Wednesday, July 28, 2021

Latest Posts

ഉപമകള്‍, ധാര്‍ഷ്ട്യം, ധൈഷണികത, സാഗര ഗര്‍ജ്ജനം: സുകുമാർ അഴീക്കോട് ഓർമദിനം

✍️  ഡോ. ഹരികുമാർ വിജയലക്ഷ്മി

സാഗര ഗര്‍ജ്ജനമെന്ന് ആ പ്രസംഗത്തെ ആദ്യം വിശേഷിപ്പിച്ചത് കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറാണ്. 2012 ജനുവരി 24ന് ആയിരുന്നു ആ സാഗര ഗര്‍ജ്ജനം നിലച്ചത്(1926 – 2012). പ്രസംഗകലയുടെ കുലപതിയായിരുന്നു ഡോ. സുകുമാര്‍ അഴീക്കോട്. മലയാളത്തിലെ ഏറ്റവും നീളമുള്ള നാക്കിനുടമയെന്ന വിശേഷണം പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ രചനകളും ഫുള്‍സ്റ്റോപ്പ് ഇടാതെ അര്‍ത്ഥവിരമാവും കോമയുമിട്ട് മാലപ്പടക്കത്തിന് തീപിടിക്കുംപോലെ ഇടക്ക് അമിട്ടും ഡൈനാമിറ്റും ഗുണ്ടുമൊക്കെയായി അനര്‍ഗളഴം നീണ്ടുപോകുന്ന ശൈലിയില്‍ ഫുള്‍സ്റ്റോപ്പ് മിക്കവാറും പാരഗ്രാഫിന് അവസാനമായിരിക്കും അല്ലെങ്കിലും ഒരു പാരഗ്രാഫില്‍ ഒന്നോ രണ്ടോ മാത്രമായിരുന്നു.

കേരളത്തിലും അരനൂറ്റാണ്ടിലേറെക്കാലം വേദി കയ്യടക്കിയ വാഗ്മിയായിരുന്നു സുകുമാര്‍ അഴീക്കോട്. 25000ല്‍ ഏറെ പ്രസംഗങ്ങള്‍ അദ്ദേഹം നടത്തി. പ്രഭാഷണങ്ങളിലൂടെയാണ് അദ്ദേഹം ജീവിച്ചത്. കേരളത്തെ ജീവിക്കാന്‍ പഠിപ്പിച്ചത്. ഇത്രയേറെ പ്രഭാഷണം നടത്താന്‍ ഭാഗ്യം ലഭിച്ചവര്‍ ലോകത്ത് തന്നെ അത്യപൂര്‍വ്വം, ഓരോ മാസവും നൂറിലേറെ പ്രസംഗങ്ങള്‍ക്ക് ക്ഷണമുണ്ടാകും. പകുതിയിലേറെയും ഒഴിവാക്കും. ഒന്നോ രണ്ടോ പ്രസംഗങ്ങള്‍ ഇല്ലാത്ത ദിവസങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഓരോ മാസവും മുപ്പതു മുതല്‍ 50 വരെ പ്രസംഗങ്ങള്‍ ഏറ്റെടുക്കാറുണ്ടായിരുന്നു അദ്ദേഹം.

ഒരു കടലിരമ്പം പോലെ കാണികളിലേക്ക് എത്തുന്ന വാക്കുകള്‍… ഉപമകള്‍, ധാര്‍ഷ്ട്യം, ധൈഷണികത. കാതുകള്‍ക്ക് മനസിന് പിന്തിരിഞ്ഞോടാന്‍ ആവാത്ത എന്തൊക്കെയോ..70 കളിലോ 80 കളിലോ സാഹിത്യ സാംസ്‌കാരിക മേഖലയില്‍ ഉണ്ടായ മാറ്റങ്ങളുടെ സൃഷ്ടി തന്നെയായിരുന്നു സുകുമാര്‍ അഴിക്കോട്. അദ്ദേഹം സാഹിത്യത്തെ കുറിച്ച്, വിമര്‍ശനത്തെ കുറിച്ച്, സാംസ്‌കാരിക മുന്നേറ്റങ്ങളെ കുറിച്ച് എന്നു വേണ്ട ലോകത്ത് നടക്കുന്ന എല്ലാ സംഭവങ്ങളെ കുറിച്ചും സംസാരിച്ചു. കേരളം മൊത്തം കേള്‍വിക്കാരുണ്ടായി. തന്റെ കുട്ടിക്കാലത്ത് മഹാത്മാ ഗാന്ധിയെ കണ്ടതും പ്രസംഗം കേട്ടതും ഒക്കെ വളരെ പ്രിയപ്പെട്ട ഓര്‍മയായി അദ്ദേഹം പറഞ്ഞു പോന്നിട്ടുണ്ട്. അത് ഉണ്ടാക്കിയ സ്വാധീനത്തില്‍ നിന്നാവാം അഴിക്കോട് എന്ന പ്രാസംഗികന്‍ ജനിക്കുന്നത്.

പതിഞ്ഞു പറഞ്ഞ, ഇടക്ക് മുറുകിയ താളത്തില്‍ എത്തി, താളം കൂട്ടിയും കുറച്ചും ഒരു പ്രത്യേക ഈണത്തിലാണ് അദ്ദേഹം സംസാരിക്കുക. അവസാനത്തെ ഇരിപ്പിടത്തിലെ അവസാന കാണിയെയും പരിഗണിക്കുക എന്ന പ്രസംഗത്തിലെ പ്രാഥമിക ദൗത്യം ഇത്ര ഭംഗിയായി ഉള്‍ക്കൊണ്ടവര്‍ കുറവാകും. അദ്ദേഹത്തിന്റെ സാന്നിധ്യം ഒന്നുകൊണ്ടുതന്നെ കാണികളെ മുഴുവനായും പ്രസംഗത്തിലേയ്ക്ക് മുഴുവന്‍ നേരവും മുഴുകിയിരുത്താന്‍ തക്ക ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. ബഷീര്‍ ഇതിനെ സാഗരഗര്‍ജനം എന്ന് വിളിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട ആ സാഗര ഗര്‍ജ്ജനത്തിനു തുടര്‍ച്ചയുണ്ടായില്ല. അനുകരിക്കാന്‍ പോലും ആവാത്ത ഉയരത്തില്‍ നിന്നാണ് അദ്ദേഹം പ്രസംഗിച്ചത്

അഴീക്കോട് മാഷിന്റെ പ്രസംഗം കേള്‍ക്കാത്ത മലയാളികള്‍ വിരളമാണ്. വെറും തട്ടുപ്രസംഗം ആയിരുന്നില്ല അത്. ജ്ഞാനോദ്ദീപമായ വാഗ്‌ധോരണി. അനുസ്യൂതം ഒഴുകുന്ന അര്‍ത്ഥവര്‍ത്തായ ലോഹമൂര്‍ച്ചയുള്ള വാക്കുകള്‍. വിമര്‍ശനത്തിന്റേയും തിരുത്തലിന്റേയും ശബ്ദം സമൂഹത്തെ ഉണര്‍ത്തിയ ഉത്തേജിപ്പിച്ച ശബ്ദം. വിചാരണ ചെയ്ത വാക്കുകള്‍. അതില്‍ ഉപനിഷത്തുണ്ട്, യുക്തിവാദമുണ്ട്, ധര്‍മ്മമുണ്ട്, നീതിബോധവും ഗാന്ധിയന്‍ ദര്‍ശനങ്ങളും ഉണ്ട്, വാഗ്ഭടനന്ദ ഗുരുവിന്റെയും നാരായണ ഗുരുവിന്റേയും ദര്‍ശന സമന്വയവും പഠനങ്ങളുമുണ്ട്. മേമ്പൊടിയായി നര്‍മ്മവുമുണ്ട്.

അഴീക്കോടിന്റെ ആദ്യലേഖനം 18-ാം വയസില്‍. ആദ്യകൃതി ആശാന്റെ സീതാകാവ്യം (1954) എന്നതും യാദൃശ്ചികം. ആശാനും നാരായാണഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കുന്നത് 18-ാം വയസ്സില്‍ തന്നെ. മൈക്കിന് മുന്നില്‍ ആവേശത്തൊടെ കത്തിജ്വലിക്കുന്ന ആ പ്രസംഗത്തിന് ഒരു ശാസ്ത്രീയ ശൈലിയുണ്ട്. പ്രസംഗകലയുടെ 18-ാമത്തെ അടവ് സതംഭനാവസ്ഥ. അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കുമ്പോള്‍ ആ പാണ്ഡിത്യത്തിനുമുന്നില്‍ ജനം സ്തംഭിച്ചു പോകുകയാണ്. ശ്രോതാക്കളെ പിടിച്ചിരുത്തുന്ന കലയായി പ്രസംഗത്തെ അദ്ദേഹം മാറ്റിയെടുത്തു. വളരെ പതുക്കെ താഴ്ന്ന ശബ്ദത്തത്തില്‍ നിര്‍ത്തി നിര്‍ത്തി തുടക്കം. ഉപനിഷത്ത് വാക്യങ്ങളും അനുയോജ്യമായ ജ്ഞാനശകലങ്ങളുമെല്ലാം കൂട്ടിചേര്‍ത്ത് തടസ്സമേതുമില്ലാത്ത ഒഴുക്ക്. ആരും കാതുകൂര്‍പ്പിച്ച് ഇരുന്നുപോകും. അങ്ങനെ ഇരിക്കുമ്പോള്‍ പ്രസംഗം കത്തിക്കയറും. മര്‍മ്മത്തിലേക്ക്, നിലപാടുകളിലേക്ക്, ശരികളുടെ വിസ്‌ഫോടനത്തിലേക്ക്. വെടിക്കെട്ടിന്റെ കൂട്ടപ്പൊരിച്ചില്‍ പോലെ കാലങ്ങളിലേക്ക് കൊട്ടിക്കയറുന്ന പഞ്ചവാദ്യം പോലെ.

‘തത്വമസി’ പോലെ ഒരു പഠനം പിന്നീട് ഇവിടെ സംഭവിച്ചിട്ടില്ല. കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്, കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് തുടങ്ങി നിരവധി വലിയ പുരസ്‌കാരങ്ങള്‍ ലഭിച്ച കൃതി. ഉപനിഷത്തുക്കളെ കുറിച്ചുള്ള ആഴത്തിലുള്ള ഗവേഷണവും പഠനവും നിറഞ്ഞ പുസ്തകമാണത്. പക്ഷെ അതുപോലെ ആഴമുള്ള, ഓരോ വാക്കിനും വ്യക്തതയുള്ള പഠനങ്ങള്‍ ഇപ്പോള്‍ മലയാളത്തില്‍ കാണാറേ ഇല്ല. ആശാന്റെ സീതാകാവ്യം എന്ന പുസ്തകവും അത് പോലെയാണ്. ചിന്താവിഷ്ടയായ സീതക്ക് ഒരു പഠനം എന്നതില്‍ ഉപരി അതൊരു പാഠ പുസ്തകമാണ്, ഒരു സാഹിത്യ വിമര്‍ശന മാതൃകയാണ്. അതിനെ അനുകൂലിച്ചാലും ഇല്ലെങ്കിലും ആ വിമര്‍ശന രീതിയെ വായിച്ചിരിക്കുക എന്നത് ഒരു സാഹിത്യ വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് അനിവാര്യതയാണ്. സമഗ്രമായ മലയാളത്തിലെ ആദ്യ സാഹിത്യ വിമര്‍ശന ഗ്രന്ഥം എന്നതിലപ്പുറം, അഴിക്കോടിന്റെ ആദ്യ പുസ്തകം എന്നതിലപ്പുറം പൂര്‍വ മാതൃകകള്‍ ഇല്ലാതിരുന്ന രചനാ മാര്‍ഗം ആണത്. പുരോഗമന സാഹിത്യത്തോടുള്ള അദ്ദേഹത്തിന്റെ വിയോജിപ്പും തുടര്‍പഠനങ്ങളില്‍ എന്നും സവിശേഷ ശ്രദ്ധ നേടിയ ഒന്നാണ്. പുരോഗമന സാഹിത്യവും മറ്റും, ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്നീ സമാഹാരങ്ങള്‍ സാഹിത്യ ലോകത്ത് ഒരുപാട് വിവാദങ്ങള്‍ക്കും തുടര്‍ ചര്‍ച്ചകള്‍ക്കും വഴിവെച്ചു. ‘ആകാശം നഷ്ട്ടപ്പെടുന്ന ഇന്ത്യ’ ഈ കാലത്തും അനന്ത വ്യഖ്യാന സാധ്യതകള്‍ ബാക്കിവെച്ച പുസ്തകമാണ്. എന്തിനു ഭാരതാംബ, ഭാരതീയത, ഇന്ത്യയുടെ വിപരീത മുഖങ്ങള്‍ തുടങ്ങിയ പുസ്തകള്‍ ഇന്നും ദേശീയതാ പഠനങ്ങളില്‍ വലിയ പ്രധാനമര്‍ഹിക്കുന്നവയാണ്. അഴീക്കോടിന്റെ മലയാള സാഹിത്യ പഠനങ്ങളും വിശ്വ സാഹിത്യ പഠനങ്ങളും ഇന്നും സാഹിത്യ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട റഫറന്‍സ് പുസ്തകങ്ങളാണ്. നിരവധി തവണ അഴിക്കോടിന്റെ പ്രബന്ധങ്ങള്‍ പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. വിവര്‍ത്തനത്തിലും അദ്ദേഹം കൈവച്ചു. ഹക്കിള്‍ബറി ഫെന്നിന്റെ വിക്രമങ്ങള്‍, ഒരു കൂട്ടം പഴയ കത്തുകള്‍ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധ നേടിയ വിമര്‍ശനങ്ങള്‍ ആണ്

രാഷ്ട്രീയ, സാഹിത്യ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ ചരിത്ര പ്രാധാന്യമുള്ള ഇടപെടലും തിരുത്തലും നടത്തിയ പ്രസംഗങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. ഓരോ ഇടപെടലും ശരിയായിരുന്നു. ശരിയെന്ന് തോന്നുന്നത് ഉറക്കെപ്പറയാന്‍ ഒരു ഭയവും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ വിമര്‍ശന ശരങ്ങള്‍ പലപ്പോഴും ധാരാളം ശത്രുക്കളെയും ഉണ്ടാക്കിയിട്ടുണ്ട്.

1948 മുതല്‍ 86 വരെ അധ്യാപനത്തിന്റെ വിവിധ മേഖലകളില്‍ സജീവമായിരുന്നു. 1962 കോണ്‍ഗ്രസിന് വേണ്ടി തലശേരിയില്‍ നിന്ന് മത്സരിച്ചെങ്കിലും എസ് കെ പൊറ്റെക്കാടിനോട് പരാജയപ്പെട്ടു. ഗാന്ധിസത്തില്‍ ഉള്ള വിശ്വാസവും പ്രായോഗിക രാഷ്ട്രീയവും തമ്മില്‍ ഉള്ള വൈരുധ്യങ്ങളും ഇതിനിടയില്‍ വിട്ടുവീഴ്ചകളുടെ സമദൂരം പാലിക്കാത്തതും ഒക്കെ ആവാം കക്ഷി രാഷ്ട്രീയ ജീവിതത്തില്‍ തുടര്‍ച്ചകള്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല. രാഷ്ട്രീയ ജീവിതത്തിനായുള്ള ശ്രമങ്ങള്‍ പല കാലത്തും അഴീക്കോട് നടത്തിയതായി കാണാം. പക്ഷെ എവിടെയും അതിനൊരു തുടര്‍ച്ച ഉണ്ടായില്ല. സന്ധികള്‍ ചെയ്യാത്തതും വൈകാരികതകളെ ആശ്രയിക്കുന്നതും അതിനുള്ള കാരണങ്ങള്‍ ആയി ചൂണ്ടിക്കാണിക്കപ്പെടുന്നു . എന്തായാലും രാഷ്ട്രീയ വിമര്‍ശനം കൊണ്ട് അദ്ദേഹം ആ മേഖലയെയും സജീവമാക്കി

അദ്ദേഹത്തെ ചുറ്റിപ്പറ്റി ഉണ്ടായ വിമര്‍ശനങ്ങളും വിവാദങ്ങളും കൂടി പറയാതെ അദ്ദേഹത്തെ ഓര്‍ക്കാന്‍ വയ്യ. എം എ റഹ്മാന്‍ എന്ന സാംസ്‌കാരിക പ്രവര്‍ത്തകന് അര്‍ഹതയുള്ള എം ഫില്‍ സീറ്റ് നിഷേധിച്ചത് സംബന്ധിച്ച വിവാദമായിരുന്നു അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അദ്ദേഹത്തിന്റെ മരണശേഷവും ആ വിവാദം ചര്‍ച്ചയായിരുന്നു. അവസാന കാലത്ത് വി എസ് അച്യുതാനന്ദന്റെ രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിച്ചത് പിണറായി പക്ഷത്തോടുള്ള ചായ്‌വ് ആയി പറയപ്പെടുന്നു, മോഹന്‍ലാലിന്റെ രൂപത്തെയും അഭിനയത്തേയും കേണല്‍പദവിയേയും വിമര്‍ശിച്ചതും ചര്‍ച്ചയായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറെ വിമര്‍ശിച്ചതും ഞെട്ടലോടെയാണ് കേരളം കണ്ടത്. വിലാസിനി ടീച്ചര്‍ അദ്ദേഹം ഇടയ്ക്കു ഉപേക്ഷിച്ചു പോയ പ്രണയത്തെ കാത്തിരുന്നതും മരണ കിടക്കയില്‍വന്നു വികാരപരമായി സംസാരിച്ചതും അവരുടെ അഭിമുഖവും തുറന്നു പറച്ചിലുകളും ഒക്കെ സാംസ്‌കാരിക കേരളത്തിന് അത് വരെ ഇല്ലാത്ത കാഴ്ചകള്‍ ആയിരുന്നു.

ജീവിതരേഖ:

കണ്ണൂർ ജില്ലയിലെ അഴീക്കോട്ട് ജനനം.
1981-ൽ കേരള സർവ്വകലാശാലയിൽ നിന്നും മലയാളസാഹിത്യവിമർശനത്തിലെ വൈദേശികപ്രഭാവം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. പ്രൈമറിതലം മുതൽ പരമോന്നത സർവ്വകലാശാല ബിരുദതലം വരെ അദ്ധ്യാപകനായി. 1986-ൽ അദ്ധ്യപനരംഗത്ത് നിന്ന് വിരമിച്ചു. 1974-78-ൽ കാലിക്കറ്റ് സർവ്വകലാശാലയുടെ പ്രോ-വൈസ് ചാൻസലറായിട്ടുണ്ട്.

1954-ൽ ആദ്യകൃതിയായ ആശാന്റെ സീതാകാവ്യം പ്രസിദ്ധീകരിച്ചു. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ ആധാരമാക്കി എഴുതിയ ഈ നിരൂപണഗ്രന്ഥം ഏതെങ്കിലും ഒരു ഖണ്ഡകാവ്യത്തെക്കുറിച്ച് മാത്രമായി പ്രസിദ്ധീകരിക്കപ്പെടുന്ന മലയാളത്തിലെ ആദ്യത്തെ സമഗ്രപഠനമാണ്. ഇത് മലയാളത്തിൽ സമഗ്രനിരൂപണത്തിന്റെ മികച്ച മാതൃകയായി കണക്കാക്കപ്പെടുന്നു.

1956-ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘രമണനും മലയാള കവിതയും’ എന്ന കൃതി മലയാളികൾ എക്കാലവും കാല്പനികതയുടെ വസന്തമായി കണക്കാക്കുന്ന ചങ്ങമ്പുഴയെ ഖണ്ഡനവിമർശനത്തിന് വിധേയമാകുന്നുതാണ്. കാവ്യമെന്ന നിലയിൽ രമണൻ പരാജയമാണെന്ന് സ്ഥാപിക്കുന്നതാണ് ഈ കൃതി.

അഴീക്കോട് ഖണ്ഡനനിരൂപണത്തിലേക്ക് വഴി മാറുന്നത് 1963-ൽ പ്രസിദ്ധീകരിച്ച ‘ജി.ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു’ എന്ന കൃതിയിലൂടെയാണ്.

1984-ൽ പ്രസിദ്ധീകരിച്ച ഉപനിഷത്തുകളുടെ സമഗ്രപഠനമായ ‘തത്ത്വമസി’ അദ്ദേഹത്തിന്റെ കൃതികളിൽ വച്ചു ഏറ്റവും ഔന്നത്യമാർന്നതായി നിരൂപകർ കരുതുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ അവാർഡ്, രാജാജി അവാർഡ് തുടങ്ങി 12 അവാർഡുകൾ തത്ത്വമസിക്ക് ലഭിച്ചു.

അഴീക്കോടിന്റെ മൂന്ന് വിമർശനങ്ങൾ, മഹാത്മാവിന്റെ മാർഗ്ഗം, പുരോഗമനസാഹിത്യവും മറ്റും, മലയാള സാഹിത്യവിമർശനം, വായനയുടെ സ്വർഗ്ഗത്തിൽ, മലയാള സാഹിത്യപഠനങ്ങൾ, തത്ത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിനു ഭാരതാംബേ, അഴീക്കോടിന്റെ പ്രഭാഷണങ്ങൾ, അഴീക്കോടിന്റെ ഫലിതങ്ങൾ, ഗുരുവിന്റെ ദുഃഖം, ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, പാതകൾ കാഴ്ചകൾ, മഹാകവി ഉള്ളൂർ എന്നിവയാണ് മറ്റു പ്രധാനകൃതികൾ. ഒരു കൂട്ടം പഴയ കത്തുകൾ, ഹക്കിൾബെറി ഫിന്നിന്റെ വിക്രമങ്ങൾ, ജയദേവൻ എന്നിവ വിവർത്തനങ്ങളാണ്.

1962-ൽ കോൺഗ്രസ് പ്രതിനിധിയായി തലശേരിയിൽ നിന്ന് പാർലമെന്റിലേക്ക് മത്സരിച്ചെങ്കിലും ഇടതുപക്ഷ സ്ഥാനാർത്ഥി എസ്. കെ. പൊറ്റെക്കാട്ടിനോട് പരാജയപ്പെട്ടു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ എമരിറ്റസ് പ്രഫസർ, യു.ജി.സിയുടെ ഭാരതീയ ഭാഷാപഠനത്തിന്റെ പാനൽ അംഗം, കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ നിർവാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. നാഷണൽ ബുക്ക്ട്രസ്റ്റ് ചെയർമാനായും ചുമതല വഹിച്ചിട്ടുണ്ട്.

അർബുദബാധയെത്തുടർന്ന്‍ തൃശൂരിലെ അമലാ ഹോസ്പിറ്റലിൽ വച്ച് അഴീക്കോട് തന്റെ ആത്മകഥയുടെ രണ്ടാം ഭാഗം പുറത്തിറക്കി. 352 പേജുള്ള ആത്മകഥയുടെ അവസാന പേജിൽ അഴീക്കോട് ഇങ്ങനെ കുറിച്ചു,

‘മണിമുഴക്കം ഞാൻ കേൾക്കുന്നില്ലെങ്കിലും അത് എവിടെനിന്നോ പതുക്കെ മുഴുങ്ങുന്നുണ്ടാകണം. അതിനാൽ ഞാൻ വായനക്കാരോട് വിട ചോദിക്കുമ്പോൾ അവസാനത്തെ വിടചോദിക്കൽ കൂടി മനസിൽ കരുതുകയാണ്’.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.