Thu. Apr 25th, 2024

ഗെയ്ല്‍ പൈപ്പ് ലൈന്‍ ആര്‍ക്കുവേണ്ടിയാണ്? ആരാണ് ഇതിന്റെ ഉപഭോക്താക്കള്‍? ആര്‍ക്ക് ഗ്യാസ് ലഭിക്കാനാണ് ഈ പദ്ധതി? വീടുകളില്‍ നേരിട്ട് ഗ്യാസ് എത്തിക്കാനാണ് പദ്ധതി എന്നാണ് പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്. തെറ്റായ ധാരണയാണ് പ്രചരിപ്പിക്കുന്നത്. കാരണം, ഈ പൈപ്പ് ലൈന്‍ വഴി കൊണ്ടുപോകാന്‍ ഉദ്ധേശിക്കുന്നത് എല്‍എന്‍ജിയാണ്. നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്നത് എല്‍പിജിയാണ്. ഇത് രണ്ടും രണ്ട് കെമിക്കലാണ്.

ഈ ഗ്യാസ് വീടുകളിലേക്ക് കണക്ട് ചെയ്യാന്‍ പറ്റില്ല. ഈ പൈപ്പ് ലൈന്‍ മംഗലാപുരത്ത് എത്തുന്നതോടെ എല്ലാവര്‍ക്കു ഗ്യാസ് കിട്ടുമെന്ന തെറ്റിദ്ധാരണ ബോധപൂര്‍വ്വം പരത്തുകയാണ്. ആ പ്രചരണം ശാസ്ത്രീയമായി തെറ്റാണ്. ഗെയ്ല്‍ വിരുദ്ധ സമരത്തിനെതിരെ പൊതുബോധത്തെ തിരിച്ചുവിടുന്നത് ഇത്തരം അശാസ്ത്രീയ പ്രചാരണം നടത്തിയാണ്. എല്ലാ വീടുകളിലും നേരിട്ട് ഗ്യാസ് എത്തിക്കുന്ന തരത്തിലുളള വികസനം നടത്താനാണ് ഗെയ്ലും സര്‍ക്കാറും ശ്രമിക്കുന്നതെന്നും ഭൂമി വിട്ടുകൊടുക്കാന്‍ മടികാണിക്കുന്നവരാണ് സമരം നടത്തുന്നതെന്നും വരുത്തിതീര്‍ക്കാനുളള ശ്രമത്തിന്റെ ഭാഗമാണിത്. അതുകൊണ്ട് തന്നെ ആര്‍ക്കാണ് ഈ പദ്ധതി ഗുണം ചെയ്യുക എന്നത് മുഖ്യ ചോദ്യമായി നിലനില്‍ക്കുന്നു. കേരളത്തില്‍ കൊച്ചിക്ക് വടക്കോട്ട് ഇതിന് ഉപഭോക്താക്കളില്ലെന്നതാണ് സത്യം.

കേരളത്തിന്റെ വികസനത്തിനു ഗെയ്ല്‍ അനിവാര്യമാണെന്ന പ്രചാരണം ശക്തമാവുമ്പോള്‍ തന്നെ ആരാണ് ഗുണഭോക്താക്കള്‍? എന്തു വികസനമാണ് കേരളത്തില്‍ ഇതുകൊണ്ട് ഉണ്ടാവുക എന്ന് അന്വേഷിക്കേണ്ടതുണ്ട്. ഇത് മംഗലാപുരത്തെ കുറച്ച് വന്‍കിട എജന്‍സികള്‍ക്ക് ഗ്യാസ് നല്‍കാനുളള പദ്ധതി മാത്രമാണെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്.

ഈ വാതകത്തിന്റെ ഉപഭോക്താക്കള്‍ രാസവ്യവസായികളും താപനിലയങ്ങളുമാണ്. നേരത്തെ, കോട്ടക്കല്‍ ആര്യവൈദ്യശാല ഈ പൈപ്പ്ലൈനില്‍ നിന്നും ഗ്യാസ് വാങ്ങുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ തിരുമാനം പിന്‍വലിച്ചു. ചീമേനി താപവൈദ്യുതി നിലയം ഇതിന്റെ ഗുണഭോക്തൃപട്ടികയില്‍ ഉണ്ടായിരുന്നു. പക്ഷെ, ഇപ്പോള്‍ ആ പദ്ധതി തന്നെ ഉപേക്ഷിച്ച മട്ടിലാണ്. അപ്പോള്‍, ഈ പദ്ധതിയുടെ ഗുണം പൂര്‍ണ്ണമായും മംഗലാപുരത്തെ രാസ-താപ വ്യവസായത്തിനുളളതാണ്.

അതിനുവേണ്ടി കേരളത്തിന്റെ ഈ 500 കിലോമീറ്റര്‍ ദൂരം ഇത്രയും അധികം ജനങ്ങളെ ബുദ്ധിമുട്ടിച്ച് സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടാക്കി ആളുകളെ തല്ലി ഓടിച്ചിട്ട് വേണമോ ഇതു സ്ഥാപിക്കാന്‍? അതുപോലെ ഈ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ വേണ്ടത്ര സുരക്ഷമാര്‍ഗ്ഗങ്ങള്‍ പാലിച്ചിട്ടുണ്ടോ? 1963ലെ ആക്ട് പ്രകാരവും ഈ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് ശരിയല്ല. ആ ആക്ട് ലിക്യുഫൈഡ് പെട്രോളിയം വിതരണം ചെയ്യുന്നതുമായി ബന്ധപെട്ട ആക്ട് ആണ്. ആ ആക്ടില്‍ ജനവാസമേഖലയിലൂടെ വാതക പൈപ്പ്‌ലൈന്‍ കൊണ്ടുപോകാന്‍ പാടില്ലെന്ന് കൃത്യമായി പറയുന്നുണ്ട്.

അതില്‍ പറഞ്ഞ ലിക്യുഫൈഡ് ഗ്യാസിനേക്കാള്‍ എത്രയോ മടങ്ങ് അപകടകരമായ ഹൈ പ്രഷര്‍ ഗ്യാസാണ് ഇത്. 125 കിലോഗ്രാം പെര്‍ സെന്റിമീറ്റര്‍ സ്‌ക്വയര്‍ ആണ് ഇതിന്റെ പ്രഷര്‍. നമ്മുടെ വീടുകളില്‍ പാചകത്തിനായി ഉപയോഗിക്കുന്ന ഗ്യാസിനേക്കാള്‍ 25 മടങ്ങ് പ്രഷര്‍ ആണ് ഇതിനുളളത്. അത്രയും അപകടരമായ ഈ ഗ്യാസ് കൊണ്ടുപോവുന്നതിനുളള മാനദണ്ഡങ്ങള്‍ എന്താണ്? അമേരിക്ക അടക്കമുളള രാജ്യങ്ങളില്‍ ഇത്തരം പൈപ്പ്‌ലൈന്‍ കൊണ്ടുപോകാന്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ മാനദണ്ഡമുണ്ട്. അത്തരത്തിലുളള ഏതെങ്കിലും ഒരു സുരക്ഷാമാനദണ്ഡം നമ്മള്‍ പാലിക്കേണ്ടതില്ലേ? എന്നാല്‍ അത്തരത്തിലുളള ഒരു മാനദണ്ഡവും ഇവിടെ പാലിക്കുന്നില്ല.

രാജ്യത്തെ നിലവിലെ നിയമം പോലം ലംഘിച്ചുകൊണ്ടാണ് ഈ പൈപ്പ്ലൈന്‍ മുന്നോട്ട് കൊണ്ട് പോകുന്നത്. ഇതിന്റെ സുരക്ഷ സംമ്പന്ധിച്ച് ഒരു ഉറപ്പും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സാധാരണരീതിയില്‍ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് എതെങ്കിലും ഒരു സ്റ്റാന്‍ഡേര്‍ഡ് വെച്ചു പറയണം. ഈ പൈപ്പ്‌ലൈന്‍ സുരക്ഷിതമാണ് എന്നു പറയുന്നത് ഏത് സ്റ്റാന്‍ഡേര്‍ഡ് വെച്ചാണ്? ജനവാസ കേന്ദ്രങ്ങളിലൂടെ ഈ പൈപ്പ്ലൈന്‍ കടന്നുപോയാല്‍ അപകടം ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്താന്‍ ഏത് സുരക്ഷാ സ്റ്റാന്‍ഡേര്‍ഡ് ആണ് സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത്? ഇത്തരം പൈപ്പ്ലൈനുകള്‍ പൊട്ടി ഇന്ത്യയില്‍ തന്നെയും ലോകത്തിന്റെ പല ഭാഗങ്ങളിലും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ജനസാന്ദ്രത അനുസരിച്ചായിരിക്കണം ഇതിന്റെ വാല്‍വ് സറ്റേഷനുകള്‍ സ്ഥാപിക്കാന്‍ എന്നതാണ് സുരക്ഷയുമായി ബന്ധപെട്ട മറ്റൊരു കാര്യം. ചോര്‍ച്ച ഉണ്ടായാല്‍ അതിന്റെ രണ്ടറ്റത്തേയും വാല്‍വുകള്‍ പെട്ടെന്ന് അടക്കുകയാണ് മാര്‍ഗ്ഗമുളളൂ. രണ്ട് വാല്‍വുകള്‍ക്കിടയിലുളള ഗ്യാസ് കത്തിത്തീരുന്നതുവരെ അങ്ങോട്ട് അടുക്കാന്‍ കഴിയില്ല. കണ്ണൂര്‍ ചാലയിലും കരുനാഗപളളിയിലും നമ്മള്‍ കണ്ടത് അതാണ്. വാല്‍വുകള്‍ക്കിടയില്‍ ശേഷിക്കുന്ന ഗ്യാസ് കത്തിതീരുന്നതുവരെ കാത്തിരുന്നാല്‍ ജനസാന്ദ്രത കൂടുതുലുളള മേഖലകളിലെ സ്ഥിതി എന്തായിരിക്കും? മാത്രമല്ല, രണ്ട് വാല്‍വുകള്‍ക്കിടയിലുളള ദൂരം 10 കിലോമീറ്ററോ 20 കിലോമീറ്ററോ ദൂരം ആകുമ്പോള്‍ പുറത്തുവരുന്ന ഗ്യാസിന്റെ അളവ് ഇരട്ടിയാകും. എത്ര ഗ്യാസ് പുറത്തുവരുന്നു എന്നതാണ് അതിന്റെ വ്യാപന ശേഷി നിര്‍ണ്ണയിക്കുന്നത്. ആഘാതത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതും അതു തന്നെയാണ്.

അതുകൊണ്ടു തന്നെ ആ പ്രദേശത്തെ ജനസാന്ദ്രത അനുസരിച്ചായിരിക്കണം വാല്‍വിന്റെ ദുരപരിധി നിശ്ചയിക്കേണ്ടതുപ്പോലും. ഇവിടെ ആദ്യം പറഞ്ഞത് വാല്‍വ് 24 കിലോമീറ്റര്‍ ദൂരത്തിനിടെ സ്ഥാപിക്കുമെന്നും ഇപ്പോള്‍ 17 കിലോമീറ്റര്‍ ദൂരം എന്നും പറയുന്നു. എന്തടിസ്ഥാനത്തിലാണ് ഇവിടെ വാല്‍വിന്റെ ദൂരപരിധി നിശ്ചയിക്കുന്നത്? ഏത് ജനസംഖ്യാ ആഘാതപഠനമാണ് ഇവിടെ നടത്തിയിട്ടുളളത്. ഇതെല്ലാം അടിസ്ഥാന സുരക്ഷാമാനദണ്ഡങ്ങളാണ്. ഇവിടെ സുരക്ഷ സംബന്ധിച്ച് ഗ്യാരണ്ടി തരുന്ന ശാസ്ത്രീയമായ ഒരു മാനദണ്ഡവും സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നില്ല. ഗെയ്ല്‍ ഉറപ്പു നല്‍കുന്നുവെന്നാണ് ആകെ നല്‍കുന്ന ഉറപ്പ്. അതെങ്ങനെയാണ് ജനങ്ങള്‍ വിശ്വസിക്കുക.

ഒരു സ്വിച്ച് നിര്‍മ്മിക്കുകയാണെങ്കില്‍ അതിനുവരെ ഐഎസ്ഐ സ്റ്റാന്‍ഡേര്‍ഡ് നല്‍കാറുണ്ട്. ഏതെങ്കിലും ഒരു സ്റ്റാന്‍ഡേര്‍ഡ് നല്‍കാതെ നാം എങ്ങനെ ഗെയ്ലിന്റെ സുരക്ഷാ ഗ്യാരണ്ടിയില്‍ വിശ്വസിക്കും? സുരക്ഷ സംബന്ധിച്ച് അടിസ്ഥാന മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഈ സാഹചര്യം ജനങ്ങളില്‍ ഭീതി ഉണ്ടാക്കുന്നുണ്ട്.

അതുപോലെ തന്നെയാണ് ഭുമിയുമായി ബന്ധപ്പെട്ട പ്രശ്നം. ഇവിടെ ഗെയ്ല്‍ പദ്ധതിക്കു വേണ്ടി സര്‍ക്കാര്‍ ഭുമി ഏറ്റെടുക്കുന്നില്ല. റൈറ്റ് ഓഫ് വെ എന്ന രീതിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. എന്നുവെച്ചാല്‍ ഭൂമിയില്‍ പൈപ്പ് ഇടാനുളള അവകാശം മാത്രം സര്‍ക്കാറിനു നല്‍കുന്നു. കേട്ടാല്‍ വളരെ നല്ല ആശയമാണ്. ഭൂമി നമ്മുടേത് തന്നെയാണ്. പക്ഷ, ആ ഭുമികൊണ്ട് നമുക്ക് എന്താണ് പ്രയോജനം?

കേരളത്തില്‍ എല്ലാവര്‍ക്കും തുണ്ട് ഭുമിയാണുളളത്. ആ തുണ്ട് ഭുമിയിലൂടെ ഇങ്ങനെ ഒരു പൈപ്പ്ലൈന്‍ പോയാല്‍ എന്തായിരിക്കും സ്ഥിതി? ആകെ പത്ത് സെന്റ് ഭൂമിയുളളതില്‍ അഞ്ച് സെന്റ് ഭൂമിയില്‍ കൂടി പൈപ്പ്ലൈന്‍ കടന്നുപോയാല്‍ ആ ഭുമിയില്‍ പിന്നെ എന്തുചെയ്യാനാണ്. പേരിന് ഉടസ്ഥാവകാശം ഉണ്ടെന്നത് ശരി തന്നെയാണ്. ആ ഭുമി കുഴിച്ച് ശവമടക്കാന്‍ പോലും പറ്റുമോ? ഒന്നരടി താഴ്ചയിലൂടെയാണ് പൈപ്പ്ലൈന്‍ പോകുക. ആ പൈപ്പിലേക്ക് വേരുകള്‍ എത്തുന്ന ഒരു മരവും നടാന്‍ പാടില്ല. കെട്ടിടം പണിയാന്‍ പാടില്ല. ഇക്കാര്യത്തില്‍ ജനങ്ങളുടെ പ്രശ്നം മനസിലാക്കാതെ ഏകപക്ഷീയമായ തിരുമാനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ ജനങ്ങളുമായി നടത്തുന്ന ചര്‍ച്ചകള്‍ പോലും നാടകങ്ങളോ പ്രഹസനങ്ങളോ ആയി മാറുകയാണ്.

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ്, പദ്ധതി തടഞ്ഞാല്‍ രാജ്യദ്രോഹ കുറ്റമാകുമെന്നല്ലാമാണ് ജില്ല കലക്ടര്‍ പറയുക. ഈ സമരത്തിലും തീവ്രവാദമുദ്രകള്‍ ചാര്‍ത്തുന്നു! മുത്തങ്ങയിലും ചെങ്ങറയിലും പ്ലാച്ചിമടയിലുമെല്ലാം ഇതുപോലെ സമരക്കാരെ തീവ്രവാദികളാക്കിയിരുന്നു. അതുതന്നെയാണ് ഇവിടെയും ആവര്‍ത്തിക്കുന്നത്. തീവ്രവാദമുദ്ര കുത്തുക വഴി പൊലിസിനു സമരത്തെ അടിച്ചമര്‍ത്തുക എളുപ്പമാകുന്നു. കേന്ദ്രസര്‍ക്കാര്‍ സംശയത്തിന്റെ നിഴലില്‍പെട്ടവരെ തീവ്രവാദികളാക്കുന്നതു പോലെതന്നെയാണ് ഇവിടെയു സമരം നടത്തുന്നവരെ ഭീകരവാദികളാക്കുന്നതും.

ഇവിടെ പ്രതിപക്ഷത്ത് നില്‍ക്കുമ്പോള്‍ ഒരു നിലപാടും ഭരണപക്ഷത്ത് നില്‍ക്കുമ്പോള്‍ മറ്റൊരു നിലപാടും സ്വീകരിക്കുന്നത് സെലക്ടീവ് അംനേഷ്യ എന്ന രോഗത്തിന്റെ ലക്ഷണമാണന്നേ പറയനുളളൂ. സിപിഎം പ്രതിപക്ഷത്തിരുന്നപ്പോള്‍ വിതരണം ചെയ്ത ലഘുലേഖകളും നോട്ടീസുകളും ഇപ്പോള്‍ കിട്ടാനുണ്ട്. അന്ന് അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ അവര്‍ക്ക് തന്നെ ഉത്തരം ലഭിച്ചിട്ടുണ്ടോ? ആ ചോദ്യങ്ങള്‍ ഇപ്പോള്‍ അവരെ അസ്വസ്ഥരാക്കുന്നുണ്ട്. ഞങ്ങള്‍ ഒരിക്കലും സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. ഇന്നലെ മുക്കത്തെ എരഞ്ഞിമാവില്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെ കൂട്ടം കൂട്ടമായി സമരപന്തലില്‍ എത്തി. കാരണം അവരുടെ ഭുമി പോകുന്നുണ്ട്. എല്ലാറ്റിനും ഉപരിയായി, ഈ പദ്ധതിയില്‍ വലിയ തോതിലുളള അഴിമതി ഉണ്ട് എന്നതാണ്.

പൈപ്പ് കമ്പനികളുമായി നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ കരാറിലെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് രാഷ്ട്രീയപാര്‍ട്ടികള്‍ നിലപാട് മാറ്റിക്കൊണ്ടിരിക്കുന്നത്. പക്ഷെ, രാഷ്ട്രീയപാര്‍ട്ടികള്‍ നിലപാട് മാറ്റികൊണ്ടിരിക്കുമ്പോഴും ജനങ്ങള്‍ അവരുടെ നിലപാട് മാറ്റുന്നില്ലെന്നത് അവര്‍ ഓര്‍ക്കേണ്ടതുണ്ട്.