Thu. Apr 25th, 2024

അപകടത്തില്‍പ്പെടുന്ന വരെ ആശുപത്രിയിലെത്തിക്കുന്ന ആദ്യ നാല്‍പ്പത്തെട്ടു മണിക്കൂര്‍ പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുതെന്ന കേരള സര്‍ക്കാര്‍ ഉത്തരവ് തമിഴകത്ത് ചര്‍ച്ചയാവുന്നു.മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ധീരമായ നടപടിയായാണ് പിണറായി സര്‍ക്കാറിന്റെ നടപടിയെ വിലയിരുത്തുന്നത്.

രാജ്യത്ത് ഏറെ വിവാദം സൃഷ്ടിച്ച തമിഴ് സിനിമ ‘മെര്‍സല്‍’ മുന്നോട്ട് വെച്ച ആശയമാണ് കേരള സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് ചൂണ്ടിക്കാട്ടി കേരളത്തെ മാതൃകയാക്കാന്‍ തമിഴക സര്‍ക്കാറിനോട് നടന്‍ വിജയ് യുടെ ആരാധകര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.

മെര്‍സല്‍ സിനിമയുടെ കഥ വികസിക്കുന്നത് തന്നെ ‘ഒരു വിദ്യാര്‍ത്ഥിക്ക് അപകടം പറ്റുന്നതും പണം മുന്‍കൂട്ടി അടക്കണമെന്ന് പറഞ്ഞ് സ്വകാര്യ ആശുപത്രി അധികൃതര്‍ ഓപ്പറേഷന്‍ വൈകിപ്പിക്കുന്നതും തുടര്‍ന്ന് കുട്ടി മരിക്കുന്നതുമെല്ലാം’ വൈകാരികമായി അവതരിപ്പിച്ചാണ്.

ആരാധനാലയങ്ങളേക്കാള്‍ ആവശ്യം ആശുപത്രികളാണെന്ന നായകന്‍ വിജയ് യുടെ മാസ് ഡയലോഗും ജി.എസ്.ടിക്കെതിരായ പരാമര്‍ശങ്ങളും ചൂണ്ടിക്കാട്ടി ബിജെപി പരസ്യമായി രംഗത്തിറങ്ങിയതോടെ ദേശീയ തലത്തില്‍ തന്നെ മെര്‍സല്‍ ഒരു സംഭവമായി.

നായകന്റെ മതം വെളിവാക്കാന്‍ അദ്ദേഹത്തിന്റെ ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി എച്ച്.രാജയുടെ നടപടിക്കെതിരെയും വ്യാപക പ്രതിഷേധമുയര്‍ന്നു. കേരളത്തിലടക്കം ഇപ്പോഴും പ്രധാന കേന്ദ്രങ്ങളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചു വരികയാണ് ഈ സിനിമ.

അപകടത്തില്‍ പെട്ട് തമിഴ്നാട് സ്വദേശി മുരുകന്‍ സമയത്തിന് ചികിത്സ കിട്ടാതെ ദാരുണമായി മരണപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്തെ ഒറ്റ ആശുപത്രികളും ഇനി മുന്‍കൂട്ടി പണമടക്കാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുതെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി നല്‍കിയിരിക്കുന്നത്.

പണമുള്ളവനായാലും ഇല്ലാത്തവനായാലും ജീവന്റെ വില ഒന്നു തന്നെയാണെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന് കേരളത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.ആദ്യ 48 മണിക്കൂര്‍ നേരത്തെ ചികിത്സക്ക് ചിലവാകുന്ന പണം സര്‍ക്കാര്‍ നല്‍കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്.ഈ തീരുമാനത്തിനാണ് ‘മെര്‍സല്‍ എഫക്ടില്‍’ വലിയ പിന്തുണ തമിഴകത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

നേരത്തെ കേരളത്തിലെ ക്ഷേത്രങ്ങളിൽ അവർണ്ണരായ പൂജാരികൾക്ക് നിയമനം നൽകാൻ എടുത്ത തീരുമാനത്തിനും വലിയ പിന്തുണയാണ് തമിഴകത്ത് നിന്നും ലഭിച്ചിരുന്നത്.മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാറാണ് കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ നേതൃത്വം കൊടുക്കുന്ന സര്‍ക്കാറെന്ന് ചൂണ്ടിക്കാട്ടി തമിഴകത്തെ സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.

നടന്‍ കമല്‍ഹാസന്‍ രൂപം കൊടുക്കുന്ന പുതിയ രാഷ്ട്രീയ മുന്നണിയുടെ ഭാഗമായി തമിഴകത്ത് അട്ടിമറി ലക്ഷ്യമിട്ടാണ് സി.പി.എം നീക്കങ്ങള്‍.