Thu. Mar 28th, 2024

തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റണമെന്ന് സിപിഎമ്മിനോട് ആവശ്യപ്പെട്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐ എക്സിക്യൂട്ടിവിലെ റിപ്പോര്‍ട്ടിങ്ങിനിടെയാണ് കാനം ഇക്കാര്യം അറിയിച്ചത്. ജാഥ നടക്കുന്നതുകൊണ്ടാണ് വിഷയം നിയമോപദേശത്തിന് വിട്ട് സാവകാശം നേടിയതെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

തോമസ് ചാണ്ടിയെ വച്ചുകൊണ്ട് കൊണ്ട് മന്ത്രിസഭ മുന്നോട്ട് പോവരുതെന്ന ഉറച്ച നിലപാടാണ് കാനം രാജേന്ദ്രന്‍ സി.പി.എമ്മിനെ അറിയിച്ചത്. ഇത് സംബന്ധിച്ച ചര്‍ച്ച സി.പി.ഐ സംസ്ഥാന നേതൃത്വത്തില്‍ തുടരുകയാണ്. അതേസമയം തോമസ് ചാണ്ടിയുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച എല്‍.ഡി.എഫ് അടിയന്തര യോഗം ചേരാനും ധാരണയായിട്ടുണ്ട്.

തോമസ്ചാണ്ടി വിഷയത്തില്‍ അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദിന്റെ നിയമോപദേശവും വെള്ളിയാഴ്ച രാവിലെ തന്നെ സര്‍ക്കാരിന് ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിയമോപദേശകര്‍ അടക്കം ഇക്കാര്യം പരിശോധിച്ച് വരികയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയം ഗുരുതരമാണെന്ന സന്ദേശവും തോമസ് ചാണ്ടിയെ അറിയിച്ചിട്ടുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച നടക്കുന്ന അടിയന്തര എല്‍.ഡി.എഫ് യോഗത്തില്‍ തോമസ് ചാണ്ടിയുടെ വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.