Wednesday, May 25, 2022

Latest Posts

മാവോയിസ്റ്റ് പട്ടികയില്‍ പെടുത്തി നദീറിനെതിരെ ലുക്കൗട്ട് നോട്ടീസ്; താന്‍ വീട്ടുലുണ്ടെന്ന് നദീര്‍

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ച നദീറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. ഒരു വര്‍ഷം മുന്‍പാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് നദീറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കെയാണ് ഇരിട്ടി പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്.

ഇവര്‍ മാവോയിസ്റ്റുകള്‍ എന്ന തലക്കെട്ടിലാണ് നദീറിന്റെ ചിത്രം ഉള്‍പ്പെടുത്തി പൊലീസ് ലുക്കൗട്ട് നോട്ടീസ് പതിച്ചിരിക്കുന്നത്. കേളകം പൊലീസ് സ്റ്റേഷനില്‍ പോസ്റ്റര്‍ പതിച്ചിരിക്കുന്നത് കണ്ട് സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞപ്പോഴാണ് നദീര്‍ ഇക്കാര്യം അറിയുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന് കീഴില്‍ നദി എവിടെയുണ്ടെന്ന് ചോദിക്കുമ്പോള്‍ താന്‍ കോഴിക്കോട്ടെ വീട്ടിലുണ്ടെന്ന് നദി മറുപടി നല്‍കുന്നുമുണ്ട്.

നദീറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19 നാണ് ആറളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത FIR 148/16 ന്റെ ഭാഗമായി എന്നെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇപ്പോഴും ഹൈക്കോടതിയില്‍ കേസ് നടന്നു കൊണ്ടിരിക്കുന്നു, രണ്ടാഴ്ച മുമ്പ് ഹൈക്കോടതി സ്റ്റേറ്റിനോട് എത്രയും പെട്ടന്ന് കേസില്‍ തീരുമാനം ഉണ്ടാകണം എന്നും, പോലീസ് റിപ്പോര്‍ട്ട് പെട്ടന്ന് തന്നെ കോടതിയില്‍ സമര്‍പ്പിക്കണം എന്നും പറഞ്ഞിരിക്കയാണ്. രണ്ടാഴ്ച മുമ്പ് കേളകം പോലീസ് സ്റ്റേഷനില്‍ പോയ ഒരു സുഹൃത്ത് സ്റ്റെഷനിലും പരിസരത്തും ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടെന്നും വ്യക്തമായ ചിത്രമുണ്ടെന്നും പറഞ്ഞു വിളിച്ചിരുന്നു, പഴയതാകും എന്ന് കരുതി ശ്രദ്ധിച്ചില്ല, എന്നാല്‍ ഇന്ന് പേരാവൂര്‍ സ്റ്റേഷന് മുന്നില്‍ മറ്റൊരു സുഹൃത്ത് കണ്ട ഫ്‌ലക്‌സ് ബോഡ് ആണിത്. സി ഐ യുമായി സുഹൃത്ത് ഫോണില്‍ സംസാരിച്ചപ്പോള്‍ ഇരിട്ടി DYSP ക്ക് കീഴിലുള്ള എല്ലാ സ്റ്റെഷനിലും UAPA പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ ചിത്രമുണ്ട് എന്നാണ് അറിഞ്ഞത്.. ഞാന്‍ ഒളിവിലെന്ന തമാശ അവിടെ നിക്കട്ടെ… ഒരു വര്‍ഷമായി അറിയാത്ത വിഷയത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു, ഇനിയും ഈ ഉപദ്രവം തീരാന്‍ ഞാനെന്താണ് ചെയ്യേണ്ടത്? പ്രദേശത്തുള്ള സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരും ഈ ഫ്‌ലക്‌സിന്റെ ഡീറ്റയില്‍സ് ഒന്ന് അന്വേഷിക്കാമോ ?

അതേസമയം നേരത്തെ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസാണെന്നും ഇപ്പോഴായിരിക്കും ശ്രദ്ധയില്‍പ്പെട്ടതെന്നുമാണ് പൊലീസ് പറയുന്നത്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.