Thu. Mar 28th, 2024

അധ്യാപകരെ ഹൈന്ദവ ആചാരങ്ങള്‍ പരിശീലിക്കാന്‍ നിര്‍ബന്ധിച്ച് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍. അധ്യാപകര്‍ പുരോഹിത പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ഉത്തരവിറക്കി. പൂജാകര്‍മ്മങ്ങള്‍ ചെയ്യാന്‍ അധ്യാപകരെ പ്രാപ്തരാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തെ മുഴുവന്‍ അധ്യാകപരും പരിശീലനം നേടണമെന്നാണ് നിര്‍ദ്ദേശം. വിസമ്മതിച്ച അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.

പൂജാകര്‍മ്മങ്ങള്‍ പഠിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഒക്ടോബര്‍ 29ന് പരിശീലന ക്ലാസ് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഉത്തരവിനോട് വിയോജിച്ച് പല അധ്യാപകരും പരിശീലന പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. ഇതേത്തുടര്‍ന്ന് പരിശീലനത്തില്‍ പങ്കെടുക്കാന്‍ വിസമ്മതം കാണിച്ച അധ്യാപകരോട് വിശദീകരണം ആവശ്യപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് സര്‍ക്കാര്‍. പുരോഹിത പരിശീലന പരിപാടി ഒഴിവാക്കിയ അധ്യാപകര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ വകുപ്പുതല ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.

ഇനി നടക്കുന്ന ഗ്രാമീണ ഉത്സവങ്ങളിലും ആഘോഷങ്ങളിലും അധ്യാപകര്‍ പൂജാകര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹരിയാനയില്‍ കഴിഞ്ഞ സെപ്തംബറില്‍ ജൈനമത ആചാരമായ ‘പരയൂഷന്‍’ ആഘോഷസമയത്ത് ഒമ്പത് ദിവസത്തേക്ക് മാംസം വില്‍ക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

ഹരിയാനയിലെ മനോഹര്‍ലാല്‍ ഖട്ടാര്‍ സര്‍ക്കാരിന്റെ തീവ്രഹിന്ദുത്വ നിലപാട് ഇതിനുമുമ്പും വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞ് നിന്നിരുന്നു. ഹരിയാന നിയമസഭയെ അഭിസംബോധന ചെയ്ത് പൂര്‍ണനഗ്‌നായി തരുണ്‍ സാഗര്‍ മഹാരാജ് എന്ന സന്യാസി നടത്തിയ പ്രസംഗവും ഗോസംരക്ഷകരുടെ അഴിഞ്ഞാട്ടവും സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ അറസ്റ്റിനോടനുബന്ധിച്ച സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച മൗനവുമെല്ലാം ഏറെ വിമര്‍ശനങ്ങള്‍ വാങ്ങിക്കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപകരെ ഹൈന്ദവ ആചാരങ്ങളിലേക്ക് നിര്‍ബന്ധിക്കുന്ന പുതിയ നടപടി.