Tue. Apr 23rd, 2024

പയ്യാവൂർ പാറക്കടവിലെ തോണിപറമ്പിൽ ബാബുവിനെ (52) ബുധനാഴ്ച രാവിലെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കാണുന്നത്. ബാബുവിന്റെ ഭാര്യ ആൻസി എന്ന ആനി (39) മാത്രമേ ബാബുവിനൊപ്പം വീട്ടിലുണ്ടായിരുന്നുള്ളൂ.

രാവിലെ ഏഴുമണിയോടെ ആനിയുടെ നിലവിളികേട്ടാണ് നാട്ടുകാർ ഇവിടേക്ക് ഓടിക്കൂടുന്നത്. ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് മരിച്ചുവെന്നാണ് ആനി ഓടിയെത്തിയവരോട് പറഞ്ഞത്. രാത്രിയിൽ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായും രാവിലെ ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞാണ് ഉറങ്ങിയതെന്നും ആനി പറഞ്ഞുവച്ചു.

ആനിയുടെ പെരുമാറ്റത്തിൽ ചിലർക്ക് സംശയം തോന്നിയിരുന്നു. ഈ സംശയം പയ്യാവൂർ പൊലീസിന്റെ കാതിലും എത്തി. അങ്ങനെ എസ്.ഐ ഉഷാദേവി വീട്ടിലെത്തി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയും പോസ്റ്റുമോർട്ടം നടത്തുകയും ചെയ്തതോടെയാണ് സംഭവം ക്രൂരമായ കൊലപാതകമാണെന്ന് വ്യക്തമായത്.

ആനിയെ പൊലീസ് പിടികൂടി ചോദ്യംചെയ്തതോടെ എല്ലാ രഹസ്യവും പുറത്തുവരികയും ചെയ്തു. കാമുകനുമായി സല്ലപിക്കാൻ ഭർത്താവ് തടസമായി നിന്നപ്പോഴാണ് ശ്വാസംമുട്ടിച്ച് കൊലപാതകം നടത്തിയതെന്നാണ് ആനി പൊലീസിനോട് വെളിപ്പെടുത്തിയത്. കൊലപാതകം നടത്താൻ കാമുകനും നാട്ടുകാരനുമായ ജോബിയുടെ (40) സഹായമുണ്ടായിരുന്നതായും വ്യക്തമായി. ഇതോടെ പൊലീസ് ഇയാളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മൂന്ന് ആൺ മക്കളുടെ മാതാവാണ് ആനി. മൂന്നുപേരും ജോലിക്കും പഠനത്തിനുമായി വീടുവിട്ട് താമസിക്കുന്നതിനാലാണ് ബാബുവും ആനിയും വീട്ടിൽ തനിച്ചായത്. ജോബിയും ഭാര്യയും കുട്ടികളുമുള്ളയാളാണ്. ഓട്ടോ ഡ്രൈവറായ ജോബി പെയിന്റിംഗ് ജോലിക്കും പോകാറുണ്ട്. ആനിയുടെ മകൻ വിദേശത്ത് ജോലിക്ക് പോകുന്നതിന് മുമ്പ് ജോബിക്കൊപ്പം പെയിന്റിംഗിന് പോയിരുന്നു. ഇക്കാലത്ത് ഇവരുടെ വീടുമായി ജോബി അടുക്കുകയായിരുന്നു.

ആനിയുമായും സൗഹൃദം നിലനിർത്തിയിരുന്ന ജോബിയെ, പക്ഷേ, ബാബുവിന് ഇഷ്ടമായിരുന്നില്ല. ആനിക്ക് ജോബിയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ പലപ്പോഴും ബാബു വീട്ടിൽ വഴക്കുകൂടാറുണ്ടായിരുന്നു. ഇക്കാര്യം ജോബിയെ ആനി അറിയിച്ചതിനെ തുടർന്നാണ് ഇവരുടെ രഹസ്യബന്ധം ആരംഭിക്കുന്നതെന്നാണ് പറയുന്നത്. രണ്ടു വർഷത്തോളമായി ഇരുവരും പ്രണയത്തിലാണ്.

തന്റെ ഭാര്യയുമായി ജോബി പുലർത്തുന്ന ബന്ധത്തെ ബാബു പലപ്പോഴായി എതിർത്തു. ഒരിക്കൽ പൊലീസിൽ പരാതിയെത്തിയെങ്കിലും ചർച്ചയിലൂടെ പ്രശ്നം ഒത്തുതീർക്കുകയായിരുന്നു. എന്നാൽ, ആനിയും ജോബിയും തമ്മിൽ അടുപ്പം തുടർന്നു. ആദ്യം പള്ളിയിൽ വച്ചു കാണുമ്പോഴും ഫോണിലും തുടർന്നിരുന്ന ബന്ധം കൂടുതൽ ദൃഢമായതോടെ ജോബി ആനിയുടെ വീട്ടിൽ സന്ദർശകനുമായി.

മക്കളെല്ലാം വീട്ടിൽ നിന്നും അകലെ താമസിച്ചതോടെ പലപ്പോഴും പകൽസമയങ്ങളിൽ ആനി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഇരിട്ടി കരിക്കോട്ടക്കരി സ്വദേശിയായ ജോബി വർഷങ്ങൾക്ക് മുമ്പ് പാറക്കടവിൽ താമസം തുടങ്ങുമ്പോൾ ടാപ്പിംഗ് തൊഴിലാണ് ചെയ്തിരുന്നത്. എന്നാൽ, ടാപ്പിംഗ് കുറഞ്ഞതും ശാരീരിക അവശതകളും ഇയാളെ ചിക്കൻ സ്റ്റാൾ ജീവനക്കാരനാക്കി. ഇതോടെ രാവിലെ ജോലിക്ക് പോകുന്ന ബാബു സന്ധ്യമയങ്ങുമ്പോഴാണ് വീട്ടിലേക്കെത്തിയത്. ഈ സന്ദർഭമാണ് ജോബി മുതലെടുക്കാൻ തുടങ്ങിയത്.

അതിനിടെ ജോലി ആവശ്യത്തിന് ജോബി മലേഷ്യയിലേക്ക് പോയി. അപ്പോഴും ആനിയുമായി ഫോണിൽ ബന്ധം പുലർത്തിയിരുന്നു. മൂന്നുമാസം കഴിഞ്ഞ് അടുത്തിടെയാണ് ഇയാൾ നാട്ടിൽ തിരിച്ചെത്തിയത്. ഈ സമയം ശാരീരിക അവശതയെ തുടർന്ന് ബാബു ചിക്കൻ സ്റ്റാളിലെ ജോലിയും ഉപേക്ഷിച്ചിരുന്നു. വിദേശത്തും കോട്ടയത്തുമായി രണ്ട് മക്കൾക്ക് ജോലി ലഭിച്ചതോടെ സാമ്പത്തികമായി കുടുംബം കുറച്ചുമെച്ചപ്പെടുകയും ചെയ്തിരുന്നു.

ബാബു ജോലി ഉപേക്ഷിച്ച് വീട്ടിലിരിപ്പായതോടെ ആനിയും ജോബിയുമാണ് ബുദ്ധിമുട്ടിലായത്. ഇവർക്ക് സല്ലപിക്കാനുള്ള അവസരങ്ങൾ നഷ്ടപ്പെട്ടു. ജോബിയുമായി ഫോണിൽ സംസാരിക്കുന്നതിലും ബാബു വിലങ്ങായി. വീട്ടിൽ ആനി അധികനേരം ഫോണിൽ സംസാരിച്ചാൽ ഭർത്താവ് വഴക്കുമായി എത്തുമെന്ന സ്ഥിതിയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലും ജോബിയെ ആനി ഫോൺ ചെയ്തതുമായി ബന്ധപ്പെട്ട് വീട്ടിൽ വഴക്കുണ്ടായിരുന്നു. ഈ സംഭവം ആനി ഫോണിൽ ജോബിയെ കേൾപ്പിക്കുകയും ചെയ്തു. ഇതുകേട്ടതോടെ ജോബി കുപിതനാവുകയും അയാളെ വകവരുത്തുമെന്ന് പറയുകയും ചെയ്തു. രാത്രി പത്തുമണിയോടെ അയാൾ പിറക് വശത്തെ വാതിൽ വഴി വീടിനുള്ളിലേക്ക് എത്തി. ഈ സമയമാകുമ്പോഴേക്കും ബാബു ഉറങ്ങിയിരുന്നു.

അങ്ങിനെ ഉറങ്ങിക്കിടക്കുന്ന ബാബുവിനെ ഇരുവരും ചേർന്ന് തോർത്ത് മുണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. മരണം ഉറപ്പിച്ച ശേഷം സംഭവം ഹൃദയസ്തംഭനമാണെന്ന് പുറത്തുപറഞ്ഞാൽ മതിയെന്ന് ഇരുവരും തീരുമാനിച്ചു. ഇതിന് ശേഷം ശാരീരിക ബന്ധത്തിലേർപ്പെട്ടതായും പൊലീസ് വെളിപ്പെടുത്തുന്നു. 12 മണിക്ക് ശേഷമാണ് ഈ വീട്ടിൽ നിന്ന് ജോബി തിരിച്ചുപോകുന്നത്.

തിരക്കഥയിലേത്പോലെ രാവിലെ വരെ ബാബുവിന്റെ മൃതദേഹത്തിന് ഒറ്റയ്ക്ക് കാവലിരുന്ന ആനി ഏഴ് മണിയോടെ നിലവിളിച്ച് കരഞ്ഞ് ആളെ കൂട്ടുകയായിരുന്നു. കരച്ചിലിനിടയിൽ ഇടയ്ക്കിടെ ചേട്ടന് രാത്രി നെഞ്ചുവേദന ഉണ്ടായെന്നും ആശുപത്രിയിൽ പോകാൻ പറഞ്ഞപ്പോൾ നാളെ പോകാം എന്നു മറുപടി പറഞ്ഞെന്നും ആനി പിറുപിറുത്തുകൊണ്ടിരുന്നു. ഇതോടെ ബാബുവിന്റെ മരണം ഹൃദയാഘാതമായി പലരും ഉറപ്പിച്ചു.

ബന്ധുക്കളെ വിവരം അറിയിച്ച് വിദേശത്തുള്ള മക്കൾ വരുന്നത് വരെ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് അയൽവാസിയായ ഒരു അദ്ധ്യാപകൻ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് പയ്യാവൂർ പൊലീസിൽ വിവരം അറിയിച്ചത്. മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ മണിക്കൂറുകൾക്കകം പ്രതികൾ പൊലീസ് കസ്റ്റഡിയിലായി.

ബാബുവിന്റെയും ആനിയുടെയും ഇരുപത്തിയഞ്ചാം വിവാഹ വാർഷികം മൂന്നുമാസം മുൻപ് ആഘോഷിച്ചിരുന്നതായി ഇവരുടെ ബന്ധുക്കൾ പറയുന്നു. അപ്പോഴൊക്കെയും ബാബുവിനെ ഇല്ലാതാക്കാൻ താൻ ആഗ്രഹിച്ചിരുന്നതായാണ് ആനി പൊലീസിനോട് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. ജോബിയുമായുള്ള ബന്ധം നിലനിർത്തുന്നതിനും പുറം ലോകം അറിയാതിരിക്കുന്നതിനും ആനി അയൽവാസികളുമായി അകലം പാലിക്കുകയും ചെയ്തിരുന്നു. ഇവരുടെ വീട്ടിൽ പോകുന്നത് ആനിക്ക് ഇഷ്ടമായിരുന്നില്ലെന്ന് അയൽവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.