ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ തെളിവ് നല്‍കാന്‍ തന്നെ നിര്‍ബന്ധിച്ചത്‌ രമേശ് ചെന്നിത്തലയെന്ന്‌ സരിത നായര്‍

വളരെ മാന്യമായി ജീവിക്കുന്ന ഒരു സ്ത്രീയാണ് താനെന്ന്‌ സരിത നായര്‍. സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റീസ് ജി. ശിവരാജന്‍ റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ വ്യാപക കുറ്റങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോളാണ് സരിത ഈ കാര്യങ്ങള്‍ പറഞ്ഞത്. തന്നെക്കുറിച്ച് ദുര്‍പ്രചരണങ്ങള്‍ നടത്തിയത് മാധ്യമങ്ങളാണ്.

നിങ്ങള്‍ കരുതുന്നതുപോലെ മോശം രീതിയില്‍ ജീവിക്കുന്ന സ്ത്രീയല്ല ഞാന്‍. ജയിലില്‍ നിന്നിറങ്ങിയതിനുശേഷം എന്നാല്‍ കഴിയുന്ന ചെറിയ ബിസിനസുകളും മറ്റും കൊണ്ട് മാന്യമായാണ് ജീവിക്കുന്നത്. നിയമപോരാട്ടത്തിന് ഫലമുണ്ടായി കാണുന്നതില്‍ അതീവ സന്തോഷവതിയാണ് താനെന്നും സരിത പറഞ്ഞു. ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ തെളിവ് നല്‍കാന്‍ രമേശ് ചെന്നിത്തല നിര്‍ബന്ധിച്ചെന്നും സരിത പറഞ്ഞു.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടക്കുന്ന സമയത്ത് തെളിവുകള്‍ പുറത്തുവിടണമെന്നും ചെന്നിത്തല തന്നോടാവശ്യപ്പെട്ടതായും സരിത മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മൊഴി മാത്രമല്ല, മറ്റ് 246 ആളുകളുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ടെന്നും സരിത കൂട്ടിച്ചേര്‍ത്തു.