Monday, June 27, 2022

Latest Posts

മുണ്ടകൻവിത്തും മുണ്ടകപ്പാടവും മുണ്ടകൻതോടും ബുദ്ധസംസ്കാരത്തിൻറെ തിരു ശേഷിപ്പുകൾ

ബൗദ്ധ സംസ്കാരത്തിന്റെ തിരുശേഷിപ്പുകൾ (ഭാഗം -2)

അയ്യമ്പുഴയും അയ്യമ്പാറയും കുട്ടമ്പുഴയും കുട്ടനെല്ലൂരും കുട്ടൻകുളങ്ങരയും കുട്ടനാടുമെല്ലാം കേരളത്തിൽ നിരവധിയുണ്ട്. മുണ്ടൂർ, മുണ്ടത്തിക്കോട്, മുണ്ടമറ്റം, മുണ്ടകപ്പാടം, മുണ്ടക്കയം എന്നിങ്ങനെ മുണ്ഡനം ചെയ്ത തലയോടുകൂടിയ ബുദ്ധഭിക്ഷുക്കളെയും ഭിക്ഷുണികളെയും സൂചിപ്പിക്കുന്ന നിരവധി സ്ഥലങ്ങൾ കേരളത്തിലുടനീളം ചിതറിക്കിടക്കുന്നു.

✍️  ഡോ. അജയ് ശേഖർ

കേരളത്തിൽ ‘മ്ലേച്ഛം’ എന്ന പദംപോലെ ‘ബൗദ്ധർ’ എന്ന പദവും ക്രൈസ്തവരെയും മുസ്ലിംകളെയും സൂചിപ്പിക്കാൻ ജാതിഹിന്ദുക്കൾ ഉപയോഗിച്ചു പോരുന്നുണ്ട്. പേരാറിന്റെ തെക്കേക്കരയിലുള്ള തവനൂർ വെളളയിൽ നമ്പൂതിരിയെഴുതിയ മലയാളത്തിലെ ആദ്യ ചരിത്ര ഗ്രന്ഥത്തിൽ ‘ഹൈദരാലി പൊന്നാനി വാതുക്കൽ വന്നെഴുന്നള്ളിയപ്പോൾ ബൗദ്ധർ വന്നെതിരേറ്റു’ എന്നു രേഖപ്പെടുത്തിയിരിക്കുന്നു. (വെള്ളയുടെ ചരിത്രം എഡിറ്റർ, എൻ.എം.നമ്പൂതിരി). ഇത് മുസ്ലിംകളെയാണ് സൂചിപ്പിക്കുന്നത്.അതുപോലെതന്നെ കേരള ക്രൈസ്തവരെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പേര് ‘ ബൗദ്ധചരിത്രം’ എന്നാണ്.ഇത് പത്താം നൂറ്റാണ്ടിനു മുമ്പ് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ബൗദ്ധരായിരുന്നു എന്നു കാണിക്കുന്നു.

പള്ളി എന്ന ബുദ്ധവിഹാരത്തെ സൂചിപ്പിക്കുന്ന പ്രാചീന പാലിപദം ചേരുന്ന സ്ഥലപ്പേരുകളും വീട്ടുപേരുകളും -തലയാറ്റംപള്ളി, വെള്ളാരപ്പള്ളി, പുളിയാപ്പള്ളി, തോട്ടാപ്പളളി,കാച്ചപ്പള്ളി, മാറമ്പള്ളി എന്നിങ്ങനെ പെരിയാറിന്റെ ഇരുകരകളിലും കാലടിക്കു കിഴക്കും പടിഞ്ഞാറുമായും ചിതറിക്കിടക്കുന്നു. കഴിഞ്ഞ ഏതാനും ദശകങ്ങളായി ഹിന്ദു വത്കരണവും അതിന്റെ സംസ്കാര ദേശീയവാദവും ഏറുന്നതോടുകൂടി കേരളത്തിലെ മിക്ക പളളിപ്പേരുകളും പിളളിവത്കരിക്കപ്പെടുകയാണ്. പള്ളിയോ പിള്ളിയോ (തൃശൂർ നഗരത്തിനുള്ളിൽ തന്നെയുള്ള വാഴപ്പിള്ളി, മിഥുനപ്പിള്ളി, കാച്ചാനപ്പിളളി എന്നിങ്ങനെ) പുളളിയോ (പേരാറ്റു വടക്കേക്കര ഷൊർണൂരിനടുത്തുള്ള കൊളപ്പുള്ളിയും മണപ്പുള്ളിയും വാഗമണ്ണിലെ പുള്ളിക്കാനവും ഉദാഹരണങ്ങൾ ) ആക്കി മാറ്റുന്നത് പത്താം നൂറ്റാണ്ടിനുമുമ്പ് സാധാരണമായിരുന്ന ചമണ ചരിത്രത്തെ മായ്ക്കുന്ന ബോധപൂർവ്വമായ ഒരു ഹിന്ദു സവർണതന്ത്രമാണ്.
ഏതായാലും വടക്കുന്നാഥനും തൊട്ടു വടക്കുപടിഞ്ഞാറുള്ള പള്ളിത്താമം മൈതാനം ഇപ്പോഴും പിള്ളിത്താമമോ പുള്ളിത്താമമോ ആയിട്ടില്ല. കാലടിയിലെ തലയാറ്റംപള്ളിയും തൃശൂർ ജില്ലയിലെ തലപ്പള്ളിയും അതിരപ്പള്ളിയും വരെ ഇന്ന് പിള്ളി വത്കരിക്കപ്പെട്ടിരിക്കയാണ്. മനോഹരമായ കുളത്തിനടുത്തുള്ള പള്ളിയായ കൊളപ്പള്ളിയെ കൊലപ്പുള്ളിയാക്കുന്നത് തീർച്ചയായും സ്ഥലനാമഹിംസയാണ്.

2. കാലടിക്കുകിഴക്ക് പെരിയാറ്റിൻ തീരത്തുള്ള മലയാറ്റൂർ മലയിലുള്ളത് പാദമുദ്രയാണ്. മുത്തപ്പാ എന്നുള്ള കുരിശുമുടി തീർഥാടകരുടെ ശരണം വിളി ക്രൈസ്തവവും ബൗദ്ധവുമായ സമ്മിശ്രധ്വനികളുയർത്തുന്നു. ക്രൈസ്തവീയതയും ബുദ്ധിസവും തമ്മിലുള്ള സംസ്കാര സമ്മിശ്രതയെക്കുറിച്ച് ‘എ സോഷ്യൽ ഹിസ്റ്ററി ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തിലെ ‘ബുദ്ധിസം ഇൻ കേരള’ എന്ന അധ്യായത്തിൽ എസ്.എൻ.സദാശിവൻ വിശദമായി വിവരിക്കുന്നുണ്ട്.

ക്രിസ്തുതന്നെ തന്റെ പരിവ്രാജക ജീവിതത്തിൽ ഗാന്ധാരത്തിലൂടെ ഇന്ത്യയിലെത്തി സംഘത്തെക്കുറിച്ചും ധർമത്തെക്കുറിച്ചും നേരിട്ടു മനസ്സിലാക്കിയതായി നിരവധി ഗവേഷകർ അഭിപ്രായപ്പെടുന്നു.” പൊന്നിൻ കുരിശു മുത്തപ്പാ” എന്നുള്ള വിളിയിലെ പൊന്ന് ജൈന വർത്തകപാരമ്പര്യത്തിന്റെ പദസൂചനയാണെന്നും അതിനാൽ മലയാറ്റൂർ ആദിയിൽ ജൈനമായിരുന്നു എന്നും പറയപ്പെടുന്നു.കാലടിയുടെ വടക്കുകിഴക്കുള്ള പഴയതുറയെന്ന പെരിയാറുമായി ബന്ധമുണ്ടായിരുന്ന ജലാശയത്തിനടുത്തുള്ള മാണിക്യ മംഗലത്തിലെ മാണിക്യം ജൈനമുദ്രയാണെങ്കിലും പൊന്ന് എന്ന പദം പൊന്നമ്പലമേട് പൊൻകുന്നം എന്നിങ്ങനെ പലപ്പോഴും ബൗദ്ധമായിട്ടാണ് കൂടുതലും കണ്ടുവരുന്നത്.
‌ 3. പള്ളിക്കൽ പുത്തരച്ചന്മാരെക്കുറിച്ചും പറശ്ശിനി മുത്തപ്പന്മാരെ കുറിച്ചും നാം കേട്ടിട്ടുണ്ട്. മുത്തിയമ്മമാരും മുത്തിമാരും കേരള ക്രൈസ്തവ വിശുദ്ധകളും കാരുണ്യത്തിന്റെ മഹാമായകളായ മാതാക്കളുമാണ്.പെരിഞ്ഞനം പളളിയിൽ ഭഗവതി ക്ഷേത്രത്തിലും നീലമ്പേരൂരിലെ പള്ളി ഭഗവതി ക്ഷേത്രത്തിലും പള്ളി ഭഗവതിയായി പളളിബാണപ്പെരുമാൾ പ്രതിഷ്ഠിച്ചത് സിദ്ധാർഥന്റെ മാതാവായ മഹാമായയെതന്നെയായിരുന്നു. ഈ മൂന്നു ക്ഷേത്രങ്ങളിലും ഉപദേവതയായി ചെറിയ ശ്രീകോവിലുകളിൽ ബുദ്ധനെ തന്നെ അദ്ദേഹം പ്രതിഷ്ഠിച്ചിരുന്നു. ആ പുത്തരച്ചന്മാരെ പതിനാറാം നൂറ്റാണ്ടിൽ നടന്ന ഹിന്ദുവത്കരണത്തെതുടർന്ന് ഇന്ന് വിഷ്ണുവായും (പെരിഞ്ഞനം, നീലമ്പേരൂർ) കൃഷ്ണനായും (കിളിരൂർ) ആരാധിച്ചുവരുന്നു.

ചേരരാജധാനിയായിരുന്ന കൊടുങ്ങല്ലൂരിനു വടക്ക് ചമണ കേന്ദ്രമായിരുന്ന മതിലകത്തിന് തൊട്ടു വടക്ക് പെരിഞ്ഞനത്തും മറ്റും ബുദ്ധമത ഭരണാധികാരികൾ, ചേരമാൻ പെരുമാക്കളുടെ പരമ്പരയിലുള്ളവർ ബ്രാഹ്മണ പൗരോഹിത്യ സ്വാധീനത്താൽ ഹിന്ദുമതത്തിലേക്ക് കൂട്ടമായി മാറിക്കൊണ്ടിരുന്ന മധ്യകാലത്തിന്റെ തുടക്കത്തിലെന്നോ തന്റെ അയ്യനും അപ്പനും കുട്ടനുമായ തഥാഗതനെ നെഞ്ചോടു ചേർത്ത് രാജ്യവും കിരീടവും വിട്ട് ഒരു പളളിയോടത്തിൽ കായൽ വഴി തെക്കുള്ള കുട്ടന്റെ സ്വന്തം നാടായ കുട്ടനാട്ടിലെ കിളിരൂരേക്കും അവിടെനിന്നും തൊട്ടു തെക്കുള്ള നീലമ്പേരൂരേക്കും പള്ളിബാണൻ യാത്രയായി. അവിടെ അയ്യനേയും മാതാവ് മഹാമായയെയും പ്രതിഷ്ഠിച്ച് അവിടെത്തന്നെ ശിഷ്ടകാലം ജീവിച്ചു മരിച്ചു. ഇപ്പോഴും പളളിബാണരുടെ പട്ടട നീലമ്പേരൂരുണ്ട്. കെട്ടുകാഴ്ചയായ അന്നംകെട്ടിനും ചൂട്ടുവെപ്പിനുംമുമ്പ് പള്ളിവാണപ്പെരുമാളുടെ അനുമതി ചോദിക്കാറുമുണ്ട്.

കേരളത്തിലങ്ങോളമിങ്ങോളമുള്ള കെട്ടുകാഴ്ചകൾ;കാളകെട്ടും കുതിര കെട്ടും അന്നംകെട്ടും തികച്ചും ബൗദ്ധമാണ്.മലപ്പുറം ജില്ലയിലെ ദലിതരുടെ കാളകെട്ടിൽ ഉപയോഗിക്കുന്ന മാലാഖമാരുടെ പോലുള്ള രൂപങ്ങൾ അജന്തയിലെ ചുവർചിത്രങ്ങളിലും വാസ്തുശിൽപത്തിലും കാണാവുന്നതാണ്. തികച്ചും ബൗദ്ധവും പരസ്പരബന്ധിതവുമായിരുന്നു തെന്നിന്ത്യയിലെ ബൗദ്ധബഹുജന സംസ്കാരം എന്നുമാണിത് തെളിയിക്കുന്നത്.
4. അയ്യമ്പുഴയും അയ്യമ്പാറയും കുട്ടമ്പുഴയും കുട്ടനെല്ലൂരും കുട്ടൻകുളങ്ങരയും കുട്ടനാടുമെല്ലാം കേരളത്തിൽ നിരവധിയുണ്ട്. അയ്യൻപോലെതന്നെ കുട്ടനും പുത്തനും പൂതനും നീലനുമെല്ലാം ബുദ്ധന്റെയും വിവിധ ബോധിസത്ത്വന്മാരുടെയും പ്രദേശിക പേരുകളാണ്. മുട്ടം,കുടം എന്നിങ്ങനെയുള്ള പദങ്ങൾ ചേർന്നുവരുന്ന സ്ഥലങ്ങൾ അണ്ടാകൃതിയിലുള്ള സ്തൂപങ്ങളെയാണ് സൂചിപ്പിക്കുന്നത്. താന്നിക്കുടം,കുടമാളൂർ എന്നിങ്ങനെ കുടം ചേരുന്ന സ്ഥലപ്പേരുകൾ നിരവധിയുണ്ട്.കുടയും ചാമരവും ആലവട്ടവും ബുദ്ധമത ബിംബങ്ങളായിരുന്നു. അവ ചേരുന്ന സ്ഥലപ്പേരുകൾ കുടയംപടി, കുടയത്തൂര്, ഇരിങ്ങാലക്കുട, കൊടകര എന്നിങ്ങനെ നിരവധിയുണ്ട്.
കുട്ടൻപോലെതന്നെ വ്യാപകമാണ് മുണ്ടൻ ചേരുന്ന സ്ഥലനാമങ്ങൾ. മുണ്ടൂർ, മുണ്ടത്തിക്കോട്, മുണ്ടമറ്റം, മുണ്ടകപ്പാടം, മുണ്ടക്കയം എന്നിങ്ങനെ മുണ്ഡനം ചെയ്ത തലയോടുകൂടിയ ബുദ്ധഭിക്ഷുക്കളെയും ഭിക്ഷുണികളെയും സൂചിപ്പിക്കുന്ന നിരവധി സ്ഥലങ്ങൾ കേരളത്തിലുടനീളം ചിതറിക്കിടക്കുന്നു.
മുണ്ടകൻവിത്തും മുണ്ടകപ്പാടവും മുണ്ടകൻതോടും കേരളത്തിലെ നെൽകൃഷിയുടെ വിധാതാക്കളെ വെളിപ്പെടുത്തുന്നു.പെരിയാർ തടത്തിൽ നെൽകൃഷിയെ സാധ്യമാക്കിയ പെരിയാറ്റിലെ പ്രാചീനമായ ഭൂതത്താൻകെട്ട് (ഇപ്പോഴത്തെ ആധുനിക രൂപത്തിനു താഴെയുള്ള വമ്പൻ കരിങ്കൽ നിർമിതി) തികച്ചും ബൗദ്ധമായ നിർമ്മിതിയാണ്. അതിന്റെ സ്വഭാവികമായ അടിക്കല്ലുകൾ മാത്രമേ ഇന്നു കാണാനുള്ളൂ. ചമണർ പരത്തിയ ഒരു കരനെൽവിത്തിന് പളള്യാലിൽ എന്നാണു പറയുന്നത്. പളള്യാലിൽ എന്ന വീട്ടുപേരുള്ള നിരവധി ദലിത് കുടുംബങ്ങൾ ഇപ്പോഴും പേരാറിന്റെ ഇരുകരയിലുമായുണ്ട്.

5. പള്ളി എന്ന പാലി പദംചേരുന്ന സ്ഥലപ്പേരുകൾപോലെ ചേരി അഥവാ ശേരി ചേരുന്ന സ്ഥലപ്പേരുകളും വീട്ടുപേരുകളും സർവസാധാരണമാണ്. തിബത്തനിലും ഇംഗ്ലീഷിലുംപോലും ലാമാശേരി എന്ന പദമുണ്ട്. ബുദ്ധഭിക്ഷുക്കളായ ലാമമാരുടെ താമസസ്ഥലം അഥവാ വിഹാരം എന്നാണിതിനിപ്പോഴും ആംഗലാർഥം. കേരളത്തിലും മറ്റും ചേരിയും ശേരിയും പത്താം നൂറ്റാണ്ടിനുശേഷം അവർണരുടെ വാസസ്ഥലത്തെ കുറിക്കാനുപയോഗിക്കുന്നു. സവർണരുടെ മനകളും തറകളും ഇടനാടിനെ കോളനീകരിച്ചപ്പോൾ അവർണർ ചേരികളിലേക്കും പുറമ്പോക്കുകളിലേക്കും ചതുപ്പുകളിലേക്കും മലങ്കാടുകളിലേക്കും തള്ളിനീക്കപ്പെട്ടു.കാവുകളും പള്ളികളും ഹിന്ദുകൊളോണിയലിസത്തിന്റെ പൗരോഹിത്യ ആൺകോയ്മ കൈയാളുകയും അവർണരുടെ വഴിനടപ്പു പോലും തടയുന്ന തീണ്ടലും തൊടീലും ഹിംസയിലൂടെ അടിച്ചേൽപിക്കുകയും ചെയ്തു.
അയ്യോ എന്ന പദം പറയരുതെന്നും അയ്യപ്പോ എന്നുമാത്രമേ വിളിക്കാവൂ എന്നും മറ്റും കേരളത്തിലെ പല ആഢ്യ സവർണ ഭവനങ്ങളിൽ പോലും വിലക്കുണ്ടായിരുന്നു. പക്ഷേ, വിലക്കുന്നവർപോലും നടുവിലങ്ങിയാൽ അയ്യോ എന്നുതന്നയേ വിളിക്കൂഎന്നതു വേറെ കാര്യം. കലിംഗത്തും തെലങ്കാനയും മഹാരാഷ്ട്രവും മുതൽ തെക്കോട്ടുള്ളവരെല്ലാം ഇന്നും പൊന്നമ്പലമേട്ടിൽ അയ്യനെ കാണാൻ വർഷം തോറും പഞ്ചശീലങ്ങളുള്ളsങ്ങുന്ന വ്രതമെടുത്ത് ധർമചാരികളായി ശരണംവിളിച്ച് പള്ളിക്കെട്ടുകളോടെ വരുന്നു എന്നതും ലിംഗവിവേചനം മധ്യകാലം മുതൽ നടപ്പാക്കിയെങ്കിലും ഇനിയും ജാതിമതഭേദങ്ങൾ അവിടെ മുഴുവനായും സ്ഥാപിക്കാനായിട്ടില്ല എന്നതും പത്തുരണ്ടായിരം കൊല്ലമായി തുടരുന്ന ചമണ തീർഥാടനശീലത്തിന്റെ ധാർമികബലത്തിലാണ്.

പക്ഷേ, തന്ത്രിമാരും മേൽ- കീഴ് ശാന്തിവൃന്ദങ്ങളും അയ്യന് ബഹുജനങ്ങൾ കൊടുക്കുന്ന ആത്മീ യാദരവും കോടിക്കണക്കായ പണവും പൂർണമായും ബ്രാഹ്മണിക പൗരോഹിത്യത്തിൻ കീഴിലാക്കിയിരിക്കുന്നു. ഒറ്റ സീസണിൽ ഒരു കീഴ്ശാന്തിയാകാൻ അറുപത് ലക്ഷമാണ് കോഴ എന്നത് മാധ്യമങ്ങളിൽ പാട്ടാണല്ലോ. അങ്ങനെ അറുപതിലധികം കീഴ്ശാന്തിമാരുണ്ടത്രേ, മേൽശാന്തിമാർ വേറെയും. പൗരോഹിത്യപരമായ നവബ്രാഹ്മണ്യവും മൂലധന ആൺകോയ്മയും തമ്മിലുള്ള വർത്തമാനത്തിലെ കൊള്ളകൊടുക്കലുകൾക്ക് വേറെ ഉദാഹരണങ്ങൾ വേണമോ.!

(തുടരും…..)

“ബൗദ്ധ സംസ്ക്കാരത്തിന്റെ തിരുശേഷിപ്പുകൾ ”- ഡോ. അജയ് ശേഖർ

BEST SELLERS
Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.