Thu. Apr 18th, 2024

അധികാരത്തിലിരിക്കുന്ന മന്ത്രി എങ്ങനെയാണ് താന്‍ കൂടി ഭാഗമായ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കുകയെന്ന് ഹൈക്കോടതി

ഭൂമി കയ്യേറ്റ കേസുകളില്‍ മന്ത്രി തോമസ് ചാണ്ടിക്ക് വീണ്ടും ഹൈക്കോടതിയില്‍ തിരിച്ചടി. കലക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത തോമസ് ചാണ്ടിയുടെ റിട്ട് ഹര്‍ജിയുടെ സാധുത കോടതി ചോദ്യം ചെയ്തു. അധികാരത്തിലിരിക്കുന്ന മന്ത്രി എങ്ങനെയാണ് താന്‍ കൂടി ഭാഗമായ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കുകയെന്ന് ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. വ്യക്തിക്കോ സര്‍ക്കാരിനെതിരെ ഹര്‍ജി സമര്‍പ്പിക്കാന്‍ കഴിയൂ. മന്ത്രി ഹര്‍ജി നല്‍കുന്നത് അപൂര്‍വ്വമാണെന്നും ആദ്യം ഇക്കാര്യം വിശദീകരിക്കണമെന്നും കോടതി തോമസ് ചാണ്ടിക്കു വേണ്ടി ഹാജരായ വിവേക് തല്‍ഖയോട് നിര്‍ദേശിച്ചു.

വ്യക്തി എന്ന നിലയിലാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതെന്നും കലക്ടറുടെ റിപ്പോര്‍ട്ട് തോമസ് ചാണ്ടി എന്ന വ്യക്തിക്കെതിരെയാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഹര്‍ജിയുടെ ആദ്യഭാഗത്തു തന്നെ പരാതിക്കാരന്‍ മന്ത്രിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ഭരണസംവിധാനത്തെ മന്ത്രി എങ്ങനെയാണ് ചോദ്യം ചെയ്യുന്നതെന്ന സംശയവും കോടതി ഉന്നയിച്ചു.

കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ എങ്ങനെ ഒരു മന്ത്രിക്ക് ചോദ്യം ചെയ്യാന്‍ കഴിയും. ചീഫ് സെക്രട്ടറി സമര്‍പ്പിക്കേണ്ട ഹര്‍ജിയാണ് മന്ത്രി സമര്‍പ്പിച്ചിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ഒരു മന്ത്രിക്ക് എന്തുകൊണ്ട് സര്‍ക്കാരിനെതിരെ ഹര്‍ജി സമര്‍പ്പിക്കേണ്ടി വന്നു എന്ന സങ്കീര്‍ണമായ കാര്യം കോടതിയില്‍ വിശദീകരിക്കേണ്ടിവരും. സര്‍ക്കാരിനെതിരെ മന്ത്രിക്ക് ഹര്‍ജി നല്‍കാന്‍ നിയമപരമായ സാധുതയുണ്ടോ എന്നാണ് അഭിഭാഷകന് വിശദീകരിക്കേണ്ടി വരിക.

ഇതിനു ശേഷമായിരിക്കും കേസിന്റെ വിശദാംശങ്ങളിലേക്ക് കോടതി കടക്കുക. കഴിഞ്ഞ ദിവസം തോമസ് ചാണ്ടിക്കെതിരായ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഡിവിഷന്‍ ബെഞ്ച് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. മന്ത്രിക്കും പാവപ്പെട്ടവനും രണ്ട് നീതിയാണോയെന്നായിരുന്നു കഴിഞ്ഞ ദിവസം കോടതി വിമര്‍ശിച്ചത്. മന്ത്രിക്ക് കോടതിയില്‍ നിന്ന് ഒരു ആനുകൂല്യവും ലഭിക്കില്ലെന്ന സൂചനയായിരുന്നു കോടതി അന്ന് നല്‍കിയത്.