Thu. Apr 25th, 2024

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് മല്‍സരത്തിനില്ലെന്ന് അറിയിച്ചതോടെയാണ് കണ്ണന്താനത്തിന് എതിരാളികള്‍ ഇല്ലാതായത്. രാജസ്ഥാനില്‍ നിന്നാണ് കണ്ണന്താനം രാജ്യസഭയിലെത്തിയത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേര് നാമനിര്‍ദേശം ചെയ്തത്. എന്നാല്‍, രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ സീറ്റിലേക്ക് കണ്ണന്താനം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് അന്യായമാണെന്ന് ബിജെപി എംഎല്‍എ ഘനശ്യാം തിവാരി പറഞ്ഞിരുന്നു.

സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇതുമൂലം നിര്‍ബന്ധിതരായെന്നും തിവാരി വിമര്‍ശിച്ചു. സ്വന്തം നാട്ടില്‍ ജനകീയ പിന്തുണയില്ലാത്തവര്‍ ഇവിടെ വന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് അന്യായമാണെന്നും തിവാരി തുറന്നടിച്ചു.

രാഷ്ട്രീയ പാര്‍ട്ടികളിലെ ജനകീയ പിന്തുണയില്ലാത്ത ചില നേതാക്കള്‍ക്ക് രാജ്യസഭ ഒരു സുരക്ഷിത കേന്ദ്രമാണെന്നും, ഇവരില്‍ മിക്കവര്‍ക്കും അവരവരുടെ സംസ്ഥാനത്ത് നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട് ഒരു കൌണ്‍സിലറോ എംഎല്‍എയോ ആകാന്‍ ശേഷിയില്ലാത്തവരായിരിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജസ്ഥാനില്‍ നിന്ന് കണ്ണന്താനം രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് തിവാരിയുടെ ആരോപണങ്ങള്‍.