Friday, May 20, 2022

Latest Posts

പരിസ്ഥിതിസ്നേഹം പ്രസംഗമല്ല; ഏറ്റവും കൂടുതൽ ഫണ്ട് കിട്ടുന്നത് പാരിസ്ഥിതിക എൻ ജി ഒ കൾക്ക്

✍️ ലിബി.സി എസ്

പ്രസംഗിക്കാൻ ആർക്കുംപറ്റും. എന്നാൽ ജീവിതത്തിൽ അത്‌ പ്രാവർത്തികമാക്കുക എന്നത്‌ ശ്രമകരം തന്നെയാണ്‌. ഏറ്റവും കൂടുതൽ ഫണ്ടിങ് ലഭിക്കുന്നത് പാരിസ്ഥിതിക എൻ ജി ഒ കൾക്കാണ് എന്നതിനാൽ ലോകമെമ്പാടും തന്നെ പരിസ്ഥിതിസ്നേഹം കൊട്ടിഘോഷിച്ചു നടക്കുന്ന വമ്പന്മാരെക്കൊണ്ട്‌ തട്ടിയും മുട്ടിയും നടക്കാൻ കഴിയാത്ത അവസ്ഥയാണ്‌ ഇന്ന്‌. പക്ഷെ ‘വെള്ളം വെള്ളം സർവ്വത്ര തുള്ളികുടിക്കാൻ ഇല്ലത്രേ’  എന്നുള്ള പഴഞ്ചൊല്ലിനെ ഓർമ്മിപ്പിക്കുന്ന വിധത്തിലാണെന്നുമാത്രം. ആവശ്യത്തിന്‌ ഒരൊറ്റയെണ്ണമില്ല. പുറത്തു മരം നടുന്നവർ പുറകുവശത്തുകൂടി അതുവെട്ടി മാളികപണിയും. പിന്നെന്തുകാര്യം?

ഒട്ടുമിക്കവരും ഇങ്ങനാണെങ്കിലും മരുന്നിന്‌ ചിലതെങ്കിലും ഉണ്ടെന്നുള്ളത്‌ വളരെ ആശ്വാസം നൽകുന്ന കാര്യമാണ്‌. സാലുമരാട തിമ്മക്ക… പരിസ്ഥിതിസ്നേഹം ജീവിതിത്തിലാകമാനം സൂക്ഷിച്ച ഒരു വ്യക്തിയാണവർ. സംരക്ഷണ പ്രവർത്തനത്തിൽ മാതൃകയായി ആഗോള അംഗീകാരം നേടിയ കർണ്ണാടകത്തിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകയാണ്‌ സാലുമരാട തിമ്മക്ക. ഈ 105-ാ‍ം വയസ്സിലും പരിസ്ഥിതിയെ ആത്മാർഥമായി സ്നേഹിക്കുന്ന ഈ വൃദ്ധ അനുകരണങ്ങളില്ലാത്ത മാതൃകയാണ്‌.

ബിബിസി പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള വനിതകളുടെ പട്ടികയിലാണ്‌ കർണാടകയിലെ കുഗ്രാമത്തിൽനിന്നുള്ള 105 വയസുകാരി ഇടം പിടിച്ചത്‌. രാഷ്ട്രീയ, സാമൂഹിക, കലാ, സാംസ്കാരിക രംഗത്ത്‌ മുൻനിരയിലുള്ള ശക്തരായ അഞ്ചുവനിതകളാണ്‌ ഇന്ത്യയിൽനിന്നുള്ള പട്ടികയിലുള്ളത്‌. സ്വന്തം മക്കളുടെ സ്ഥാനത്താണ്‌ ഇവർ വൃക്ഷങ്ങളെ കാണുന്നത്‌. മക്കളെപ്പോലെ വൃക്ഷങ്ങളെ വളർത്തി സംരക്ഷിക്കും. രാമനഗര ജില്ലയിലെ ഹുളിഗൽ ഗ്രാമത്തിൽ ജനിച്ച തിമ്മക്കയ്ക്ക്‌ പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാതിരുന്നിട്ടും മരങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ വളരെ ചെറുപ്പംമുതൽക്കെ നല്ല ബോധ്യമുണ്ടായിരുന്നു

കൂലിപ്പണിക്കാരനായ ചിക്കയ്യയെ വിവാഹം കഴിച്ചതോടെ ഒഴിവുനേരങ്ങളിൽ ഇരുവരുംചേർന്നു വീട്ടിലേക്കുള്ള വഴിയിൽ അരയാൽ തൈകൾ നട്ടുപിടിപ്പിച്ചു തുടങ്ങി. കുട്ടികളില്ലാത്ത ഈ ദമ്പതികൾ അതിന്റെ വിഷമം തീർക്കാൻ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. കുടത്തിൽ വെള്ളവുമായി കിലോമീറ്ററുകളോളം നടന്നുപോയി അവയെ നനച്ചു പരിപാലിക്കുകയും ചെയ്തു. ഭർത്താവ്‌ മരിച്ച്‌ ഇരുപതു വർഷമായെങ്കിലും തിമ്മക്ക ഇതെല്ലാം ഇന്നും തുടരുകയാണ്‌. പിന്നീട്‌ ഒരു മകനെ ദത്തെടുത്തു. തിമ്മക്കയുടെ പ്രവർത്തനങ്ങൾക്കു കൂട്ടായി ഇപ്പോൾ മകൻ ഉമേഷുമുണ്ട്‌.

ഗ്രാമവാസികൾതന്നെയാണ്‌ തിമ്മക്കയുടെ പരിസ്ഥിതി പ്രവർത്തനങ്ങളെ മാനിച്ച്‌ അവർക്ക്‌ ‘സാലുമരാട’ തിമ്മക്ക എന്നപേരു നൽകി ആദരിച്ചത്‌. ‘സാലുമരാട’ എന്നാൽ കന്നഡ ഭാഷയിൽ നിരനിരയായി നിൽക്കുന്ന മരങ്ങൾ എന്നാണ്‌ അർഥം.1996-ൽ നാഷണൽ സിറ്റിസൺ അവാർഡ്‌ ലഭിച്ചതോടെയാണ്‌ തിമ്മക്കയുടെ പ്രവർത്തനങ്ങളെക്കുറിച്ച്‌ പുറംലോകം അറിഞ്ഞു തുടങ്ങിയത്‌. പിന്നീടങ്ങോട്ട്‌ കർണാടക കൽപവല്ലി അവാർഡ്‌, വിശ്വാത്മാ അവർഡ്‌, ഇന്ദിരാപ്രിയദർശിനി വൃക്ഷമിത്ര അവാർഡ,്‌ നാദോജ അവാർഡ്‌ തുടങ്ങി അവാർഡുകളുടെ ഒരു നീണ്ട നിരതന്നെ തിമ്മക്കയെ തേടിയെത്തി. സ്വന്തം ഗ്രാമത്തിൽ മഴവെള്ളസംഭരണി സ്ഥാപിക്കുന്നതിലും തിമ്മക്ക പ്രധാന പങ്കുവഹിച്ചു.

ഇവരുടെ പരിസ്ഥിതി പ്രവർത്തനങ്ങളെ മാനിച്ച്‌, യുഎസ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പരിസ്ഥിതിസംഘടനയ്ക്ക്‌ തിമ്മക്കയുടെ പേരുനൽകി ആദരിച്ചിരുന്നു.384 അരയാൽ മരങ്ങളാണ്‌ തിമ്മക്ക അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ഗ്രാമത്തിലെ റോഡിനിരുവശവും വെച്ചുപിടിപ്പിച്ചത്‌.50 വർഷങ്ങൾകൊണ്ട്‌ ഇവർ നട്ട ആൽമരങ്ങൾക്ക്‌ 498 കോടി രൂപയാണ്‌ സർക്കാർ മതിപ്പുവില പറയുന്നത്‌. വിദേശത്തെ പരിസ്ഥിതിസംഘടനകളും സർവകലാശാലകളും തിമ്മക്കയുടെ ജീവിതം പഠനവിഷയമാക്കിയിരുന്നു.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.