Wednesday, July 28, 2021

Latest Posts

കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ വീണ്ടും അവയവ വ്യാപാര മാഫിയ

ഹൃദയം, ശ്വാസകോശം എന്നിവയക്ക് 50 ലക്ഷം രൂപ വീതവും, കിഡ്‌നി രണ്ട് പേര്‍ക്ക് 30 ലക്ഷം, കരള്‍ 60 ലക്ഷം, പാന്‍ക്രിയാസ് 20 ലക്ഷം, ചെറുകുടല്‍ 20 ലക്ഷം, കോര്‍ണിയ രണ്ട് പേര്‍ക്ക് ഒരു ലക്ഷം

സ്വകാര്യ ആശുപത്രികളിൽ അവയവ കച്ചവടംസംസ്ഥാനത്തെ പ്രസിദ്ധമായ സ്വകാര്യ ആശുപത്രികള്‍ അവയവ വ്യാപാര മാഫിയയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം വീണ്ടും ശക്തമാകുന്നു. പ്രധാനമായും കൊച്ചിയിലെ വന്‍കിട ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് അവയവ കച്ചവട മാഫിയകളുടെ പ്രവര്‍ത്തനമെന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

കൊച്ചിയിലെ പ്രമുഖ ആശുപത്രിയില്‍ കിഡ്‌നി വില്‍ക്കാന്‍ തയാറായി പോയ ഒരു സ്ത്രീയില്‍ നിന്നാണ് ഇക്കാര്യത്തെ കുറിച്ച് അറിയാന്‍ കഴിഞ്ഞത്. കിഡ്‌നി നല്‍കുന്നതിനു മുമ്പുള്ള മൂന്നു പരിശോധനകളും കഴിഞ്ഞ് നില്‍ക്കുകയാണ് അവര്‍. അവയവം നല്‍കുന്നതോടെ അവര്‍ക്ക് ലഭിക്കുന്നത് 7.50 ലക്ഷം രൂപയാണ്. അവയവം ആര്‍ക്ക് നല്‍കുന്നെന്നോ, കച്ചവടത്തിനാണോ, കയറ്റി അയക്കുന്നതിനാണോയെന്നൊന്നും അവര്‍ക്ക് അറിയില്ല. കാരണം അത് അവരുടെ വിഷയമല്ല, കടത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു പിടിവള്ളി മാത്രമായാണ് അവര്‍ ഇതിനെ കാണുന്നത്.

കൊച്ചിയുടെ ഹൃദയഭാഗത്ത് ഇത്തരം പ്രവര്‍ത്തനം നടക്കുമ്പോഴും ഇതിനെതിരെ പ്രതികരിക്കാന്‍ ജനങ്ങളോ, പൊതുപ്രവര്‍ത്തകരോ, ആരും തയാറാകുന്നില്ല എന്നത് അത്ഭുതം തന്നെയാണ്. നേരത്തെ, 2016-ല്‍ മരടിലെ ഒരു പ്രമുഖ ആശുപത്രിയുമായി ബന്ധപ്പെട്ട് ഇത്തരം പരാതികള്‍ ഉയര്‍ന്നപ്പോള്‍ പൊലീസ് ഇതിനെ കുറിച്ചുള്ള അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അന്വേഷണം ശരിയായ രീതിയില്‍ നടന്നിട്ടുണ്ടൊയെന്ന കാര്യത്തില്‍ സംശയമാണ്.

ആശുപത്രിയുടെ പേര് പരാമര്‍ശിക്കാതെ നല്‍കിയ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണത്തിന് പൊലീസും തയ്യാറെടുത്തിരുന്നു. എന്നാല്‍ ഈ അന്വേഷണം വഴിമുട്ടി കിടക്കുകയാണ്, കാരണം അന്ന് പൊലീസ് അന്വേഷണം നടത്തി നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇത്തരം കച്ചവടം ഇപ്പോഴും ഇവിടെ നടക്കുമായിരുന്നോ…?

കേരളത്തിലെ മിക്ക സ്വകാര്യ ആശുപത്രികളിലും തലപ്പത്ത് ഇരിക്കുന്നത് ഉന്നത ബന്ധമുള്ളവരാണ്. അതുകൊണ്ട് തന്നെ ഇവിടെ നടക്കുന്ന ക്രമക്കേടുകള്‍ പലപ്പോഴും വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെടുന്നില്ല എന്നത് തന്നെയാണ് വസ്തുത. അവയവദാനത്തിന് ഏറ്റവുമധികം പേര്‍ മുന്നോട്ടുവരുന്നതും കൂടുതല്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ നടക്കുന്നതും എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളുള്‍പ്പെട്ട മധ്യകേരളത്തിലാണ്. ഇതിലൂടെ കൈമറിയുന്നത് കോടികളുടെ ബിസിനസ് ആണ്.

അവയവം നല്‍കുന്നവര്‍ക്ക് 2 ലക്ഷം മുതല്‍ 7.50 ലക്ഷം വരെയാണ് നല്‍കുന്നത്. ഇടനിലക്കാര്‍ക്ക് ഇതില്‍ ഒന്നര ലക്ഷം രൂപ ലഭിക്കും. കൊച്ചിയിലെ പ്രശസ്തമായ പല ആശുപത്രികളിലും ഇതിനായി പ്രത്യേക വിങ്ങുകള്‍ തന്നെയുണ്ട്. ഇതുകൂടാതെ ആശുപത്രിയുടെ പുറത്ത് ഇതിനായി അവയവ കച്ചവട ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്.

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു നഗരത്തിലെ ചെറുപ്പക്കാര്‍ മുഴുവന്‍ സര്‍ജറിക്ക് വിധേയമായ വാര്‍ത്തകള്‍ വന്നിരുന്നു. ഒരു കിഡ്‌നിക്ക് 50,000 എന്ന നിരക്കിലായിരുന്നു അന്ന് വൃക്ക കച്ചവടം നടന്നിരുന്നത്. അന്നത്തെ തൊഴില്‍ രഹിതരായ ചെറുപ്പക്കാരാണ് കിഡ്‌നി നല്‍കാന്‍ മുന്നോട്ട് വന്നത്. അന്ന് 50,000 രൂപയായിരുന്നെങ്കില്‍ ഇന്നത് 7.50 ലക്ഷം രൂപയായി വര്‍ധിച്ചു.

കരള്‍, കിഡ്‌നി, മജ്ജ എന്നിവ ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്ക് ദാനം ചെയ്യാവുന്ന അവയവങ്ങളാണ്. കണ്ണ്, പാന്‍ക്രിയാസിസ്, ശ്വാസകോശം, ഹൃദയം, ചെറുകുടല്‍ എന്നിവ മരണ ശേഷവും ദാനം ചെയ്യാം. മരണശേഷം എന്നു പറയുമ്പോള്‍ മസ്തിഷ്‌ക മരണത്തിനു ശേഷം മാത്രം. സാധാരണയായി അപകടത്തില്‍ മരണപ്പെട്ടവരുടേയോ, മസ്തിഷ്‌ക്ക മരണം സംഭവിച്ചവരുടേയോ അവയവങ്ങളാണ് ബന്ധുക്കളുടെ സമ്മതത്തോടെ മാറ്റിവെയ്ക്കുന്നത്.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിക്കുന്ന രോഗിയെ രക്ഷിക്കുന്നതിനേക്കാള്‍ കൊല്ലുന്നതിനാണ് ശ്രമിക്കുന്നത്. രോഗി ഇനി ജീവിക്കില്ലെന്ന് ബന്ധുക്കളെ അറിയിക്കുന്ന അധികൃതര്‍, അയാളുടെ അവയവം ദാനം ചെയ്താല്‍ ഒമ്പത് പേരിലൂടെ ജിവിക്കുമെന്നും അറിയിക്കുന്നു. വെന്റിലേറ്ററില്‍ നിന്നും പുറത്തെടുത്താല്‍ അയാള്‍ 15 മിനിറ്റ് പോലും ജീവിക്കില്ലെന്നും അവയവങ്ങള്‍ ദാനം ചെയ്യണമെന്നും പറഞ്ഞ് ബന്ധുക്കളെ സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നു. ഇതോടെ അവയവമാറ്റത്തിന് ബന്ധുക്കള്‍ സമ്മതിക്കുകയും ചെയ്യുന്നു.

ആശുപത്രികളുടെ തീവെട്ടി കൊള്ളക്കെതിരെ നിരവധിപ്പേര്‍ രംഗത്തു വന്നെങ്കിലും, അവയവം നല്‍കിയ ആളോ, ജനങ്ങളോ, അവയവദാനം നല്‍കാന്‍ സമ്മതദാന പത്രികയില്‍ ഒപ്പുവെച്ച് സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കുന്ന ഒരു തലമുറയോ ഈ അവയവ കച്ചവടത്തെ കുറിച്ച് പ്രതികരിക്കാന്‍ തയാറാകുന്നില്ല. അവയദാനത്തിന്റെ മഹത്വത്തെ കുറിച്ച് മാത്രമാണ് എല്ലാവരും സംസാരിക്കുന്നത്. പലരും വാര്‍ത്താ പ്രാധാന്യം നേടാന്‍ സാധ്യതയുടെ സ്വീകര്‍ത്താവിനെ അവര്‍ വാര്‍ത്തയാക്കുന്നു. ഇതിലൂടെ ആശുപത്രിയുടെ പെരുമയും ഉയരുന്നു. എന്നാല്‍ അതൊഴികെ മറ്റ് അവയവങ്ങള്‍ ആര്‍ക്ക് ലഭിച്ചു എന്നത് ആജ്ഞാതമായി തുടരും.

പല ആശുപത്രികളിലും അവയവങ്ങള്‍ വില്‍ക്കാന്‍ വെച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹൃദയം, ശ്വാസകോശം എന്നിവയക്ക് 50 ലക്ഷം രൂപ വീതവും, കിഡ്‌നി രണ്ട് പേര്‍ക്ക് 30 ലക്ഷം, കരള്‍ 60 ലക്ഷം, പാന്‍ക്രിയാസ് 20 ലക്ഷം, ചെറുകുടല്‍ 20 ലക്ഷം, കോര്‍ണിയ രണ്ട് പേര്‍ക്ക് ഒരു ലക്ഷം എന്നിങ്ങനെയാണ് ശരാശരി വില. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളരെ വിപുലമായ ഒരു മാഫിയ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അവയവ കച്ചവടത്തില്‍ മാത്രമല്ല ആശുപത്രികള്‍ ലാഭം കൊയ്യുന്നത്. തുടര്‍ന്നുള്ള ചികിത്സയിലൂടെയാണ് ആശുപത്രികള്‍ ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കുന്നത്. ഇതില്‍ രോഗി മാത്രമല്ല, അവയവം നല്‍കിയ ദാതാവും ജീവന്‍ നിലനിര്‍ത്താന്‍ മരുന്നു കഴിക്കണമെന്നാതാണ് പ്രധാന കാര്യം. അവയവം മാറ്റിവെക്കലിനെതിരെ പ്രശസ്ത ഡോക്ടര്‍ ഹെഗ്‌ഡെയും രംഗത്തെത്തിയിരുന്നു.

മാറ്റിവെച്ച അവയവത്തെ ഒരിക്കലും ശരീരം സ്വീകരിക്കാന്‍ തായാറെല്ലെന്നാണ് അദ്ദേഹം പറയുന്നത്. സ്വീകരിച്ച പുതിയ അവയവത്തെ ശരീരം എപ്പോഴും പുറന്തള്ളാന്‍ ശ്രമിക്കുമെന്നും, ഈ പുറന്തള്ളലിനെ അടിച്ചമര്‍ത്താനുള്ള മരുന്നുകളാണ് വൃക്കദാതാവ് പിന്നീട് കഴിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

എന്നാല്‍ മരുന്നുകളുടെ അമിത ഉപയോഗം രോഗം മറ്റ് അവയവങ്ങളെ ബാധിക്കുകയും രോഗി മരണപ്പെടുകയും ചെയ്യുന്നു. അതേസമയം അവയവങ്ങള്‍ നല്‍കിയവരും ഇത്തരം പ്രശ്‌നങ്ങള്‍ ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ടി വരുന്നവെന്നും അവരും ജീവിതകാലം മുഴുവന്‍ മരുന്നുകള്‍ കഴിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.