും ഉണ്ടായിരുന്നു. ഒരിക്കൽ ഗാന്ധിജി മദ്രാസിൽ വരുമ്പോൾ ആദി ദ്രാവിഡ സംഘക്കാർ ഗാന്ധിജിക്ക് ഒരു പറയനെക്കൊണ്ട് മലയിടുവിക്കാൻ തീരുമാനിക്കുകയുണ്ടായി. എന്നാൽ ആദി ദ്രാവിഡ സംഘത്തിലെ ഏതോ തനിക്കൊണം ഉള്ള കോൺഗ്രസുകാരൻ ഗാന്ധിജിയെ മാലയിടാൻ പോകുന്നയാൾ പറയനാണെന്ന വിവരം അദ്ദേഹത്തെ ധരിപ്പിച്ചിരുന്നു. സ്വീകരണ വേദിയിൽ വെച്ച് ഗാന്ധിജി പറയൻ ചത്ത പശുവിന്റെ ഇറച്ചി തിന്നുന്നവനാണെന്നു പറഞ്ഞധിക്ഷേപിച്ചുകൊണ്ട് ആ മാല നിരസിച്ചതായി അദ്ദേഹം എഴുതി വച്ചിട്ടുണ്ട്. ഇത് പിന്നീട് നിത്യ ചൈതന്യയതി മാതൃഭൂമിയിൽ ലേഖനം എഴുതുകയും ഒരുപാട് ലക്കങ്ങൾ തന്നെ അഴീക്കോട് മാഷും യതിയും തമ്മിൽ വിവാദം ഉണ്ടായതും കഴിഞ്ഞ തലമുറയിൽ ഉള്ളവർക്ക് ഓർമ്മ കാണും.


രവീന്ദ്രനാഥ് ടാഗോറിന് ഗാന്ധിയുടെ പല നിലപടുകളോടും പുച്ഛമായിരുന്നു. നിസഹകരണ പ്രസ്ഥാനത്തോട് അദ്ദേഹം പരസ്യമായി തന്നെ വിയോജിപ്പ് പ്രകടിപ്പിക്കുകയും സഹകരിക്കാതിരിക്കുകയും ചെയ്യന്നുണ്ട്. ഗീതാഞ്ജലിയിൽ പോലും ഇന്ത്യയിലെ ജാതിവ്യവസ്ഥയോടും സവർണ്ണ മനോഭാവത്തോടുമുള്ള പ്രതിഷേധം അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്.ആദ്യം അധഃകൃതരോട് മാപ്പു പറയാനും എന്നിട്ടാകാം ബ്രിട്ടീഷുകാരോടു സമരം എന്നും അദ്ദേഹം പ്രഖ്യാപിക്കുന്നുണ്ട്.


ഞാൻ എന്തുകൊണ്ട് ഗാന്ധിയെ മഹാത്മാവ് എന്ന് വിളിക്കില്ല:

ഓഷോയുടെ ഒരു പുസ്തകത്തിന്റെ പേരാണ് ‘ഞാൻ എന്തുകൊണ്ട് ഗാന്ധിയെ മഹാത്മാവ് എന്ന് വിളിക്കില്ല’ എന്നത്. ഈ പുസ്തകത്തിൽ അദ്ദേഹത്തിനുണ്ടായ ഒരു അനുഭവം വിവരിയ്ക്കുന്നുണ്ട്. ആദ്യ നെഹ്‌റു മന്ത്രി സഭയിലെ ഒരു എം പി പൂനെയിലെ ഓഷോയുടെ ആശ്രമത്തിൽ എത്തി അദ്ദേഹത്തിനെ ബിർളക്ക് ഒന്ന് കാണണം എന്ന് അറിയിച്ചു. അന്ന് എം പി യെക്കാൾ വില ഉണ്ടായിരുന്നു ടാറ്റയ്ക്കും ബിർളക്കും. ഓഷോ ബിർളയെ ചെന്ന് കണ്ടു. ഇന്നത്തെ ബിർളയുടെ അന്നത്തെ ബിർള ഓഷോക്ക് ഒരു ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു നൽകി. അന്ന് ഓഷോയുടെ ആശ്രമം വളരെ ദാരിദ്ര്യത്തിൽ ആയിരുന്നു. ചെക്ക് ഓഷോക്ക് നൽകിക്കൊണ്ട് ബിർള പറഞ്ഞു ‘ഞാൻ ഇതുപോലുള്ള ചെക്കുകൾ ഗാന്ധിജിക്ക് കൊടുത്തിട്ടുണ്ട്, ബിനോഭാവക്ക് കൊടുത്തിട്ടുണ്ട്, ജയപ്രകാശ് നാരായണനും കൊടുത്തിട്ടുണ്ട്. നിങ്ങളും ഇതിൽ ആവശ്യം ഉള്ള തുക എഴുതി എടുത്തോളൂ…’എന്ന്.

അതിനു ഓഷോ ഇങ്ങനെ മറുപടി പറഞ്ഞു ‘എൻറെ പൂനയിലെ ആശ്രമം വളരെ ദാരിദ്ര്യത്തിലാണ് നടന്നുപോകുന്നത്. അങ്ങ് നൽകുന്ന ഈ തുക വെറും സംഭാവന ആണെങ്കിൽ ഞാൻ സ്വീകരിക്കാം. അതല്ല വേറെന്തെങ്കിലും ഉപാധി വെച്ചുകൊണ്ടാണെങ്കിൽ എനിക്ക് വേണ്ട’ എന്ന്.

അപ്പോൾ ബിർള ചിരിച്ചുകൊണ്ട് പറഞ്ഞു ’ഞാൻ ഒരു ബിസിനെസ്സ് കാരൻ അല്ലെ? എനിക്ക് ചില ഉപാധികൾ ഒക്കെ ഉണ്ടായിരിക്കുമല്ലോ? അത് ഇതിന്റെ തിരിച്ചടവ് സംബന്ധിച്ചോ പലിശ സംബന്ധിച്ചോ ഒന്നും അല്ല. നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ഈ ബുദ്ധിസം പ്രചരിപ്പിക്കലും സെൻ ഇസം പ്രചരിപ്പിക്കലും നിർത്തണം പകരം ഹിന്ദു ഇസം പ്രചരിപ്പിക്കണം. നിങ്ങളുടെ ഈ കുത്തഴിഞ്ഞ ജീവിതം അവസാനിപ്പിച്ച് ഗോവധ നിരോധനം പ്രോത്സാഹിപ്പിക്കണം.” ഇതായിരുന്നു അദ്ദേഹത്തിൻറെ നിർദ്ദേശം. ഓഷോ ആ ചെക്ക് ചുരുട്ടിക്കൂട്ടി ബിർളയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ട് ഇറങ്ങി പോയി.


എന്നിട്ട് അദ്ദേഹം പറയുന്നു, ‘ഗാന്ധിക്ക് വെറുതെ കിട്ടിയതല്ല ഡൽഹിയിലെ ‘ബിർള ഹൌസ്’ എന്ന്. ഡൽഹിയിലെ ആ വലിയ ചില്ലുകൊട്ടാരത്തിൽ കിടന്നാണല്ലോ അദ്ദേഹം മരിച്ചതും. അവർക്ക് നിരുപാധിയകം കച്ചവടം നടത്താൻ ഇവിടെ കമ്പോള വ്യവസ്ഥിതി നില നിർത്താൻ കോൺഗ്രസ്സിലെ അവസാന വാക്കായ ഗാന്ധിയെ ഉപയോഗിക്കുകയായിരുന്നു. അതുകൊണ്ടാണ് നെഹ്രുവും അംബേദ്കറും ഉണ്ടായിട്ടും സോഷ്യലിസം ഭരണഘടനയിൽ മാത്രം ആയിപ്പോയത്. ബിർളയെ പ്പോലുള്ള കുത്തകകളുടെ സ്പോൺസർഷിപ്പിൽ മഹാത്മയി തീർന്ന മഹാത്മാവ് ആണ് അദ്ദേഹം.


ഗാന്ധിയും നാരായണ ഗുരുവും:

ഗാന്ധി 3 തവണ ശിവഗിരിയിൽ വന്നിട്ടുണ്ട് അതിന് ശേഷമാണ് പുസ്തകം എഴുതപ്പെട്ടതെങ്കിലും അത് പക്ഷെ സത്യാന്വേഷണ പരീക്ഷണത്തിൽ കാണില്ല. അംബേദ്കറുമായുള്ള സംവാദങ്ങളും അതിൽ കാണില്ല. അതിനു വേറെ പുസ്തകം വായിക്കണം. മഹാത്മാഗാന്ധി മൂന്നു തവണ ശിവഗിരിയിൽ വന്നിട്ടുണ്ട്. രണ്ടു തവണ ഗുരു ജീവിച്ചിരുന്നപ്പോഴും ഒരു തവണ ഗുരു സമാധി ആയതിനുശേഷവും ആയിരുന്നു അത്. വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ചു 1925 മാർച്ച്‌ 12 നായിരുന്നു ആദ്യ സന്ദർശനം. അന്നെ ദിവസമാണ് ചരിത്രപ്രശസ്തമായ ഗുരു-ഗാന്ധി സംവാദം നടന്നത്. വർക്കല ചുരത്തിനടുത്തുള്ള വനജാക്ഷി മന്ദിരത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. രാവിലെ മുതൽ വൈകുന്നേരം വരെ അവർ തർക്കിച്ചത് ചാതുർ വർണ്ണ്യത്തെ കുറിച്ചായിരുന്നു.

ചാതുർ വർണ്ണ്യത്തെ ന്യായീകരിക്കാനും മൃഗങ്ങളെക്കാൾ നികൃഷ്ടർ ആണ് അധകൃതർ എന്ന് സ്ഥാപിക്കാനും സംസ്കൃത സാഹിത്യത്തിൽ ശ്ലോകങ്ങൾക്ക് പഞ്ഞമൊന്നുമില്ലല്ലോ? തിരിച്ചും മറിച്ചും ശ്ലോകം ചൊല്ലുകയും, റബ്ബർ പോലെ അർഥം വലിച്ചു നീട്ടുകയും ചെയുന്നതാണ് അന്ന് പണ്ഡിത്യത്തിന്റെ അളവുകോലായി കരുതിയിരുന്നത്. ഗാന്ധിയും ഗുരുവും തിരിച്ചും മറിച്ചും ശ്ലോകം ചൊല്ലിക്കൊണ്ടിരുന്നു. “ചാതുർ വർണ്ണ്യ മയാസൃഷ്ടം” എന്ന് പറയുന്ന ഗീതയിൽ അന്ധമായി വിശ്വസിച്ചിരുന്ന ഗാന്ധിജി ജാതി പ്രകൃതി സൃഷ്ടിയാണ് എന്ന് ഗുരുവിനോട് വാദിച്ചുകൊണ്ടിരുന്നു. നാരായണഗുരു ജാതിയും മതവും പ്രകൃതി സൃഷ്ടി അല്ലെന്നും അവ മനുഷ്യ സൃഷ്ടി ആണെന്നും ഗാന്ധിജിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടുമിരുന്നു. വൈകുന്നേരം വരെ തർക്കിച്ചപ്പോൾ ഗാന്ധിജിക്ക് ഗുരു പറയുന്നത് ശരിയാണെന്ന് തോന്നി.

വൈകുന്നേരം ശിവഗിരിയിൽ നടന്ന പൊതു പരിപാടിയിൽ പ്രസംഗിച്ചിട്ടാണ് ഗാന്ധിജി മടങ്ങിയത്. ശിവഗിരി കുന്നിലെ പ്രശസ്തമായ ഗാന്ധിമാവിന്റെ ചുവട്ടിലെത്തിയപ്പോൾ ഗാന്ധിജിക്ക് വീണ്ടും സംശയമുണർന്നു. മാവിൻറെ ഇലകൾ ചൂണ്ടിക്കാട്ടി അദ്ദേഹം പ്രകൃതിയിൽ എല്ലാവരും സമന്മാർ അല്ലെന്നു വീണ്ടും തർക്കിച്ചതും, ഗുരു ഇല പറിച്ചു ചവച്ചു നോക്കാൻ പറഞ്ഞതുമൊക്കെ ചരിത്രം!


പക്ഷെ ഇന്ന് ഈ സംവാദത്തിനു നവതി പിന്നിടുമ്പോൾ ഉയരുന്ന ഒരു വലിയ ചോദ്യം ഉണ്ട്. ജാതി പ്രകൃതി സൃഷ്ടിയാണെന്ന് വാദിച്ച വ്യക്തി ചരിത്രത്തിൽ ‘മഹാത്മാ’ഗാന്ധിയും ജാതിയും മതവും എല്ലാം മനുഷ്യ നിർമ്മിതിയാണെന്ന് വാദിച്ച വ്യക്തി ചരിത്രത്തിൽ ‘സമുദായ പരിഷ്കർത്താവു’മായി മാറിയതെങ്ങനെ?


ഗാന്ധിയുടെ അക്രമ രാഹിത്യവും ഭഗത്സിങ് നോടുള്ള സമീപനവും:

ഗാന്ധിയുടെ അക്രമരാഹിത്യത്തെക്കുറിച്ചാണ് എല്ലാവരും ഏറ്റവും വാചാലരായി കേൾക്കുന്നത്. ഗാന്ധിയുടെ ‘അക്രമം’ എന്തെന്ന് അറിയണമെങ്കിൽ ഗാന്ധിയുടെ ‘ക്രമം’ എന്തെന്ന് അറിയണം. ക്രമത്തിന് ഇംഗ്ലീഷിൽ ഓർഡർ എന്നാണ് പറയുക. ഓർഡറിന്റെ നിരാസത്തിനാണ് അക്രമം എന്ന് പറയുക. അപ്പോൾ ‘അതിക്രമം’ (അഥവാ എക്സസ്) എന്നാൽ എന്താണ്? ഒരുപാട് ക്രമങ്ങൾക്കിടയിലാണ് നാം ജീവിക്കുന്നത്. ശിക്ഷണ ക്രമം, ശാസന ക്രമം …. അങ്ങനെ പോകുന്നു. അച്ഛൻ മകനെ തല്ലുന്നത് ശാസന ക്രമം, മകൻ തിരിച്ചു അച്ഛനെ തല്ലിയാൽ പക്ഷെ അത് ശാസന ക്രമത്തിന്റെ ലംഘനമാണ്. ന്യായാധിപൻ കുറ്റവാളിയെ തൂക്കി കൊന്നാൽ അത് ശിക്ഷണ ക്രമവും തിരിച്ചു കുറ്റവാളി ന്യായാധിപനെ കൊന്നാൽ ശിക്ഷണ ക്രമത്തിന്റെ ലംഘനവും ആണ്. തല്ല് എന്നതും കൊല എന്നതും അച്ഛൻ ചെയ്താലും മകൻ ചെയ്താലും തല്ല് തല്ല് തന്നെ. നായാധിപൻ കൊന്നാലും കുറ്റവാളി കൊന്നാലും കോല കൊലയാണ് എങ്കിലും ഒന്ന് ക്രമവും മറ്റൊന്ന് അക്രമവും ആയി മാറുന്നത് നമുക്ക് കാണാം. അത് ഒരു പ്രത്യേക അധികാരം ഉള്ളതുകൊണ്ടാണ്. ക്രമത്തിന് ഒരു ഉടമസ്ഥൻ ഉണ്ടെന്നു കാണാം. അച്ഛൻ എന്ന അധികാരം അല്ലെങ്കിൽ ന്യായാധിപൻ എന്ന അധികാരം. ഈ ക്രമത്തിന്റെ ഉടമസ്ഥർ അമിതാധികാര താത്‌പര്യം നിമിത്തം നടത്തുന്ന ക്രമ നിഷേധങ്ങൾക്കാണ് നമ്മൾ അതിക്രമം എന്ന് വിളിക്കുന്നത് .

ജാലിയൻ വാലാബാഗിൽ ബ്രിട്ടീഷുകാർ ഇന്ത്യക്കാരെ വെടിവെച്ചു കൊന്നത് ഗാന്ധിജിക്ക് ക്രമവും തിരിച്ചു ഭഗത് സിംഗ് ബ്രിട്ടീഷുകാരെ കൊന്നത് അക്രമവുമായിരുന്നു ഗാന്ധിക്ക്. അതുകൊണ്ടാണ് ഇവർ ഇന്ത്യയിലെ യുവാക്കൾക്കിടയിൽ ‘അക്രമ’ വാസന വളർത്തും എന്നും എത്രയും പെട്ടന്ന് വധിച്ചേക്കാനും പറഞ്ഞത്.

വർണ്ണ വിവേചനത്തിന് എതിരെയുള്ള സമരം

അദ്ദേഹം ദക്ഷിണാഫ്രിക്കയിൽ വർണ്ണ വിവേചനത്തിന് എതിരെ പോരാടിയെന്നതാണ് മറ്റൊരു മഹത്വം. അതിനെ നിഷേധിക്കുന്നില്ല. മൂന്നു വട്ടമേശ സമ്മേളനങ്ങളിലും ഇന്ത്യയിൽ വിവേചനം ഇല്ലെന്നു അംബേദ്കർക്കെതിരെ വാദിച്ച അദ്ദേഹത്തിന് ദക്ഷിണാഫ്രിക്കയിൽ എങ്കിലും വിവേചനം ഉണ്ടെന്നു മനസിലായത് നല്ല കാര്യം. അംബേദ്കർക്ക് 6 വയസ് ഉള്ളപ്പോൾ മനസിലായ കാര്യമാണ് ഗാന്ധിക്ക് 36 വയസായപ്പോൾ മനസിലായത്. 6 വയസുള്ളപ്പോൾ സ്‌കൂളിൽ ചാക്കിന്റെ പുറത്തു ഇരിക്കേണ്ടി വന്നപ്പോഴും പൈപ്പിലെ വെള്ളം കുടിച്ചതിനു ഓടയിലെ വെള്ളം കുടിപ്പിച്ചപ്പോഴും ക്ലാസിലെ ഏറ്റവും ബ്രൈറ്റ് സ്റ്റുഡന്റ് ആയിട്ടും അദ്ധ്യാപകൻ ബോർഡിൽ കണക്ക് ചെയ്യാൻ വിളിച്ചപ്പോൾ കുട്ടികൾ ചോറുപാത്രവും എടുത്തു ഓടിയപ്പോഴും മനസിലായ കാര്യമാണ് ഗാന്ധിക്ക് മുന്നിലെ 3 പല്ലു പോയപ്പോൾ മനസിലായത്.

ദക്ഷിണാഫ്രിക്കയിൽ ഗാന്ധിയും കറുത്തവനാണു. കറുത്ത വർഗ്ഗക്കാർക്ക് അവിടെ എ ക്ലാസ് കമ്പാർട്ട്മെന്റിൽ പ്രവേശനം ഇല്ലായിരുന്നപ്പോൾ ഗാന്ധി ഫസ്റ്റ് ക്ലാസ് ടിക്കറ്റും എടുത്ത് എ ക്ലാസ് കന്പാർട്ട് മെന്റിൽ കയറി യാത്ര ചെയ്തതും അടുത്ത സ്റ്റേഷനിൽനിന്നും വെള്ളക്കാർ കയറിയപ്പോൾ ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതും ഗാന്ധി കോട്ടിന്റെ പോക്കെറ്റിൽ നിന്നും ടിക്കട്റ്റ് എടുത്തു കാട്ടിക്കൊണ്ട് ’’ഐ ഹാവ് എ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് “ എന്ന് പറഞ്ഞതും വെള്ളക്കാർ കഴുത്തിനു പിടിച്ചു പുറത്തേക്ക് തള്ളിയതും മഹാത്മാവിന്റെ മുന്നിലെ മൂന്ന് പല്ലു പോയതും ചരിത്രം. അപ്പോൾ ഗാന്ധിജിക്ക് മനസിലായി അവിടെ വിവേചനം ഉണ്ട് എന്ന്. അനുഭവം അല്ലെ ഏറ്റവും വലിയ ഗുരു?


ഗാന്ധിജിയുടെ മരണം നൽകുന്ന വലിയ സന്ദേശം:

ഗാന്ധിജിയുടെ മരണം ഒരു വലിയ സന്ദേശം നമുക്ക് നൽകുന്നുണ്ട് “ബ്രാഹ്മണിസ്റ്റിന് ഒരിക്കലും ബ്രാഹ്മണൻ ആകാൻ കഴിയില്ല എന്നതാണ് ആ സന്ദേശം. ഇന്ത്യകണ്ട ഏറ്റവും വലിയ ബ്രാഹ്മണിസ്റ്റ് ആയിരുന്നു ഗാന്ധി. ഇന്ത്യൻ ദേശീയതയെ പഠിച്ചാൽ ഇവിടെ രണ്ടു തരം ദേശീയ ധാരകൾ നമുക്ക് കണ്ടെത്താനാകും സനാതന ദേശീയ ധാരയും ജനകീയ ദേശീയ ധാരയും അതിൽ സനാതന ദേശീയ ധാരയുടെവക്താക്കൾ ആയിരുന്നു ഗാന്ധി ഉൾപ്പെടെയുള്ളവർ. അവസാനകാലം ആയപ്പോൾ ഏതാണ്ട് ഒരു സന്യസ്ത ജീവിതം ആയിരുന്നു അദ്ദേഹത്തിന്റേത്. ഗീത വ്യാഖ്യാനിക്കാൻ ഒക്കെ തുടങ്ങിയപ്പോൾ ബ്രാഹ്മണൻ തരുമാനിച്ചു വൈശ്യൻ വൈശ്യന്റെ ജോലി ചെയ്താൽ മതി ബ്രാഹ്മണന്റെ ജോലി ചെയ്യേണ്ട എന്ന്. അങ്ങനെ ബ്രാഹ്മണർ തന്നെ അദ്ദേഹത്തെ വെടിവെച്ചു കൊന്നു. മരണത്തോട് മല്ലടിച്ച അവസാന നിമിഷത്തിൽ ഒരുപക്ഷെ ഗാന്ധിക്ക് എൻലൈറ്റൻമെൻറ് ഉണ്ടായിക്കാണും ‘ബ്രാഹ്മണിസ്റ്റിനു ഒരിക്കലും ബ്രാഹ്മണൻ ആകാൻ കഴിയില്ല അവനു എന്നും ബ്രാഹ്മണിസ്റ്റ് ആയിരിക്കാൻ മാത്രമേ കഴിയൂ’ എന്ന്.