Sat. Apr 20th, 2024

സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടാനൊരുങ്ങി സിപിഎം. ജനുവരി 29ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടു വരുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

നാലു ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്നു സുപ്രീംകോടതിയിലുണ്ടായ പ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായിട്ടില്ല. തെറ്റായിട്ടെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ പരമോന്നത നീതിപീഠത്തെ തിരുത്തുകയെന്നതു മാത്രമേ മുന്നിലുള്ള പോംവഴി. തങ്ങള്‍ക്ക് ഏകപക്ഷീയമായി തീരുമാനം എടുക്കാനാവില്ല. അതിനാല്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി ഇക്കാര്യം ആലോചിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

കുറച്ച് ദിവസം മുമ്പ് സുപ്രീംകോടതി നടപടികള്‍ നിര്‍ത്തിവെച്ച് കൊളീജിയം അംഗങ്ങളായ നാല് ജഡ്ജിമാരാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്.

ജസ്റ്റിസുമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രജ്ഞന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവരാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. പത്രസമ്മേളനം വിളിച്ച് ചേര്‍ത്ത ഇവര്‍ സുപ്രീംകോടതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതികളോടുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിപ്പിച്ചിരുന്നു.