Tue. Mar 19th, 2024

ഡിസംബർ 31: എഴുത്തച്ഛന്‍റെ ഓര്‍മ്മയ്ക്കായി ഇന്ന് തുഞ്ചന്‍ ദിനം…

✍️ ലിബി. സി .എസ്

തുഞ്ചത്തെഴുത്തച്ഛന്റെ സ്മരണ നിലര്‍ത്തുന്നതിനായി ആഘോഷിക്കുന്ന ദിനമാണ് തുഞ്ചന്‍ദിനം. എല്ലാ വര്‍ഷവും ഡിസംബര്‍ 31നാണ് തുഞ്ചന്‍ ദിനം കൊണ്ടാടുന്നത്. ന്യൂ ഇയർ ആഘോഷ തിമിർപ്പിനിടയിൽ മലയാളി ഭാഷാ പിതാവിനെ വിസ്മരിച്ചു എങ്കിലും മലയാളം ഒരു സ്ത്രീയുടെ സവിശേഷ വ്യവഹാര ഭാഷയെന്ന നിലയിൽ ശ്രേഷ്ഠത അശേഷവും അർഹിക്കുന്നില്ല എന്നതല്ലേ വാസ്തവം?

ശരീരത്തിനുനേരേ നീളുന്ന വിരലുകൾക്കും ആത്മാഭിമാനത്തിനുനേരെ അഹന്തയോടെ ഉയരുന്ന അധിക്ഷേപ വാക്കുകൾക്കും മുന്നിൽ പ്രതികരിക്കുന്ന സ്ത്രീ തന്റേടിയും തെറിച്ചവളും ആയി ഒറ്റയാക്കപ്പെടുന്നു. തന്റെ ശരീരം പറിച്ചു കീറിത്തിന്നവരിൽ ഏതവനിൽ നിന്നാണ്‌ അധികം സുഖം കിട്ടിയത്‌ എന്ന ചോദ്യം കൊണ്ട്‌ നുറുങ്ങിപ്പോവുന്നു….

ചാനൽ കാമറകൾ, ഓൺലൈൻ ആക്ടിവിസ്റ്റുകൾ മുഖം വെളിയിൽ കാണിക്കാനുള്ള പേരു വെളിപ്പെടുത്താത്തതിലുള്ള അധൈര്യത്തെ അപലപിച്ചുകൊണ്ട്‌ ഇരയുടെ മാനുഷികാവകാശങ്ങളെക്കുറിച്ച്‌ വികാരഭരിതരാവുമ്പോൾ ചിലത്‌ നാമോർക്കണം. സൂര്യനെല്ലി പെൺകുട്ടിയോട്‌ പേരു വെളിപ്പെടുത്താൻ എന്തുകൊണ്ടാണ്‌ ഭയക്കുന്നത്‌. മുഖം വെളിപ്പെടുത്താത്തത്‌ എന്തുകൊണ്ടാണ്‌ എന്നീ ചോദ്യങ്ങൾ മാധ്യമ പ്രവർത്തകയായ സ്ത്രീ ചോദിച്ചപ്പോൾ അവൾ പറഞ്ഞ മറുപടി ‘ഉത്തരവും ചോദ്യത്തിലുണ്ട്‌.

“എനിക്ക്‌ ഭയമാണ്‌. ആരും എന്റെ മുഖം കാണുന്നതോ തിരിച്ചറിയുന്നതോ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ കൂടപ്പിറപ്പിനുപോലും എന്റെ മുഖം കാണുന്നത്‌ വെറുപ്പാണ്‌” എന്നാണ്‌. ഭയത്തിന്റെ പരകോടിയോളം ശരീരത്തിന്റെയും മനസിന്റെയും ഓരോ അണുവും തള്ളിയടയ്ക്കപ്പെട്ട ഒരുവളാണ്‌ അതിലുമേറെ സമൂഹത്തെ ഭയക്കുന്നത്‌. അത്‌ നിസാരമായ കാര്യമല്ല. ഭയപ്പെടുത്തുന്ന എല്ലാ സാഹചര്യങ്ങളും നിലനിൽക്കുന്ന സാമൂഹ്യാന്തരീക്ഷത്തിൽ നിന്നുകൊണ്ടാണ്‌ സമൂഹം അവളോട്‌ ‘നിങ്ങൾ ഇരയല്ലേ, എന്തിന്‌ മുഖം മറയ്ക്കണം? പേരൊളിക്കണം? തെറ്റുകാരല്ലേ മുഖം മറയ്ക്കേണ്ടത്‌? എന്ന്‌ ധാർമ്മികരോഷം കൊള്ളുന്നത്‌.

ജ്യോതിയെന്നും ജിഷയെന്നും ശാരിയെന്നും അനഘയെന്നും മരണശേഷം പേരും ചിത്രവും വെളിപ്പെടുത്തപ്പെട്ട പെൺകുഞ്ഞുങ്ങൾക്ക്‌ നമ്മുടെ നിയമം എത്ര ‘നീതിപൂർവക’മായ നിർവഹണമാണ്‌ നടത്തിയത്‌ എന്ന്‌ എത്രയോ തവണകളായി നാമറിഞ്ഞുകൊണ്ടേയിരിക്കുന്നു. എന്നിട്ടും ജീവിച്ചിരിക്കുന്നിടത്തോളം കാലം ജീവപര്യന്തം തടവിന്റെ നരകയാതനകൾ അനുഭവിക്കാൻ നിർബന്ധിതരാക്കുകയാണ്‌ നമ്മൾ.

ശ്രേഷ്ഠ ഭാഷയെന്നു പുരസ്കരിക്കപ്പെട്ട മലയാളം ഒരു സ്ത്രീയുടെ സവിശേഷ വ്യവഹാര ഭാഷയെന്ന നിലയിൽ ആ ശ്രേഷ്ഠത അശേഷവും അർഹിക്കുന്നില്ല എന്നു മാത്രമല്ല പലയിടങ്ങളിലും ഭാഷ സ്ത്രീവിരുദ്ധമാവുന്നുവെന്ന്‌ പറയേണ്ടിയും ഇരിക്കുന്നു. ‘ഭാഷാ വ്യവഹാരങ്ങളിലെ പൊതുപദങ്ങളിൽ നിന്ന്‌ സ്ത്രീകളെ ഒഴിവാക്കുന്നതരത്തിലുള്ള പ്രയോഗങ്ങൾ (മനുഷ്യൻപോലെ, സ്ത്രീ സാന്നിധ്യത്തെ ഒളിച്ചുവയ്ക്കുന്നതരത്തിൽ ഉള്ളവ) സ്ത്രീകളും രണ്ടാംകിടക്കാരാക്കിയുള്ള പ്രയോഗങ്ങൾ. സ്ത്രീകളുടെ പദവികളെ ഒരേതരത്തിൽ ചിത്രീകരിക്കുന്നവ (നമ്മുടെ കുഞ്ഞുങ്ങളുടെ പ്രൈമറി പുസ്തകങ്ങൾ നോക്കുക, അവിടെ അമ്മ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നവളും കുഞ്ഞുങ്ങളെ സ്കൂളുകളിലേയ്ക്ക്‌ ഒരുക്കി അയക്കുന്നവരും മാത്രമാണ്‌) തുടങ്ങി ഇത്തരത്തിൽ ഉള്ളവ ഭാഷാവ്യവഹാരത്തിൽ നിന്നും ഒഴിവാക്കി ഭാഷയെ ലിംഗപക്ഷപാതിത്വത്തിൽ നിന്ന്‌ മോചിപ്പിക്കാനുള്ള ക്രിയാത്മകമായ നിർദേശങ്ങൾ എൻസിറ്റിഇ മുന്നോട്ടുവച്ചിട്ട്‌ വർഷം ഇരുപത്തൊൻപത് കഴിഞ്ഞിരിക്കുന്നു. യാതൊരു പരിഷ്കരണ നടപടികളും അതിന്മേൽ ഇക്കാലത്തോളം ഉണ്ടായിട്ടില്ല.

കീഴടക്കലിന്റെ ഭാഷ അവമതിക്കലിന്റെ ഭാഷ കൂടിയായി തുടരുന്നു. ഒരു സ്ത്രീക്ക്‌ അവളുടെ പ്രസവകാലത്തെയോ ലൈംഗികാനുഭവങ്ങളെയോ പോലും പറയാനാവാത്തതരം അലിഖിത പരിമിതികൾ ഉള്ള ഭാഷയാൽ അവളെങ്ങനെയാണ്‌ തന്റെ മനസിനും ശരീരത്തിനുമേറ്റ നരകയാതനകളെ നിയമജ്ഞർക്കു മുന്നിൽ തുറന്നുകാട്ടുക? ഉപദ്രവിച്ചു എന്ന വാക്കു മാത്രമാണ്‌ ഇരയായ പെൺകുട്ടി പറഞ്ഞത്‌ എന്നത്‌ എതിർഭാഗത്തിന്‌ അവളുടെ മേൽ തറയ്ക്കാനുള്ള ആണികളായി മാറ്റിയ കാഴ്ചയും സംഭവം നടന്ന്‌ എട്ടു മാസങ്ങൾക്കുശേഷം ഇരകൾ കൊടുത്ത മൊഴിയിൽ പീഡനത്തെക്കുറിച്ചുള്ള വൈകാരിക വെളിപ്പെടുത്തലുകൾ ഇല്ലായ്കയാൽ അവ ഉദാസീന മൊഴികളായി കണക്കാക്കണം എന്ന തരത്തിലുള്ള വാദങ്ങളും പ്രതിയുടെ സത്യസന്ധത തെളിയിക്കുന്നതിനുള്ള മാനദണ്ഡമായി വ്യാഖ്യാനിക്കപ്പെട്ടതും നിസംഗതയോടെ കേട്ടുനിന്നപ്പോഴും ഭാഷയുടെ ശേഷിയില്ലായ്മയെക്കുറിച്ചുള്ള പുനർവിചിന്തനം നടത്തിക്കാണുന്നില്ല എന്നത്‌ ശ്രദ്ധിക്കപ്പെടേണ്ടതാണ്‌.

ഭാഷയുടെ വ്യവഹാരതലത്തിൽ മാത്രമല്ല പ്രയോഗതലത്തിലും ഇതേ സ്ത്രീവിരുദ്ധത പ്രത്യക്ഷതലത്തിൽ കാണാനാവുന്നത്‌ പത്രമാധ്യമങ്ങളിലെ റിപ്പോർട്ടുകളിലാണ്‌. ‘കടലിൽ ചാടിയ കമിതാക്കളിൽ കാമുകി നീന്തി രക്ഷപ്പെട്ടു’ എന്നു മുഖ്യ ടൈറ്റിലും കാമുകന്റെ മൃതദേഹം കരയ്ക്കടിഞ്ഞുവെന്ന്‌ സബ്ടൈറ്റിലും കൊടുത്തിരിക്കുന്ന ഒരു വാർത്ത  ശ്രദ്ധയിൽ പ്പെട്ടിരുന്നു. കടലിൽ വീണോ/ചാടിയോ ഒരുവൻ മരിച്ച നിർഭാഗ്യകരമായ സംഭവത്തേക്കാൾ പ്രാധാന്യം നൽകാൻ ശ്രമിച്ചുകണ്ടത്‌ കാമുകി നീന്തി രക്ഷപ്പെട്ടു എന്ന മഹാപാതകത്തിനാണ്‌. മറിച്ച്‌ മരിച്ചത്‌ സ്ത്രീയായിരുന്നെങ്കിൽ കടലിൽ ചാടി സ്ത്രീ മരിച്ചു എന്നു മാത്രമാവും വാർത്ത.

ഇതേ ഇരട്ടത്താപ്പ്‌ സ്ത്രീ ഉൾപ്പെടുന്ന കുടുംബ ആത്മഹത്യകളുടെ വാർത്തകൾ റിപ്പോർട്ട്‌ ചെയ്യപ്പെടുമ്പോഴും വേറിട്ടുവായിക്കാം. കാമ്പസുകൾക്കുള്ളിലെ മോറൽ പോലീസിംഗുകൾക്കും വിധേയരാവുന്നതു പലപ്പോഴും പെൺകുട്ടികൾ മാത്രമാണ്‌. കോഴിക്കോട്‌ ജില്ലയിൽ നിന്ന്‌  പുറത്തുവന്ന ഒരു വാർത്തയിൽ വായിച്ചറിഞ്ഞതിൻ പ്രകാരം ഒപ്പം പഠിക്കുന്ന ആൺകുട്ടികൾ സംഘംചേർന്ന്‌ അപമാനിക്കാൻ ശ്രമിച്ചതിനെ തുടർന്ന്‌ അധ്യാപികയോട്‌ പരാതി പറഞ്ഞ പെൺകുട്ടിക്ക്‌ അടങ്ങിയൊതുങ്ങി നടക്കാഞ്ഞിട്ടാണെന്ന ശകാരമാണത്രേ അവിടെ നിന്നും ലഭിച്ചത്‌. കടുത്ത മാനസിക സംഘർഷത്തിലായ പെൺകുട്ടി ഒടുവിൽ ആത്മഹത്യക്കു ശ്രമിക്കുകയാണ്‌ ഉണ്ടായത്‌.

പലപ്പോഴും സ്ത്രീകൾ തന്നെയാണ്‌ കടുത്ത സ്ത്രീവിരുദ്ധ നിലപാടുകളോടെ പെരുമാറുന്നത്‌. പീഡനത്തിനിരയായ സ്ത്രീ സ്വഭാവദൂഷ്യമുള്ളവളാണെന്ന്‌ വരുത്തി തീർക്കാൻ അടുത്ത ബന്ധുവായ സ്ത്രീയെ കൊണ്ട്‌ പത്രസമ്മേളനം നടത്തിയ വാർത്തയും നാം കണ്ടുവല്ലോ?

ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ ഞങ്ങൾ അശുദ്ധരാണ് ഞങ്ങളെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കരുതെന്ന് വിളിച്ചുപറഞ്ഞു തെരുവിലിറങ്ങി തെറിനാമജപക്കാരോടൊപ്പം സ്വയം പരിചകളായ സ്ത്രീകളെയും ആർത്തവ ജ്യോതി തെളിച്ചവരെയും നാം കണ്ടല്ലോ? സുപ്രീംകോടതിവിധിയുടെ പിൻബലത്തിൽ ശബരിമല ദർശനത്തിനെത്തിയ സ്ത്രീകൾക്ക് നേരെ ചില മലയാള മാധ്യമങ്ങൾ ഉൾപ്പെടെ നടത്തിയ ഭാഷാപ്രയോഗങ്ങളും ഭരണകൂടവും പോലീസും പ്രബുദ്ധരെന്നു വെറുതെ മേനി നടിക്കുന്ന പൊതുസമൂഹവും എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നും നാം കണ്ടുകൊണ്ടിരിക്കുകയുമാണല്ലോ? ബിന്ദു അമ്മിണിയ്ക്ക് നേരെയുണ്ടായ അക്രമവാർത്തകൾ നല്കാൻ ചില മലയാള മാധ്യമങ്ങൾ ഉപയോഗിച്ച ഭാഷകളും അവരുടെ പ്രൊഫൈലിൽ നടക്കുന്ന കലാപരിപാടികളും അവയിലെ ഭാഷയും മലയാളി എന്തെന്ന് വ്യക്തമാക്കുന്നവയാണ്.

ഈ അടുത്ത ദിവസങ്ങളിൽ നടന്ന പ്രണയത്തിൻറെ പേരിലുള്ള അരുംകൊലകളിലും ഉണ്ടായ മലയാളികളുടെ ഭാഷാപ്രയോഗങ്ങളും  സദാചാര പോസ്റ്റ്മോർട്ടങ്ങളും നാം കണ്ടതല്ലേ? നമ്മുടെ സമൂഹവും നിയമവും ഭാഷയും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ത്രീ സൗഹൃദ അന്തരീക്ഷത്തിലേയ്ക്ക്‌ മാറ്റുവാൻ സാധിക്കുന്ന ഇടത്തിലും കാലത്തിലും അല്ലാതെ പൂർണ അർഥത്തിൽ നാം സ്വതന്ത്രരാവുകയില്ല തന്നെ.