Wednesday, July 28, 2021

Latest Posts

ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീം കോടതി; അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന പിതാവിന്റെ ആവശ്യം തള്ളി

ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി. ഹാദിയക്ക് പറാനുള്ളത് കേള്‍ക്കാനായി നവംബര്‍ 27 ന് മൂന്ന് മണിക്ക് ഹാജറാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. അച്ഛന്‍ അശോകനോടാണ് കോടതി നിര്‍ദേശിച്ചത്. അടഞ്ഞ കോടതിയില്‍ വാദം കേള്‍ക്കണമെന്ന അശോകന്റെ ആവശ്യവും കോടതി തള്ളി. തുറന്ന കോടതിയില്‍തന്നെ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.

ക്രിമിനലാണെങ്കിലും വിവാഹം കഴിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന്, ഷെഫിന് ഐഎസുമായി ബന്ധമുണ്ടെന്നാണ് അശോകന്റെ വാദത്തോട് സുപ്രീംകോടതി ചോദിച്ചു. ക്രിമിനലിനെ വിവാഹം ചെയ്യരുതെന്ന് ഏത് നിയമത്തിലാണ് ഉള്ളതെന്ന് സുപ്രീംകോടതി ആരാഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

എന്‍ഐഎയുടേയും അശോകന്റെ വാദവും കേട്ടതിന് ശേഷമായിരിക്കും അന്തിമ വിധിയെന്ന് കോടതി പറഞ്ഞു. എന്നാല്‍ ഹാദിയയെ മനംമാറ്റിയാണ് ഷെഫിന്‍ വിവാഹം ചെയ്തതെന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചത്. ഹാദിയയെ മനശാസ്ത്രപരമായ തട്ടികൊണ്ടുപോകലാണ് നടത്തിയതെന്ന് എന്‍ഐഎ പറഞ്ഞു. നവംബര്‍ 27 ന് ഹാദിയയെ തുറന്ന കോടതിയില്‍ കേട്ടതിന് ശേഷം അച്ഛന്‍ അശോകന്റെയും എന്‍ഐഎയുടേയും വാദങ്ങള്‍ കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.

ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. സുപ്രീംകോടതി ഉത്തരവ് മറികടന്ന് ജസ്റ്റീസ് ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ടമില്ലാതെ ഹാദിയ കേസില്‍ അന്വേഷണം നടത്തിയ എന്‍ഐഎക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ഷെഫിന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശനമാണ് നേരത്തേയും ഉന്നയിച്ചിരുന്നത്. വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടായി കാണണമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതിനിടെ ഷെഫിന്‍ ജാഹാന് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹാദിയയുടെ പിതാവ് അശോകന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഷെഫിന് ഐഎസുമായി ബന്ധമുണ്ടെന്നാണ് അശോകന്റെ വാദം.

മെയ് 24 നാണ് ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കിയത്. നിര്‍ബന്ധിച്ച് മതം മാറ്റിയെന്നാരോപിച്ച് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിന് പിന്നാലെ ഹാദിയയെ കോടതി മാതാപിതാക്കള്‍ക്കൊപ്പം അയക്കുകയായിരുന്നു. ഹാദിയ വീട്ടു തടവിലാണെന്നും പിതാവ് ക്രൂരമായി ഉപദ്രവിക്കുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെ വനിതാ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. പിതാവ് മര്‍ദ്ദിക്കുന്നുവെന്നും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും ഹാദിയ വെളിപ്പെടുത്തുന്ന വീഡിയോ രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.