Sunday, September 26, 2021

Latest Posts

ഹര്‍ജി പിന്‍വലിക്കില്ലെന്ന് തോമസ് ചാണ്ടി; സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തമോ വിശ്വാസ്യതയോ വലുതെന്നു കോടതി

ഭൂമി കയ്യേറ്റ വിഷയത്തില്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ അതിരൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടും നിലപാടില്‍ മാറ്റംവരുത്താതെ മന്ത്രി തോമസ് ചാണ്ടി. ഹര്‍ജി പിന്‍വലിക്കില്ലെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വിവേക് തല്‍ഖ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഹര്‍ജി പിന്‍വലിക്കേണ്ട സാഹചര്യല്ലെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി രാവിലെ വ്യക്തമാക്കിയിരുന്നു. പിന്‍വലിക്കാത്ത പക്ഷം ഹര്‍ജി തള്ളുമെന്ന് വ്യക്തമാണ്. കടുത്ത പരാമര്‍ശനങ്ങളും വിമര്‍ശനങ്ങളും ഉള്‍പ്പെടുന്ന ഉത്തരവോടെ ഹര്‍ജി തള്ളിയാലും സുപ്രീം കോടതിയെ സമീപിക്കാനാണ് തോമസ് ചാണ്ടിയുടെ തീരുമാനം.

മന്ത്രി ദന്തഗോപുരത്തിൽനിന്ന് താഴെയിറങ്ങണം. സാധാരണക്കാരനെപ്പോലെ വിഷയത്തെ സമീപിക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. രാവിലത്തെ രൂക്ഷവിമർശനങ്ങൾക്കു പിന്നാലെ ചാണ്ടിക്ക് വേണമെങ്കിൽ ഹർജി പിൻവലിക്കാമെന്നു ഹൈക്കോടതി അറിയിച്ചിരുന്നു. എന്നാൽ ഹർജി പിൻവലിക്കാതിരുന്നപ്പോഴാണ് ഹൈക്കോടതി കടുത്ത പരാമർശങ്ങൾ നടത്തിയത്.

ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ അതിരൂക്ഷമായ വിമര്‍ശനമുണ്ടായാല്‍ തോമസ് ചാണ്ടി രാജിവച്ചേ മതിയാകൂ. സ്വന്തം സര്‍ക്കാരിനെതിരെ ഹര്‍ജി സമര്‍പ്പിച്ച മന്ത്രി തോമസ് ചാണ്ടിക്ക് കൂട്ടുത്തരവാദിത്തവും മുഖ്യമന്ത്രിയില്‍ വിശ്വാസവും ഇല്ലേയെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തോമസ് ചാണ്ടിയെ അയോഗ്യനാക്കാനുള്ള ഏറ്റവും ഉത്തമമായ സമയമാണിതെന്നും കോടതി പറഞ്ഞിരുന്നു. സ്വന്തം സര്‍ക്കാരിനെതിരെ ഏതെങ്കിലും മന്ത്രി ഹര്‍ജി സമര്‍പ്പിച്ചതായി ലോകത്ത് എവിടെയെങ്കിലും കേട്ടുകേള്‍വിയുണ്ടോ എന്നു കോടതി ആരാഞ്ഞിരുന്നു.

സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തമോ വിശ്വാസ്യതയോ അല്ല കോടിക്കണക്കിന് രൂപ വിലമതിക്കുന്ന തന്റെ റിസോര്‍ട്ടും കമ്പനിയുടെ വിശ്വാസ്യതയുമാണ് വലുത് എന്നു തെളിയിക്കുന്നതാണ് തോമസ് ചാണ്ടിയുടെ നിലപാട്. തോമസ് ചാണ്ടിക്ക് രാഷ്ട്രീയ തന്ത്രമോ പരിജ്ഞാനമോ ഇല്ലെന്ന ഒരു വിഭാഗത്തിന്റെ വിമര്‍ശനം ശരിവയ്ക്കുന്നതാണ് ഹര്‍ജി പിന്‍വലിക്കാതെ മുന്നോട്ടുപോകാനുള്ള തീരുമാനം. സാധാരണ കോടതിയില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഏല്‍ക്കുമ്പോള്‍ ഹര്‍ജി പിന്‍വലിച്ച് തിരിച്ചടിയില്‍ നിന്ന് ഒഴിവാകുന്ന രീതിയാണ് ഹര്‍ജിക്കാര്‍ ചെയ്യുക.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.