Fri. Apr 19th, 2024

ചോറ്റാനിക്കരയില്‍ നാലു വയസ്സുകാരിയെ അമ്മയും കാമുകനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി ഇന്ന് വരാനിരിക്കേ ഒന്നാം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോലഞ്ചേരി സ്വദേശി രഞ്ജിത്ത് ആണ് എറണാകുളം സബ്് ജയിലില്‍ വച്ച് വിഷം കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍ണ്‍സ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കാനിരിക്കേയാണ് ഒന്നാം പ്രതിയുടെ ആത്മഹത്യാശ്രമം. ബുധനാഴ്ച രാത്രിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഒതളങ്ങയാണ് കഴിച്ചതെന്നും പറയപ്പെടുന്നു.

2013ലാണ് എറണാകുളം തിരുവാണിയൂര്‍ സ്വദേശിയായ എല്‍.കെ.ജി വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടത്. പിതാവ് ജയിലിലായതോടെ കാമുകന്‍ രഞ്ജിത്തുമായി അടുത്ത അമ്മ അവിഹിത ബന്ധത്തിന് കുട്ടി തടസ്സമാണെന്ന് കണ്ടതോടെ രഞ്ജിത്, സുഹൃത്ത് ബേസില്‍ എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി മണ്ണെടുത്ത കുഴിയില്‍ മൂടുകയായിരുന്നു. പിന്നീട് കുട്ടിയെ കാണാതായെന്ന് പരാതിയും നല്‍കി. എന്നാല്‍ സംശയം തോന്നിയ പോലീസ് അമ്മയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.

കുട്ടിയെ രഞ്ജിതും ബേസിലും ലൈംഗികമായി പീഡിപ്പിച്ച ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയും ചുവരില്‍ തലയിടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പ്രതികള്‍ക്കെതിരെ പോക്സോ ആക്ട്, ജുവനൈല്‍ ജസ്റ്റീസ് ആക്ട്, കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.