Sun. Feb 25th, 2024

കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാകിസ്ഥാന്‍ അപമാനിച്ചെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. കുടുംബാംഗങ്ങളുടെ വസ്ത്രം അഴിച്ചുമാറ്റിയത് ഇന്ത്യയെ അറിയിച്ചില്ല. പാകിസ്ഥാന്‍ മനുഷ്യത്വം കാട്ടിയില്ല. ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ഇല്ലാതെയാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച വ്യാജ പ്രചാരണത്തിന് പാകിസ്ഥാന്‍ ആയുധമാക്കിയെന്നും സുഷമ പാര്‍ലമെന്റില്‍ പറഞ്ഞു. ഇന്ത്യയുടെ ശക്തമായ പ്രതിഷേധം പാകിസ്ഥാനെ അറിയിച്ചതായും സുഷമ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ആവശ്യം മറികടന്ന് മാധ്യമപ്രവര്‍ത്തകരെ അടുത്തുവരാന്‍ അനുവദിക്കുകയും ചില വാക്കുകള്‍ കൊണ്ട് അമ്മയേയും ഭാര്യയേയും അപമാനിക്കാനും അനുവദിച്ചു. ഇതിനായി കാര്‍ നിര്‍ത്തിനല്‍കിയെന്നും സുഷമ രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.

പാകിസ്താന്‍ മനുഷ്യത്വരഹിതമായാണ് പെരുമാറിയത്. വളരെ മോശമായ പെരുമാറ്റമാണ് പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായത്. കുല്‍ഭൂഷന്റെ അമ്മയോടും ഭാര്യയോടും വസ്ത്രം മാറ്റാനും നിര്‍ദേശിച്ചു. സാരി മാത്രം ശീലിച്ച അമ്മയ്ക്ക് പാകിസ്താന്‍ മാറാന്‍ നല്‍കിയത് സല്‍വാറും കമ്മീസുമാണ്. ഇവര്‍ ധരിച്ചിരുന്ന മംഗല്യസൂത്രവും പൊട്ടുകളും അധികൃതര്‍ എടുത്തുമാറ്റി. വിധവകളെ പോലെയാണ് രണ്ടു സ്ത്രീകളെയും കുല്‍ഭൂഷന്റെ മുന്നില്‍ എത്തിച്ചത്. ഇത് കുടുംബത്തില്‍ എന്തോ സംഭവിച്ചതായി കുല്‍ഭൂഷനെ ആകുലപ്പെടുത്തി. അദ്ദേഹം അക്കാര്യം ആരായുകയും ചെയ്തു.

കുല്‍ഭൂഷന്റെ ഭാര്യയുടെ ചെരുപ്പ് ഉപയോഗിച്ച് ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. ചെരുപ്പില്‍ ലോഹവസ്തു ഉണ്ടെങ്കില്‍ മുന്‍പ് കണ്ടെത്തുമായിരുന്നു. ഇന്ത്യന്‍ നയതന്ത്രജന്‍ ഇല്ലാതെയാണ് കൂടിക്കാഴ്ച ആരംഭിച്ചത്. മാതൃഭാഷയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. അമ്മ മറാത്തിയില്‍ സംസാരിച്ചപ്പോള്‍ ഇന്റര്‍കോം ഓഫ് ചെയ്തുവെന്നൂം സുഷമ പാകിസ്താന്റെ നടപടിയില്‍ അപലപിച്ചു.