Thu. Mar 28th, 2024

ചാലക്കുടി റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറർ , പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ. ലത വിടവാങ്ങി;പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഡോ. ലത ആനന്ദയ്ക്ക് ‘ന്യൂസ് ഗിൽ’ പ്രണാമം അർപ്പിക്കുന്നു 

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ. എ. ലത (51) അന്തരിച്ചു. ചാലക്കുടി റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടറായിരുന്നു. അതിരപ്പിള്ളി സമരത്തില്‍ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. തൃശൂര്‍ ഒല്ലൂര്‍ എടക്കുന്നി വാരിയം കാര്‍ത്തികയില്‍ എസ്. ഉണ്ണികൃഷ്ണന്റെ ഭാര്യയാണ്. കൃഷി ഓഫിസറായിരിക്കെ ജോലി രാജിവച്ച് മുഴുവന്‍ സമയ പരിസ്ഥിതി പ്രവര്‍ത്തനത്തിലേക്കു തിരിയുകയായിരുന്നു. ദീര്‍ഘകാലം അര്‍ബുദരോഗ ബാധിതയായിരുന്നു.സംസ്കാരം ഇന്ന് നാലിന്.

ട്രാജഡി ഓഫ് കോമണ്‍സ്, കേരള എക്സ്പീരിയന്‍സ് ഇന്‍ ഇന്റര്‍ ലിങ്കിങ് ഓഫ് റിവേഴ്സ്, ഡൈയിങ് റിവേഴ്സ് തുടങ്ങിയ കൃതികളുടെ ഗ്രന്ഥകര്‍ത്താക്കളിലൊരാളാണ്. പാത്രക്കടവ്, അതിരപ്പിള്ളി ഉള്‍പ്പെടെ വിവിധ നദികളുടെ സംരക്ഷണ സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. ആനുകാലികങ്ങളില്‍ ഉള്‍പ്പെടെ നിരവധി പരിസ്ഥിതി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.

കേരളത്തില്‍ ഡോകടറേറ്റുള്ള ഏക പരിസ്ഥിതി പ്രവര്‍ത്തകയായിരുന്നു ലത, സ്വന്തം കാലില്‍ നിനന് ചാലക്കുടി പുഴ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചു. പുഴകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന റിവര്‍ റിസര്‍ച്ച് കമ്മിറ്റിക്കു വേണ്ടി ദേശീയ-അന്തര്‍ദേശീയ തലത്തില്‍ നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തിന് പ്രധാന്യം നല്‍കുന്ന ഗാഡ്ഗില്‍ കമ്മിറ്റിയില്‍ ഡോ. ലതയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്..

ഒരു പുഴയെ എങ്ങനെ നിലനിര്‍ത്തമെന്ന ചിന്തകള്‍ പേറി നടക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകയായിരുന്നു ലത ആനന്ദ. മനുഷ്യന്റെ നാഡീവ്യൂഹത്തെയാണ് ഉദാഹരണമായി ലതേച്ചി കാണിച്ചിരുന്നത്. എവിടെയും തടഞ്ഞുനിര്‍ത്താന്‍ പറ്റാത്ത ഒന്നാണത്. അതു പോലെയാണ് നമ്മുടെ പുഴകളും എന്നായിരുന്നു അവരുടെ വാദം.

കേരളത്തിൽ നദിയെ കുറിച്ച് ഇത്രയും ആഴത്തിൽ പഠിച്ച ഒരാൾ ഒരു പക്ഷെ വേറെയുണ്ടാകില്ല. പരിസ്ഥിതി പ്രവർത്തനം വെറും ആക്ടിവിസമല്ലെന്നും അത് കണിശതയാർന്ന പഠനവും നിരന്തരമായ ഇടപെടലുമാണെന്ന് ലത നമുക്ക്‌ പഠിപ്പിച്ചു തരുന്നു.