സോളാര്‍ കേസില്‍ സരിത എസ് നായര്‍ക്കും ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കുമെതിരെ ഹര്‍ജി. കൊട്ടാരക്കര കോടതിയിലാണ് ഹര്‍ജി. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്‍പാകെ സരിത നല്‍കിയത് വ്യാജ കത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസ് അടുത്ത മാസം പരിഗണിക്കും.
സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തിയ റിട്ടയേര്‍ഡ് ജഡ്ജി ശിവരാജന് മുന്‍പാകെ സരിത നല്‍കിയത് വ്യാജ കത്താണെന്ന് ആക്ഷേപമുണ്ടായിരുന്നു. 21 പേജുള്ള യഥാര്‍ത്ഥ കത്തിന് പകരം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങളുള്ള പേജുകള്‍ കൂടി ഉള്‍പ്പെടുത്തി 25 പേജുള്ള കത്ത് നല്‍കിയതെന്നായിരുന്നു ആക്ഷേപം. സംഭവത്തിന് പിന്നില്‍ ഗണേഷ് കുമാര്‍ ആണെന്നും ആരോപണമുയര്‍ന്നിരുന്നു.
സരിതയുടെ അഭിഭാഷകനായിരുന്ന ഫെന്നി ബാലകൃഷ്ണനാണ് ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. പേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാറിന്റെ ബന്ധുവായ ശരണ്യ മനോജാണെന്നും ഇത് തനിക്ക് മാത്രം അറിയാവുന്ന കാര്യമാണെന്നും ഫെന്നി വ്യക്തമാക്കിയിരുന്നു.
ജുഡീഷ്യല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഫെന്നിയുടെ വിവാദ വെളിപ്പെടുത്തല്‍.