Tue. Apr 23rd, 2024

✍️ ഡോ. ഹരികുമാർ വിജയലക്ഷ്മി

നങ്ങേലിയുടെയും ദളവാകുളത്തിന്റെയുമൊക്കെ കാര്യത്തിൽ സംഭവിച്ചത് തന്നെയാണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കാര്യത്തിലും സംഭവിച്ചത്. കീഴാളജനതയുടെ ചെറുത്ത് നിൽപ്പുകളുടെ ചരിത്രത്തെ അവർക്ക് ഭയമാണ്. നങ്ങേലിയുടെ ചരിത്രം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ച കേരളാ യുക്തിവാദി സംഘത്തെ നാസ്തിക മോർച്ചയെ ഉപയോഗിച്ചാണവർ പ്രതിരോധിച്ചത്. തിരിച്ചു പറയാൻ അവർക്ക് അറിയില്ലാഞ്ഞിട്ടോ അതോ മോർച്ചക്കാരെ ഭയന്നിട്ടോ അവർ മൗനം പാലിക്കുകയായിരുന്നു. സഹോദരൻ അയ്യപ്പനെ ആക്രമിച്ചപ്പോഴും യുക്തിവാദികൾ ഈ പവിത്രനിശ്ശബ്ദത തുടർന്നെങ്കിലും. സണ്ണി കപിക്കാട് മറുപടി കൊടുത്തിരുന്നു. വാരിയൻ കുന്നത്തിനെതിരെയും സംഘികൾക്കൊപ്പം സോഷ്യൽമീഡിയയിൽ നാസ്തിക മോർച്ചക്കാരും സജീവമാണല്ലോ?

ചരിത്രത്തിന് പ്രഹരശേഷി വളരെക്കൂടുതലാണ്. അതുകൊണ്ടാണ് ഭരണകൂടങ്ങൾ ചരിത്രത്തെ ഭയപ്പെടുന്നത്. ചരിത്രത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ലോകത്ത് അനേകം വിപ്ലവങ്ങളും നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് യഥാര്‍ഥ ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കാനും അവിടങ്ങളിലെല്ലാം തങ്ങളുടെ പ്രതിനിധാനങ്ങളെ പ്രതിഷ്ഠിക്കാനും വര്‍ഗീയ ഫാസിസം എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

‘തലക്കരം’ ആണുങ്ങൾക്കുള്ള തൊഴിൽക്കരമായിരുന്നു. ‘മുലക്കരം’ സ്ത്രീകൾക്കുള്ള തൊഴിൽക്കരമായിരുന്നു എന്നൊക്കെയുള്ള വ്യാഖ്യാനങ്ങളുമായി പൂർവികരായ തമ്പ്രാക്കന്മാരെ വെളിപ്പിച്ചെടുക്കാൻ ബദ്ധപ്പെടുന്ന നാസ്തിക മോർച്ചക്കാർക്ക് ചുവടെ ചേർത്തിരിക്കുന്ന പഴയ തിരുവിതാംകൂറിന്റെ ബഡ്ജറ്റിൽ വരവിനത്തിൽ കൊള്ളിച്ചിട്ടുള്ളതിൽ തലയും മുലയും മീശയിൽനിന്ന് വേർപെടുത്തി ഇൻകം ടാക്സ് ആക്കിയതുപോലെ ബാക്കിയുള്ള കരങ്ങൾക്കും കൂടി എന്തെങ്കിലുമൊക്കെ വ്യാഖ്യാനം കണ്ടെത്താവുന്നതാണ്. ഒപ്പം ഇങ്ങനെ ലോകത്തിലാദ്യമായി മനുഷ്യാവയവങ്ങൾക്ക് വരെ നികുതിയേപ്പെർടുത്തിക്കൊണ്ട്, കേണൽ മൺറോ വരുന്നതുവരെ ഭൂനികുതി പോലുമില്ലാതിരുന്ന ബ്രാഹ്മണരെ മൃഷ്ടാന്നം തീറ്റിപ്പോറ്റാൻ ഭോജനശാലകൾക്കും മുറജപത്തിനുമൊക്കെയായി വകകൊള്ളിച്ചിട്ടുള്ള ചിലവുകളുടെ കോളത്തിലെ ലക്ഷങ്ങളുടെ കണക്കിനും ചിലന്യായീകരണങ്ങൾ കണ്ടെത്തിക്കൊണ്ട് ഈഴവ ഗൂഢാലോചനയെ പൊളിച്ചടുക്കാൻ സഹായിക്കാവുന്നതാണ്.

ശ്രീനാരായണ ഗുരുവൊക്കെ ഈ സർവജ്ഞ പീഠം കയറിയ സാറിൻറെ കണക്കനുസരിച്ച് രണ്ടായിരത്തിലാണോ ജീവിച്ചിരുന്നത്? ചേർത്തലയുടെ ചരിത്രം ‘കരപ്പുറത്തിന്റെ ചരിത്രം’ പല പുസ്തകങ്ങളിലായി എഴുതിയ എൻ.ആർ.കൃഷ്ണൻ വക്കീലിന്റെ 1960ൽ പുറത്തിറങ്ങിയ ‘ഈഴവർ അന്നും ഇന്നും” എന്ന പുസ്തകത്തിൽ നങ്ങേലിയുടെ പോരാട്ടവും മുലച്ചിപറമ്പിന്റെ ചരിത്രവും വിവരിച്ചിട്ടുണ്ട്. ആറുവർഷം ശ്രീമൂലം പ്രജാസഭയിൽ എം.എൽ.സി അംഗമായിരുന്ന എൻ.ആർ.കൃഷ്ണൻ വക്കീൽ ശ്രീനാരായണ ഗുരുവിൻറെ ഗൃഹസ്ഥ ശിഷ്യന്മാരിൽ ഒരാളാണ്.

നങ്ങേലിയുടെ ചരിത്രം കെട്ടുകഥയാണെന്ന് ആക്ഷേപിക്കുന്നവരുടെ വായടപ്പിക്കുന്നതാണ് പുസ്തത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. കൃഷ്ണൻ വക്കീലിന്റെ ചെറുമകനും ചേർത്തലയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനുമാണ് മുൻ ചേർത്തല എസ്എൻഡിപി യൂണിയൻ സെക്രട്ടറികൂടിയായിരുന്ന ആർ.കെ.ദാസ്.


ഏണിക്കരം, തളപ്പുകരം, കുടുമ്മകരം, തലക്കരം മുലക്കരം തുടങ്ങി അന്ന് നിലനിന്നിരുന്ന വിവിധ കരം പിരിവിനെ കുറിച്ചും ഇതു പിരിക്കാൻ ചുമതലപ്പെട്ട മണ്ഡപത്തുൻവാതുക്കലെ ഉദ്യോഗസ്ഥർ (പ്രവൃത്ത്യാർമാർ) നടപ്പാക്കിയിരുന്ന ശിക്ഷയെ കുറിച്ചും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. തിളക്കുന്ന നെയ്യിൽ കൈമുക്കിക്കുക, ഈയം ഉരുക്കി ഒഴിക്കൽ, അരകല്ലു മുതുകിൽ വച്ച് വെയിലത്ത് കുനിച്ച് നിർത്തുക തുടങ്ങിയ ശിക്ഷകളാണ് കരം നൽകാത്തവർക്ക് ഇവർ നടപ്പാക്കിയിരുന്നത്.

അയൽക്കാരായ സവർണ ഹിന്ദുക്കളുടെ പേരിലോ സവർണ ക്ഷേത്രങ്ങളുടെ പേരിലോ തങ്ങളുടെ വസ്തുക്കൾ എഴുതി വച്ച് ഇവരുടെ ശിക്ഷയിൽ നിന്ന് അവർണർ രക്ഷപ്പട്ടിരുന്നു. കരം പിടിവുകാരുടെ ശല്യം രൂക്ഷമായ ഘട്ടത്തിലാണ് ചേർത്തല നഗരത്തിൽ നങ്ങേലി തന്റെ മുലമുറിച്ച് ഇവർക്കു മുന്നിൽ സമർപ്പിച്ചതായി പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അങ്ങനെയാണ് ആ സ്ഥലത്തിന് മുലച്ചി പറമ്പെന്ന പേരുവന്നതെന്നും ആയുർവേദ കോളേജ് ഓണററി പ്രൊഫ.മനക്കോടം കേശൻ വൈദ്യർ ഈ സ്ഥലം വിലയ്ക്ക് വാങ്ങി വീട് നിർമ്മിച്ച് താമസിച്ചിരുന്നതായും പുസ്തകത്തിലുണ്ട്.

986ൽ തിരുവിതാംകൂർ ദിവനായിരുന്ന മൺട്രോ സായിപ്പ് ഈ കിരാത നിയമം നിർത്താൻ ശ്രമിച്ചിരുന്നെങ്കിലും ഭരണകർത്താക്കൾ അനുമതി നൽകിയില്ല. മലയാളമാസം 1000 ാം ആണ്ടുവരെ ഇത് തുടർന്ന് പോന്നിരുന്നതായും പുസ്തകത്തിൽ പറയുന്നുണ്ട്. മാത്രമല്ല കേരളാ യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസിലറും പ്രമുഖ ചരിത്രകാരനും മുൻ എസ്എൻഡിപി യോഗം പ്രസിഡന്റുമായിരുന്ന ഡോ.പിഎസ് വേലായുധൻ എഴുതിയ “എസ്എൻഡിപി യോഗചരിത്രം” എന്ന പുസ്തകത്തിൽ എസ്എൻഡിപി രൂപീകരണത്തിന് മുൻപ് നടന്ന ചെറുതും വലുതുമായ അവർണ്ണരുടെ ചെറുത്തുനിൽപ്പുകളെ അവതരിപ്പിക്കുന്നുണ്ട്. അതിൽ നങ്ങേലിയെക്കുറിച്ചും പറയുന്നുണ്ട് (കടകരപ്പള്ളി കാർത്യായനി എന്നും അതിൽ പ്രയോഗിച്ചിട്ടുണ്ട്. രണ്ടും ഒരാൾ തന്നെയാണ്.) ഇതൊന്നും രണ്ടായിരത്തിലുണ്ടായതല്ലല്ലോ സാറേ? “എസ്എൻഡിപി യോഗചരിത്രം” റിസേർച്ച് മെത്തഡോളജി അനുസരിച്ച് എഴുതിയ പുസ്തകവും റിസർച്ച് വിദ്യാർഥികൾ റെഫറൻസിന് ഉപയോഗിക്കുന്ന പുസ്തകവുമാണ്. അത് കേവലം എസ്എൻഡിപി യോഗത്തിൻറെ മാത്രം ചരിത്രമല്ല, തിരുവിതാംകൂറിന്റെ ചരിത്രം കൂടിയാണ്.


പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരി തിന്നുകൊഴുത്ത കുറെ രാജാക്കന്മാരുടെയും നമ്പൂതിരിമാരുടെയും കൂത്തരങ്ങായിരുന്നു നവോത്ഥാനത്തിന് മുൻപുള്ള കേരളത്തിന്റെ ചരിത്രം. കേണൽ മൺറോ വരുന്നത് വരെ ബ്രാഹ്‌മണർക്ക് ഭൂ നികുതി പോലും ഒഴിവാക്കിയ ഈ ഹിന്ദു രാജ്യത്തു മനുഷ്യാവയവങ്ങൾക്കു വരെ നികുതിയേർപ്പെടുത്തി. പുഴുക്കളെക്കാൾ നികൃഷ്ടരാണ് അധഃകൃതർ എന്ന് സ്ഥാപിക്കാൻ സംസ്കൃത സാഹിത്യത്തിൽ ശ്ലോകങ്ങൾക്ക് പഞ്ഞം ഒന്നും ഇല്ലല്ലോ?

5000 വർഷത്തെ മഹത്തായ ഹിന്ദു സംസ്കാരത്തിൽ ഊറ്റം കൊള്ളുന്നവർ ഒരു 100 വർഷം മാത്രം പിന്നിലെ ഈ ചരിത്രം ഓർത്തില്ലെങ്കിൽ ഇടക്ക് നമ്മൾ ഓർമ്മിപ്പിക്കേണ്ടിയിരിക്കുന്നു. കാരണം അനുഭവമാണ് ഏറ്റവും വലിയ ഗുരു. ഇത് നമ്മുടെ മുൻഗാമികളുടെ അനുഭവങ്ങൾ ആയിരുന്നു. “ഇന്നലയോളം എന്തെന്നറിയില്ല ഇനി നാളെയും എന്തെന്നറിയില്ല…” എന്ന് ബ്രാഹ്‌മണൻ പഠിപ്പിച്ചത് ഏറ്റു പാടാതെ ഇന്നലെയോളം എന്തെന്നറിയണം എങ്കിലേ ഇനി നാളെയും എന്തെന്ന് അറിയാൻ കഴിയൂ.

മുലയ്ക്ക് മാത്രമല്ല, മീശയ്ക്കും അലക്കുകല്ലിനും തെങ്ങില്‍ കയറുന്ന തളപ്പിനും ഏണിക്കും വരെ നികുതി പിരിച്ചിരുന്നു രാജാക്കന്മാര്‍. ഒരു ജോലിയും ചെയ്യാന്‍ വയ്യാത്ത ബലഹീനരില്‍ നിന്നു ‘ഏഴ’ എന്ന പേരിലുള്ള നികുതി ഈടാക്കിയിരുന്നു. മണ്ണില്‍നിന്ന് പൊന്‍തരികള്‍ അരിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ തട്ടാന്‍മാര്‍ നല്‍കേണ്ട പണമാണ് പൊന്നരിപ്പ്. മനുഷ്യരെ കൊന്ന കന്നുകാലികള്‍ രാജാവിന് അവകാശപ്പെട്ടതാണ്. അതാണ് ചെങ്കൊമ്പ്.

തെങ്ങിലും പനയിലും കയറി ഉപജീവനം നടത്തുന്നവരെയും രാജാവ് വെറുതെ വിട്ടില്ല. അവര്‍ നല്‍കേണ്ട നികുതിയാണ് ഏണിക്കാണം അല്ലെങ്കില്‍ തളപ്പുകരം. മണ്‍പാത്ര നിര്‍മാതാക്കളായ കുശവന്മാരില്‍ നിന്ന് ചെക്കീരയും തട്ടാന്‍മാരില്‍നിന്ന് തട്ടാശപ്പട്ടവും ഈടാക്കി. എന്തിനധികം, മേല്‍മീശ വയ്ക്കാന്‍ രാജാവ് മീശക്കാശും പിരിച്ചിരുന്നെന്ന് എം എന്‍ വിജയന്‍ മാഷ് എഴുതിയിട്ടുണ്ട്. തുണിനെയ്ത്തുകാരില്‍ നിന്നു ‘തറിക്കടമ’, അലക്കുകാരില്‍നിന്നു ‘വണ്ണാരപ്പാറ’ മീന്‍പിടിത്തക്കാരില്‍ നിന്നു ‘വലക്കരം’ തുടങ്ങിയ നികുതികള്‍ ഈടാക്കിയിരുന്നു. കള്ളുചെത്തുന്ന കത്തിക്ക് ‘കത്തി’ എന്ന നികുതിയും ചാരായം വാറ്റുന്ന ചട്ടിക്ക് ‘ചട്ടി’എന്ന നികുതിയും കൊടുക്കണമായിരുന്നു. ആഭരണം ധരിക്കാന്‍ ‘മേനിപ്പൊന്ന്’ അഥവാ ‘അടിയറ’ എന്ന നികുതി കൊടുക്കണം.


1818 മേടം 19 ആം തിയ്യതിവരെ തിരുവിതാംകൂറിലെ നായന്മാര്‍ക്ക് സ്വര്‍ണാഭരണം ധരിക്കണമെങ്കില്‍ നികുതി കൊടുക്കണമായിരുന്നു. വീട് മേയാനും കല്യാണത്തിനു പന്തലിടാനും ‘രാജഭോഗം’ നല്‍കണം. മോതിരമിടാനും തലയില്‍ ഉറുമാല്‍ കെട്ടാനും രാജാവിന് ‘കാഴ്ച’ സമര്‍പ്പിക്കണം. കല്യാണം കഴിക്കാനും നികുതിയുണ്ടായിരുന്നു. ‘പൊലിപ്പൊന്ന്’ എന്നായിരുന്നു പേര്. അനന്തരാവകാശികള്‍ മരണപ്പെട്ടാല്‍ നല്‍കേണ്ട നികുതിയാണ് പുരുഷാന്തരം. രാജകുടുംബത്തിലെ വിവാഹത്തിന് കുടിയാന്മാര്‍ നല്‍കേണ്ടതാണ് കാഴ്ച. അവകാശികളില്ലാത്തവരുടെ സ്വത്തുക്കള്‍ രാജാവ് ഏറ്റെടുക്കുമ്പോള്‍ അതിന് അറ്റാലകം. കുടുംബം അന്യംനിന്നു പോവാതിരിക്കാന്‍ ദത്തെടുത്താലും രാജാവിന് ദത്തുകാഴ്ച നല്‍കണമായിരുന്നു.

ജനങ്ങളില്‍ നിന്ന് ഇങ്ങനെ കിരാതമായി ഊറ്റിയെടുത്ത പണത്തിലൊരുഭാഗം കൊണ്ട് രാജാക്കന്മാരും അവരുടെ ഉപദേശകരായ നമ്പൂതിരിമാരും സുഖലോലുപതയില്‍ ആറാടി. മറ്റൊരു ഭാഗം കൊണ്ട് രാജക്കന്മാര്‍ മണ്ണിനും പെണ്ണിനും വേണ്ടി യുദ്ധങ്ങള്‍ നടത്തി. ഇതായിരുന്നു മനുഷ്യാവയവങ്ങൾക്കു വരെ നികുതിയേർപ്പെടുത്തിയ അന്ന് ഹിന്ദു സ്റ്റേറ്റ് കൂടി ആയിരുന്ന തിരുവിതാംകൂറിന്റെ വിശേഷങ്ങൾ.

തിരുവിതാംകൂറിൽ ഹിരണ്യഗർഭം പോലെയുള്ള ചടങ്ങുകളിൽ (തിരുവിതാംകൂറിൽ ക്ഷത്രിയർ ഇല്ലാതിരുന്നതിനാൽ ശൂദ്ര രാജാക്കന്മാരെ ജാതിയിൽ ഗ്രെയ്‌ഡ്‌ കൂട്ടി ക്ഷത്രിയനാക്കുന്ന ജാതിമാറ്റൽ ആചാരം) ഈ ചടങ്ങിൽ 16000 പവൻ സ്വർണം ആണ് ബ്രാഹ്മണർക്ക് വീതിച്ച് കൊടുത്തുകൊണ്ടിരുന്നത്. രാജാവിൻ്റെ ഖജനാവിൽ ഇതിനുള്ള പണം വരുന്നതെങ്ങനെ എന്ന് മനസ്സിലായിക്കാണുമല്ലോ? 1750 ൽ ആദ്യത്തെ മുറജപം നടന്നപ്പോൾ അതിൻറെ ചിലവ് രണ്ട് ലക്ഷം രൂപയായിരുന്നു. തിരുവിതാംകൂറിൽ ഊട്ടുപുരകൾ, അഗ്രശാല, ഓത്തൂട്ടുകൾ, ജപദക്ഷിണ ഇവയ്ക്കൊക്കെ കൂടി 1909 ൽ മാത്രം 7 ലക്ഷം രൂപയാണ് ചെലവ് ആക്കിയത്. അന്ന് വളരെ ചെറിയ രാജ്യമായിരുന്ന കൊച്ചിയിൽ ഉണ്ടായിരുന്ന 13 ഊട്ടുപുരകൾക്ക് മാത്രമായി സർക്കാർ വർഷം തോറും അര ലക്ഷം രൂപ ചെലവാക്കിയിരുന്നു.


ബ്രാഹ്മണ സമുദായത്തിൽ മൂത്ത ആൾക്ക് മാത്രമേ വേളി കഴിക്കാൻ പറ്റുകയുള്ളൂ. മറ്റുള്ളവർക്ക് അനുവദിച്ചിട്ടുള്ളത് സംബന്ധമാണ്. ശൂദ്ര സ്ത്രികൾക്ക് പാതിവ്രത്യം അരുതെന്നും ബ്രാഹ്മണ ബീജത്തിനാൽ സന്താനം ഉണ്ടാക്കിയാലേ നല്ല സന്തതികൾ ജനിക്കുകയുള്ളൂ എന്നതുമാണ് സ്മൃതിയിൽ പറയുന്നത്. രാജ്യത്ത് സ്വജാതിയിലോ ഉയർന്ന ജാതിയിലോ പെട്ട പുരുഷന് വശംവദരാകാത്ത സന്മാർഗ ഹീനകളായ സ്ത്രീകൾ (അന്ന് അതായിരുന്നു കൊലസ്ത്രീയുടെ പര്യായം സന്മാർഗ ഹീന) ഉണ്ടെങ്കിൽ അവരെ ഉടനെ വധിക്കേണ്ടതാണ് എന്ന് വിളംബരം വരെ നടന്നിട്ടുള്ള നാടാണ് ഹിന്ദു സ്റ്റേറ്റ് ആയിരുന്ന തിരുവിതാംകൂർ.

യുക്തിവാദിയും നാസ്തിക മോർച്ചയുടെ താത്വികാചാരിയാനുമായ പ്രമുഖ സാർ നങ്ങേലിയുടെ നുണയുമായി വിദ്യാർഥികളെ ക്യാംപസുകളിൽ ജാതീയമായി വിഘടിപ്പിക്കാൻ ശ്രമിക്കുന്ന എസ്എഫ്ഐക്ക് ചുട്ട മറുപടികൊടുക്കുന്ന എബിവിപിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ആണ് ചുവടെ.

“ചക്കാട്ടി ജീവിച്ച എഴുത്തച്ഛൻ ഇമ്പം പകർന്ന മണ്ണാണ് മലയാളനാട്. ജാതീയതയ്ക്ക് മനീഷപഞ്ചകം കൊണ്ടു മറുപടി പറഞ്ഞ ശങ്കരാചാര്യ സ്വാമികളുടെ നാട്. ദേഹിയാണോ ദേഹമാണോ മാറേണ്ടതെന്നു ചോദ്യം ചെയ്ത ചണ്ഡാളന്റെ നാട്.ആ നാട്ടിൽ നട്ടാൽ കുരുക്കാത്ത നങ്ങേലി നുണകളുമായി ഊരുചുറ്റുന്ന കവലച്ചട്ടമ്പികളെ ചൂലുകൊണ്ടടിക്കണ”മത്രെ. നങ്ങേലിയുടെ പിന്മുറക്കാർ കരുതിയിരുന്നോളൂ…!