Thu. Mar 28th, 2024

വന്യജീവി ഫോട്ടോഗ്രാഫറുടെ ക്യാമറ തട്ടിയെടുത്ത് ഫോട്ടോയെടുത്ത് വിവാദങ്ങളില്‍ അകപ്പെട്ട് പ്രശസ്തനായ കുരങ്ങന് മൃഗസംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്ന ആഗോള സന്നദ്ധ സംഘടനയായ  പീപ്പിള്‍ ഫോര്‍ ദ് എത്തിക്കല്‍ ട്രീറ്റ്‌മെന്റിന്റെ (പെറ്റ) ‘പേഴ്‌സണ്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം.പെറ്റയുടെ കഴിഞ്ഞ വർഷത്തെ പേഴ്‌സൺ ഓഫ് ദി ഇയർ സണ്ണി ലിയോൺ ആയിരുന്നു.

2011ല്‍ നാരുറ്റോ എന്ന ഈ കുരങ്ങന്‍ എടുത്ത ചിത്രത്തിന്റെ പകര്‍പ്പവകാശം ആര്‍ക്കാണ് എന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കുരങ്ങന്‍ ചര്‍ച്ചയായി മാറിയത്. നാല് വര്‍ഷം മുന്‍പ് ഇന്തോനേഷ്യയില്‍ നിന്നെടുത്ത ചിത്രം കോടതിക്ക് മുമ്പാകെ എത്തിയിരുന്നു.

അനിമല്‍ റൈറ്റ്സ് ഓര്‍ഗൈസേഷനാണ് ഫോട്ടോഗ്രാഫര്‍ ഡേവിഡ് ജെ സ്ലാട്ടര്‍ക്കും അദ്ദേഹത്തിന്റെ കമ്പനി വൈല്‍ഡ് ലൈഫ് പേഴ്സണാലിറ്റീസ് ലിമിറ്റഡിനുമെതിരെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

നാരുറ്റോ എന്ന പേരുള്ള സിംഹവാലന്‍ കുരങ്ങനെടുത്ത ചിത്രത്തിന് അവകാശവാദവുമായി കമ്പനിയും ഡേവിഡും രംഗത്തെത്തിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് ഫോട്ടോയുടെ കോപ്പിറൈറ്റ് അവകാശം കുരങ്ങിനു തന്നെയാണെന്നവകാശപ്പെട്ട് പെറ്റ ഫയല്‍ ചെയ്ത കേസില്‍ തീര്‍പ്പായി.

2011 ല്‍ ഇന്തോനേഷ്യയിലെ സുലാവസി ദ്വീപില്‍ വച്ച് സിംഹവാലന്‍ കുരങ്ങുകളുടെ ചിത്രം പകര്‍ത്തുന്നതിനിടയിലാണ് സ്ലാറ്ററിന്റെ ട്രൈപ്പോട് കൈക്കലാക്കിയ നാരുറ്റോ ചിത്രം പകര്‍ത്തിയത്. ഈ ചിത്രങ്ങള്‍ വിക്കിപീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് പകര്‍പ്പവകാശം സംബന്ധിച്ച പ്രശ്നങ്ങള്‍ക്കാധാരം.

പടം എടുത്തത് കുരങ്ങാണ്. മനുഷ്യരല്ലാത്തവര്‍ക്ക് പകര്‍പ്പവകാശ നിയമം ബാധകമല്ലാത്തതിനാല്‍ ചിത്രങ്ങളുടെ അവകാശം പൊതു ജനങ്ങള്‍ക്കാണ്, ഫോട്ടോഗ്രാഫര്‍ക്കല്ല. ഇതായിരുന്നു വിക്കി പീഡിയയുടെ കാഴ്ചപ്പാട്. എന്നാല്‍ താന്‍ സെറ്റ് ചെയ്ത ക്യാമറയില്‍ കുരങ്ങന്‍ അമര്‍ത്തുക മാത്രമേ ചെയ്തുള്ളൂവെന്നായിരുന്നു സ്ലാറ്ററിന്റെ വാദം.