Tue. Apr 16th, 2024

വേളീക്കായലിന് അഭിമുഖമായിട്ടാണ് പുലയനാര്‍കോട്ട സ്ഥിതിചെയ്തിരുന്നത്. തലസ്ഥാന നഗരിയില്‍ നിന്നും നാലുമൈല്‍ അകലെ വടക്കുപടിഞ്ഞാറുമാറി സമുദ്രതീരത്തോടു സമീപിച്ച് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു കുന്നിന്‍ പ്രദേശമാണ് പുലയനാര്‍കോട്ട.

ചരിത്രത്തിന്റെ നിറം പിടിപ്പിച്ച സത്യങ്ങളും അസത്യങ്ങളും നിറഞ്ഞ നൂറുനൂറു കഥകള്‍ നിറഞ്ഞതാണ് ഈ പ്രദേശം മുഴുവന്‍. തൊട്ടടുത്ത പുലയനാര്‍കോട്ട അതിലൊന്നാണ്. ഇന്ന് ആ പ്രദേശത്ത് ക്ഷയരോഗാശുപത്രി സ്ഥിതി ചെയ്യുന്നു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒരു പുലയ രാജാവ് ഇവിടെ ഭരിച്ചിരുന്നു. അദ്ദേഹത്തിന്റെ സൗന്ദര്യവതിയായ മകള്‍ക്കുവേണ്ടി തൊട്ടടു ത്തുള്ള ആറ്റിങ്ങല്‍ രാജാവ് യുദ്ധം ചെയ്തുവെന്നും അതോടെ പുലയനാര്‍കോട്ട നശിച്ചുവെന്നും പറയുന്നു. പുലയ വംശജനായ കോതന്‍ എന്ന രാജാവ് ഭരണം നടത്തിയിരുന്നതിനാലാണ് കോട്ടയ്ക്ക് ആ പേര് സിദ്ധിക്കാന്‍ കാരണം എന്നുമാണ് പൊതുവെ വിശ്വസിച്ചു പോരുന്നത്.

എന്നാല്‍ ചില ദളിത് ചരിത്രകാരന്മാര്‍ തന്നെ ആ സത്യം നിഷേധിക്കുന്നവിധം അവരുടെ ഗ്രന്ഥങ്ങളില്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുമുണ്ട്. അവരില്‍ പ്രമുഖസ്ഥാനത്ത് നിൽക്കുന്നത് ശാമുവല്‍ വാര്‍ഡന്‍ എന്ന കുലശേഖരം ചേരനും, ടി.എച്ച്.പി.ചെന്താരശ്ശേരിയുമാണ്. ചെന്താരശ്ശേരി തന്റെ ആദ്യഗ്രന്ഥമായ കേരള ചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകളിലും മറ്റൊരു ലഘുഗ്രന്ഥമായ ചേരനാട്ടു ചരിത്ര ശകലങ്ങളിലും പുലയന്നാര്‍ കോട്ടയെ ചേരമന്നാര്‍ കോട്ടയായും, പിന്നീടതിനെ വള്ളുവനാര്‍ കോട്ടയായും പ്രതിപാദിച്ചുപോന്നിട്ടുണ്ട്. കേരളചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകളുടെ ആദ്യപതിപ്പില്‍ പുലയനാര്‍കോട്ട എന്നുതന്നെ രേഖപ്പെടുത്തുന്നുമുണ്ട്.

അക്കാദമിക ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു രാജാവിനെക്കുറിച്ചും അദ്ദേഹത്തിന്റെ വംശത്തെക്കുറിച്ചുമുള്ള നിരവധി കഥകളാൽ സമ്പന്നമാണ് പുലയനാർകോട്ട. ആക്കുളം കായലിന്റെ തീരത്തുള്ള ഈ പ്രദേശം ചേര പരമ്പരയിൽപ്പെട്ട ഒരു പുലയരാജാവി (മേധാവിയുടെ) ന്റെ കേന്ദ്രമായിരുന്നു. പുലയനാരുടെ കോട്ടയാണ് പുലയനാർകോട്ടയായത് എന്നത് അക്കാലത്തെ സാമൂഹികപദവി സൂചിപ്പിക്കുന്നതാണെന്നാണ് അനുമാനിക്കുന്നത്.

വള്ളുവ രാജക്കന്മാരുടെ പ്രതാപമാര്‍ന്ന ഭരണാന്ത്യത്തിനുശേഷം തിരുവിതാംകൂറില്‍ പുലയനാര്‍കോട്ട ആസ്ഥാനമാക്കി ഭരണം കൈയ്യാളിയിരന്നത് പുലയ ഭരണാധികാരിയായ കോതല്‍ എന്ന രാജാവായിരുന്നു എന്നും ചില രേഖകളിൽ കാണുന്നു. പുലയ ഭരണകേന്ദ്രത്തിന്റെ ആസ്ഥാനമായി വിളങ്ങിയിരുന്ന പുലയനാര്‍ കോട്ടയില്‍ കൊട്ടാരക്കെട്ടുകളുടെയും, കോട്ടമതിലിന്റെയും, ഒരു വന്‍കിണറ്റിന്റെയും അവശിഷ്ടങ്ങള്‍ ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളില്‍ പോലും അവിടെ കാണപ്പെട്ടിരുന്നു. ഇന്ന് അതൊക്കെ പലരും കൈയ്യേറി നശിപ്പിച്ചിരിക്കുകയാണ്.

കാളിപ്പുലയൻ

ഏതാണ്ട് 200 വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്നതായി പറയപ്പെടുന്ന കാളിപ്പുലയൻ എന്ന രാജാവിന്റെ താവളമായിരുന്നു ഇവിടം. സാമുവേൽ മറ്റീറിന്റെ 1883 ൽ പ്രസിദ്ധീകരിച്ച ‘നേറ്റീവ് ലൈഫ് ഓഫ് ട്രാവൻകൂർ’ എന്ന പുസ്തകത്തിൽ പുലയനാർകോട്ടയെക്കുറിച്ച് പരാമർശമുണ്ട്. വേളിക്കടുത്ത് ഒരു മലയിലുള്ള, 60-70 അടി ഉയരത്തിൽ നിരപ്പായ തറയും അതിനു ചുറ്റിനും മണ്ണുകൊണ്ടുള്ള വൻമതിലും കിടങ്ങും ആഴമേറിയ കിണറുമുള്ള കാടുമൂടിയ പ്രദേശമാണ് പുലയനാർകോട്ടയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അനുകൂലവും വ്യത്യസ്തവുമായ പല നിരീക്ഷണങ്ങളും പിൽക്കാലത്ത് പുലയനാർകോട്ടയേയും അവിടത്തെ രാജാവിനെക്കുറിച്ചും ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്.



കാളിപ്പുലയനും ഭാര്യയും അപാരമായ മാന്ത്രികസിദ്ധിയുള്ളവരും ഒടിവിദ്യ വശത്താക്കിയവരുമായിരുന്നു. സ്വയം അപ്രത്യക്ഷമാകാനും മറ്റുള്ളവരെ അപ്രത്യക്ഷരാക്കാനും കഴിവുള്ള ഉണ്ണിത്തൈലം മന്ത്രസിദ്ധിയാൽ സൃഷ്ടിച്ചെടുത്തിരുന്നു കാളിപ്പുലയനെന്നും പറയപ്പെടുന്നു.

ജാതിവ്യവസ്ഥിതി കൊടികുത്തിവാണ കാലത്ത് ഉണ്ണിത്തെലം ഉപയോഗിച്ച് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ കടന്ന് ദർശനം നടത്തി. മാത്രമല്ല മഹാരാജാവിന്റെ ഊട്ടുപുരയിൽ കയറിപ്പറ്റി രാജാവിന്റെ പാത്രത്തിൽനിന്ന് കഞ്ഞി അപഹരിച്ചു കുടിച്ചതായും കഥകളുണ്ട്. ( ഇക്കാര്യം വിസ്മൃതനായ പുലയനർകോട്ടയിലെ രാജാവ് എന്ന ലേഖനത്തിൽ ഡോ.അച്യുത് ശങ്കർ എസ്.നായർ പറയുന്നുണ്ട്).

കുടിക്കുന്നതിനെക്കാൾ കൂടുതൽ തന്റെ പാത്രത്തിൽനിന്ന് കഞ്ഞി കുറയുന്നുവെന്ന് ബോധ്യമായ രാജാവ് അമ്പരന്നു. ആരോ അദൃശ്യനായി രാജാവിന്റെ ഭക്ഷണം പങ്കിടുന്നതായി കൊട്ടാരം ജോത്സ്യൻ കണ്ടെത്തി. അടുത്തദിവസം ജോത്സ്യന്റെ നിർദേശപ്രകാരം ചൂടേറിയ കഞ്ഞിയാണ് രാജാവിന് വിളമ്പിയത്. കഞ്ഞിയുടെ ചൂടേറ്റ് അദൃശ്യനായിരുന്ന കാളിപ്പുലയൻ നന്നായി വിയർത്തു. അസഹ്യമായപ്പോൾ തോർത്തുകൊണ്ട് മുഖം തുടച്ചു. മുഖത്ത് തേച്ചിരുന്ന തൈലം നഷ്ടമായതിനാൽ പ്രത്യക്ഷരൂപത്തിലായ കാളിയെ പിന്നീട് രാജാവ് തൂക്കിലേറ്റിയെന്നുമാണ് കഥ.


പരലോകത്തിരുന്നും കാളിപ്പുലയന്റെ ആത്മാവ് രാജാവിനോട് പോരടിച്ചുകൊണ്ടിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്കും കൊട്ടാരത്തിലേക്കുമുള്ള ഓട്ടുപത്രങ്ങൾ നിർമിക്കുന്നവരെയും കാളിയുടെ ആത്മാവ് ശല്യപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് പാത്രങ്ങൾ നിർമിച്ചിരുന്ന വിശ്വകർമസമുദായത്തിൽപ്പെട്ടവർ കാളിപ്പുലയന്റെ ആത്മാവിനെ സംതൃപ്തിപ്പെടുത്താൻ പൂജകൾ നടത്തുകയും തുടർന്ന് അട്ടക്കുളങ്ങര ധർമശാസ്താക്ഷേത്രത്തിൽ കുടിയിരുത്തിയതായും ഡോ.അച്യുത് ശങ്കർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും നെഞ്ചുരോഗാശുപത്രിയും പ്രവർത്തിക്കുന്നത് പുലയനാർകോട്ടയിലാണ്.

ആയ് രാജ്യത്തെ ഒരു സാമന്ത രാജ്യമായിരുന്നല്ലോ വള്ളുവനാട്. എന്നാല്‍ എ.ഡി. പത്താം ശതകത്തോടെ പാണ്ഡ്യരാജാക്കന്മാരുടെ ആക്രമണത്തെ ചെറുത്തു നില്ക്കാനാവാതെ വള്ളുവ രാജവംശം ചരിത്രത്തില്‍ നിന്നും മാറ്റപ്പെടുകയായിരുന്നു. പിന്നീട് വള്ളുവന്മാര്‍ക്ക് വേണാട് ഭാഗത്തേയ്ക്ക് ആരും രാജാധികാരത്തില്‍ വന്നില്ല. എ.ഡി.885-ലെ ആയ് രാജാവായ കരുന്തടക്കന്റെ ഹജൂര്‍ കച്ചേരി ചെമ്പുപട്ടയത്തില്‍ ആയ് രാജ്യത്തെ നാട്ടു രാജ്യങ്ങളെ സംബന്ധിച്ച് പരാമര്‍ശനങ്ങളാണ് ചെന്താരശ്ശേരിയെ വഴിതെറ്റിച്ചത്. ട്രാവന്‍കൂര്‍ ആര്‍ക്കിവീസ് സീരിയല്‍ 1 പേജ് 14-ല്‍ കാണുന്ന ‘അകനാഴികൈച്ചെന്ന ടൈക്കു ആട്ടിനപൂമി പൊഴിചൂഴ് നാട്ടുകുരാത്തൂരില്‍ ഇടൈക്കു രാത്തൂര്‍ വലയും കരൈയും എന്നതില്‍ നിന്നാ കുരാത്തൂര്‍ കുളത്തൂര്‍ ആണെന്ന നിഗമനത്തില്‍ പുലയനാര്‍ കോട്ട വള്ളുവനാര്‍ കോട്ടയെന്ന് ചെന്താരശ്ശേരി അനുമാനിക്കുന്നത്.


എന്നാൽ ആയ് രാജ്യത്തിന്റെ തലസ്ഥാനം വിഴിഞ്ഞമായിരിക്കെ സാമന്തരാജ്യം വടക്കുഭാഗത്തെ പുലയനാര്‍കോട്ട ആസ്ഥാനമായി വരുകയില്ല എന്നും ചിലർ സമർത്ഥിക്കുന്നു. ആ സമന്തരാജ്യം നെയ്യാറ്റിന്‍കര കുളത്തൂര്‍ ഭാഗത്ത് ആകാനാണ് ഏറെ സാദ്ധ്യത. പൊഴിചൂട് നാട് യഥാര്‍ത്ഥത്തില്‍ വേളീക്കായലിന്റെ തീരം മുതല്‍ പൂന്തുറ പൊഴിവരെ വ്യാപിച്ചു കിടക്കുന്ന ഭാഗമല്ല. മറിച്ച് നെയ്യാറ്റിന്‍കര കുളത്തൂര്‍ മുതല്‍ പൊഴിയൂര്‍ ഭാഗം വരെയുള്ള സ്ഥലമാകാനാണ് ഏറെ സാദ്ധ്യതയുള്ളത്. എന്തായാലും പുലയനാര്‍കോട്ട വള്ളുവനാര്‍ കോട്ടയാണെന്നും അല്ലെന്നും ഉള്ള വാദങ്ങൾ സജീവമാണ്.

ചേരസാമ്രാജ്യത്തിന്റെ വീരചരിത്രം രചിച്ച ശാമുവല്‍ കുലശേഖര ചേരന്‍ വളരെ വിചിത്രമായ വാദഗതികളാണ് ഗ്രന്ഥത്തില്‍ ഉന്നയിച്ചിരിക്കുന്നത്. അന്ധമായ പുലയ വിരോധത്തില്‍ നിന്നും ഉടലെടുത്തതാണു അതിൽ പല വാദഗതികളും.

ശാമുവലിന്റെ ചേരസാമ്രാജ്യത്തിന്റെ വീരചരിതം

ബി.സി.992- ല്‍ ഭരിച്ച കോതറാണി തെക്കേക്കര രാജ്ഞി പുലയ രാജ്ഞിയല്ല ചേരറാണിയാണ്. പുലയര്‍ ഈ രാജ്യം ഭരിച്ചിട്ടേയില്ല. പുലയര്‍ എന്നൊരു പുതിയ ജാതി രൂപം കൊണ്ടതു തന്നെ 8-ാം നൂറ്റാണ്ടിനു ശേഷമാണ്. ഹുലയ-ഹൊലയ-രാജാക്കന്മാരും പുലയ രാജാക്കന്മാരല്ല. പുലയനാര്‍ കോട്ടയില്‍ പുലയ രാജാക്കന്മാര്‍, ആസ്ഥാനമാക്കി ഭരണം നടത്തിയെന്ന് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അവര്‍ക്ക് ചരിത്രവുമായി ഒരു ബന്ധവുമില്ലെന്ന് പറയേണ്ടിവരും. പുലയര്‍ ഭരണം നടത്തിയെന്നോ, ഭരിച്ചിരുന്നു എന്നോ യാതൊരു ചരിത്ര രേഖകളിലും തെളിവു നല്‍കുന്നില്ല. ഐക്കരനാട് യജമാനന്മാര്‍ പുലയരല്ലെന്ന് അദ്ദേഹം തന്നെ കൊല്ലവര്‍ഷം 1096-ല്‍ തിരുവനന്തപുരത്ത് സമ്മേളിച്ച ഒരു മഹായോഗത്തില്‍ അസന്നിദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഐക്കര നാടു യജമാനന്മാര്‍ പുലയരാണെന്ന് ഇവിടത്തെ ഇന്നത്തെ ആര്യന്മാരായ നമ്പൂതിരിമാര്‍ പറയുന്നു. അതിന്റെ വാസ്ഥവങ്ങളിലേയ്ക്ക് നാം കടക്കുന്നില്ല. നമ്മുടെ ഇന്നത്തെ രാജാവും, കുടുംബവും പുലയരാണെങ്കില്‍ മാത്രമേ ഐക്കര നാട്ടുയജമാനന്മാരും പുലയരാകുകയുള്ളൂ. ഇതായിരുന്നു അദ്ദേഹത്തിൻറെ വാദം.

ഇന്ന് പേരുമാറ്റി പറയുന്ന പുലയനാര്‍ കോട്ടയുടെ പേര് ചേരമന്നാര്‍ കോട്ട (ഒരുവാതില്‍കോട്ട) അതിന് ഒരു വാതില്‍ ഉള്ളതിനാല്‍ ഒരുവാതില്‍കോട്ട എന്നായിരുന്നു യഥാര്‍ത്ഥ പേര്. ഇതിനു മതിയായ രേഖകള്‍ തെളിവു നല്‍കുന്നുണ്ട്.


ചേര ഭരണ കാലത്ത് ഇവിടെ കേരളത്തില്‍ പുലയര്‍ ഇല്ലെന്ന് സാമുവല്‍പറയുന്നു. എന്നാല്‍ 1923-ല്‍ പ്രസിദ്ധീകരിച്ച എസ്.രാമനാഥ അയ്യരുടെ പ്രോഗ്രസ്സീവ് ട്രാവന്‍കൂര്‍ എന്ന ഗ്രന്ഥത്തില്‍ ഗോത്രങ്ങളെക്കുറിച്ചുള്ള ഖണ്ഡികയില്‍ ചേര സാമ്രാജ്യത്തിനു മുന്‍പുതന്നെ കേരളത്തില്‍ ആദിമ നിവാസികളില്‍പെട്ട പുലയര്‍ ഉണ്ടായിരന്നതായി തെളിവുകളോടെ വ്യക്തമാക്കുന്നുണ്ട്. മറ്റൊന്ന് ഐക്കരനാട് ജയമാനന്മാര്‍ എന്ന പേരില്‍ വേദിയില്‍ കൊണ്ടിയിരുത്തിയത് ചേര രാജവംശജനായി വേഷംകെട്ടിയ എറണാകുളം മുളവുകാട് ജോണ്‍ കണ്ടക്ടര്‍ എന്ന അവശ ക്രൈസ്തവനെയാണ്.

യഥാര്‍ത്ഥ ഐക്കരനാട് യജമാനന്‍ എന്ന് ചരിത്രരേഖകളില്‍ പ്രതിപാദിക്കുന്ന ആള്‍ കൊച്ചിന്‍ പുലയര്‍ മഹാസഭയുടെ സ്ഥാപക നേതാവായി രംഗത്ത് വന്ന കൃഷ്ണാദി ആശാനായിരുന്നുവെന്നകാര്യം അറിയാത്തവരാണ് ഇന്നത്തെ ചേരവര്‍വാദികളെന്ന് ആസമ്മേളനത്തില്‍ പങ്കെടുത്ത പി.കെ.ചോതി മരണാനന്തരം പ്രസിദ്ധീകരിക്കാന്‍ ഏല്പിച്ച ഡയറിക്കുറിപ്പില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.



മന്ത്രി ഈഴവനും കണക്കപ്പിള്ള നായരും സേനാനായകന്‍ മുസ്ലീമും

പുലയനാര്‍ കോട്ടയിലെ കോതന്‍ രാജാവിന്റെ മന്ത്രി പേട്ട സ്വദേശിയായ ഒരു ഈഴവ പ്രമാണിയാണ്. രാജാവിന്റെ ഉടവാള്‍ ഇന്നും പേട്ടയിലെ ആ മന്ത്രി ബന്ധുവിന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുള്ളതായി പറയപ്പെടുന്നു. ഒട്ടേറെ അന്വേഷണങ്ങള്‍ ഈ ലേഖകൻ നടത്തി യെങ്കിലും കണ്ടെത്താനായില്ല. കെ. ദാമോദരന്‍ ബി. എ. കേരളകൗമുദി ദിനപത്രത്തില്‍ 1961 ല്‍ എഴുതിയ ‘പെരുമാട്ടുപുലയി’ എന്ന ലേഖനത്തില്‍ പുലയനാര്‍ കോട്ടയിലെ രാജാവിന്റെ ഈഴവ മന്ത്രിയെക്കുറിച്ച് വിവരിക്കുന്നുണ്ട്. അതുപോലെ കൊട്ടാരത്തിലെ ഭരണ നിര്‍വ്വഹണം നടത്തിയതും, കണക്കുകള്‍ നോക്കി നടത്തിയിരുന്നതും പുലയനാര്‍ കോട്ടയ്ക്കു സമീപത്തായുള്ള ശുദ്ര (നായര്‍) കുടുംബത്തില്‍പ്പെട്ട ഒരാളായിരുന്നുവെന്ന് ‘നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍’ എന്ന ഗ്രന്ഥ ത്തില്‍ റവ. ഫാദര്‍ മേറ്റിയര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

1883 ല്‍ ലണ്ടന്‍ മിഷന്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച ‘നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍’ എന്ന ഗ്രന്ഥത്തിലെ മൂന്നാം അദ്ധ്യായത്തില്‍ പുലയനാര്‍ കോട്ടയയെ ക്കുറിച്ചും അവിടത്തെ കണക്കപ്പിള്ളയെക്കുറിച്ചുമെല്ലാം എഴുതിയിട്ടുണ്ട്; In the Neighbour hood of Travancore Pulayas are accustomed to boast having once had a chief ain or raja of their own who resided in fort not far off there certainly on some reminds on the summit of a hill near vely of a mud wall and ditch some 60 or 70 feet square enclosing a small level plot of ground know over grown with scrod and having a deed well inside. This is commonly called pulayanar cotta and a sudra family in the nighbourhood are called by their fellows. The Pulayans accountants and freely admit that their an scestors did hold that office. 20മേറ്റിയര്‍ 131 വര്‍ഷം മുന്‍പ് വളരെ വ്യക്തമായ വിവരങ്ങള്‍ തരുമ്പോള്‍ ഇന്നത്തെ ആധുനിക ചരിത്ര കാരന്മാര്‍ അതൊക്കെ തള്ളിക്കളയാനും വികൃത മാക്കാനുമാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ശൂരനാട്ട് കുഞ്ഞന്‍പിള്ള പുലയനാര്‍ കോട്ടയ്ക്ക് ചരിത്രപരമായ തെളിവുകള്‍ ഇല്ലെന്നു പറയുമ്പോള്‍ ഒരു നൂറ്റാണ്ടിനു മുന്‍പ് പുലയനാര്‍ കോട്ടയ്ക്ക് ചരിത്രപരമായ തെളിവുകള്‍ തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി വച്ച റവ. ഫ. സാമുവല്‍ മേറ്റിയര്‍ കള്ളക്കഥയാണോ എഴുതിയത് ?

പുലയനാര്‍ കോട്ടയിലെ പുലയരാജാവായ കോതന് ഒരു മകനും, മകളുമാണ് ഉണ്ടായിരുന്നത്. മകള്‍ അതിസുന്ദരിയും മോഹം ജനിപ്പിക്കുന്ന ആകാരവടിവു മുണ്ടായിരുന്നു. പേര് ചിത്തിര റാണിയെന്നായിരുന്നു. യശ: ശരീരനായ പി. കെ. ചോതിയുടെ ഡയറിക്കുറിപ്പുകളില്‍ നിന്നാണ് ഈ പേര് കണ്ടെത്തിയത്. അതെ സമയം മകന്റെ പേരോ റാണിയുടെ പേരോ ലഭ്യമല്ല.