Fri. Mar 29th, 2024

വിവാദ സിനിമ പത്മാവതിക്കെതിരെ സംഘപരിവാറും രജപുത്ര സംഘടനകളും പ്രതിഷേധം ശക്തമായിരിക്കെ സിനിമയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് ഡി.വൈ.എഫ്.ഐ രംഗത്ത്.സിനിമയെ സിനിമയായി കാണാന്‍ തയ്യാറാവാതെ അതില്‍ വൈകാരികത ഉയര്‍ത്തി വധഭീഷണി ഉയര്‍ത്തുന്നവര്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു നേരെ വെല്ലുവിളി ഉയര്‍ത്തുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍.ഷംസീര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി തമിഴ് സൂപ്പര്‍ താരം വിജയ് നായകനായ ‘മെര്‍സല്‍’ സിനിമക്കെതിരെ രംഗത്തു വന്നവര്‍ തന്നെയാണ് ഇപ്പോള്‍ ‘പത്മാവതി’യുടെ റിലീസിങ്ങും ഭീഷണിപ്പെടുത്തി തടസ്സപ്പെടുത്തിയിരിക്കുന്നത്.

സംവിധായകന്‍ ബന്‍സാലിയുടെയും നടി ദീപിക പദുക്കോണിന്റെയും തല കൊയ്യുന്നവര്‍ക്ക് പത്തുകോടി ‘പാരിതോഷികം’ പ്രഖ്യാപിച്ച ഹരിയാനയിലെ ബി.ജെ.പി മീഡിയ കോ-ഓര്‍ഡിനേറ്ററുടെ നടപടി അതീവ ഗൗരവകരമാണ്.

പാര്‍ട്ടിയുടെ അഭിപ്രായപ്രകടനം നടത്താന്‍ ചുമതലപ്പെട്ട വ്യക്തി വധഭീഷണി മുഴക്കിയത് ബി.ജെ.പിയുടെ തീരുമാനത്തിന്റെ ഭാഗമായാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.സിനിമക്കെതിരെ രംഗത്ത് വന്ന രാജസ്ഥാന്‍, യു .പി, മധ്യപ്രദേശ് സര്‍ക്കാറുകളുടെ നടപടിയും ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് ചേര്‍ന്നതല്ല. ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ വരുന്നവരെ നേരിടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.അതല്ലാതെ പ്രശ്‌നക്കാര്‍ക്ക് കുട പിടിക്കുകയല്ല ചെയ്യേണ്ടത്.

ഭീഷണിക്ക് വഴങ്ങാതെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറാവുകയാണെങ്കില്‍ കേരളത്തില്‍ സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്നും ഡി.വൈ.എഫ്.ഐ നേതാവ് വ്യക്തമാക്കി.ഇവിടെ ഒരു ഭീഷണിയും പിണറായി സര്‍ക്കാര്‍ വച്ചു പൊറുപ്പിക്കില്ല, തിയറ്ററുകളില്‍ സംഘപരിവാര്‍ ‘സാഹസത്തിനു’ മുതിര്‍ന്നാല്‍ നേരിടാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും രംഗത്തുണ്ടാകുമെന്നും ഷംസീര്‍ മുന്നറിയിപ്പു നല്‍കി.

അതേസമയം ചിത്രം കേരളത്തിലും റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഭീഷണിമുഴക്കി കര്‍ണി സേന തലവന്‍ സുഗ്‌ദേവ് സിങ് ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. പ്രദര്‍ശനം നടത്തുന്ന തിയേറ്ററുകള്‍ കത്തിക്കുമെന്നാണ് ഭീഷണി.

‘പത്മാവതി ഇന്ത്യയിലൊരിടത്തും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. കേരളത്തിലും അനുവദിക്കില്ല. കേരളത്തിലെ ഏതെങ്കിലും തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചാല്‍ തിയേറ്റര്‍ തന്നെ കാണില്ല. ഞങ്ങള്‍ തിയേറ്റര്‍ കത്തിക്കുമെന്നും’ പ്രമുഖ മാധ്യമത്തോട് സുഗ്‌ദേവ് പ്രതികരിച്ചു.