Fri. Mar 29th, 2024

അനധികൃത മണല്‍വാരല്‍ ചോദ്യം ചെയ്തതിനെതിരെ ദളിത് യുവാക്കളെ വെള്ളത്തില്‍ മുക്കി ബി.ജെ.പി നേതാവിന്റെ ക്രൂര ശിക്ഷ. ഭാരത് റെഡ്ഡിയാണ് മണല്‍ വാരല്‍ ചോദ്യം ചെയ്തതിനെതിരെ യുവാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.ദളിത് യുവാക്കളെ കുളത്തിലിറക്കി ശിക്ഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നതോടെയാണ് പൊതു സമൂഹം ഇക്കാര്യം അറിയുന്നത്. തെലുങ്കാനയിലെ നിസാമാബാദിലാണ് സംഭവം.

മണല്‍ വാരുന്നതിനെതിരെ ചോദ്യം ചെയ്തതോടെ റെഡ്ഡി യുവാക്കളെ ശകാരിക്കുകയും, തുടര്‍ന്ന് വടിയുമായി യുവാക്കളെ തല്ലി ഭീഷണിപ്പെടുത്തിയാണ് ശിക്ഷ നടപ്പിലാക്കിയത്. മണല്‍വാരിയുണ്ടായ വെള്ളക്കുഴിയില്‍ യുവാക്കളെ ഇറക്കി നിര്‍ത്തിയാണ് റെഡ്ഡി ശിക്ഷ നടപ്പാക്കിയത്.

മണ്ണുനിറഞ്ഞ കുളത്തിന്റെ മധ്യത്തിലിറങ്ങിയ യുവാക്കള്‍ റെഡ്ഡിയുമായി സംസാരിക്കാന്‍ ശ്രമിക്കുന്നതും കൈകൂപ്പി അപേക്ഷിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. വെള്ളത്തിലിറങ്ങാനും വെള്ളത്തില്‍ മുങ്ങാനും റെഡ്ഡി ആജ്ഞാപിക്കുന്നുമുണ്ട്. വസ്ത്രങ്ങളും മൊബൈല്‍ഫോണും വെള്ളത്തില്‍ നനച്ച് കുതിര്‍ത്താനും ആവശ്യപ്പെടുന്ന റെഡ്ഡി, യുവാക്കളുടെ എല്ലാ പ്രതിരോധ ശ്രമങ്ങളേയും വടിയുയര്‍ത്തി തടയുന്നുമുണ്ട്.

നിങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്നും മണല്‍ വാരാന്‍ സര്‍ക്കാരിന്റെ അനുമതിയില്ലെന്നും യുവാക്കളില്‍ ഒരാള്‍ പറയുന്നുണ്ട്. റെഡ്ഡിയുടെ കൂടെയുണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്. ഭാരത് റെഡ്ഡി യാത്ര ചെയ്യുമ്പോള്‍ യുവാക്കള്‍ വന്ന് റെഡ്ഡിയെ ചോദ്യം ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിയമ വിരുദ്ധമായ മണലൂറ്റല്‍ ചോദ്യം ചെയ്തതാണ് റെഡ്ഡിയെ പ്രകോപിപ്പിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് ആരും പരാതി നല്‍കിയിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്ന നിലപാടിലാണ് പൊലീസ്. നിസാമാബാദിലെ മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ സംഭവത്തില്‍ ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.