Sat. Apr 20th, 2024

മദ്യം വിതരണം ചെയ്യാൻ താമസം നേരിടുന്നുവെന്ന് ആരോപിച്ച് കൊച്ചി കളമശേരിയിൽ ബിവറേജസ് കോർപ്പറേഷന്റെ മദ്യവിൽപ്പന ശാലയ്ക്ക് നേരെ യുവാക്കളുടെ അക്രമം. ബിവറേജസ് കോർപ്പറേഷന്റെ സീപോർട്ട് എയർപോർട്ട് റോഡിലുള്ള മദ്യവില്പപനശാലയിൽ വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ബൈക്കിലെത്തിയ മൂന്ന് യുവാക്കളാണ് ഇരുമ്പ് കമ്പിക്കടിച്ച് പന്ത്രണ്ട് മദ്യക്കുപ്പികൾ നശിപ്പിച്ചത്. അക്രമം ഭയന്ന് ജീവനക്കാർ ഓടി. മദ്യം വാങ്ങാനെത്തിയ ഒരാൾക്ക് കമ്പിക്കടിയേറ്റു. അക്രമത്തെ തുടർന്ന് മദ്യ വിൽപ്പനശാല അടച്ചിട്ടു.

സംഭവവുമായി ബന്ധപ്പെട്ട് കളമശ്ശേരി സ്വദേശികളായ സജി,ബാബു,ശ്രീജിത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ ഒരു യുവാവ് രാവിലെ ഇവിടെ മദ്യം വാങ്ങാനെത്തിയിരുന്നു. എന്നാൽ മദ്യം കിട്ടാൻ വൈകി എന്നാരോപിച്ച് ഇയാൾ ബഹളം വച്ച ശേഷമാണ് മടങ്ങിയത്. പിന്നീട് വൈകിട്ട് സംഘാംഗങ്ങളുമായെത്തിയ ഇയാൾ ജീവനക്കാരെ ഇരുമ്പുവടികൊണ്ട് മർദ്ദിക്കുകയും കുപ്പികൾ അടിച്ച് പൊട്ടിക്കുകയുമായിരുന്നു. ആറ് മാസം മുമ്പ് ഈ ഔട്ട്ലെറ്റിൽ സമാനമായ രീതിയിൽ അക്രമം നടന്നിരുന്നു. ഇതിനെ തുടർന്ന് തിരക്കേറിയ സമയത്ത് ഇവിടെ പൊലീസ് സുരക്ഷ ഏർപ്പെടുത്തണെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പാക്കിയില്ലെന്ന് ജീവനക്കാർ പരാതിപ്പെട്ടു.