Fri. Mar 29th, 2024

✍️ ഡോ. ഹരികുമാർ വിജയലക്ഷ്മി

1696വരെ കേരളത്തിൽ നിലനിന്നിരുന്ന ഒരു സാമൂഹ്യാചാരമായിരുന്നു പുലപ്പേടിയും മണ്ണാപ്പേടിയും. അവർണ്ണജാതരായ പുലയസമുദായത്തിലേയോ, മണ്ണാൻ സമുദായത്തിലേയോ പുരുഷന്മാർ സവർണ്ണ ജാതിയിലെ നായർ സ്ത്രീകളെ ഇതിലൂടെ സ്വന്തമാക്കിയിരുന്നതായി ചരിത്രം പറയുന്നു. ഒരുകാലത്ത് ഈ ആചാരം കേരളത്തിലെ നായർസ്ത്രീകളുടെ പേടിസ്വപ്നമായിരുന്നു. ഒരു പ്രത്യേക മാസത്തിൽ (പല പ്രദേശത്തും പലരീതിയിൽ; കർക്കിടകമാസം ആണന്നു വിഭിന്നാഭിപ്രായം) രാത്രികാലങ്ങളിൽ മാത്രം നായർ സ്ത്രീകളെ തൊട്ട് ഭ്രഷ്ടരാക്കി സ്വന്തമാക്കാനുള്ള അവകാശം താഴ്ന്ന ജാതിക്കാരായ മണ്ണാന്മാർക്കും, പുലയർക്കും അനുവദിച്ചു കൊടുത്തിരുന്നു. ഈ ആചാരം പേടിച്ച് സ്ത്രീകൾ ആരും തന്നെ ആ ദിവസങ്ങളിൽ പുറത്തിറങ്ങാറില്ലായിരുന്നു. പുരുഷന്റെ അനുവാദമില്ലാതെ സ്തീകൾ രാത്രിയിൽ പുറത്തു പോകുന്നതു തടയാനായി എടുത്ത തീരുമാനം ഒരു ആചാരമായി മാറിയതാവാം ഇത് എന്നാണ് കരുതുന്നത് കേരളം സന്ദർശിച്ച മദ്ധ്യകാലസഞ്ചാരികൾ മുതൽ പലരും വിവരിച്ചിട്ടുള്ള ഒരാചാരമായിരുന്നു ഇത്.

1696-ൽ തിരുവിതാംകൂറിൽ രവിവർമ്മ പുലപ്പേടി നിരോധിച്ചുകൊണ്ട് കല്പന പുറപ്പെടുവിക്കുകയുണ്ടായി. പുലപ്പേടി നിരോധിച്ചതിനെതിരെ ഒരു ‘പുലയകലാപം’ നടന്നുവെന്നും അത് അടിച്ചമർത്തപ്പെട്ടുവെന്നും ‘വലിയകേശിക്കഥ’ എന്ന തെക്കൻപാട്ടിൽ വിവരിക്കുന്നുണ്ട്.

സന്ധ്യകഴിഞ്ഞ് വീടിന്റെ പരിസരത്ത് ഒളിച്ചിരിക്കുന്ന താണജാതിയിൽപ്പെട്ട പുരുഷന്മാർ വീടിനുപുറത്ത് ഇറങ്ങുന്ന സ്ത്രീകളെ സ്പർശിക്കുകയോ, കല്ലോ കമ്പോ കൊണ്ട് എറിഞ്ഞു കൊള്ളിക്കുകയോ ചെയ്താൽ മതിയായിരുന്നു ഈ സ്ത്രീകളെ അവർക്കു സ്വന്തമാക്കാൻ. ഇങ്ങനെ സ്ത്രീകളെ സ്പർശിച്ച ശേഷം ‘കണ്ടേ കണ്ടേ’ എന്നു വിളിച്ചു പറയുന്നതോടെ ആ സവർണ്ണസ്ത്രീ ഭ്രഷ്ടയായി എന്നു വിധിക്കപ്പെടുന്നു. പിന്നീട് ആ സ്ത്രീ തന്നെ കണ്ട മണ്ണാനോടോ പുലയനോടോ ഒപ്പം ആജീവനാന്തം താമസിക്കണം. ഏതെങ്കിലും സ്ത്രീകൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചാൽ അവളെ ബന്ധുക്കൾ ചേർന്നു തന്നെ വധിക്കുമായിരുന്നു.

രവി വർമ്മ എന്ന ഇരവി വർമ്മയും കേരള വര്‍മ്മയും



1684 മുതൽ 1718 വരെ വേണാട് ഭരിച്ചിരുന്ന രാജാവാണ് രവി വർമ്മ എന്ന ഇരവി വർമ്മ. വേണാട് ഭരിച്ച അശ്വതി തിരുനാൾ ഉമയമ്മ റാണിയുടെ മകനാണ് രവി വർമ്മ. ആദിത്യവർമ്മ മരിക്കുമ്പോൾ വേണാട്ടിൽ പുരുഷ സന്താനങ്ങൾ ഇല്ലാതിരുന്നതിനാൽ രവി വർമ്മയുടെ മാതാവ് ഉമയമ്മ റാണി രാജഭരണം ഏറ്റെടുത്തു. 1678-ൽ രവി വർമ്മ ജനിക്കുകയും അദ്ദേഹത്തിനുവേണ്ടി ഉമയമ്മ റാണി റിജന്റായി ഭരണം തുടരുകയും ചെയ്തു.

രവി വർമ്മ അദ്ദേഹത്തിന്റെ പതിനാറാം വയസ്സിലാണ് (കൊല്ലവർഷം:859 /ക്രി.വർഷം:1684) വേണാടിന്റെ രാജഭരണം നേരിട്ട് ഏറ്റെടുത്തത്. വടക്കേ മലബാറിലെ കോട്ടയം രാജവംശത്തിൽ നിന്നും വേണാട്ടിലേക്ക് ദത്തെടുത്ത കേരളവർമ്മയുടെ പൂർണ്ണ സഹായം രവിവർമ്മയ്ക്ക് തന്റെ ഭരണം സുഗമമാക്കാൻ ഉപകരിച്ചു. ഭരണകാര്യങ്ങളിൽ കൂടുതലായി രവിവർമ്മയെയും ഉമയമ്മ റാണിയെയും സഹായിച്ച കേരളവർമ്മ, സ്വന്തം നയങ്ങൾ മൂലം നാട്ടുകാരുടെ ഇടയിൽ അനഭിമതനായി മാറിക്കൊണ്ടിരുന്നു. തുടർന്ന് കേരള വർമ്മയ്ക്കെതിരെ ഗൂഢാലോചനകൾ നടക്കുകയും, 1696-ൽ (കൊല്ലവർഷം:871) സ്വന്തം കൊട്ടാര വളപ്പിനുള്ളിൽ വെച്ച് അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. നീണ്ട 34 വർഷങ്ങൾ രാജ്യം ഭരിച്ച രവി വർമ്മ 1718-ൽ അന്തരിച്ചു. അദ്ദേഹത്തിനുശേഷം വേണാട് ഭരിച്ചത് കോലത്തുനാട്ടിൽ നിന്നും ദത്തെടുത്ത രാജകുമാരന്മാരിൽ മൂത്തവനായ ഉണ്ണി കേരള വർമ്മയാണ്.

കോട്ടയത്ത് കേരളവർമ്മ



പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവിയും രാജ്യതന്ത്രജ്ഞനുമാണ് കോട്ടയത്ത് കേരളവർമ്മ തമ്പുരാൻ എന്നറിയപ്പെടുന്ന കേരളവർമ്മ.[1][2] 1645-ൽ ജനിച്ച് 1696-ൽ മരണമടഞ്ഞ ഇദ്ദേഹം[1], ഉമയമ്മ റാണിയുടെ പ്രധാന സൈനികോപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്.[1][3] കവിയും സൈനിക കാര്യോപദേഷ്ടാവും എന്നതിനും പുറമേ, സംഗീതവിദ്വാനും ആയിരുന്ന അദ്ദേഹത്തിന്റെ പ്രധാന കൃതി വാല്മീകി രാമായണത്തിന്റെ മലയാള തർജ്ജമയായ വാല്മീകി രാമായണം (കേരളഭാഷാകാവ്യം) ആണ്.[1] ഒരു മികച്ച രാജ്യതന്ത്രജ്ഞനായിരുന്ന ഇദ്ദേഹം 1696-ൽ കൊല്ലപ്പെടുകയാണുണ്ടായത്.

തിരുവിതാംകൂർ രാജാക്കന്മാരുടെ പഴയകേന്ദ്രമായിരുന്ന തമിഴ്‌നാട്ടിലെ കൽക്കുളം താലൂക്കിലുള്ള തിരുവിതാംകോട് എന്ന സ്ഥലത്ത് പുലപ്പേടിയും മണ്ണാപ്പേടിയും നിർത്തലാക്കിയതായി ഒരു കൽസ്തംഭത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.[3] പ്രസ്തുത കൽസ്തംഭത്തിന്റെ ഒരു പ്രതി പത്മനാഭപുരം പാലസ്സിൽ (തക്കല) പ്രദർശിപ്പിച്ചിട്ടുണ്ട്.

പുലപ്പേടി നിയമവും ചട്ടങ്ങളും



1. തനിച്ച് സഞ്ചരിക്കുന്നതോ, വീട്ടിനു പുറത്ത് ഇറങ്ങുന്നവരോ ആയ സ്ത്രീകളെ മാത്രമേ ഇത്തരത്തിൽ ഭ്രഷ്ടരാക്കി സ്വന്തമാക്കാൻ അവകാശം ഉണ്ടായിരുന്നുള്ളൂ.

2 .മൂന്നുവയസ്സെങ്കിലും പ്രായമുള്ള ആൺകുട്ടി ഒപ്പം ഉണ്ടെങ്കിൽ അവരെ ഭ്രഷ്ടരാക്കാൻ പാടില്ല.

3.ഗർഭിണിയായ സ്ത്രീയാണ് ഭ്രഷ്ടായതെങ്കിൽ പ്രസവം കഴിഞ്ഞേ അവളെ സ്വന്തമാക്കാൻ പാടുള്ളൂ.

4 .ഈ ഗർഭിണിയെ പ്രത്യേകം പുരകെട്ടി അവിടെ സൂക്ഷിയ്ക്കണം.

5. ഗർഭിണി പ്രസവിക്കുന്നത് ആൺകുട്ടി ആണെങ്കിൽ അമ്മക്ക് ഭ്രഷ്ട് ഉണ്ടാകില്ല.

ദളിതരുടെ ജാതി മത പരിവര്‍ത്തനത്തിന്റെ ആഒരു ആദ്യകാല രുപം



കേരള ചരിത്രത്തിലെ ഒരവസ്മരണീയ ചരിത്ര സംഭവമാണ് പുലപ്പേടി. വിചിത്രമായ ഒരാചാരം എന്ന് ആധുനിക ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയി ട്ടുള്ള ഈ ആചാരം അടിസ്ഥാന വര്‍ഗ്ഗമായ പുലയരില്‍ നിന്നും മറ്റു സാമുദായികജാതി സമ്പ്രദായങ്ങളിലേ ക്കുള്ള പരിവര്‍ത്തനത്തിന്റെ ഒരേടാണ്. കേരളത്തില്‍ പ്രത്യേകിച്ച് പുലപ്പേടി എന്നപേരില്‍ ദക്ഷിണ കേരളത്തില്‍ നിലനിന്ന ഈ ആചാരം അനാചാരമായിട്ടാണ് പല സവര്‍ണ്ണ ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുള്ളത്. സഞ്ചാരികളില്‍ ആദ്യമായി പുലപ്പേടിയെ കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത് 1517 ല്‍ കേരളം സന്ദര്‍ശിച്ച സര്‍ബോസാണ്.

ആണ്ടുതോറും ചിങ്ങമാസങ്ങളില്‍ (ചിലയിടങ്ങളി കർക്കിടകമാസം എന്നും കാണാം) പുലയര്‍ കഴിയുന്നത്ര നായര്‍ സ്ത്രീകളെ തൊടാന്‍ ശ്രമിക്കുന്നു. രാത്രികാലങ്ങളില്‍ അവര്‍ രഹസ്യമായി ഉപദ്രവമുണ്ടാക്കാറുള്ളതായി ബര്‍ബോസ പറയുന്നു.

ഹെര്‍മര്‍ ഗുണ്ടര്‍ട്ട് പറയുന്നത് കൊല്ലവര്‍ഷം 871 ല്‍ മണ്ണാപേടി, പുലപ്പേടി നിര്‍ത്തലാക്കിയെന്നും ഈ പേടി കര്‍ക്കിട മാസത്തിലാണ് ആചരിക്കുന്നതെന്നും പ്രസ്താവിച്ചിരിക്കുന്നു. കര്‍ക്കട മാസത്തിലെ ഉച്ചാരം നാള്‍ മുതല്‍ പത്താം ഉദയം വരെയാണ് എന്നാണ്. ഇളംകുളം കുഞ്ഞന്‍പിള്ളയും ‘അന്നത്തെ കേരള’ത്തില്‍ പറയുന്നത്.

സന്ധ്യയായാല്‍ നായര്‍ സ്ത്രീകളെ തൊടുന്നതിന് വേണ്ടി നായര്‍ ഭവനങ്ങള്‍ക്ക് അരികില്‍ ഒളിച്ചിരിക്കും. നായന്മാര്‍ ആ മാസത്തില്‍ ഈ ഉപദ്രവം ഒഴിവാക്കാന്‍ നല്ലപോലെ ശ്രമിക്കാറുണ്ട്. ഏതെങ്കിലും സ്ത്രീയെ തൊടുകയാണെങ്കില്‍ പോലും അവള്‍ തന്നെ ആ സംഭവം വിളിച്ചുപറഞ്ഞു വീട്ടില്‍ കയറാതെ പുലയനോടുകൂടി ഓടിപ്പോകുന്നു. കുടുംബത്തി ലെ മറ്റൊരാള്‍ക്കും കൂടി ഭ്രഷ്ട് വരുമെന്ന് കരുതിയാണ് വീട്ടില്‍ കേറാത്തത്. കൂടാതെ ബന്ധുക്കള്‍ കൊല്ലുകയോ, ആര്‍ക്കെങ്കിലും വില്‍ക്കുകയോ ചെയ്യുന്നതില്‍ നിന്നും രക്ഷപ്രാപിക്കാനും അങ്ങനെ ചെയ്യേണ്ടി വരുന്നു.

സ്മാര്‍ത്ത വിചാരം കഴിഞ്ഞ് ‘സാധനം’ കുറ്റക്കാരി എന്ന് വരുത്തിയാണ് നമ്പൂതിരിമാര്‍ ആത്തോരമ്മമാരെ പുറം തള്ളാറുണ്ടായിരുന്നത്. മനുഷ്യോചിതമല്ലായെന്ന് നമ്മുടെ ചരിത്രകാരന്മാര്‍ പറയുന്ന ഈ ആചാരം ബ്രിട്ടീഷ് ഭരണാരംഭം വരെ മലമ്പാറില്‍ നിലനിന്നു. വേണാട്ടില്‍ കൊല്ലവര്‍ഷം 871 ല്‍ നിര്‍ത്തലാക്കി.

ഈ ആചാരം നിറുത്തല്‍ ചെയ്ത കേരള വര്‍മ്മയെ എന്തുകൊണ്ട് നായര്‍ പടയാളികള്‍ കൊല ചെയ്തു?



അന്നത്തെ നിലയില്‍ അതു ധീരമായ ഒരു നടപടിയായിട്ടാണ് അതിനെ കാണുന്നത്. എന്നാല്‍ ചരിത്രം മറിച്ചാണ്. ഈ ആചാരം നിറുത്തല്‍ ചെയ്ത കേരള വര്‍മ്മയെ എന്തുകൊണ്ട് നായര്‍ പടയാളികള്‍ കൊല ചെയ്തു എന്നുംകൂടി അന്വേഷി ക്കാന്‍ ചരിത്ര വിദ്യാര്‍ത്ഥികള്‍ ബാദ്ധ്യസ്ഥരാണ്. സാധാരണ ദുരാചാരങ്ങള്‍ നിറുത്തലാക്കിയ ഭരണാധികാരികളെ അനുമോദിക്കുന്നതിന് പകരം അവരെ കൊലപ്പെടുത്താവാന്‍ ഉണ്ടായ മാനസീകാവസ്ഥ പരിശോധിേക്കണ്ടതല്ലേ?

സമുദായ പരിഷ്‌കര്‍ത്താക്കളുടെ കൂട്ടത്തില്‍ ഒരു സ്ഥാനം കേരള വര്‍മ്മക്കുണ്ട് എന്നുപറയുന്ന ചരിത്രകാരന്മാര്‍ അതിന്റെ മെറിറ്റും ക്രഡിന്റും പരിശോധിക്കേണ്ടതുമാണ്. പുലപ്പേടി നിരോധിച്ചുകൊണ്ട് കേരള വര്‍മ്മ തിരുവിതാംകോട്ട് റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള ഒരു കല്ലില്‍ കൊത്തി വച്ചിട്ടുള്ള ഒരു വിളംബരം ഇന്നും കേടുകൂടാതെ സൂക്ഷിച്ചു പോരുന്നുണ്ട്. അത് ഇങ്ങനെയാണ്.

‘കുന്നിവായാഴം നിന്‍ട്ര കൊല്ലം 871 മാണ്ട് തൈമാസം 25 ാം തീയതി വീരകേരള വര്‍മ്മ ചറവാ മൂത്ത തമ്പിരാന്‍ കല്ക്കുളത്ത് എഴുന്നുള്ള ഇരുന്നരുളി കല്പിത്ത പടിക്ക് രണ്ട് വക മഹാജനവും കൂടി കല്പിത്ത മൊഴിയാവത്. തോവാളയ്ക്കു മേയ്ക്കും കണ്ണേറ്റിക്കു കിഴക്കും കടലിനും മലൈയ്ക്കും അകത്ത് അകപ്പെട്ട നാട്ടില്‍ പുലപ്പേടിയും മണ്ണാപേടിയും ഇല്ല എന്ന് തമ്പുരാന്‍

ഒരേ സാമൂഹ്യവ്യവസ്ഥയില്‍ വര്‍ത്തിച്ചിരുന്ന നാഗന്മാരും പുലയരും തമ്മിലുണ്ടായിരുന്ന വിവാഹബന്ധ ത്തിന്റെ അവശിഷ്ടമാണ് പുലപ്പേടിയെന്ന് കല്പിക്കാനും, തന്മൂലം നിവൃത്തിയില്ല. പുലയനെന്നേ, പറയനെന്നോ പറയുമ്പോള്‍ അവരുടെ ശുചിത്വം, നിറം, മുതലായവയെപ്പറ്റി നമുക്കൊരു തോന്നലുണ്ടാകുന്നു. ആ തോന്നലിനെ ദൂരെ മാറ്റിവേണം ചിന്തിക്കുവാന്‍. മേലാളന്മാരെ മുഴുവന്‍ തീറ്റിപ്പോറ്റേണ്ട കടമ വന്നുചേര്‍ന്നപ്പോള്‍ അടിമ വര്‍ഗ്ഗക്കാര്‍ക്ക് അതികഠിനമായി അദ്ധ്വാനിക്കേണ്ടി വന്നു എന്നതുകൊണ്ട് അവര്‍ ശുചിത്വമില്ലാത്തവരായും മറ്റും തീര്‍ന്നത്. പുലയരുടെ സാമൂഹ്യവ്യവസ്ഥിതിയില്‍ ആഢ്യബ്രാഹ്മണര്‍ കഴിഞ്ഞു കൂടാനിടയായാല്‍ അവരും ഏതാനും തലമുറകൊണ്ട് ഇന്നത്തെ പുലയരെ പോലെയാ യിരിക്കും.

പറയരും, പുലയരുംമറ്റ് മേലാളന്മാരുടെ ചൂഷണം കൊണ്ട് സാമ്പത്തികമായി തീരെ അധ:പതിക്കുന്നതിനു മുമ്പുള്ള സാമൂഹ്യവ്യവസ്ഥതിയിലായിരിക്കും പുലപ്പേടിയുടെ ഉത്ഭവം.

പുലപ്പേടി. മകരമാസത്തിലെ ഉച്ചാരം നാള്‍ (ഇരുപതെട്ടുച്ചാരന്‍ മകരമാസം 28)മുതല്‍ പത്താമുദയം വരെ (മേടം 10 ാം തീയതി)വരെ



ജാതി ഭ്രഷ്ടിനെ ചൊല്ലിയുള്ള ഭയം പ്രാചീന കേരളത്തില്‍ വിശേഷിച്ചും തെക്കന്‍ പ്രദേശങ്ങളില്‍ നിലനിന്ന ഒരാചാരമായിരുന്നു പുലപ്പേടി. മകരമാസത്തിലെ ഉച്ചാരം നാള്‍ (ഇരുപതെട്ടുച്ചാരന്‍ മകരമാസം 28)മുതല്‍ പത്താമുദയം വരെ (മേടം 10 ാം തീയതി) യുള്ള കാലയളവില്‍ ആണ്‍ തുണയില്ലാതെ വീടിന് പുറത്തിറങ്ങുന്ന സവര്‍ണ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി ഭാര്യമാരാക്കാന്‍ പുലയര്‍ക്ക് അനുവാദമുണ്ടായിരുന്നു. ഇതിനെയാണ് പുലപ്പേടിയെന്ന് വിളിച്ചു പോന്നത്.

പുലയര്‍ സ്ത്രീകളെ പിടിച്ചു കൊണ്ടുപോകും വഴി ജാതിഭ്രഷ്ട് സംഭവിക്കുമോ എന്ന പേടിയുടെ വ്യാചാര്‍ത്ഥം. അടിമ പണിക്കാരായ പുലയരെ പ്രലോഭിപ്പിച്ച് നിറുത്താനും അവരുടെ വംശവും വംശഗുണവും വര്‍ദ്ധിപ്പിക്കാനും വേണ്ടി സവര്‍ണ്ണ മേധാവിത്വം കൗശലപൂര്‍വ്വം അനുവദിച്ചുകൊടുത്തി രുന്ന ഒരു ഔദാര്യമായിരുന്നു ഈ ആചാരമെന്നും പറയുന്നു.

1696 ല്‍ ഉമയമ്മ റാണിയുടെ ഭരണ കാലത്ത് വേണാട്ടില്‍ പുലപ്പേടി നിരോധിക്കുകയാണ് ഉണ്ടായത്. (പു.ശൈലി പുരാണം, പ്രൊഫ.എന്‍.പി.രാമചന്ദ്രന്‍, പേജ് 253) എന്നാല്‍ പുലപ്പേടി ഒരു ദുരാചാരം ആയിരുന്നു എന്ന പറയുന്ന ചില ചരിത്രകാരന്മാരാണ് ഈ ദുരാചാരം നിരോധിച്ച കേരള വര്‍മ്മയെ നായന്മാര്‍ തന്നെ വധിച്ചു എന്ന കാര്യത്തെകുറിച്ച് നിശബ്ദത പാലിക്കുന്നത് എന്നതാണ് വിചിത്രം.

അദ്ദേഹത്തെ കേരളത്തിലെ സാമൂഹ്യപരിഷ്‌കര്‍ത്താ ക്കളുടെ പട്ടികയില്‍പ്പെടുത്തണമെന്ന് പറയുന്നവര്‍തന്നെ മൗനം പാലിക്കു ന്നത് വിചിത്രമായിരിക്കുന്നു. അന്ന് വേണാടിന്റെ ഭരണാധികാരി ഉമയമ്മ റാണിയായിരുന്നെങ്കിലും യുവരാജാവായ കേരള വര്‍മ്മയാണ് ഈ ആചാരം നിര്‍ത്തലാക്കുന്നതിന് വിളംബരം പുറപ്പെടു വിച്ചത്. രാജ്യത്ത് പലപരിഷ്‌ക്കാരങ്ങളും നടത്താന്‍ തീരുമാനിച്ച കേരള വര്‍മ്മ പുലപ്പേടി ഒരു ദുരാചാരമെന്ന നിലക്കാണ് നിര്‍ത്തലാക്കിയതെന്നാണ് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തി യിട്ടുള്ളത്.

ഭരണം ഏറ്റെടുത്ത കേരള വര്‍മ്മതന്നെ മറികടക്കുകയാണോ, ബോധപൂര്‍വ്വം ധിക്കരിക്കുകയാണോ പലകാര്യങ്ങളും തന്നോട് കൂടിയാലോചിക്കാതെ സ്വയം നടപ്പിലാക്കുകയാണോ എന്നും സംശയം തോന്നി. മറുവശത്ത് മാടമ്പിമാരും അനുചരന്മാരും അപവാദപ്രചാരണങ്ങള്‍ നടത്തി. എങ്ങുനിന്നോവന്ന ഒരുത്തനെ കൊട്ടാരത്തില്‍ എഴുന്നളിച്ച് സര്‍വ്വസ്വാതന്ത്ര്യവും സര്‍വ്വശക്തനുമാക്കി വാഴിക്കുകയും സ്വന്തം അധികാരങ്ങളും പദവികളും മങ്ങലേല്പിക്കുന്നവിധം കേരളവര്‍മ്മ അമിതാധികാരം കൈയ്യാളുന്നുവെന്ന നിഗമനത്തില്‍ റാണി എത്തിച്ചേര്‍ന്നു. ഇങ്ങനെയിരിക്കുന്ന കാലഘട്ടത്തിലാണ് എ.ഡി 1696 ല്‍ കോട്ടയം കേരള വര്‍മ്മ സ്വന്തം കൊട്ടാരത്തില്‍ വച്ചുതന്നെ വധിക്കപ്പെടുന്നത്. ഈ കൊലയാളിയാരാണെന്നോ , എന്തായിരുന്നു അവരുടെ ഉദ്ദേശമെന്നും എന്നുള്ള കാര്യം ഇന്നും അജ്ഞാതമായി തുടരുകയാണ്..

കോട്ടയം കേരളവര്‍മ്മയുടെ ജീവിത കഥാഖ്യാനമായി തെക്കന്‍ തിരുവിതാംകൂറില്‍ പ്രചാരത്തിലി രുന്ന പുതുമാതപ്പാട്ടില്‍ കൊല്ലവര്‍ഷം 801 കര്‍ക്കടകം 22 ന് പാണാംകുറുപ്പ് വലിയ കോയിക്കല്‍ വച്ച് കേരള വര്‍മ്മയെ ഉമയമ്മ റാണിയുടെ ഒത്താശയോടെ അദ്ദേഹം വധിക്കപ്പെട്ടതെന്നും പ്രസ്തുത വീരഗാഥയില്‍ സൂചനകളുണ്ട്.

ഭാവത്തിലും പ്രാകൃതത്തിലും, പൗരുഷത്തവും ഗാംഭീര്യവും തികഞ്ഞ ഉമയമ്മ റാണി

(ജൊഹാൻ നിയൂഹോഫ് റാണിയെ മുഖം കാണിക്കുന്ന ചിത്രം)

പക്ഷേ ഉമയമ്മ റാണിയെപ്പറ്റി അന്ന് കൊച്ചിയില്‍ ഡച്ചുഗവര്‍ണ്ണറായ വാന്റിഡ് രേഖപ്പെടുത്തിയിട്ടുള്ള അഭിപ്രായം ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ഈ റാണി ഭാവത്തിലും പ്രാകൃതത്തിലും, പൗരുഷത്തവും ഗാംഭീര്യവും തികഞ്ഞവളും ആര്‍ക്കും ഭയകാരിണിയും എല്ലാവരാലും ബഹുമാനിക്കപ്പെടുന്നവളുമാണ് (എത്രയെത്ര സ്ഥലങ്ങള്‍, എന്തെന്തു സംഭവങ്ങള്‍, പുറം 28, കാട്ടാക്കട ദിവാകരന്‍) എന്നാണത്രേ രേഖപ്പെടുത്തിയിരിക്കുന്നത്.

പുലപ്പേടി എന്ന ആചാരം വഴി നായന്മാരും മറ്റും പുലയരില്‍ ലയിക്കാന്‍ തുടങ്ങിയത് നൂറ്റാണ്ടുകള്‍ക്ക് മുമ്പായിരിക്കണം. പുലയരെപോലെ നിഷാദവര്‍ഗ്ഗത്തില്‍പ്പെട്ട നാഗന്മാരാണ് നായന്മായതെന്ന മതം സ്വീകരിക്കാമെങ്കില്‍ പുലപ്പേടിയുടെ ഉത്ഭവം കണ്ടുപിടിക്കാന്‍ പ്രയാസമില്ല. മനുഷ്യന്റെ തലവെട്ടിയെടുത്തു ക്ഷുദ്രദേവതകളെ ആരാധിക്കുന്ന നാഗന്മാര്‍ മിക്ക സ്ഥലങ്ങളിലും ഉണ്ടായിരുന്നു വെങ്കിലും ഉത്തരേന്ത്യയിലായിരുന്നു അവരുടെ മുഖ്യസ്ഥലം.

പ്രാചീന ബാബിലോണിയായിലെ സൂര്യദേവന്റെ ക്ഷേത്രത്തില്‍ വച്ച് പുതുവത്സര നാളുകളില്‍ അവിവാഹിതകള്‍ക്ക് പരപുരുഷന്മാരുമായി ശരീരീകബന്ധം നടത്താമായിരുന്നു. ഇതുപ്പോലെ തന്നെയാണ് കേരളത്തില്‍ നിലനിന്ന പുലപ്പേടിയും. ഇവിടെ പുലപ്പേടി ഓണക്കാലത്തായിരുന്നു വെന്ന് ‘ഓണത്തിന്റെ ചരിത്രം’ എന്ന ഗ്രന്ഥത്തില്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ (പേജ് 103) പറയുന്നു.

ഒരു നായര്‍ തരുണിയെ ഒരു പുലയന്‍ തൊടുകയാണെങ്കില്‍ ആ വിവരം വിളിച്ചു പറഞ്ഞിട്ടവള്‍ പുലയന്റെ കൂടെ ഓടി പോകുന്നു. തനിക്ക് ഇഷ്ടപ്പെടുന്നവന്റെ കൂടെ ഓടി പോകാന്‍ പല നായര്‍ സ്ത്രീകളും ഈ അവസരം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും തുടര്‍ന്നു രേഖപ്പെടുത്തി യിരിക്കുന്നു…

ആസൂത്രിതമായ കൊലപാതകം




പുലപ്പേടി നിരോധിച്ച കേരളവര്‍മ്മയെ ഈ സാഹചര്യം ഉപയോഗപ്പെടുത്തി കൊണ്ടിരുന്ന നായന്മാര്‍ വധിച്ചില്ലെങ്കില്‍ അതില്‍ പുലയരും നായന്മാരും തമ്മില്‍ ഏതോ വൈകാരിക ബന്ധമുള്ളതായി ഊഹിക്കാം. വിളംബരം പുറപ്പെടുവിച്ച കേരളവര്‍മ്മയെ നെടുമങ്ങാട്ടുള്ള റാണി, പിള്ളമാരെയും, മാടമ്പിമാരെയും കേരള വര്‍മ്മയെ വധിക്കാന്‍ ഏര്‍പ്പാടാക്കി. തിരുവനന്തപുരം ശ്രീപാദം കോയിക്കല്‍ താമസിച്ചിരുന്ന റാണി കേരള വര്‍മ്മയെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി. റാണി വര്‍മ്മയുമായി രാത്രി ഏറെ നേരം ചര്‍ച്ച നടത്തി. മടങ്ങിപോകുവാന്‍ തയ്യാറായപ്പോള്‍ റാണി രാമവര്‍മ്മയെ കൊണ്ട് ഉടവാളെടുക്കുവാന്‍ സമ്മതിച്ചില്ല. പുറത്തേക്കിറങ്ങിയ കേരള വര്‍മ്മയെ കോട്ടവാതിക്കല്‍ പതിയിരുന്ന കൊലയാളി സംഘം വെട്ടി കൊലപ്പെടുത്തുകയാണുണ്ടായത്. തന്റെ എതിരാളികളായ മാടമ്പിമാരുടെ കീഴിലുള്ള മുഴുവന്‍ പുലയരെ വധിക്കാന്‍ നേരത്തെകേരള വര്‍മ്മ വിളംബരം നടത്തിയ സന്ദര്‍ഭത്തില്‍ ആഹ്വാനം ചെയ്തിരുന്നു.

പുല പേടിയാചാരത്തെപറ്റി വേലായുധന്‍ പണിക്കശ്ശേരി

ഇനി ഈ പേടിയാചാരത്തെപറ്റി വേലായുധന്‍ പണിക്കശ്ശേരി എന്താണ് പറയുന്നതെന്ന് പരിശോധിക്കാം. പുലയരായ ചെറുപ്പക്കാര്‍ ഉച്ചാരം നാള്‍ മുതല്‍ പത്താം ഉദയം വരെയുള്ള സന്ധ്യക്ക് നായര്‍ വീടുകള്‍ക്ക് സമീപം പതിയിരിക്കുമ്പോള്‍ അതറിഞ്ഞ് നായര്‍ തറവാട്ടിലെ കന്യകമാര്‍ വീടിന് പുറത്തേക്കിറങ്ങുമ്പോള്‍ പുലയര്‍ ‘കണ്ടേ’ എന്നു വിളിച്ചു പറഞ്ഞ് ആ പുരുഷന്‍ നായര്‍ കന്യകയെ വിളിച്ചുകൊണ്ടുപോയി ഒന്നിച്ചു ജീവിക്കും. ചിലപ്രദേശങ്ങളില്‍ ഒരു കമ്പുകൊണ്ടു തൊട്ടോ, കല്ലെറിഞ്ഞോ കൊള്ളിക്കണം. ഇതാണ് പുലപ്പേടി. ഇതുള്ള മാസങ്ങള്‍ക്ക് പുറമെ പടയണികള്‍ സന്ദര്‍ശിക്കാന്‍ ചെല്ലുന്ന നായര്‍ സ്ത്രീകളെ കഴിയുമെങ്കില്‍ പിടിച്ചുകൊണ്ടുപോകുന്നതിനുള്ള അവകാശം പുലയര്‍ക്കുണ്ടായിരുന്നു.

നായന്മാരും പുലയരും യോജിച്ച് നടത്തിയിരുന്ന ഒരു ചടങ്ങായിരുന്നു ഇതെന്നും, നാടുവാഴികളുടെ അംഗീകാരം ഇതിനായി തന്നെന്നും, നായര്‍ കന്യകമാരെ ഇത്തരുണത്തില്‍ കൊണ്ടുപോകല്‍ വളരെ വ്യാപകമായിരുന്നെന്നും കേരള വര്‍മ്മയുടെ തിരോധാനവും, തുടര്‍ന്നുള്ള സംഭവവികാ സങ്ങള്‍ വര്‍മ്മയുടെ കൊലപാതകും കൂട്ടകുരുതികളും ഇതിനെ സാക്ഷ്യപ്പെടുത്തുന്നതായി പണിക്കശ്ശേരി തന്റെ കേരള ചരിത്രത്തില്‍ തുടര്‍ന്നു പറയുന്നു.

14 ാം നൂറ്റാണ്ടുവരെ കേരളത്തില്‍ ജാതിവ്യവസ്ഥ വേരുപിടിച്ചിരുന്നില്ല. ബ്രാഹ്മണ ജാതി രൂപം കൊണ്ടിരുന്നു എന്നുപറയുന്നത് ശരിയാണ്. ക്ഷത്രിയനെന്നും, നായരെന്നും, വെള്ളാളനെന്നും, തച്ചനെന്നും, നാട്ടരചനെന്നും, ചെട്ടിയെന്നും മറ്റുമുള്ള പദങ്ങള്‍ തൊഴിലിനെ മാത്രം അടിസ്ഥാന മാക്കിയുള്ളതായിരുന്നു. സാമ്പത്തികവും, രാഷ്ട്രീയവുമായി ഉച്ചനീച്ചത്വങ്ങള്‍ ഉണ്ടായിരുന്നു എന്നത് ശരിതന്നെ. സമ്പത്തും അധികാരവും ഒരുമേല്‍ത്തട്ട് സമൂഹത്തെ സൃഷ്ടിച്ചിരുന്നു. 14 ാം നൂറ്റാണ്ട് ജാതിവ്യവസ്ഥയില്ല എന്ന് ചരിത്രകാരനായ കെ.എന്‍.ഗണേഷ് തന്റെ ‘കേരളത്തിന്റെ ഇന്നലെകള്‍’ എന്ന ഗ്രന്ഥത്തിലും അടുത്ത കാലത്തുള്ള പല ലേഖനങ്ങളിലും ജാതിവ്യവസ്ഥ മദ്ധ്യകാല സന്തതിയാണെന്ന് സമര്‍ത്ഥിച്ചിട്ടുള്ള്.

ഇളംകുളവും, ശ്രീധരമേനോനും ഈ വാദഗതിക്കാരാണ്. ‘കേരള ചരിത്ര പഠനങ്ങളില്‍ പണിക്കാശ്ശേരി ഉന്നയിക്കുന്ന ചോദ്യവും പുലയരും ചെറുമരും എങ്ങനെ അടിമകളായി എന്നതാണ്. ഗിരിജനങ്ങളെന്നും, ഹരിജനങ്ങളെന്നും വിളിക്കപ്പെടുന്നവരായിരുന്നു സംഘകാല കേരളീയരില്‍ ഭൂരിഭാഗവും. സാമൂഹ്യ ജീവിതത്തിലും സാംസ്‌കാരിക മണ്ഡലങ്ങളിലും അവരായിരുന്നു മുന്‍പന്തിയില്‍. അന്നത്തെപേര്‍പെറ്റ കവികളും അവരായിരുന്നു. കേരളത്തില്‍ പലയിടത്തും അധികാരം നടത്തിയിരുന്നവരും മറ്റാരുമായിരുന്നി ല്ലെന്ന് ചരിത്രത്തിന്റെ താളുകള്‍ മറിച്ചു നോക്കിയാല്‍ കാണാം. ഈ ജനവിഭാഗക്കാരാണ് പിന്‍കാലത്ത് അടിമകളായി മാറിയിട്ടുള്ളത്. ഇതെങ്ങനെ സംഭവിച്ചു? പുലയര്‍ പഴന്തമിഴ് പാട്ടുകാലത്തെ വര്‍ഗ്ഗമാണെന്നും സമൂഹത്തിലെ ഉന്നതശ്രേണിയിലായിരുന്നു വെന്നതുമാണ്.

14 ആം നൂറ്റുണ്ടുവരെയുള്ള കേരള ചരിത്രത്തില്‍ ‘നായര്‍’ കടന്നു വരുന്നുണ്ടോ?

കേരളത്തിലെ ചരിത്രകാരന്മാരെ ഒന്നടങ്കം വെല്ലുവിളിച്ചുകൊണ്ട് ചരിത്രകാരനായ എം.ഗംഗാധരന്‍ (കലാകൗമുദി ലക്ഷം 1468 ഒക്‌ടോബര്‍ 2003) വെല്ലുവിളിച്ചുകൊണ്ട് ഒരു ചോദ്യം ഉന്നയിക്കുകയു ണ്ടായി. ചോദ്യം ഇതാണ് ‘ഒരു ഗോത്രരൂപത്തിലോ ഐന്തണികളില്‍ ജീവിക സമ്പ്രദായം തേടിയിരുന്ന കൂട്ടങ്ങളുടെ രൂപത്തിലൊ, ജാതി രൂപങ്ങളിലോ, തൊഴില്‍ കൂട്ടങ്ങളുടെ രൂപത്തിലൊ, വര്‍ഗ്ഗ രൂപത്തിലോ ഒരു പ്രത്യേക സമൂഹം എന്ന രീതിയിലൊ 14 ാം നൂറ്റുണ്ടുവരെയുള്ള കേരള ചരിത്രത്തില്‍ ‘നായര്‍’ കടന്നു വരുന്നുണ്ടോ?


എ.ഡി 1021 ലെ തിരുനെല്ലി ശാസനത്തിലെയും രവിരാമപെരുമാളിന്റെ 3 ാം ഭരണ വര്‍ഷത്തിലെ തൃക്കൊടിത്താനം ശാസനത്തിലെയും ‘നയന്‍’ എന്ന പദത്തെ ആരുംപൊക്കി കൊണ്ടു വരരുതെന്നും ഗംഗാധരന്‍ പറയുന്നു. ഇത് രണ്ടും തൊഴിലിനെ കുറിക്കുന്ന പദങ്ങളാണ്. വ്യക്തിയുടേതാണ്. സമൂഹത്തിന്റേതല്ല. ചോദ്യം സമൂഹത്തെ കുറിച്ചാണ് ഉത്തരം ഇല്ല എന്നതാണ്. അപ്പോള്‍ നായര്‍ എന്ന ഒരു ജാതിസമൂഹം എ.ഡി 14 ാം നൂറ്റാണ്ടിന് ശേഷം മാത്രം അടിസ്ഥാന വര്‍ഗ്ഗങ്ങളില്‍ നിന്നും ഉരുതിരിഞ്ഞ് രൂപം കൊണ്ട ഒരു ജാതിസമൂഹം എന്നര്‍ത്ഥം.

ഇതെങ്ങനെയാണ് രൂപം കൊണ്ടതെന്ന് വേണാടിന്റെ ചരിത്രകാര നായ ശിവശങ്കരന്‍ നായര്‍ പറയുന്നതെന്താണെന്ന് പരിശോധിക്കാം. അത് ഇങ്ങനെയാണ്. കേരളത്തില്‍ അന്നും ഇന്നും കാര്‍ഷികവൃത്തി ചെയ്യുന്നത് 95% വും പുലയരാണ്. കര്‍ഷകരില്‍ ആയുധാഭ്യാസവും നേതൃത്വഗുണവുമുള്ളവരെ തെരഞ്ഞെടുത്ത് ഭരണാധികാരി സ്ഥാനങ്ങള്‍ നേടിയവരാണ് നായര്‍ എന്ന് പിന്‍കാലത്ത് അറിയപ്പെട്ടത്. ജനനം കൊണ്ട് ഒരാള്‍ നായരാകുന്നില്ല. 4 വിധത്തിലുള്ള ആയുധപരിശീലനത്തിന് ശേഷം സന്നദ്ധ ഭടന്മാരായി ഭരണാധികാരിയായാല്‍ അംഗീകരക്കപ്പെടുന്നയാള്‍ക്ക് മാത്രമേ നായര്‍ ആവാന്‍ സാധിക്കുകയുള്ളൂ.

അര്‍ഹനായ ആള്‍ക്ക് രാജകല്‍പ്പനയോടെ ഒരു വാള്‍ നല്‍കി ശിരസ്സില്‍ കൈവച്ച് മന്ത്രം ജപിച്ച് കൊണ്ട് ബ്രാഹ്മണരെയും പശുക്കളെയും രക്ഷിക്കുക എന്നുപറയുന്നു. (പ്രാചീന കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം വേണാടിന്റെ പരിണാമം) അപ്പോള്‍ നായര്‍ സമൂഹം കര്‍ഷക സമൂഹത്തില്‍ നിന്നും വേര്‍പിരിഞ്ഞ് പിന്‍കാലത്ത് ഒരു ജാതി സമൂഹമായി രൂപം കൊണ്ടവര്‍ എന്നും സിദ്ധാന്തിക്കുന്നു.

പുലയര്‍ എന്നാല്‍ വയല്‍പണിക്കാര്‍ എന്നാണര്‍ത്ഥം. മണ്ണാന്‍ എന്ന സംജ്ഞക്കര്‍ത്ഥം മണ്ണില്‍ ആളുന്നവര്‍ എന്നും

പുലയര്‍ എന്നാല്‍ വയല്‍പണിക്കാര്‍ എന്നാണര്‍ത്ഥം. മണ്ണാന്‍ എന്ന സംജ്ഞക്കര്‍ത്ഥം മണ്ണില്‍ ആളുന്നവര്‍ എന്നും, മണ്ണിന് വയല്‍ അല്ലാത്ത കരഭാഗം എന്നര്‍ത്ഥമുണ്ട്. കരകൃഷിക്കാര്‍ എന്ന് സാരം. പുലയര്‍ എന്നും മണ്ണാന്‍ എന്നും വിളിച്ചുപോരുന്ന കര്‍ഷക കൂട്ടായ്മയില്‍ നിന്ന് ഉരുതിരിഞ്ഞവരാണ് പിന്‍കാലത്ത് നായന്മാരായി പരിണമിച്ചത്. അങ്ങനെയെങ്കില്‍ രണ്ടുജാതികളില്‍ ഉള്‍പ്പെട്ട് ജാതി വിലക്കുകള്‍ വന്നുകയറിയപ്പോള്‍ മുറചെറുക്കന്‍ മുറപ്പെണ്ണിനെ വിളിച്ചുകൊണ്ടു പോകുന്നത്ര ലഘുവത്വമല്ലേ പുലപ്പേടിക്കും മണ്ണാപ്പേടിക്കും ഉണ്ടായിരുന്നുള്ളൂ. ഇത് ചരിത്രപരമായി നിലനില്ക്കുന്ന ഒരു വസ്തുതയാണ് മനസ്സിലാക്കാം.

150 കൊല്ലങ്ങള്‍ മുമ്പ് വൈവാഹികം എന്ന മതപരമായ ചടങ്ങ് കേരളത്തില്‍ ഉണ്ടായിരുന്നില്ലെന്നും കന്യദാനങ്ങളാണ് നടപ്പിലിരുന്നതെന്നും പക്ഷെ ലൈംഗീക വേഴ്ചയും നിഷിദ്ധമായിരുന്നില്ലെന്നും മലബാര്‍ മാരേജ് കമ്മീഷന്‍ കെ.പി.പത്മനാഭ മേനോന്‍, ഇളംകുളം ശ്രീധരമേനോന്‍, പി.കെ.ബാലകൃഷ്ണന്‍ തുടങ്ങിയ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നായര്‍ സ്ത്രീകള്‍ക്ക് ഒരേ സമയം ഒന്നിലധികം ഭര്‍ത്താക്കന്മാരെ സ്വീകരിക്കുന്നത് സാമൂഹ്യമായ ഒരു പോരായ്മയായി കരുതിയിരുന്നില്ല.

പേടിസമ്പ്രദായം ഒരു ദുരാചാരമോ?

പേടി സമ്പ്രദായത്തെ ശിവശങ്കരന്‍ നായര്‍ ദുരാചാരമാ യിരുന്നുവെന്ന് പറയുന്നു. പ്രസ്തുത ആചാരം ചരിത്രഘട്ടത്തിലെ അന്തരാള സ്ഥിതിയില്‍ ഒരു ദുരാചാരമല്ലായിരുന്നു. വയല്‍ കൃഷിക്കു പാകപ്പെടുത്തി വിത്തിറക്കുന്ന വിഷുക്കാലമാണ് ഈ സമ്പ്രദായം നടന്നിരുന്നതെന്ന് കൃഷിയുമായുള്ള ഈ ചടങ്ങിന്റെ ബന്ധം വ്യക്തമാക്കുന്നു. ജാതി വിലക്കുകളും കീഴ്മര്യാദകളും അടിച്ചേല്പിച്ചപ്പോള്‍അമ്പല വാസികളായും നായന്മാരയും പരിവര്‍ത്തിക്കപ്പെട്ട ജാതികാര്‍ക്ക് ഉല്പാദനമേഖലയില്‍ പണിചെയ്യുന്നതിന് വിലക്കുണ്ടായി. അതോടെ കര്‍ഷക സമൂഹത്തില്‍ വന്‍തോതിലുള്ള മാനവശേഷി നഷ്ടമുണ്ടായി.

പരമ്പരാഗത കാര്‍ഷിക വൃത്തി ജ്ഞാനമുള്ളവര്‍ക്കേ കൃഷി നടത്താമായിരുന്നുള്ളൂ. വിഭ്രാന്തകരമായ ഈ അവസ്ഥയില്‍ പരമ്പരാഗതകര്‍ഷക കുടുംബങ്ങള്‍ അന്യം നിന്നുനശിക്കാതിരിക്കാനാട് ഈ ചടങ്ങ് തുടങ്ങിയത്. നാടുവാഴികളുടെ അംഗീകാരം ഈ ചടങ്ങിനുണ്ടായിരുന്നു. എ.ഡി 15 മുതല്‍ 17 വരെയുള്ള നൂറ്റാണ്ടുകളിലെ ചരിത്രം പരിശോധിച്ചാല്‍ ഇന്നത്തെ സ്ഥിതി വിശേഷങ്ങള്‍ പേടി സമ്പ്രദായം ദുരാചാരമായിരുന്നില്ല.

മദ്ധ്യകാല ജാതിബന്ധങ്ങളില്‍ മേലാളരും അടിയാളരും തമ്മിലുള്ള അകല്‍ച്ച ആശയപരം മാത്രമായിരുന്നുവെന്നും പ്രായോഗിക തലത്തില്‍ ഇവര്‍ തമ്മിലുള്ള സമ്പര്‍ക്കം നിലനിന്നിരുന്നുവെന്നും കെ.എന്‍.ഗണേഷ് പറയുന്നു. നായന്മാരും പുലയരും മണ്ണാന്മാരുമായി വിഭജിക്കപ്പെട്ടവര്‍ തമ്മില്‍ മദ്ധ്യകാലത്തിലെ അതിര്‍വരമ്പായ എ.ഡി 1500 വരെ സമ്പര്‍ക്കമുണ്ടായിരുന്നുവെന്ന് ഇതിനോടെ തെളിയുന്നോ. ഒരു നൂറ്റാണ്ട് മാറി എന്നു കരുതി ഒരു സമ്പ്രദായം പെട്ടെന്ന് മാറുകയില്ലല്ലോ?

പുലപ്പേടി തുടര്‍ന്നാല്‍ പുലയരെ വധിക്കാന്‍ ചെറിയ കേയിയുടേയും വലിയ കേയിയുടേയും നേതൃത്വത്തിലുള്ള ഒരു കൊലയാളി സംഘത്തെ കേരള വര്‍മ്മ ചുമതലപ്പെടുത്തി

നിരോധനം ലംഘിച്ച് പുലപ്പേടി തുടര്‍ന്നാല്‍ പുലയരെ വധിക്കാന്‍ സഹോദരന്മാരായ ചെറിയ കേയിയുടേയും വലിയ കേയിയുടേയും നേതൃത്വത്തിലുള്ള ഒരു കൊലയാളി സംഘത്തെ കേരള വര്‍മ്മ ചുമതലപ്പെടുത്തി. ഈ പേരില്‍ പലയിടത്തും സംഘട്ടനമുണ്ടായി. കാളിപ്പേരാള്‍ എന്ന കളരിയാ ശാന്റെ നേതൃത്വത്തില്‍ പുലയ സംഘങ്ങള്‍ ഇവരെ കൊന്നൊടുക്കി. ത്രിസന്ധ്യാ സമയത്ത് തിരുവനന്തപുരത്തെ പുല്ലിക്കോട്ടു കൊട്ടാരത്തിന്റെ തെക്കേ മുറ്റത്ത് വച്ച് നായന്മാര്‍ സംഘം ചേര്‍ന്ന് കേരള വര്‍മ്മയെയും വെട്ടികളണങ്ങളാക്കി കൊന്നു. പുലപ്പേടി കൊല്ലം വേണാട് മുഴുവന്‍ ബാധകമാക്കി. പുലപ്പേടി കേരള ചരിത്രത്തിലെ വലിയൊരാചാരമായിരുന്നുവെന്ന് ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാം. ഈ നായര്‍ / പുലയ ബന്ധങ്ങള്‍ ഇന്നും പലവിധത്തില്‍ തുടരുന്നുണ്ട്. എന്‍.എസ്.മാധവന്റെ പുലപ്പേടി എന്ന ചെറുകഥയിലെ പരമേശ്വരന്‍ എന്ന കഥാപാത്രം തന്റെ ഒപ്പോളെ വ്യഭിചരിക്കാന്‍ ശ്രമിച്ചതില്‍ നിന്ന് രക്ഷപ്പെടാന്‍ പറഞ്ഞനുണ പ്രകാരം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇറക്കിവിട്ട സാവിത്രി പാടത്ത് പണിയും കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന ചാത്തത്തില്‍ അഭയം തേടിമരിക്കുന്ന ഒരു രംഗം വിവരിക്കുന്നുണ്ട്. ഇതില്‍ നിന്നും മനസ്സിലാകുന്നത് ഇത്തരം കാമകേളികള്‍ സഹിക്കാന്‍ വയ്യാത്ത മൂകസാക്ഷികളായ നായര്‍/ അന്തര്‍ജന സ്ത്രീകള്‍ ചുറുചുറുപ്പുള്ളവരും ആത്മാഭിമാനികളും കരുത്തരുമായ പുലയ യുവാക്കളെ പ്രാപിക്കുന്ന ചരിത്രമാണുള്ളത്.

കേരളം സന്ദര്‍ശിച്ച എല്ലാ സഞ്ചരികളും തന്നെ പുലപ്പേടിയെകുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്



കേരളം സന്ദര്‍ശിച്ച എല്ലാ സഞ്ചരികളും തന്നെ പുലപ്പേടിയെകുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. പുലപ്പേടി കൊണ്ട് നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍ കേരളവര്‍മ്മ തന്റെ വിശ്വസ്തരായ നാട്ടുപ്രമാണി കളായവരെ വിളിച്ചുവരുത്തി രാജകല്പന ലംഘിക്കുന്നവര്‍ക്കെതിരെ എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നതിന് ആലോചിച്ചു. പൈങ്കുളത്ത് കുറുപ്പനെന്ന വിദ്വാന്‍, മുക്കണത്തോപ്പില്‍ വലിയ കോശിയെന്നും കൊച്ചുകേശി എന്ന രണ്ടു ശക്തരായഅഭ്യാസികളെ വിളിച്ചുവരുത്തുകയും അവര്‍ക്ക് പുലയരെ അമര്‍ച്ച ചെയ്യാന്‍ കല്പന കൊടുക്കുകയും ചെയ്തു. കേശി സഹോദരന്മാര്‍ വേണാടിന്റെ തെക്കന്‍ ദിക്കുകളില്‍ വേട്ടക്കാരെ പോലെ സഞ്ചരിച്ച് കൊട്ടുമക്കാരെ കൊന്നൊടുക്കി. വേമ്പന്നൂര്‍ കോട്ടയുടെ പുറകിലൊളിച്ചിരുന്ന ഒരു സംഘം പുലയരെ വാളിനിരയാക്കിയെന്ന് രാജപഥം എന്ന ചരിത്ര നോവലില്‍ കെ.രമേശന്‍ നായരും രേഖപ്പെടുത്തിയിട്ടുണ്ട്.

പുലപ്പേടിയെ കുറിച്ച് ഇളംകുളം കുഞ്ഞന്‍പിള്ള

പുലപ്പേടിയെ കുറിച്ച് ഇളംകുളം കുഞ്ഞന്‍പിള്ള ‘അന്നത്തെ കേരളം’ എന്ന തന്റെ ചരിത്ര പുസ്തകത്തില്‍ പറയുന്നതെന്താണെന്ന് നോക്കാം.11 ാം ശതകം മുഴുവന്‍ നീണ്ടുനിന്ന ചേര ചോള യുദ്ധത്തോടു കൂടി രാജ്യത്തെ സ്ഥിതിഗതികള്‍ ആകെ മാറി. കളരി സമ്പ്രദായവും ചാവേറ്റു പടയും ഉടലെടുത്തു. ഭൂമിയില്‍ പ്രവര്‍ത്തിക്കാന്‍ നായന്മാര്‍ക്ക് സമയമില്ലാതായി. നമ്പൂതിരിമാര്‍ക്കും രാജാക്കന്മാര്‍ക്കും വേണ്ടി യുദ്ധത്തില്‍ മരിക്കുകയാണ് അവരുടെ കടമയെന്ന് വന്നുകൂടി. ആ പരിസ്ഥിതിയില്‍ അടിമകളുടെ സംഖ്യവര്‍ദ്ധിപ്പിക്കേണ്ടത് രാഷ്ട്രത്തിന്റെ ആവശ്യമായി തീര്‍ന്നു. അതിന് പരിഹാരമായി പള്ളം, ഓച്ചിറ, മുതലായ പടനിലങ്ങളില്‍ നിന്നും പടയണി കാണാന്‍ വരുന്ന നായര്‍ സ്ത്രീകളെ പിടിച്ചു കൊണ്ടുപോകാനുള്ള അവകാശം പുലയര്‍ക്ക് ലഭിച്ചു. (History of Kerala Col – II, Page 274)

കുംഭം, മീനം മാസങ്ങളില്‍ ഉത്സവകാലങ്ങളില്‍ സ്ഥലങ്ങളില്‍ നിന്നും മടങ്ങുന്ന നായര്‍ സ്ത്രീകളെ കഴിയുമെങ്കില്‍ പിടിങ്ങു കൊണ്ടുപോകുവാന്‍ അനുവദിച്ചിരുന്നു. നായന്മാരുടെ വീര്യം നിലനിര്‍ത്താന്‍ ഈ ആചാരം സഹായിക്കാമെന്നു കരുതിയായിരിക്കാം. ഇതിനെ തുടര്‍ന്നു കുംഭം, മീനം മാസങ്ങളില്‍ നായര്‍ സ്ത്രീകളെ തനിച്ച് എപ്പോള്‍ കണ്ടാലും പുലയര്‍ക്ക് പിടിച്ചുകൊണ്ടുപോകാനുള്ള അവകാശ മുണ്ടെന്ന ധാരണ കൂടിവന്നു. മഴപെയ്യാനും, നല്ല വിളവുണ്ടാകാനും ഈ ആചാരം വച്ചു പുലര്‍ത്തേ ണ്ടതാവശ്യമാണെന്ന വിശ്വാസവും കാലാന്തരത്തില്‍ വന്നു ചേര്‍ന്നു (പേജ് 115 അന്നത്തെ കേരളം)

പുലപ്പേടി, മണ്ണാപ്പേടി തുടങ്ങിയ ആചാരങ്ങള്‍ കടത്തനാട്ടിലും നിലനിന്നിരുന്നതായി വടക്കന്‍ പാട്ടുകള്‍ സാക്ഷ്യം വഹിക്കുന്നുണ്ട്. കനകത്ത് കുങ്കിച്ചിയും പുലയരും എന്ന പാട്ടില്‍ കനകത്ത് കുങ്കിച്ചിയെ പുലയര്‍ അടയ്ക്ക കൊണ്ട് എറിയുന്നതും അതിന്റെ പേരില്‍ അവള്‍ ജാതിയില്‍ നിന്നും ഭ്രഷ്ടാകുന്നതും വ്യക്തമാകുന്നുണ്ട്. അവള്‍ പുലയനോടൊപ്പം പോകാന്‍ തയ്യാറാകാതെ ഒരു മാപ്പിളയുടെ കൂടെ പോയതായിട്ടാണ് പാട്ടില്‍ പറയുന്നത്.

മറ്റൊരു തരത്തിലുള്ള വിവരണങ്ങളും കാണാം ഈ കാലഘട്ടത്തില്‍ ഉന്നത ജാതിക്കാരായ സ്ത്രീകളെ പുറത്തിറങ്ങാനനുവദിക്കാറില്ല. വഴി നടക്കുവാനുമനുവാദമില്ല. അമ്പലത്തില്‍ പോക്കു തന്നെ വിരളമായേ നിര്‍വഹിപ്പിക്കാറുള്ളൂ. എന്നാലും കുളിയും, തേവാരവും കൊഴുപ്പുള്ള പച്ചക്കറികളും, നെയ്കൂട്ടിയുള്ള ഭക്ഷണവും കഴിച്ച് കൊഴുത്തു നടക്കുന്ന സ്ത്രീകള്‍, അടക്കുവാന്‍ വയ്യാത്ത വികാരമുള്ളവരാണ്. ചിലര്‍ രഹസ്യമായി ഇരുളില്‍ പുറത്തിറങ്ങും, അവര്‍ക്കിഷ്ടമുള്ള പുലയന്‍േറയോ മണ്ണാന്‍േറയോ, പറയന്‍േറയോ കൂടെ സംസര്‍ഗ്ഗത്തിലേര്‍പ്പെടുന്നു. ഇങ്ങനെ സംബന്ധിക്കുന്നതിനിടയില്‍ ആരെങ്കിലും കണ്ടാല്‍ പിന്നെ പ്രശ്‌നമായിരുന്നു.

പിടിക്കപ്പെടുമ്പോള്‍ അവള്‍ തിരിച്ചു പറയും, അതായത് ഈ പുലച്ചെറുക്കന്‍ വിളിച്ചിട്ടാണ് താന്‍ വന്നതെന്ന്. കുറ്റം അവന്റെ തലയില്‍ ചാരി അവളുടെ പാതിവ്രത്യം സംരക്ഷിക്കുന്നു. അങ്ങിനെ അവള്‍ക്കു പുലപ്പേടിയുണ്ടായതായി വിവക്ഷിക്കുന്നു. എന്നാല്‍ ചില കാര്യമങ്ങിനെയല്ല. ഒരു ഉന്നതകുല സ്ത്രീയെ ദര്‍ശിക്കുന്ന മാത്രയില്‍ പുലയച്ചെറുക്കന്‍ ഒരു കമ്പൊടിച്ചു അവള്‍ കാണ്‍കെ നിലത്തിട്ടാല്‍ അവള്‍ ആ പുലയ ചെറുക്കന്റെ കൂടെ പൊയ്‌ക്കൊള്ളണം….!!!