Thu. Apr 25th, 2024

വിവാദങ്ങള്‍ ഒഴിവാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജനജാഗ്രതാ യാത്രയുടെ നിലമ്പൂരിലെ സ്വീകരണ ചടങ്ങില്‍ നിന്നും പി.വി അന്‍വര്‍ എം.എല്‍.എയെ ഒഴിവാക്കി. കക്കാടംപൊയിലില്‍ നിയമംലംഘിച്ച് വാട്ടര്‍തീം പാര്‍ക്ക് നിര്‍മ്മിച്ചതിനു പിന്നാലെ പി.വി അന്‍വര്‍ ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് 203 ഏക്കര്‍ കാര്‍ഷികേതര ഭൂമി കൈവശം വെക്കുന്നതും ലക്ഷങ്ങളുടെ ആദായനികുതി വെട്ടിച്ചതും വാര്‍ത്തയായതോടെയാണ് പാര്‍ട്ടി നേതൃത്വം അന്‍വറിനെ വിലക്കിയത്.

കൊടുവള്ളിയിലെ സ്വീകരണത്തില്‍ സ്വര്‍ണകള്ളക്കടത്ത് കേസ് പ്രതിയുടെ കാര്‍ കോടിയേരി ഉപയോഗിച്ചത് സി.പി.എം നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു.ആദ്യം ന്യായീകരണവുമായെത്തിയെങ്കിലും പ്രാദേശിക നേതൃത്വത്തിനു വീഴ്ചപറ്റിയെന്ന് പിന്നീട് പാര്‍ട്ടിക്ക് സമ്മതിക്കേണ്ടി വന്നു. അന്‍വറിന്റെ വിഷയത്തിലും വിവാദമുണ്ടാകുന്നത് ജനജാഗ്രതാ യാത്രക്ക് തിരിച്ചടിയാകുമെന്നു കണ്ടാണ് മലപ്പുറം ജില്ലയില്‍ മൂന്നു ദിവസങ്ങളിലായി നടന്ന പര്യടനങ്ങളിലൊന്നും അന്‍വറിനെ പങ്കെടുപ്പിക്കാതിരുന്നത്.

ജില്ലയില്‍ നിന്നുള്ള മന്ത്രി കെ.ടി ജലീല്‍ താനൂര്‍ എം.എല്‍.എ വി.അബ്ദുറഹിമാന്‍ അടക്കമുള്ളവര്‍ സജീവസാന്നിധ്യമായപ്പോഴാണ് ആര്യാടന്‍ മുഹമ്മദിന്റെ കുത്തക അവസാനിപ്പിച്ച് നിലമ്പൂരില്‍ ഇടതുപക്ഷത്തിന് വിജയം സമ്മാനിച്ച അന്‍വറിനെ മാറ്റി നിര്‍ത്തിയത്.

നിലമ്പൂരിലെ സ്വീകരണത്തിന്റെ ഭാഗമായുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളിലെല്ലാം പി.വി അന്‍വര്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ചന്തക്കുന്നില്‍ നല്‍കിയ സ്വീകരണത്തില്‍ ഏരിയാ സെക്രട്ടറി ഇ. പത്മാക്ഷനെ പ്രസംഗിക്കാന്‍പോലും അനുവദിക്കാതെ കോടിയേരി സ്വീകരണം ഉദ്ഘാടനം ചെയ്തു മടങ്ങുകയായിരുന്നു. സ്വാഗതവും അധ്യക്ഷ പ്രസംഗം പോലും ഒഴിവാക്കി.

എം.എല്‍.എക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചു പ്രതികരിക്കാതെ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും കടന്നാക്രമിക്കുകയായിരുന്നു കോടിയേരി. സി.പി.എം ജില്ലാ സെക്രട്ടറി പി.പി വാസുദേവന്‍, സംസ്ഥാന കമ്മിറ്റി അംഗം പി.കെ സൈനബ, ഘടകകക്ഷി നേതാക്കളും വേദിയിലുണ്ടായിരുന്നെങ്കിലും കോടിയേരി ഒഴികെ ആരും പ്രസംഗിച്ചില്ല.