Thursday, July 29, 2021

Latest Posts

കൈമറിഞ്ഞതു കോടികള്‍: സജിബഷീറിന്റെ നിയമനത്തിനു പിന്നില്‍ ഉന്നത സി.പി.ഐ(എം) നേതാക്കള്‍

സിഡ്‌കോ മുന്‍ എം.ഡി.യും ഗുരുതരമായ നിരവധി വിജിലന്‍സ് കേസുകളില്‍ പ്രതിയുമായ സജി ബഷീറിനെ കെല്‍പാം മാനേജിംഗ് ഡയറക്ടറായി നിയമിച്ചതിനു പിന്നില്‍ ഞെട്ടിക്കുന്ന അണിയറക്കഥകള്‍. ഹൈക്കോടതിയില്‍ സജി ബഷീറിനെ തുണച്ചത്, അന്വേഷകരായ വിജിലന്‍സ്. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയത്  സി.പി.ഐ.(എം) കേന്ദ്രകമ്മിറ്റിയംഗം. ചുളുവിലയ്ക്ക് പ്രമുഖ ജുവല്ലറി ഗ്രൂപ്പിന് സര്‍ക്കാര്‍ സ്ഥലം പാട്ടത്തിനു നല്‍കിയതിനു ലഭിച്ച പതിനൊന്നര ക്കോടിരൂപയാണ്  ഈ ഇടപാടിന്റെ കോഴ.

അതീവഗുരുതരമായ അഴിമതിയാരോപണങ്ങളാണ് സജി ബഷീറിനെതിരേ നിലനില്‍ക്കുന്നത്. പത്തുകോടി രൂപയുടെ ക്രമക്കേടു നടന്ന മണല്‍ കച്ചവടം, കോടികളുടെ കോഴനിയമനം, സര്‍ക്കാര്‍ ഭൂമി തുച്ഛമായ പ്രതിഫലനത്തിന് പാട്ടത്തിനു നല്‍കല്‍, ഒമാന്‍ രാജ്യകുടുംബത്തെ കബളിപ്പിച്ച് അഞ്ചുകോടിരൂപ തട്ടിയത് എന്നിവയടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ മുഖ്യപ്രതിയാണ് സജി ബഷീര്‍.

ഇ.പി. ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെ ഈ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സജി ബഷീറിനെ ചുമതലകളില്‍ നിന്ന് നീക്കി. പുതിയ വ്യവസായ മന്ത്രി എ.സി.മൊയ്തീനും സജി ബഷീറിനെ വീണ്ടും നിയമിക്കുന്നതിന് എതിരായിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി സജി ബഷീര്‍ അനുകൂല വിധി നേടി. വസ്തുതകള്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ വിജിലന്‍സ് ഒത്തുകളിച്ചു.

പ്രമുഖ ജുവല്ലറി ഗ്രൂപ്പിന് എറണാകുളത്തെ സര്‍ക്കാര്‍ ഭൂമി 90 വര്‍ഷത്തെ പാട്ടത്തിന് നല്‍കുന്നതിന് സജി ബഷീര്‍ കരാറിലേര്‍പ്പെട്ടു. ജുവല്ലറി ഗ്രൂപ്പില്‍ നിന്നും 15 കോടി രൂപ കോഴ ഉറപ്പിച്ചു. നാലുതവണയായി 11.5 കോടിരൂപ ജൂവല്ലറി ഗ്രൂപ്പ് സജി ബഷീറിന് നല്‍കി. സി.പി.ഐ.എമ്മിലെയും മുസ്ലീംലീഗിലെയും ഏറ്റവും സമുന്നതരായ നേതാക്കള്‍ക്ക് നല്‍കാമെന്ന പേരിലാണ് പണം വാങ്ങിയത്. പണം നേതാക്കള്‍ക്ക് നല്‍കാതെ സജി ബഷീര്‍ മുക്കി.

ഇടപാട് പുതിയ സര്‍ക്കാര്‍ റദ്ദാക്കി. മാന ഭയത്താല്‍ ജുവല്ലറി ഗ്രൂപ്പ് പരാതി നല്‍കിയില്ല. താന്‍ തിരികെയെത്തി കരാര്‍ പുന:സ്ഥാപിക്കാമെന്ന് സജി ബഷീര്‍ ജുവല്ലറി ഗ്രൂപ്പിന് ഉറപ്പുനല്‍കി.

ദുബായില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ഇടനിലക്കാരാണ് പണം സജി ബഷീറിന് കൈമാറിയത്. അഞ്ചുകോടി  വീതം രണ്ടുതവണകളായും, ആറരകോടി ഒരുമിച്ചുമാണ് നല്‍കിയത്. കാര്യം നടക്കാതായതോടെ ജുവല്ലറിഗ്രൂപ്പിന്റെ ദുബായ് പ്രതിനിധികള്‍ പണം തിരികെ ചോദിച്ചു. എന്നാല്‍ പണം നല്‍കിയില്ല. താമസിയാതെ കരാര്‍ പുതുക്കാമെന്നായി സജി ബഷീര്‍.
മുന്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജനും, ഇപ്പോഴത്തെ വ്യവസായ മന്ത്രി എ.സി. മൊയ്തീനും ഇക്കാര്യങ്ങള്‍ ബോദ്ധ്യമാണ്. എന്നാല്‍ കോഴപ്പണമുപയോഗിച്ച് സി.പി.ഐ.എമ്മിലെ പ്രമുഖ നേതാക്കളെ സ്വാധീനിച്ചാണ്, ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ സജി ബഷീര്‍ വീണ്ടും മാനേജിംഗ് ഡയറക്ടറായി നിയമനം നേടിയത്.

തനിക്കെതിരായ വിജിലന്‍സ് കേസുകളും കോടികള്‍ മുടക്കി സജി ബഷീര്‍ ഒതുക്കി. ഈ കേസുകള്‍ സി.ബി.ഐക്ക് വിടണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണനയിലാണ്.

അഴിമതിക്കെതിരേ ഗീര്‍വ്വാണം മുഴക്കുന്ന സി.പി.ഐ.എം. നേതാക്കളെപ്പോലും പണമുപയോഗിച്ച് വരുതിയിലാക്കാമെന്ന് സജി ബഷീര്‍ തെളിയിച്ചു. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസിനെ ഒതുക്കി, വിജിലന്‍സില്‍ അരങ്ങേറുന്ന വന്‍ അട്ടിമറികളില്‍ ഒന്നുമാത്രമാണ് കോടികള്‍ അപഹരിച്ച സജിബഷീറിന്റെ പുനര്‍ നിയമനം.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.