സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി ആത്മഹത്യ ചെയ്തതാണെന്ന് ക്രൈംബ്രാഞ്ച്

സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി ആത്മഹത്യ ചെയ്തതാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. ഡിവൈ.എസ്.പി ജോര്‍ജ് ചെറിയാന്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ബലപ്രയോഗമോ പീഡനശ്രമമോ ഉണ്ടായിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഡോക്ടറുടെ മൊഴിയിലും വ്യക്തമാണെന്ന് അന്വേഷണസംഘം അറിയിച്ചു.

കേസില്‍ പ്രതിയായ ക്രോണിന്‍ ഫോണിലും എസ്എംഎസ് മുഖേനയും മാനസികമായി ബുദ്ധിമുട്ടിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.മിഷേലും ക്രോണിനും ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

2017 മാര്‍ച്ച് അഞ്ചിനാണ് മിഷേലിനെ കാണാതായത്. അടുത്ത ദിവസം മൃതദേഹം കൊച്ചി കായലില്‍നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. മിഷേലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം സിബിഐയ്ക്ക് വിടണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.